മടി അകറ്റാന്‍ വിശുദ്ധര്‍ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍

അലസത പിശാചിന്റെ പണിപ്പുരയാണെന്ന് ഒരു ചൊല്ലുണ്ട്. അതു പോലെ മടിയും കാര്യങ്ങള്‍ നീട്ടിവയ്ക്കലുമെല്ലാം പുണ്യജീവിതത്തിന് തടസ്സമായി നില്‍ക്കുന്ന കാര്യങ്ങളാണ്. നമ്മുടെ സഭയിലെ വിശുദ്ധര്‍ മടിയും അലസതയും മറികടക്കാന്‍ അവരുടേതായ ഉപായങ്ങള്‍ കണ്ടു പിടിച്ച് അനുവര്‍ത്തിച്ചിരുന്നു. ആത്മീയ ജീവിതം ഊര്‍ജസ്വലമാക്കാന്‍ ഇത് ചില ഉപായങ്ങള്‍.

അലസത എല്ലാ തിന്മകളുടെയും മാതാവാണ് എന്ന ആപ്തവാക്യം വി. ജോണ്‍ ബോസ്‌കോ എപ്പോഴും ഉരുവിടുമായിരുന്നു. ഏതെങ്കിലും ഒരു ലക്ഷ്യത്തില്‍ മനസ്സുറപ്പിച്ച് അത് നേടുവാന്‍ മുന്നോട്ട് സദാ പ്രയാണം ചെയ്യാത്ത പക്ഷം നമ്മുടെ മനസ്സില്‍ അലസത കടന്നു വരികയും അതുവഴി പലവിധ ദുര്‍വിചാരങ്ങളും തിന്മകളും മനസ്സില്‍ നിറയുകയും ചെയ്യും.

ശുഷ്‌കാന്തി, സ്ഥിരത, ക്രിയാത്മകത, ഉത്തരവാദിത്വം എന്നിവയാണ് അലസതയ്ക്ക് പരിഹാരം.

1. ലക്ഷ്യങ്ങളും മുന്‍ഗണനകളും വയ്ക്കുക. ക്രമത്തില്‍ കാര്യങ്ങള്‍ ചെയ്യുക. അപ്പോള്‍ ആ ക്രമം നിങ്ങളെ കാത്തു കൊള്ളും എന്നാണ് വി. അഗസ്റ്റിന്‍ പറയുന്നത്. ഒരാഴ്ചത്തേക്ക്, ഒരു മാസത്തേക്ക്, ഒരു വര്‍ഷത്തേക്ക്, ആജീവനാന്തം എന്നിങ്ങനെ ലക്ഷ്യങ്ങള്‍ നിശ്ചയിക്കുക.

2. ആദ്യം ഏറ്റവും അത്യാവശ്യമുള്ള കാര്യങ്ങള്‍ ചെയ്യുക, പിന്നെ ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍ ചെയ്യുക. ഇങ്ങനെയായാല്‍ അസാധ്യകാര്യങ്ങള്‍ പോലും ചെയ്യാന്‍ നിങ്ങള്‍ക്കാവും എന്നാണ് വി. ഫ്രാന്‍സിസ് അസ്സീസി പറയുന്നത്. വലിയ ഒരു കാര്യമാണ് ചെയ്യാനുള്ളതെങ്കില്‍ അവയെ ചെറിയ കാര്യങ്ങളായി വിഭജിക്കുക. ഘട്ടംഘട്ടമായി ചെയ്യുക.

3. വിളക്ക് കത്തിക്കൊണ്ടേയിരിക്കണമെങ്കില്‍ നാം അതില്‍ എണ്ണ പകര്‍ന്നു കൊണ്ടിരിക്കണം എന്ന് പറഞ്ഞത് കൊല്‍ക്കൊത്തയിലെ മദര്‍ തെരേസയാണ്. എല്ലാ കാര്യങ്ങള്‍ക്കും ഒരു പട്ടിക തയ്യാറാക്കി അവ നിര്‍വഹിക്കുക. ചിട്ടയോടെ പ്രവര്‍ത്തിച്ചാല്‍ അലസതയില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കും.

