ജോസഫ് ദൈവകാരുണ്യത്തിൻ്റെ ഒളിമങ്ങാത്ത ശോഭ പ്രസരിപ്പിച്ചവൻ
ഉയിർപ്പു തിരുനാൾ കഴിഞ്ഞു വരുന്ന ഞായറാഴ്ച സാർവ്വത്രിക സഭ എല്ലാ വർഷവും ദൈവകരുണ്യത്തിൻ്റെ തിരുനാൾ ആഘോഷിക്കുന്നു. ഈ തിരുനാൾ തിരുസഭയ്ക്കു സമ്മാനിച്ച
ജോൺ പോൾ രണ്ടാമൻ പാപ്പയുടെ രണ്ടാമത്തെ ചാക്രിക ലേഖനമായ “കരുണാസമ്പന്നനായ ദൈവത്തിൽ ” ഇപ്രകാരം പഠിപ്പിക്കുന്നു: “ദൈവസ്നേഹത്തിൽ വിശ്വസിക്കുക എന്നാൽ ദൈവകാരുണ്യത്തിൽ വിശ്വസിക്കുകയാണ്. കാരണം കാരുണ്യം സ്നേഹത്തിന്റെ ഒഴിവാക്കാൻ പറ്റാത്ത വശമാണ്. അതു സ്നേഹത്തിന്റെ രണ്ടാമത്തെ പേരും അതോടൊപ്പം സ്നേഹം വെളിപ്പെടുന്ന സവിശേഷ രീതിയുമാണ്. ” (No. 7). ദൈവ പിതാവിൻ്റെ കാരുണ്യത്തിൻ്റെ ഒളിമങ്ങാത്ത ശോഭ അവൻ്റെ പ്രതിനിധിയായ യൗസേപ്പിലും സമൃദ്ധമായി പ്രകടമായിരുന്നു. ഈശോയും പരിശുദ്ധ മറിയവും അവ വേണ്ടുവോളം ആസ്വദിച്ചു.
ഈശോയുടെ മനുഷ്യവതാരം ദൈവപിതാവിനു മനുഷ്യക്കളോടുള്ള കാരുണ്യത്തിൻ്റെ വിളബംരം കുറിക്കലായിരുന്നു. യഥാർത്ഥത്തിൽ ഈശോയുടെ മനുഷ്യവതാരം ദൈവകാരുണ്യത്തിൻ്റെ മാംസംധരിക്കലായിരുന്നു. ഈ മഹനീയ കാരുണ്യ പ്രവർത്തിയുടെ നിശബ്ദനായ ശുശ്രൂഷകനായിരുന്നു യൗസേപ്പിതാവ്.
ദൈവകാരുണ്യത്തിൻ്റെ അപ്പസ്തോലയായ വിശുദ്ധ ഫൗസ്റ്റീന തൻ്റെ ഡയറിയിൽ വിശുദ്ധ യൗസേപ്പിതാവിനെപ്പറ്റി ഇപ്രകാരം കുറിച്ചിരിക്കുന്നു : “വിശുദ്ധ യൗസേപ്പിതാവ് തന്നോടു നിരന്തരം ഭക്തിപുലർത്താൻ എന്നെ പ്രേരിപ്പിച്ചു. മൂന്നു പ്രാർത്ഥനകളും (സ്വർഗ്ഗസ്ഥനായ പിതാവേ, നന്മ നിറഞ്ഞ മറിയം , ത്രിത്വ സ്തുതി ) വിശുദ്ധ യൗസേപ്പിതാവിനോടുള്ള ജപവും (Memorare) അനുദിനം ജപിക്കണമെന്നു അവൻ എന്നോടു ആവശ്യപ്പെട്ടു. വളരെയധികം അനുകമ്പയോടെ അവൻ എന്നെ നോക്കുകയും കാരുണ്യത്തിൻ്റെ പ്രവർത്തിയെ അവൻ എത്ര മാത്രം സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുമെന്നു എന്നെ അറിയിക്കുകയും ചെയ്തു. യൗസേപ്പിതാവ് തൻ്റെ പ്രത്യേക സഹായവും സുരക്ഷിതത്വവും എനിക്കു വാഗ്ദാനം ചെയ്തു. അവൻ എന്നോടു ആവശ്യപ്പെട്ട പ്രാർത്ഥനകൾ എല്ലാ ദിവസം ഞാൻ ചൊല്ലി പ്രാർത്ഥിക്കുകയും അവൻ്റെ പ്രത്യേക സംരക്ഷണം അനുഭവിക്കുകയും ചെയ്യുന്നു.”
ദൈവകാരുണ്യത്തിൻ്റെ ഒളിമങ്ങാത്ത പ്രഭ ലോകത്തിനു സമ്മാനിച്ച ദൈവപിതാവിൻ്റെ ഭൂമിയിലെ പ്രതിനിധി ദൈവ കാരുണ്യത്തിൻ്റെ ഇന്നിൻ്റെ പ്രവാചകരാകാൻ നമ്മെ സഹായിക്കട്ടെ.
~ ഫാ. ജയ്സൺ കുന്നേൽ mcbs ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.