ഈശോയെ ദൈവാലയത്തില്‍ കാണാതെയായപ്പോള്‍ വി. യൗസേപ്പിതാവ് അനുഭവിച്ച ഹൃദയവ്യഥകളെക്കുറിച്ച് അറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-157/200

തിരുക്കുടുംബം ഈ സമയംകൊണ്ട് ജറുസലേമില്‍ എത്തിച്ചേരുകയും നേരെ ദൈവാലയത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു. പെരുന്നാളിന് അനേകം മനുഷ്യര്‍ അവിടെ ഒത്തുകൂടിയിട്ടുണ്ടായിരുന്നു. തിരുക്കുമാരന്റെ സൗന്ദര്യവും രാജകീയപ്രൗഢിയും കൃപാപൂര്‍ണ്ണവും നിഷ്‌കപടവുമായ ഭാവപ്രകടനങ്ങളും കണ്ട ജനം മുഴുവന്‍ വിസ്മയസ്തബാധരായിപ്പോയി. ഇത്രയും അ്‌നുഗൃഹീതനായ ഒരു മകനെ സ്വന്തമാക്കിയതില്‍ ജോസഫിനോടും മറിയത്തോടും അവര്‍ക്ക് അസൂയ തോന്നി.

ഓരോ തവണയും ദൈവാലയം സന്ദര്‍ശിക്കുമ്പോള്‍ പുതിയ വെളിപ്പെടുത്തലുകള്‍ ജോസഫിന് ലഭിക്കുമായിരുന്നു. എങ്കിലും ഈശോയെ കൂട്ടിയുള്ള ഇപ്രാവശ്യത്തെ വരവ് എടുത്തുപറയത്തക്ക ഒന്നായിരുന്നു. ഇത്തവണ അതിനുവേണ്ടി വലിയൊരു പരീക്ഷണം കരുതിവച്ചിരുന്ന്ു. പക്ഷേ, അത് എങ്ങനെയുള്ളതാണെന്ന് വെളിപ്പെടുത്തുകയോ മനസ്സിലാക്കുകയോ ചെയ്തിരുന്നില്ല. വിശുദ്ധന്‍ തന്നെത്തന്നെ കൂടുതല്‍ എളിമപ്പെടുത്തിക്കൊണ്ട് ദൈവഹിതത്തിന് സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുകയും ഇങ്ങനെ ഏറ്റുപറയുകയും ചെയ്തു: ‘എന്റെ ദൈവമേ, എന്റെ ആഗ്രഹം അങ്ങ് ശ്രദ്ധിക്കണമേ. അവിടുത്തെ രാജകീയ തിരുഹിതംപോലെ ഈ ദാസനോട് പ്രവര്‍ത്തിച്ചുകൊള്ളുക! അവിടുത്തെ സ്‌നേഹത്തെപ്രതി എന്തും സസന്തോഷം ഞാന്‍ സഹിച്ചുകൊള്ളാം. എന്റെ ഈശോ കൂടോയുള്ളപ്പോള്‍ ഒന്നിനും എന്നെ ഉപദ്രവിക്കാന്‍ കഴിയുകയില്ല. അവന്റെ സ്‌നേഹോഷ്മളമായ ഒരു കടാക്ഷം മാത്രം മതി എന്റെ എല്ലാ സങ്കടങ്ങളും സാന്ത്വനമായി മാറും.’

ജോസഫ് ഒരിക്കലും വിചാരിച്ചിരുന്നില്ല അവന്റെ എല്ലാ താങ്ങും തുണയുമായവനെയാണ് അവനില്‍നിന്നു വേര്‍പെടുത്തുവാന്‍ പോകുന്നതെന്ന്. എന്തെന്നാല്‍ ജോസഫിന്റെ എല്ലാ സന്തോഷത്തിന്റെയും ആശ്വാസത്തിന്റെയും ഉറവിടം ഈശോയായിരുന്നു. സമാശ്വാസത്തിന്റെയോ സാന്ത്വനത്തിന്റെയോ യാതൊന്നും അവശേഷിപ്പിക്കാതെ അതിന്റെ ഉറവിടമായവനെ അവനില്‍ നിന്നു മാറ്റിക്കളയുകയാണ് ആ പരീക്ഷണമെന്ന യാതൊരുവിധ ചിന്തകളും ജോസഫിന്റെ മനസ്സില്‍ക്കൂടി കടന്നുപോയിരുന്നില്ല.