4. ക്ഷമാശീലം പാലിക്കുക, പ്രത്യേകിച്ച് നമ്മോടു തന്നെ, എന്നാണ് വി. ഫ്രാന്‍സിസ് ഡി സാലെസ് പറഞ്ഞിരിക്കുന്നത്. ഒരിക്കലും നിരാശയ്ക്ക് ഇടം നല്‍കരുത്. ശ്രമം തുടര്‍ന്നു കൊണ്ടേയിരിക്കുക.

5. ശ്രദ്ധയെ അലട്ടുന്ന കാര്യങ്ങള്‍ പലവിധമുണ്ട്. ആന്തരകവും ബാഹ്യവും. പുറമേ നിന്നുള്ള കാര്യങ്ങളാണ് നമ്മെ കൂടുതല്‍ ദുര്‍ബലമാക്കുന്നത് എന്ന് വി. ജോണ്‍ പോള്‍ രണ്ടാമന്‍ പറയുന്നു. നമ്മുടെ ചുറ്റുപാടില്‍ നിന്നും പലവിചാരമുണ്ടാക്കുന്ന കാര്യങ്ങള്‍ നീക്കിക്കളയണം. നമ്മുടെ ഓര്‍മയെയോ ജിജ്ഞാസയെയോ ഭാവനയെയോ സ്വാധീനിക്കാന്‍ അവയ്ക്ക് അവസരം നല്‍കരുത്.

6. അമിത ഉത്തരവാദിത്വങ്ങള്‍ വേണ്ട. ആവശ്യത്തിലധികം ആഗ്രഹിക്കേണ്ട. അതിലപ്പുറമുള്ളത് ആകുലത ഉളവാക്കും. ഉയര്‍ത്തുന്നതിന് പകരം അവ നിങ്ങളെ തളര്‍ത്തും എന്ന് വി. അഗസ്റ്റിന്‍ പറയുന്നു.

7. മറ്റുള്ളവരോട് ഔദാര്യം കാണിക്കുക. മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍ നാം നമ്മുടെ സന്തോഷം മറക്കുക, എന്നാണ് ആവിലയിലെ വി. തെരേസ പറയുന്നത്. നമ്മെ കുറിച്ച് മറന്ന് മറ്റുള്ളവരുടെ ആവശ്യങ്ങളെ കുറിച്ച് ചിന്തിച്ച അവ നിറവേറ്റാന്‍ ശ്രമിക്കുമ്പോള്‍ നാം അലസത മറികടക്കും.

8. ഇന്നത്തെ കാര്യം ആദ്യം ചെയ്യുക. സ്‌നേഹത്തോടു കൂടി ചെയ്യുക. ഭാവിയെ കുറിച്ച് ആകുലത വേണ്ട എന്നാണ് വി. ഫ്രാന്‍സിസ് ഡി സാലെസ് പറയുന്നത്. പേടി, ആകുലത എന്നിവയെല്ലാം നീക്കാന്‍ സ്‌നേഹം ശക്തമാണ്.

9. വിശ്രമം അലസതയല്ല. ഒന്നും ചെയ്യാതെ വെറുതെ ഇരിക്കലല്ല വിശ്രമം. അധികം അധ്വാനം ആവശ്യമില്ലാത്ത കര്‍മങ്ങളില്‍ മുഴുകുകയാണ് വിശ്രമം എന്നാണ് വി. ജോസെ മരിയ എസ്‌ക്രിവ പറയുന്നത്. ആവശ്യത്തിന് വിശ്രമം വേണം. അത് മടി പിടിച്ചിരിക്കാനല്ല, കൂടുതല്‍ ഊര്‍ജസ്വലതയോടെ മടങ്ങി വരാനാണ്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles