എങ്ങനെയാണ് പരിശുദ്ധ മറിയം അമലോത്ഭവ ആകുന്നത്?
മറിയം അമലോത്ഭവയാണോ? ക്രിസ്തുവിന്റെ മുന്നോടിയായ യോഹന്നാനെ അമ്മയുടെ ഉദരത്തില്‍ വച്ചു തന്നെ ദൈവം ശുദ്ധീകരിച്ചു. (ലൂക്കാ 1:15,41). മാതാവിന്റെ ഉദരത്തില്‍ ജെറമിയായ്ക്ക് രൂപം നല്കുന്നതിനു മുമ്പേ ദൈവം ജെറമിയായെ അറിഞ്ഞു. ജനിക്കുന്നതിനു മുമ്പേ ദൈവം ജെറമിയായെ വിശുദ്ധീകരിച്ചു. ജനതകള്‍ക്ക് പ്രവാചകനായി ദൈവം നിയോഗിച്ചു (ജെറ 1:4-5).
ജെറമിയാ പ്രവാചകനെയും യേശുവിന്റെ മുന്നോടിയെയും ജനിക്കുന്നതിന് മുമ്പ് ദൈവം വിശുദ്ധീകരിച്ചെങ്കില്‍ ദൈവപുത്രന്റെ അമ്മയാകാന്‍ അനാദിയിലേ തിരഞ്ഞെടുക്കപ്പെട്ടവളെ, ദൈവകൃപ നിറഞ്ഞവളെ അമ്മയുടെ ഉദരത്തില്‍ രൂപം നല്കുന്നതിനു മുന്‍പേ വിശുദ്ധീകരിക്കില്ലേ? തീര്‍ച്ചയായും വിശുദ്ധീകരിക്കും. എമ്മാനു വേലിന്റെ, രക്ഷകന്റെ അമ്മയാകാന്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടവളെ എത്രയോ അധികമായി വിശുദ്ധീകരിച്ചിരിക്കും.
”താന്‍ മുന്‍കൂട്ടി നിശ്ചയി ച്ചവരെ അവിടുന്നു വിളിച്ചു; വിളിച്ചവരെ നീതീകരിച്ചു; നീതീകരിച്ചവരെ മഹത്വപ്പെടുത്തി” (റോമ 8:30). തിരഞ്ഞെടുപ്പും വിശുദ്ധീകരിക്കലും മനുഷ്യാവതാരവുമെല്ലാം ദൈവത്തിന്റെ പ്രവൃത്തിയാണ്. 1854-ല്‍ ഒന്‍പതാം പീയൂസ് മാര്‍പ്പാപ്പ, പരിശുദ്ധ കന്യകമറിയം ദൈവത്തിന്റെ കൃപയാലും ദൈവപുത്രനായ യേശുക്രിസ്തുവിന്റെ യോഗ്യതകളാലും പരിശുദ്ധാത്മ പ്രവര്‍ത്തനത്താലും അമലോത്ഭവയായി ജനിച്ചുവെന്ന സത്യം വിശ്വാസ സത്യമായി പ്രഖ്യാപിച്ചു. തിരുസഭയുടെ ആരംഭകാലം മുതല്‍ വിശ്വാസികളായ നമ്മുടെ പിതാക്കന്മാര് വിശ്വസിച്ചിരുന്ന സത്യമാണിത്; അല്ലാതെ 1854 – ലെ കണ്ടുപിടിത്തമല്ല.
”എന്റെ മാടപ്രാവ്, എന്റെ പൂര്ണവതി ഒരുവള്‍ മാത്രം. അമ്മയ്ക്ക് അവള് ഓമനയാണ്. ഉദരത്തില്‍ വഹിച്ചവള്‍ക്ക് അവള് അവികലയാണ്. കന്യകമാര്‍ അവളെ കണ്ട് ഭാഗ്യവതി എന്നു വിളിച്ചു. രാജ്ഞിമാരും ഉപനാ രികളും അങ്ങനെ തന്നെ അവളെ പുകഴ്ത്തി. ഉഷസ്സുപോലെ ശോഭിക്കു ന്നവളും ചന്ദ്രനെപ്പോലെ കാന്തിമതിയും സൂര്യനെപ്പോലെ തേജസ്വിനിയും കൊടിക്കൂറകളേന്തുന്ന സൈന്യത്തെപ്പോലെ ഭയദയുമായ ഇവള് ആരാണ്?” (ഉത്തമ 6:9-10). നിര്‍മ്മല കന്യകയായ പരിശുദ്ധ മറിയത്തെ പ്രവചനതുല്യ മായ വാക്കുകളിലൂടെ എത്ര ഹൃദ്യമായി തിരുവചനം അവതരിപ്പിക്കുന്നു! പൂര്ണവതിയും ഭാഗ്യവതിയുമായ അവളെ നമുക്കും ആദരിക്കാം.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.