വി. യൗസേപ്പിതാവിന്റെ സ്നേഹവും കരുണയും ഏവരും അനുഭവിക്കാനിടയായത് എങ്ങിനെയെന്നറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-161/200
ജോസഫിനോട് അവര്‍ ഒരു കാര്യം യാചിച്ചു. ഇടയ്ക്കിടയ്ക്ക് വര്‍ക്ക്ഷോപ്പില്‍ വന്ന് ഈശോയെ ഒരുനോക്കു കാണാന്‍ ദയവായി അനുവദിക്കണമെന്നാണ് അവര്‍ അപേക്ഷിച്ചത്. എന്തെന്നാല്‍, അവന്റെ ഒരു നോട്ടംകൊണ്ടുപോലും അവര്‍ക്ക് സമാശ്വാസം ലഭിച്ചിരുന്നു. ജോസഫ് എപ്പോഴും ആര്‍ദ്രഹൃദയനും അനുകമ്പാലുവുമായിരുന്നു. അവര്‍ക്ക് എപ്പോഴും സ്വാഗതമുണ്ടെന്ന് അവന് പറഞ്ഞു. ഈശോയുടെ ആശ്വാസവും സമാധാനവും എല്ലാവരും അനുഭവിക്കണമെന്നായിരുന്നു ജോസഫിന്റെ അതിയായ ആഗ്രഹം. ഈശോയുടെ സാന്നിദ്ധ്യത്തില്‍ തനിക്കു ലഭിക്കുന്ന അപാരമായ സ്നേഹവും ആര്‍ദ്രമായ കരുണയും മറ്റുള്ളവര്‍ക്കും അനുഭവിക്കുവാന്‍ അവസരമുണ്ടാകണമെന്ന് അവന് അത്യധികം കാംക്ഷിച്ചിരുന്നു.
ആ മനുഷ്യര്‍ക്ക് അത് അനുഭവിക്കാനുള്ള ഭാഗ്യമുണ്ടായി. അവര്‍ക്ക് അജ്ഞാതമായ രീതിയില്‍ അത് അനുഭവപ്പെടുകയും ചെയ്തു. എന്തെന്നാല്‍, ഈശോ പിതാവില്‍നിന്ന് അനേകം കൃപകള്‍ അവര്‍ക്ക് നേടിക്കൊടുത്തിരുന്നു. പലപ്പോഴും അവര്‍ ജോസഫിനെ അഭിനന്ദിച്ചിരുന്നു. തന്നെ കണ്ടുമുട്ടുന്നവരുടെ ഹൃദയങ്ങളെ കവര്‍ന്നെടുക്കാന്‍ മാത്രം ശക്തി നിര്‍ഗളിക്കുന്ന ഒരു പുത്രനെയും, അതുല്യമായ സൗന്ദര്യവും അപാരമായ കൃപയും ജ്ഞാനവും കൊണ്ടുനിറഞ്ഞ ആരാധ്യയായ ഒരു ഭാര്യയെയും സ്വന്തമാക്കിയിരിക്കുന്ന ജോസഫിനെ അവര്‍ മുക്തകണ്ഠം പ്രശംസിച്ചു.
അതിനു പ്രത്യുപകാരമായി ജോസഫ് ഇങ്ങനെയാണ് പ്രതികരിച്ചത്. ‘ഈ അനുഗ്രഹങ്ങള്‍ക്കൊന്നും ഞാന്‍ യോഗ്യനല്ല. യാതൊരുവിധത്തിലും ഞാന്‍ അതിന് അര്‍ഹത നേടിയിട്ടുമില്ല. ഇത്ര മഹത്തായ കൃപാകടാക്ഷത്തിന് ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിനെ ഞാന്‍ വാഴ്ത്തുകയും സ്തുതിക്കുകയും നന്ദിപറയുകയും ചെയ്യുന്നു. അവിടുത്തെ പാവനമായ കല്പനകള് ഞാന്‍ കാത്തുപാലിക്കുമെന്നും അവന്റെ മുമ്പില്‍ ഏറ്റം വിശ്വസ്തതാപൂര്‍വ്വം ശുശ്രൂഷ ചെയ്യുമെന്നും ഞാന്‍ പ്രത്യാശിക്കുകയും ചെയ്യുന്നു.’
