ദൈവാലയത്തില്‍ ഈശോയെ തിരഞ്ഞ വി. യൗസേപ്പിതാവിന് മൂന്നാം ദിവസം ലഭിച്ച സൂചനയെന്ത് എന്നറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-158/200
ജറുസലേം ദൈവാലയത്തില്‍ കാണാതായ ഈശോ തിരിച്ചുവരുന്നുണ്ടോ എന്ന് ജോസഫ് ഇടതടവില്ലാതെ അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ ഒരു സ്ഥലത്തും കണ്ടെത്താന്‍ കഴിഞ്ഞില്ല. എവിടെയും കണ്ടെത്താന്‍ കഴിയാതെ അവന് തീവ്രദുഃഖത്താല്‍ ഇപ്രകാരം കരയാനും വിലപിക്കാനും തുടങ്ങി: ‘എന്റെ ഈശോയെ, നീ എവിടെയാണ്? എവിടെയാണു നീ നിന്നെത്തന്നെ മറച്ചുവച്ചിരിക്കുന്നത്? നിന്നെ ഞങ്ങളില്‍ നിന്ന് വേര്‍പെടുത്താന്‍ കാരണക്കാരന്‍ ഞാനാണ്! തീര്‍ച്ചയായും എന്റെ നന്ദിഹീനത മൂലമാണ് നീ ഇതു ചെയ്തത്. എങ്കിലും തിരിച്ചുവരണമേ എന്ന് ഞാന്‍ യാചിക്കുന്നു. എനിക്കതിന് യോഗ്യതയില്ലെങ്കിലും, നിന്നെ പ്രസവിച്ച പരിശുദ്ധ മാതാവിനെപ്രതിയെങ്കിലും നീ തിരിച്ചുവരണം.
ഏറ്റം കളങ്കഹീനയായ ഈ മാടപ്രാവിനെയോര്ത്ത് അനുകമ്പ തോന്നണം. നിന്നെ ഞങ്ങളില്‍നിന്ന് അകറ്റാന്‍ തക്കവിധം എന്നില്‍ എന്തെങ്കിലും ദോഷമായത് കണ്ടെങ്കില്‍ ദയവായി ക്ഷമിക്കണമെന്ന് നിന്നോടു ഞാന്‍ അപേക്ഷിക്കുന്നു. എനിക്കതിന് യോഗ്യതയില്ലാതിരിക്കാം; എങ്കിലും നിന്റെ പരിശുദ്ധമാതാവിന് തീര്‍ച്ചയായും അതിനുള്ള അര്‍ഹതയുണ്ട്. ഏറ്റം നിഷ്കളങ്കയായ ആ മാടപ്രാവിനെപ്രതിയെങ്കിലും കരുണയുണ്ടാകണമെന്നാണ് ഞാന്‍ യാചിക്കുന്നത്. നിനക്ക് ഇഷ്ടക്കുറവു തോന്നാന്‍ ഇടയാക്കിയ എല്ലാ കാര്യങ്ങളും എന്നോടു ക്ഷമിക്കണമെന്നു ഞാന്‍ അപേക്ഷിക്കുന്നു. നിന്നെ ഞങ്ങളില്‍നിന്ന് അകറ്റാന്‍ കാരണമായിത്തീര്‍ന്ന എല്ലാം മാപ്പാക്കുകയും ചെയ്യുക.’
എത്രമാത്രം ആരാധനയും ആകാംക്ഷയും ജ്വലിക്കുന്ന സ്നേഹവുമാണ് ഈശോയുടെ തിരിച്ചുവരവിനു വേണ്ടി ജോസഫ് പ്രകടിപ്പിച്ചത് എന്നു വാക്കുകള്‍കൊണ്ടു വിവരിക്കുക അസാദ്ധ്യമാണ്. എന്നിട്ടും ഈശോയെക്കുറിച്ചുള്ള യാതൊരു സൂചനയും ലഭിച്ചില്ല. ഇനിയും കാത്തിരിക്കുക വളരെ ദുഷ്കരമായിത്തീര്ന്നു. അതിരാവിലെതന്നെ, പ്രഭാതം പൊട്ടിവിരിയുന്നതിനുമുമ്പേ, ജോസഫും മറിയവും ജറുസലേമിലേക്കു തിരിച്ചു. ആ യാത്രയില്‍ എത്രമാത്രം നെടുവീര്‍പ്പും കണ്ണീരുമാണ് ജോസഫിന് ഉണ്ടായത്! അന്ന് ഈശോയോടുകൂടി ജറുസലേമിലേക്ക് പോകുമ്പോള്‍ അത് എത്ര ആനന്ദദായകമായ യാത്രയായിരുന്നു. എന്നാല്‍ ഈശോയില്ലാത്ത ഈ യാത്ര എത്രയോ ദുഃഖപൂര്‍ണ്ണവും ഉല്‍ക്കണ്ഠാജനകവുമാണ്!
ജറുസലേമില്‍ എത്തിച്ചേര്‍ന്നയുടനെ അവര്‍ ഓരോ മനുഷ്യരോടും ഈശോയെ കണ്ടോ എന്ന് അന്വേഷിക്കാന്‍ തുടങ്ങി. പ്രത്യേകിച്ച് നഗരത്തില്‍ ചിതറിപ്പാര്‍ക്കുന്ന അവരുടെ സുഹൃത്തുക്കളെയും ചാര്ച്ചക്കാരുമായവരോടെല്ലാം അന്വേഷിച്ചു. കൃത്യമായി യാതൊരു സൂചനയും ലഭ്യമല്ലാത്തവിധം കാര്യങ്ങള്‍ ദൈവം ക്രമീകരിച്ചിരിക്കുകയായിരുന്നു. അവസാനം അവര്‍ ദൈവാലയത്തിലേക്കു ചെന്നു. പക്ഷേ, ആ സമയം തിരുക്കുമാരന് ഭക്ഷണത്തിന് പുറത്തേക്ക് പോയിരിക്കുകയായിരുന്നു.
