പരിശുദ്ധാരൂപിയുടെ വണക്കമാസം ഇരുപത്തിയൊമ്പതാം തിയതി
“പാപത്തിൽ കടശ്ശിവരെ മൂർഖതയോടെ നില നിലനിൽക്കുന്നവൻ റൂഹാദ്ക്കുദശായുടെ ഇഷ്ടക്കേടിൽ മരിക്കുന്നു.”
പ്രായോഗിക ചിന്തകൾ
1.പാപി നശിക്കാതെ പിന്തിരിഞ്ഞു ജീവിപ്പാനായി ദൈവം ഏറ്റം ക്ഷമയോടെ പ്രവൃത്തിക്കുന്നു.
2.കർത്താവ് ഓർശ്ലമിനെ കാണുകയിൽ അതിൻ്റെ നാശത്തെ ഓർത്ത് പ്രലപിച്ചു.
3.അനുതപിക്കുന്നില്ല എങ്കിൽ നിങ്ങളും ഇതുപോലെ നശിക്കും.
പക്ഷപ്രകരണങ്ങൾ
പാപിയുടെ നാശത്തെ മനസ്സാകാതെ, അവന് നിത്യഭാഗ്യം നല്കുവാൻ വേണ്ടി എല്ലാ അനുഗ്രഹങ്ങളെയും ധാരാളമായി കൊടുക്കുന്ന നല്ല ദൈവമായ പരിശുദ്ധാരൂപിയെ! നിൻ്റെ ദിവ്യ സഹായങ്ങളെ വകവയ്ക്കാതെയും തങ്ങളുടെ രക്ഷമേൽ വിചാരമില്ലാതെയും നടക്കുന്ന നിർഭാഗ്യപാപികളുടെ മേൽ നീ കൃപയായിരിക്കേണമെ. ലോകപ്രപഞ്ചത്തിൻ്റെ മായയിൽ ഉറങ്ങുന്ന അവരെ ഉണർത്തുവാൻ തക്കതായ വരപ്രസാദത്തെ അവർക്കു നല്കേണമെ.
ബലഹീനരുടെ ധൈര്യമേ! ആദത്തിൻ്റെ പാപഫലമായി ലഭിച്ചിരിക്കുന്ന അജ്ഞതയാലും ബലഹീനതയാലും വീണുപോകുന്ന നിൻ്റെ പൈതങ്ങളെ നീ തന്നെ താങ്ങിക്കൊളഃളണമെ. നിൻ്റെ വെളിവുകൂടാതെ മനുഷ്യരിൽ തിന്മയല്ലാതൊന്നുമില്ല. നീ മയപ്പെടുത്താതി രുന്നാൽ ഞങ്ങൾ പാപത്തിൽ കടുത്തവരായി ശരണക്കേടിൽ നശിച്ചുപോകുയും ചെയ്യും.
ഞങ്ങളുടെ ഭോഷത്വം അളവുള്ളതാകുന്നു. നീയോ എന്നാൽ അനുഗ്രഹത്തിൽ അളവില്ലാത്തവനുമത്രെ, ഓ! അനുഗ്രഹത്തിൻ്റെ ദൈവമായ റൂഹാദ്ക്കുദശായെ! ഞങ്ങളെ സൃഷ്ടിച്ചപ്പോഴത്തെ ആ കരുണയും സ്നേഹവും, ഞങ്ങളെ രക്ഷിപ്പാനും നീ പ്രയോഗിക്കേണമെ. ഞങ്ങൾ ക്ഷീണിതരെങ്കിൽ, നീ ഞങ്ങളുടെ ശക്തിയാകുന്നു. ഞങ്ങൾ രോഗികളെങ്കിൽ, നീ വൈദ്യനാകുന്നു. ഞങ്ങൾ അശുദ്ധരെങ്കിൽ, നീ ശുദ്ധമാക്കുന്നവനുമല്ലയോ? ഞങ്ങൾ വഴിതെറ്റിപ്പോയാൽ നീ വഴികാട്ടിയും വെട്ടവുമല്ലയോ? ഞങ്ങൾ ധൂർത്തരെങ്കിൽ നീ കൃപനിറഞ്ഞ പിതാവുമത്രെ. ആകയാൽ തെറ്റിപ്പോകുമ്പോൾ നല്ല പിതാവിനെപ്പോലെ തേടിപ്പിടിച്ച് ഞങ്ങളെ നീ കൈക്കൊള്ളണമെ. ഞങ്ങൾ നിന്നെ വീണ്ടും ഉപേക്ഷിക്കാതിരിപ്പാൻവേണ്ടി ശക്തമായ വരപ്രസാദം ഞങ്ങൾക്കു തരണമേ.
വഴിപിഴച്ചു നടന്ന ആഗസ്തീനോസിനെ നീ നേർവഴിക്കാക്കി. പൗലോസിൻ്റെ ഹൃദയകാഠിന്യത്തെ നീ മാറ്റുകയും ചെയ്തു. അവരോടുകൂടി ഞങ്ങളും എന്നന്നേക്കും നിനക്കു സ്തോത്രം ചെയ്യുവാനുള്ള അനുഗ്രഹം നല്ല ദൈവമായ പരിശുദ്ധാരൂപിയെ! ഞങ്ങൾക്കു നീ തന്നരുളേണമെ.
ആമ്മേൻ.
7 ത്രീത്വ.
പ്രതിജ്ഞ
എൻ്റെ ശരണം മുഴുവൻ പരിശുദ്ധാരൂപിയിൽ ഞാൻ വെയ്ക്കും. അവിടുത്തെ ദുഃഖിപ്പിക്കാതിരിപ്പാൻ ഞാൻ ശ്രമിക്കയും ചെയ്യും.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.