കൃപയുടെ നിറവിലേക്കു വി. യൗസേപ്പിതാവ് മുന്നേറിയത് എപ്രകാരമായിരുന്നു എന്നറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-162/200

നസ്രത്തില്‍ തിരിച്ചെത്തിയശേഷം ഈശോ മറിയത്തിനും ജോസഫിനും പൂര്‍ണ്ണമായും വിധേയപ്പെട്ടു ജീവിച്ചു. അവരുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും കണ്ടറിഞ്ഞു പ്രവര്‍ത്തിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിച്ചു. ദൈവസുതന്‍ തന്റെ സഹപ്രവര്‍ത്തകനായിത്തീര്‍ന്നതില്‍ ജോസഫിനു വലിയ ആനന്ദമുണ്ടായി. എന്നുമാത്രമല്ല ഈശോ ഇപ്പോള്‍ ജോസഫിന്റെ പ്രതീക്ഷയുടെ ഒരു യാഥാര്‍ത്ഥ്യമായിത്തീരുകയും ചെയ്തിരിക്കുന്നു. വിശുദ്ധര്‍ തന്നെത്തന്നെ ഒരിക്കല്‍ക്കൂടി വിനീതനാക്കുകയും തന്റെ നിസ്സാരതകളെ ഏറ്റുപറയുകയും ചെയ്തു. അവന്‍ സ്വര്‍ഗ്ഗീയപിതാവിന്റെ മുമ്പില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു. ഏറ്റം ദരിദ്രനും ദുരിതമനുഭവിക്കുന്ന നികൃഷ്ടനുമായ ഈ ദാസനെ അവിടുത്തെ രക്ഷകന്#റെ ആജ്ഞാനുവര്‍ത്തിയാക്കണമേ എന്നാണ് ജോസഫ് അപേക്ഷിച്ചത്. എന്നാല്‍ പിതാവ് ആ പ്രാര്‍ത്ഥന സ്വീകരിച്ചില്ല. മറിച്ച് ആ സന്ദര്‍ഭത്തില്‍ രക്ഷകന്‍ ജോസഫിനെ അനുസരിച്ചു ജീവിക്കണമെന്നാണ് ദൈവതിരുഹിതവും നിയോഗവുമെന്ന് അവിടുന്നു വെളിപ്പെടുത്തി.

സത്യത്തില്‍, ജോസഫിന്റെ അനുവാദം കൂടാതെ ഈശോ ഒന്നും പ്രവര്‍ത്തിച്ചിരുന്നില്ല. മാതാവിനെ കാണാന്‍പോലും പണിശാല വിട്ടുപോകണമെങ്കില്‍ ജോസഫിന്റെ അനുവാദം ചോദിച്ചിട്ടാണ് ചെയ്തിരുന്നത്. ഈശോയുടെ വിനയപൂര്‍ണ്ണമായ പെരുമാറ്‌റം ജോസഫിന്റെ മനസ്സില്‍ വിസ്മയം ജനിപ്പിക്കുകയും അനുകരണീയമായ വികാരങ്ങള്‍ ഉളവാക്കുകയും ചെയ്തു. ദൈവം തന്റെ ആജ്ഞകള്‍ക്കു വിധേയപ്പെട്ടിരിക്കുന്നതു കണ്ടപ്പോള്‍ ജോസഫ് എല്ലാ അര്‍ത്ഥത്തിലും ഒന്നുകൂടി തന്നെത്തന്നെ എളിമപ്പെടുത്തി. ഈശോ കാണാതെ ആ സ്ഥലത്ത് വീണുകിടന്ന് അവിടുത്തെ ആരാധിച്ചു. ദൈവസുതന്‍ പണിശാലയില്‍നിന്നു പോകുമ്പോള്‍ അവിടുത്തെ തൃപ്പാദങ്ങള്‍ ചവിട്ടിയിരുന്ന സ്ഥലം ചുംബിക്കുകയും അവിടുത്തെ കരസ്പര്‍ശമേറ്റ വസ്തുക്കള്‍ എടുത്തു ചുണ്ടില്‍ മുട്ടിക്കുകയും ചെയ്തു.

ഓരോ ജോലി ചെയ്യുന്നതിനും ഈശോ അനുവാദം ചോദിക്കുമ്പോഴും ഈശോയോട് എന്തെങ്കിലും പണി ചെയ്യാന്‍ ആവശ്യപ്പെടുമ്പോഴും ആദ്യം ജോസഫ് തന്റെ ഉള്ളിന്റെ ഉള്ളില്‍ തന്നെത്തന്നെ എളിമപ്പെടുത്തും. അതോടൊപ്പം താന്‍ ചെയ്യുന്നത് ദൈവഹിതമാണെന്ന് വീണ്ടും ഉറപ്പുവരുത്തുകയും ചെയ്യും. ഒരിക്കലും മാനുഷികമായ യാതൊരുവിധ മേധാവിത്വവും പുലര്‍ത്തിയില്ല. രക്ഷകന്റെ മുമ്പില്‍ ഏറ്റം താഴ്മയുള്ളവനായിരുന്നു. ഈശോയുടെമേല്‍ നല്കപ്പെട്ടിരുന്ന അധികാരം ജോസഫിനെ എളമപ്പെടുത്താനാണ് സഹായിച്ചത്.

