വേലയധികം. കൂലിയോ….?
‘നെറ്റിയിലെ വിയര്‍പ്പുകൊണ്ടു നീ ഭക്‌ഷണം സമ്പാദിക്കും’ (ഉല്‍പ 3 :19) എന്ന് ആദത്തിനോട്
പറഞ്ഞ കാലം മുതൽ മനുഷ്യൻ അന്നത്തിനായി അദ്ധ്വാനിക്കുന്നു.
എന്നാൽ അദ്ധ്വാനത്തിനുള്ള
കൂലി ലഭിക്കുന്നില്ല എന്നതാണ് മനുഷ്യൻ്റെ
ഏറ്റവും വലിയ നൊമ്പരം.
നാലുവർഷത്തോളമായി സ്ക്കൂളിൽ
അധ്യാപിക ജോലി ചെയ്യുന്ന ഒരു സ്ത്രീയുടെ വിലാപം കേട്ടത് ഈയടുത്ത നാളിലാണ്.
ഇതുവരെയും നിയമന ഓർഡർ ലഭിച്ചിട്ടില്ല.
ഒരു രൂപ പോലും ശമ്പളവും കിട്ടിയിട്ടില്ല.
പ്രായം കൂടുന്തോറും മനസു നിറയെ ആശങ്കയാണവൾക്ക്.
സർക്കാർ ഉത്തരവും പ്രതീക്ഷിച്ച് ഇങ്ങനെ എയ്ഡഡ് സ്കൂളുകളിൽ ജോലി പ്രതീക്ഷിച്ച് കാത്തിരിക്കുന്ന രണ്ടായിരത്തിലധികം വ്യക്തികൾ ഉണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. ഭാവിയിലേക്ക് ഉറ്റുനോക്കുമ്പോൾ അവരുടെ മുമ്പിൽ ആശങ്ക മാത്രം.
ചെയ്യുന്ന ജോലിക്കനുസൃതം അർഹമായ വേതനം ലഭിക്കാത്തവർ ഇന്ന് എത്രയോ അധികമാണ്?
കേരളത്തിനകത്തും പുറത്തും കൃഷിയിലും ചെറുകിട കച്ചവടങ്ങളിലും ഏർപ്പെട്ടിരിക്കുന്നവർക്ക് അവരുടെ അധ്വാനത്തിനനുസരിച്ച് പ്രതിഫലം ലഭിക്കുന്നില്ല എന്നത് യാഥാർത്ഥ്യമാണ്.
എത്രയോ ഇഞ്ചി കർഷകരാണ്
വില കൂടുമെന്ന പ്രതീക്ഷയിൽ
വിളവെടുപ്പ് നീട്ടിവച്ചിരിക്കുന്നത്?
ഇതിനിടയിൽ ബാങ്കിലെ ലോണും
വീട്ടിലെ പ്രാരാബ്ധവുമായി അവർ
ഏറെ കഷ്ടപ്പെടുന്നുണ്ട്.
ഏതാനും ആഴ്ചകൾക്കു മുമ്പാണ്
ഒരു കിലോ പൈനാപ്പിളിന്
പത്ത് രൂപ വരെ വില വന്നത്. വഴിയോരക്കച്ചവടക്കാരന് പത്ത് രൂപ ലഭിക്കുമ്പോൾ കർഷകന് എന്താണ് ലഭിക്കുക?
ഓരോ തിരഞ്ഞെടുപ്പു വരുമ്പോഴും കാർഷിക വിളകളുടെ സംഭരണം, സർക്കാർ ജോലി എന്നൊക്കെ പറഞ്ഞ് പ്രസ്താവനകൾ ഇറക്കുന്നു എന്നല്ലാതെ അടിസ്ഥാനപരമായി മാറ്റങ്ങൾ സംഭവിക്കാതിരിക്കുമ്പോൾ
പാവപ്പെട്ടവൻ്റെ കണ്ണീർ
എന്നു നിലയ്ക്കാനാണ്?
“വേല ചെയ്യുന്നവന്‍ ആഹാരത്തിന് അര്‍ഹനാണ്” (മത്താ10 :10)
എന്ന ക്രിസ്തു മൊഴികൾ ധ്യാനിക്കാം.
വേലയ്ക്ക് കൂലിയും
വിളവിന് വിലയും
ലഭിക്കുമെന്ന പ്രതീക്ഷയോടെ
നമുക്ക് പ്രാർത്ഥിക്കാം.
ഒപ്പം നമ്മുടെ ഭവനങ്ങളിലും
സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർക്ക് അർഹമായ വേതനം നൽകുകയും ചെയ്യാം.
~ ഫാദർ ജെൻസൺ ലാസലെറ്റ് ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.