ആവർത്തിച്ചു ചൊല്ലേണ്ട സുകൃതജപം
നാലാമത്തെ കുഞ്ഞിൻ്റെ ഡെലിവറി ഡെയ്റ്റ് അടുത്തതോടെ ആ ദമ്പതികൾക്ക് ടെൻഷനേറി. ആശുപത്രി ചിലവിനുള്ള പണമില്ല. ചിലപ്പോൾ സിസേറിയൻ വേണ്ടി വരുമെന്ന് ഡോക്ടർ പറഞ്ഞിരുന്നു.
വിഷമങ്ങൾ പറഞ്ഞ് ഫോൺ വിളിച്ചപ്പോൾ ഞാൻ ഇങ്ങനെ മറുപടി നൽകി:
“നിങ്ങളുടെ നാലാമത്തെ കുഞ്ഞിനെ
ദൈവം നൽകിയതാണെങ്കിൽ ആ കുഞ്ഞിൻ്റെ ആശുപത്രി ചിലവിനുള്ള പണം ദൈവം ക്രമീകരിക്കും. പിന്നെ, സിസേറിയനോ
നോർമൽ ഡെലിവറിയോ എന്തുമാകട്ടെ, ദൈവേഷ്ടം നിറവേറാനും ആരോഗ്യത്തോടെയുള്ള കുഞ്ഞിനെ ലഭിക്കാനും വേണ്ടി പ്രാർത്ഥിക്കുക.
ദൈവം അറിയാതെ ഒന്നും സംഭവിക്കില്ല.”
മൂന്നു ദിവസത്തിനു ശേഷം ആ ദമ്പതികൾ എന്നെ വിളിച്ചു:
”അച്ചാ…. നോർമൽ ഡെലിവറിയായിരുന്നു. ആരോഗ്യമുള്ള കുഞ്ഞിനെ ദൈവം നൽകി. അച്ചൻ പറഞ്ഞതുപോലെ ഞങ്ങളുടെ സാമ്പത്തിക ആവശ്യങ്ങളും ക്രമീകരിക്കപ്പെട്ടു. ആശുപത്രിയിൽ അഡ്മിറ്റാകുന്നതിനുമുമ്പ്
ഒരു സ്ത്രീ വന്ന് പതിനായിരം രൂപ ഏൽപിച്ചു. കുറേയധികം വീട്ടു സാധനങ്ങളും അവർ വാങ്ങിത്തന്നു. ഞങ്ങളെ സഹായിക്കണമെന്ന് അവരെ ദൈവം തോന്നിപ്പിച്ചത്രെ!
നമ്മൾ ആഗ്രഹിച്ചു പ്രാർത്ഥിച്ചാൽ
എത്ര വലിയ പ്രതിസന്ധിയിലും ദൈവം ഇടപെടുമെന്ന് ഞങ്ങൾക്കുറപ്പായി…”
പ്രതിസന്ധികൾക്കു പിറകേ അദ്ഭുതങ്ങൾ അയക്കുന്നവനാണ് നമ്മുടെ ദൈവം.
അതിരാവിലെ കല്ലറയിലേക്ക് ഓടിയ സ്ത്രീകളെക്കുറിച്ച് നമ്മൾ
സുവിശേഷത്തിൽ വായിച്ചിട്ടില്ലെ?
(Ref മർക്കോ 16:1-8).
അവരുടെ ഏറ്റവും വലിയ ചോദ്യം
“കല്ലറ മൂടിയിരിക്കുന്ന വലിയ കല്ല്
ആരെടുത്ത് മാറ്റും” എന്നതായിരുന്നു.
എന്നാൽ അവർ ചെല്ലും മുമ്പേ
ആ കല്ലെടുത്ത് മാറ്റപ്പെട്ടിരുന്നു.
“എൻ്റെ ദൈവത്തിന് അസാധ്യമായൊന്നുമില്ല. അവിടുന്ന് ഇടപ്പെട്ടാൽ ചെങ്കടൽവിഭജിക്കപ്പെടും
പാറയിടുക്കിൽ നിന്ന് ജലം ലഭിക്കും മരുഭൂമിയിൽ മന്നാ ലഭിക്കും… ”
ഇതാവട്ടെ നാം ജീവിതയാത്രയിൽ
ആവർത്തിച്ച് ചൊല്ലേണ്ട സുകൃതജപം.
~ ഫാദർ ജെൻസൺ ലാസലെറ്റ് ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.