അവര്‍ അവിടെയിരുന്നു കരയുകയും വളരെയധികം വിലപിക്കുകയും ചെയ്തു. അതിനാല്‍ ഈശോയെ കണ്ടുവോ എന്ന് ദൈവാലയശുശ്രൂഷകരോടു ചോദിക്കാന്‍ വിട്ടുപോയി. ഒന്നിനും ഒരു നിശ്ചയവുമില്ലാത്ത നിസ്സഹായാവസ്ഥയില്‍ അവര്‍ ദൈവാലയത്തില്‍നിന്നു പുറത്തു കടന്ന് വീണ്ടും അന്വേഷണം തുടര്‍ന്നു. മകനെക്കുറിച്ചുള്ള പിതാവിന്റെ കരുതലില്ലായ്മകൊണ്ടാണ് ഇതൊക്കെ സംഭവിച്ചതെന്ന് ചിലര്‍ കുറ്റപ്പെടുത്തി പറയുന്നതു കേട്ടപ്പോള്‍ എരിതീയില്‍ എണ്ണയൊഴിച്ചതുപോലെ ജോസഫിന്റെ ദുഃഖം വീണ്ടും വര്‍ദ്ധിച്ചു. ആ കുട്ടിയെ എവിടെയോ വഴിയില്‍ ഉപേക്ഷിച്ചുകളഞ്ഞു എന്ന മട്ടിലാണ് നാട്ടുകാര്‍ തമ്മില്‍ സംസാരിച്ചത്. ഇത് ജോസഫിന്റെ ഹൃദയത്തിന് ഏറ്റ വലിയൊരു ആഘാതമായിരുന്നു. കാരണം അവര്‍ പറഞ്ഞ വാക്കുകളുടെ പിന്നില്‍ ദ്വയാര്‍ത്ഥമുള്ള ആരോപണങ്ങളുടെ ഒളിയമ്പുകളുണ്ടായിരുന്നു. കുട്ടിയെ നഷ്ട്പ്പെട്ടാലും കുഴപ്പമില്ല എന്ന ഒരു മനോഭാവം ജോസഫിനുണ്ടായിരുന്നു എന്നാണ് അവര്‍ പറഞ്ഞതിന്റെ സാരം.
അവരുടെ തീവ്രദുഃഖത്തിനു യാതൊരു ശമനവുമില്ലാതെ മൂന്നു ദിവസങ്ങള്‍ അന്വേഷണം തുടര്‍ന്നു. അതാ, അവസാനം ഒരു സൂചന കിട്ടി, ഈശോ ജറുസലേമിലെ ഉന്നതന്മാരായ ശാസ്ത്രികളും പരീശന്മാരുമായി മഹത്തായ ചര്‍ച്ചയില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന്. ഈ സമയത്ത് ദുഃഖാര്‍ത്തനായ ജോസഫ് തന്റെ ക്ലേശത്തിന്റെ മൂര്‍ദ്ധന്യത്തിലെത്തി നില്‍ക്കുകയായിരുന്നു. ആ അവസ്ഥയില്‍ ഒരു നിമിഷം പോലും മുന്നോട്ടു തുടര്‍ന്നു ജീവിക്കുവാന്‍ കഴിയാത്തവിധം മാനസികമായി അവന് തളര്‍ന്നുകഴിഞ്ഞിരുന്നു. എങ്കിലും ഏറ്റം ദുഃഖപൂര്‍ണ്ണമായ ആ മാനസികാവസ്ഥയില്പോലും അവന് ക്ഷമയറ്റുപോയിരുന്നില്ല. ഭീമമായ ആ നഷ്ടബോധത്തിന്റെ നടുവിലും ദൈവതിരുഹിതത്തെ അംഗീകരിക്കുന്നതിനും അതിന്റേതായ പരീക്ഷണങ്ങളെ ക്ഷമാപൂര്‍വ്വം സ്വീകരിക്കുന്നതിനും ജോസഫിന്റെ മനസ്സ് ഒരുക്കമായിരുന്നു.
ദൈവികനന്മകളെ ആത്മാവില്‍ ആരാധിച്ചുകൊണ്ടും, വരുന്ന ദുരിതങ്ങളെയെല്ലാം ദൈവതിരുമനസ്സിന് സമര്‍പ്പിച്ചുകൊണ്ടും അവിടുത്തെ വെളിപ്പെടുത്തലിനായി കാത്തിരുന്നു. അവസാനം ഈശോ എവിടെയുണ്ട് എന്ന സൂചന ലഭിച്ചു. എന്നാല്‍, അതിനു മുമ്പതന്നെ, ജോസഫ് ആശ്വാസം കൈവരിച്ചു കഴിഞ്ഞിരുന്നു. ഇത്രയെല്ലാം പ്രശ്നങ്ങളിലൂടെ കടന്നുപോയെങ്കിലും ഒരിക്കലും പ്രത്യാശ നഷ്ടപ്പെട്ടവനെപ്പോലെ ചഞ്ചലമനസ്കനാകാന് അവന് ഇടയായില്ല. എന്തെന്നാല്‍ മറിയത്തോടൊപ്പം അവന് കര്‍ത്താവിന്റെ ആലയത്തിലിരുന്ന് ദൈവത്തെ ആരാധിക്കുകയായിരുന്നു.
(തുടരും)
വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന
ഏറ്റം സ്നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ. ആമ്മേന്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.