വചനം മാംസം ധരിക്കുവാൻ മറിയത്തെ ദൈവത്തിന് ആവശ്യമായിരുന്നോ?
മറിയത്തിലൂടെ മാത്രമാണ് പിതാവായ ദൈവം തന്റെ ഏകജാതനെ ലോകത്തിനു നൽകിയത്. ഈ നിധി സ്വീകരിക്കുവാൻ വേണ്ടി 4000 നീണ്ട വർഷങ്ങൾ പൂർവപിതാക്കന്മാർ നെടുവീർപ്പുകളോടെ കാത്തിരിക്കുകയും പ്രവാചകന്മാരും പഴയനിയമത്തിലെ വിശുദ്ധരും നിരവധി പ്രാർത്ഥനകൾ അർപ്പിക്കുകയും ചെയ്തു. പക്ഷേ, മറിയം മാത്രമേ അവളുടെ നിശബ്ദമായ പ്രാർത്ഥനകളുടെയും ഉത്കൃഷ്ടമായ സുകൃതങ്ങളുടെയും ശക്തിയാൽ അതിന് അർഹയായുള്ളൂ. ദൈവതിരുമുമ്പിൽ കൃപാപൂർണ്ണയായുള്ളൂ. പിതാവായ ദൈവത്തിന്റെ തൃക്കരങ്ങളിൽ നിന്നു നേരിട്ട് ദൈവപുത്രനെ സ്വീകരിക്കാൻ ലോകം അനർഹമായിരുന്നുവെന്ന് വിശുദ്ധ ആഗസ്തീനോസ് പറയുന്നു. അവിടുന്ന് സ്വപുത്രനെ മറിയത്തിനു നൽകി, അവളിലൂടെ ലോകം അവനെ സ്വീകരിക്കാൻവേണ്ടി.
നമ്മുടെ രക്ഷയ്ക്കു വേണ്ടി ദൈവപുത്രൻ മനുഷ്യനായി. മറിയത്തിലൂടെയും മറിയം വഴിയുമാണ് അത് സംഭവിച്ചത്. പരിശുദ്ധാത്മാവ് യേശുക്രിസ്തുവിനെ അവളിൽ രൂപപ്പെടുത്തി, എന്നാൽ തന്റെ സൈന്യവ്യൂഹങ്ങളിൽ പ്രധാനിയായ ഒരുവൻ വഴി അവളുടെ സമ്മതം വാങ്ങിയതിനു ശേഷം മാത്രം.
പിതാവായ ദൈവം, ഒരു സൃഷ്ടിക്ക് സ്വീകരിക്കാവുന്നിടത്തോളം ഫലസമൃദ്ധി അവളിൽ നിക്ഷേപിച്ചു. എന്തുകൊ ണ്ടെന്നാൽ തന്റെ തിരുപുത്രനെയും അവിടുത്തെ മൗതിക ശരീരത്തിലെ എല്ലാ അംഗങ്ങളെയും രൂപപ്പെടുത്തുവാൻ വേണ്ട ശക്തി നൽകുവാനായിരുന്നു അത്. ദൈവ പുത്രൻ അവളുടെ കന്യകോദരത്തിൽ, പുതിയ ആദം ഭൗമിക പറുദീസായിൽ പ്രവേശിച്ചാൽ എന്നപോലെ ഇറങ്ങിവന്ന് അവിടെ ആനന്ദം കണ്ടെത്തി. അവളിൽ അവിടുന്ന് രഹസ്യമായി കൃപാവരങ്ങളുടെ അത്ഭുതങ്ങൾ പ്രവർത്തിച്ചു.
മനുഷ്യനായിതീർന്ന ദൈവം മറിയത്തിന്റെ ഉദരത്തിൽ സ്വയം ബന്ദി ആകുന്നതിൽ സ്വാതന്ത്ര്യം കണ്ടെത്തി. അവിടുന്ന് വിനീതയായ കന്യകയാൽ സംവഹിക്കാൻ അനുവദിച്ചുകൊണ്ട്, തന്റെ സർവ്വശക്തി പ്രകടമാക്കി. നമ്മുടെ കർത്താവിന്റെ തുടർന്നുള്ള ജീവിതം സൂക്ഷ്മമായി നിരീക്ഷിച്ചാൽ മറിയം വഴി വേണം തന്റെ അത്ഭുതങ്ങൾ ആരംഭിക്കാൻ എന്നുള്ളതായിരുന്നു അവിടുത്തെ തിരുമനസ്സ് എന്ന് മനസ്സിലാകും. അവിടുന്ന് യോഹന്നാനെ അവന്റെ അമ്മയായ എലിസബത്തിന്റെഉദരത്തിൽ വച്ച് വിശുദ്ധീകരിച്ചു. പക്ഷേ അത് സംഭവിച്ചത് മറിയത്തിന്റെ മധുരമൊഴികൾ വഴിയാണ്. അവൾ സംസാരിച്ചു തീരുംമുമ്പേ യോഹന്നാൻ ശുദ്ധീകരിക്കപ്പെട്ടു ഇതായിരുന്നു അവിടുത്തെ കൃപയുടെ തലത്തിലെ ആദ്യ അത്ഭുതം. കാനായിലെ കല്യാണത്തിൽ അവിടുന്ന് വെള്ളം വീഞ്ഞാക്കി. അതിന് കാരണം മറിയത്തിന്റെ വിനീതമായ പ്രാർത്ഥന മാത്രമാണ്. പ്രകൃതിയുടെ തലത്തിലെ ആദ്യ അത്ഭുതം ഇതത്രെ. അവിടുന്ന് മറിയം വഴി അത്ഭുതങ്ങൾ ആരംഭിച്ചു; മറിയം വഴി അതു തുടർന്നു; കാലത്തിന്റെ അവസാനം വരെ മറിയം വഴി അത് തുടരുകതന്നെ ചെയ്യും.
കടപ്പാട്
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.