ദൈവത്തിനു മനുഷ്യന്റെ ഉപദേശം ആവശ്യമില്ലെങ്കില്‍പ്പോലും തന്റെ വളര്‍ത്തുപിതാവിന്റെ ശിഷ്യത്വം സ്വീകരിക്കുകയും നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും ചെയ്തുകൊണ്ടാണ് ഈശോ ഓരോ കാര്യവും ചെയ്തിരുന്നത്. ഈശോ വിനയവും അച്ചടക്കവും പരിശീലിക്കുകയാണ് എന്ന് മനസ്സിലാക്കിക്കൊണ്ട് അവിടുന്ന് ആവശ്യപ്പെടുന്ന കാര്യങ്ങള്‍ വളരെ എളിമയോടും തികഞ്ഞ ഉത്തരവാദിത്വബോധത്തോടും കൂടിയാണ് വിശുദ്ധന്‍ പറഞ്ഞുകൊടുത്തിരുന്നത്.

അതേ മനോഭാവത്തില്‍ത്തന്നെയാണ് തന്റെ ഏറ്റം പരിശുദ്ധയായ ഭാര്യയോട് എന്തെങ്കിലും ജോലി ചെയ്തുതരണമെന്ന് ആവശ്യപ്പെട്ടിരുന്നതും. എന്തെങ്കിലും ജോലി ചെയ്യാന്‍ ആവശ്യപ്പെടുന്നതിനു മുമ്പ് തലകുനിച്ചു ക്ഷമാപണം നടത്തിക്കൊണ്ട്, ദൈവഹിതപ്രകാരമാണ് അതു ആവശ്യപ്പെടുന്നതെന്നു പറയുകയും ചെയ്തിരുന്നു. അതോടൊപ്പം താന്‍ ചെയ്യുന്നതു ദൈവഹിതമാണെന്ന് വീണ്ടും ഉറപ്പുവരുത്തുകയും ചെയ്തിരുന്നു.

യഥാര്‍ത്ഥത്തില്‍ തിരുക്കുടുംബത്തിലെ പരിശുദ്ധര്‍ ഓരോരുത്തരും സുകൃതങ്ങളും എളിമയും പരിശീലിക്കുന്നതില്‍ ഒന്നിനൊന്നു മെച്ചമായിരുന്നു. ഈശോയെയും മറിയത്തെയും അനുകരിക്കുന്നതിന് ജോസഫ് തീവ്രശ്രമം നടത്തിയിരുന്നു. ജന്മനാ ദൈവികപുണ്യങ്ങള്‍ കൊണ്ടു നിറഞ്ഞവനാണെന്ന് അറിഞ്ഞിരുന്നിട്ടുകൂടി ഈശോയെയും പരിശുദ്ധ മറിയത്തെയുംകാള്‍ വളരെ താഴ്ന്നവനാണു താന്‍ എന്നാണ് ജോസഫ് കണക്കാക്കിയത്. സ്വയം എളിമപ്പെടുത്തിക്കൊണ്ടു പരിശുദ്ധയായ ഭാര്യയോടു മിക്കപ്പോഴും പറയുമായിരുന്നു: ‘സുകൃതങ്ങളും പുണ്യങ്ങളുംകൊണ്ടു നിറഞ്ഞ എന്റെ ഭാര്യയെയും ഈശോയെയും കാണുമ്പോള്‍ ഞാന്‍ എന്‍്‌റെ നികൃഷ്ടതകളെയോര്‍ത്ത് ലജ്ജിച്ചു പോകുന്നു. ഞാന്‍ ദുര്‍ഭഗനും ദരിദ്രനുമാണ്. നിങ്ങളെ അനുകരിക്കാന്‍ ഞാന്‍ പരിശ്രമിക്കുകയാണ്. പക്ഷേ, അതില്‍നിന്നു വളരെ അകലെയാണു ഞാന്‍ എന്നു മനസ്സിലാക്കുന്നു. എന്റെ പ്രിയപ്പെട്ടവളെ, എനിക്കാവശ്യമായ കൃപകള്‍ വാങ്ങിച്ചുതരിക.’ ഈ മനോഭാവത്തിലാണ് കൃപയുടെ നിറവിലേക്കു ജോസഫ് മുന്നേറിയത്.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ. ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles