കാഴ്ചയ്ക്കപ്പുറം
അന്ധനായ ഒരു വ്യക്തിയുടെ മകളുടെ വിവാഹം.
അദ്ദേഹവും ഭാര്യയും ആ വിവാഹം ക്ഷണിക്കാൻ വന്നു. അവർ വളരെ താത്പര്യത്തോടെ മകളുടെ വിവാഹത്തിന് വരണമെന്ന് നിർബന്ധിച്ചാണ് മടങ്ങിയത്.
ഭാര്യയുടെ തോളിൽ പിടിച്ച്
അയാൾ നടന്നകലുന്നതു
കണ്ടപ്പോൾ മനസിലുയർന്ന
ചിന്തകൾ കുറിക്കട്ടെ:
”ബാഹ്യ നേത്രങ്ങൾക്കൊണ്ട്
ജീവിത പങ്കാളിയെ ഒരിക്കൽ പോലും
ആ മനുഷ്യൻ കണ്ടിട്ടുണ്ടാവില്ല.
എന്നാൽ അവളുടെ സംസാരത്തിലൂടെയും സാമീപ്യത്തിലൂടെയും അയാൾ തൻ്റെ ഭാര്യയെ എത്രയോ തവണ കണ്ടിട്ടുണ്ടാകും.
ഒരു പക്ഷേ മറ്റുള്ളവരുടെ കാഴ്ചയേക്കാൾ എത്രയോ സുന്ദരിയായിരിക്കും അയാളുടെ സങ്കല്പത്തിലെ ഭാര്യ.
തൻ്റെ മക്കളെയും മരുമക്കളെയും പേരക്കുട്ടികളെയുമെല്ലാം അയാൾ
അങ്ങനെ തന്നെയാകാം കണ്ടിട്ടുള്ളത്. എന്നെക്കുറിച്ചും അയാളൊരു രൂപം
മനസിൽ വരച്ചിട്ടുണ്ടാകും.”
നമ്മുടെ വിശ്വാസ ജീവിതത്തിൽ നമുക്കുണ്ടായിരിക്കേണ്ടത്
ഇത്തരത്തിലുള്ള ഉൾക്കാഴ്ചയല്ലെ?
കാഴ്ചയ്ക്കപ്പുറമുള്ള ഉൾക്കാഴ്ചയെക്കുറിച്ചാണ്
തോമായോട് ക്രിസ്തു പറയുന്നത്:
“നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു; കാണാതെതന്നെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്”
(യോഹ 20 : 29).
അതെ, പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കാതിരിക്കുമ്പോഴും
കാര്യങ്ങൾ സുഗമമായി
നടക്കാതിരിക്കുമ്പോഴും
ദൈവത്തിൻ്റെ അദൃശ്യകരം
ഒപ്പമുണ്ടെന്ന് വിശ്വസിക്കാൻ
കഴിയുന്നവർ ഭാഗ്യവാന്മാർ!
~ ഫാദർ ജെൻസൺ ലാസലെറ്റ് ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.