ദൈവാലയത്തിനകത്തെ പ്രാര്‍ത്ഥനയ്ക്കുശേഷം തിരുക്കുടുംബം പുറത്തിറങ്ങി ഭക്ഷണത്തിനും വിശ്രമത്തിനുമുള്ള സൗകര്യം നോക്കി ചുറ്റിനടന്നു. അതോടൊപ്പം ആത്മീയകാര്യങ്ങള്‍ സംസാരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തനിക്കുണ്ടായ വെളിപാടിനെക്കുറിച്ച് മറിയത്തോട് ഒന്നുംതന്നെ ജോസഫ് സംസാരിച്ചില്ല. അവന്‍ അത് തന്നില്‍ത്തന്നെ രഹസ്യമാക്കി വച്ചു. ഒരു പ്രാവശ്യംകൂടി ദൈവാലയത്തില്‍ കയറി പ്രാര്‍ത്ഥിച്ചശേഷം നസ്രത്തിലേക്കുള്ള മടക്കയാത്ര തുടങ്ങി. മറിയം സഹയാത്രികരായ മറ്റു സ്ത്രീകളോടൊപ്പമാണ് യാത്ര ചെയ്തിരുന്നത്. അതേസമയം ജോസഫ് തന്‍്‌റെ പരിചയക്കാരായ ചില പുരുഷന്മാരുടെ കൂടെയും. മറിയം വിചാരിച്ചു, ഈശോ ജോസഫിന്റെ കൂടെ ഉണ്ടായിരിക്കുമെന്ന്. അതുപോലെതന്നെ ജോസഫും വിചാരിച്ചു, അവന്‍ തന്റെ അമ്മയോടൊപ്പം കാണുമെന്ന്. അവര്‍ രണ്ടുപേരും ഈശോ തന്റെകൂടെ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നുണ്ട്. അവര്‍ ഈശോയെപ്പറ്റി സ്തുതിച്ചും മതിച്ചും സംസാരിക്കുന്നുണ്ട്. അതു കേട്ടവരുടെ ഹൃദയത്തില്‍ വലിയ ആനന്ദം ഉളവാകുകയും ചെയ്തു. ഈശോയുടെ അസാധാരണ സ്വഭാവഗുണങ്ങളെക്കുറിച്ച് അവര്‍ പുകഴ്ത്തി പറയുകയും ചെയ്തു. ഈശോയുമായി ഉടനെ കൂടിച്ചേരുമെന്നും നേരിട്ട് ഈശോയെ കേള്‍ക്കാനും തങ്ങളുടെ ആത്മാവിന് ആനന്ദം പകര്‍ന്നവനെ കാണാനും കഴിയുമല്ലോ എന്നും അവര്‍ പ്രതീക്ഷിച്ചു.

ജോസഫാണ് ആദ്യം സത്രത്തില്‍ എത്തിച്ചേര്‍ന്നത്. വളരെ ആകാംക്ഷയോടെ ഈശോയെയും മാതാവിനെയും അവന്‍ കാത്തുനില്‍ക്കുകയായിരുന്നു. അല്പസമയം കഴിഞ്ഞപ്പോള്‍ മറിയവും വന്നെത്തി. ഉടനെതന്നെ തന്റെ വത്സലമകനെവിടെ എന്ന് ജോസഫിനോടു തിരക്കി. പക്ഷേ, ജോസഫും അതേ ചോദ്യം മാതാവിനോടു ചോദിക്കാനിരിക്കുകയായിരുന്നു. അവരുടെ സ്‌നേഹനിധിയായ മകനെ കൈമോശം വന്നിരിക്കുന്ന എന്നറിഞ്ഞ നിമിഷം ആ നിഷ്‌കളങ്കഹൃദയങ്ങള്‍ അനുഭവിച്ച ദുഃഖം ആര്‍ക്കു വിവരിക്കാനാകും! ആര്‍ക്കും അത് അളക്കാന്‍ കഴിയുകയില്ല. പരിശുദ്ധ കന്യാമറിയമാണ് ഏറ്റം കൂടുതലായി വേദനിച്ചത്. ജറുസലേമില്‍നിന്നും വന്നവരോടെല്ലാം അന്വേഷിച്ചു, തങ്ങളുടെ വത്സ്‌ലപുത്രനെ അവര്‍ എവിടെയെങ്കിലും വച്ചു കണ്ടോ എന്ന്. പക്ഷേ, ആരില്‍നിന്നും ഒരു സൂചനയം ലഭിച്ചില്ല. അവരുടെ ദുഃഖം വളരെ വര്‍ദ്ധിച്ചു. മറിയത്തിന്റെ ഹൃദയം ദുഃഖഭാരത്തില്‍ അമര്‍ന്നു. ജോസഫിന്റെ നിലയും ഒട്ടും മെച്ചമായിരുന്നില്ല. അവര്‍ക്ക് അല്പംപോലും ആശ്വസിക്കാന്‍ കഴിഞ്ഞില്ല. രാത്രി മുഴുവന്‍ കണ്ണുനീരിലും വിലാപത്തിലും സമയം തള്ളിനീക്കി.

മറിയത്തിന്റെ ഉല്‍ക്കണ്ഠ കണ്ടപ്പോള്‍ ജോസഫിന്റെ ദുഃഖം ഇരട്ടിച്ചു. ഒരു വിധത്തിലും അവളെ ആശ്വസിപ്പിക്കാന്‍ കഴിഞ്ഞില്ല. ഈശോ മിക്കവാറും പ്രഭാതത്തോടുകൂടി എത്തിച്ചേരുമെന്ന് അവന്‍ പറഞ്ഞുനോക്കി. എന്നാല്‍ അത് അവളുടെ വിമലഹൃദയത്തെ സാന്ത്വനപ്പെടുത്തിയില്ല. ഈശോയുടെ സാന്നിദ്ധ്യത്തിനല്ലാതെ മറ്റൊന്നിനും അവളെ സമാശ്വസിപ്പിക്കാന്‍ കഴിയുമായിരുന്നില്ല. ജോസഫിന്റെ ദുഃഖം വളരെ വലുതായിരിക്കുമെന്നു വിവേചിച്ചറിഞ്ഞപ്പോള്‍ മറിയത്തിന്റെ ഉല്‍ക്കണ്ഠ ഒന്നുകൂടി മൂര്‍ച്ഛിച്ചു. അവന്റെ ദുഃഖം ദൂരീകരിക്കുവാന്‍ അവള്‍ പരിശ്രമിച്ചു.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ. ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles