മനുഷ്യ ഹൃദയങ്ങളിലേക്കുള്ള ചവിട്ടുപടികൾ
ഒരു സിസ്റ്ററിൻ്റെ സഭാവസ്ത്ര സ്വീകരണത്തിൻ്റെ ഇരുപത്തഞ്ചാം വർഷ ആഘോഷത്തിൽ പങ്കെടുക്കുകയായിരുന്നു.
ഉന്നത നിലവാരമുള്ള ഒരു സ്കൂളിൻ്റെ പ്രിൻസിപ്പാളാണ് ആ സിസ്റ്റർ.
ആശംസകൾ അർപ്പിച്ച് സംസാരിച്ചവർ
ആ സന്യാസിനിയുടെ അനേകം നന്മകൾ പങ്കുവയ്ക്കുകയുണ്ടായി.
അവയിൽ ഏറ്റവും ആകർഷണീയമായ് തോന്നിയ വാക്കുകൾ കുറിക്കട്ടെ:
‘വലിയ ഉത്തരവാദിത്വങ്ങൾ ഏൽപ്പിക്കപ്പെടുമ്പോഴും
ചെറിയ കാര്യങ്ങൾ ചെയ്യുവാൻ
തെല്ലുംമടിയില്ല എന്നതാണ് സിസ്റ്ററിൻ്റെ
ഏറ്റവും വലിയ പ്രത്യേകതയായി അവരിലൊരാൾ ചൂണ്ടിക്കാട്ടിയത്. സമൂഹത്തിൽ രോഗികളായ
ചില സഹോദരിമാരുടെ കൂടെയിരുന്ന്
അവരെ സ്നേഹപൂർവ്വം ശുശ്രൂഷിക്കാനും സിസ്റ്റർ ഏറെ താത്പര്യം കാണിച്ചിരുന്നു.’
മേൽപറഞ്ഞ രണ്ടു ഗുണങ്ങളാണ് മറ്റുള്ളവരുടെ ഹൃദയങ്ങളിൽ സിസ്റ്ററിന്
ഇടം നേടിക്കൊടുത്തത്. അല്ലാതെ അവർ പ്രിൻസിപ്പാളാണെന്നോ, അവർക്ക് ബിരുദാനന്തര ബിരുദങ്ങൾ ഉണ്ടെന്നോ
എന്നതൊന്നും മനുഷ്യഹൃദയങ്ങളിലേക്കുള്ള ചവിട്ടുപടികളല്ലായിരുന്നു.
ഖലീൽ ജിബ്രാൻ പറയുന്നതുപോലെ
“മനുഷ്യരുടെ ഹൃദയങ്ങളിൽ
ഒളിക്കാനായാൽ അവർക്ക് നമ്മെ കണ്ടുപിടിക്കാൻ എളുപ്പമാണ്.”
നമ്മൾ ആരാണെന്നോ
ഏതുതരം പദവികൾ അലങ്കരിക്കുന്നവരാണെന്നോ എന്നതിനേക്കാൾ എത്രമാത്രം എളിമയോടും ഹൃദയവിശാലതയോടും കൂടി ചുറ്റുമുള്ളവരിലേക്ക് കടന്നുചെല്ലാൻ കഴിയുന്നു എന്നതാണ് പരമപ്രധാനം.
എത്ര മറച്ചു വച്ചാലും ഒരുനാൾ ലോകം തിരിച്ചറിയുന്ന നന്മകളുടെ നിറകുടങ്ങളായിരുന്നു വിശുദ്ധർ. അൽഫോൻസാമ്മ, എവുപ്രസ്യാമ്മ, മറിയംത്രേസ്യ തുടങ്ങിയ വിശുദ്ധരിലെ നന്മകൾ സന്യാസ ചുമരുകൾക്കപ്പുറത്തേക്ക് എങ്ങനെയാണ് എത്തിയതെന്ന കാര്യം ഓർക്കുമല്ലോ?
‘മറ്റുള്ളവർ എന്നെ മനസിലാക്കുന്നില്ല, അംഗീകരിക്കുന്നില്ല’
ഇങ്ങനെയൊക്കെ പരിഭവിച്ച്
ചെയ്യാവുന്ന നന്മകൾ നഷ്ടപ്പെടുത്തുന്നവർക്ക് ദൈവം നൽകുന്ന പ്രതിഫലം കൂടി ഇല്ലാതാവുമെന്ന് തിരിച്ചറിയുക.
എന്തെന്നാൽ ക്രിസ്തു പറയുന്നു:
“മറഞ്ഞിരിക്കുന്നതൊന്നും വെളിപ്പെടാതിരിക്കുകയില്ല. നിഗൂഢമായിരിക്കുന്നതൊന്നും അറിയപ്പെടാതിരിക്കുകയുമില്ല”
(മത്തായി 10 : 26).
അതെ….
ഒരുനാൾ നമ്മുടെ നന്മകളും സദ്പ്രവർത്തികളും
ലോകം തിരിച്ചറിയുകയും പ്രഘോഷിക്കുകയും ചെയ്യും. ഉറപ്പാണത് !
~ ഫാദർ ജെൻസൺ ലാസലെറ്റ് ~
മരിയന് ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.