മുമ്പെന്നപോലെ ജോസഫിന്റെ വിനയത്തില്‍ മനുഷ്യര്‍ ആശ്ചര്യഭരിതരായി. അവന്റെ ദരിദ്രാവസ്ഥയെക്കുറിച്ച് യാതൊരുവിധ പരാതിയുമില്ല. വസ്തുവകകള്‍ അപഹരിച്ചെടുത്തവരോടു പരിഭവമില്ല. അവകാശങ്ങള്‍ തിരിച്ചുപിടിക്കാന്‍ ചിലരൊക്കെ ഉപദേശിച്ചെങ്കിലും ജോസഫ് അതിന് തയ്യാറായില്ല. തന്റെ ഈ ദാരിദ്ര്യാവസ്ഥയില്‍ പൂര്ണ്ണസംതൃപ്തനാണ്. ഇപ്പോഴുള്ളത് ധാരാളമാണ് എന്നായിരുന്നു ജോസഫ് അവര്‍ക്കു നല്കിയ മറുപടി.
ദൈവം അവന് എന്തുണ്ടായിരിക്കണമെന്നാണോ ആഗ്രഹിച്ചത് അതില്‍ ജോസഫ് പരിപൂര്‍ണ്ണ സംതൃപ്തനായിരുന്നു. അതായത് കൃപയില്‍ നിറഞ്ഞ ഭാര്യയും ദൈവമഹത്വത്തിന്റെ ശിശു തന്റെ മകനും അത് മറ്റെന്തിനെയുംകാള്‍ ഉപരിയാണെന്ന് അവനുമാത്രമേ അറിയാമായിരുന്നുള്ളു. മറ്റാര്‍ക്കും നേടാന്‍ കഴിയാത്തത്ര സമ്പത്തും സല്‍കീര്‍ത്തിയും സകലതും അതില്‍ സമ്മേളിച്ചിരിക്കുന്നുവെന്ന് അവന് നല്ല ബോദ്ധ്യമുണ്ടായിരുന്നു. അതിലുപരി മറ്റൊന്നും ആഗ്രഹിക്കേണ്ട ആവശ്യം ജോസഫിനില്ലായിരുന്നു.
മറ്റൊരവസരത്തില്‍ ജോസഫ് ഉത്തരം പറഞ്ഞത് ഇപ്രകാരമാണ്. അവന്റെ ഒരേയൊരു ലക്ഷ്യം ‘ദൈവം’ മാത്രമാണ്. അവനും ദൈവത്തിന്റെ അംശമാണ്. അതിനുപ്പുറത്ത് തനിക്കൊരു അഭിലാഷവും അവശേഷിക്കുന്നില്ല എന്നാണ്. ആ മനുഷ്യരെ ഉദ്ബുദ്ധരാക്കാന്‍ ആ വാക്കുകള്‍ ധാരാളം മതിയായിരുന്നു. ഭീരുക്കളും സത്യവിശ്വാസമില്ലാത്തവരുമായ ചില മനുഷ്യര്‍ പിന്നെയും അവിടെയുണ്ടായിരുന്നു. പിശാച് അവരുടെ മനസ്സിലേക്ക് ദുഷിച്ച ചിന്തകള്‍ തൊടുത്തുവിട്ടു. ഈ രീതിയില്‍ പോയാല്‍ എങ്ങനെ അവനു മുന്നോട്ടു ജീവിക്കാന്‍ കഴിയും? ദുഃഖദുരിതങ്ങളുടെ സംഘര്‍ഷങ്ങളില്‍ നിന്ന് എറ്റനെ രക്ഷപ്പെടുവാന്‍ കഴിയും? എന്നിങ്ങനെ പോയി അവരുടെ ചിന്താഗതികള്‍. ജോസഫ് അവരെ ഒരുവിധത്തിലും എതിര്‍ക്കാന്‍ തുനിഞ്ഞില്ല. മറിച്ച് വളരെ ലാഘവത്തോടെ മറുപടിയായി ഇങ്ങനെ പറഞ്ഞു: ‘ജോലി ചെയ്യാന്‍ ഞാന്‍ എപ്പോഴും ഒരുക്കമാണ്, ഈശോയെയും മറിയത്തെയും പരിപാലിക്കാന്‍ അദ്ധ്വാനിക്കുന്നത് വലിയ അനുഗ്രഹമായിട്ടാണ് ഞാന്‍ കണക്കാക്കുന്നത്.’ അതോടുകൂടി വിമര്‍ശകരുടെ നാവിന് അടക്കം വന്നു. സമാധാനത്തില്‍ ജിവിക്കാന്‍ ജോസഫിന് സാധിക്കുകയും ചെയ്തു.
(തുടരും)
വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന
ഏറ്റം സ്നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ. ആമ്മേന്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.