ബാലനായ യേശുവിനൊപ്പം ജറുസലേം ദൈവാലയത്തിലേക്ക് പുറപ്പെട്ട വി. യൗസേപ്പിതാവിന്റെ അനുഭവങ്ങള്‍ അറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-156/200
ഈ വിവരണത്തില്‍ നേരത്തെ സൂചിപ്പിച്ചിരുന്നതുപോലെ എല്ലാ വര്‍ഷവും പെരുന്നാളിന് മുടക്കം വരുത്താതെ ജോസഫ് ജറുസലേമില്‍ പോകുക പതിവായിരുന്നു. നിയമത്തിലെ അനുശാസനങ്ങള്‍ കൃത്യമായി പാലിക്കുന്നതിന്റെ ഭാഗമായിട്ടുകൂടിയാണ് അങ്ങനെ ചെയ്തിരുന്നത്. ഇത്തവണ ഈശോയ്ക്ക് പന്ത്രണ്ടു വയസ്സു പ്രായമെത്തിയതിനാല്‍ അവന്‍ വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന മിശിഹായും ദൈവപുത്രനുമാണെന്ന് വെളിപ്പെടുത്തണമെന്ന് അഗ്രഹിച്ചിരുന്നു. മഹത്തായ ഈ രഹസ്യം ഫരിസേയപ്രമുഖര്‍ക്കും നിയമപണ്ഡിതര്‍ക്കും വുശുദ്ധ ലിഖിതങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്കും തെളിയിച്ചുകൊടുക്കണമെന്നും ഉദ്ദേശിച്ചിരുന്നു.
അതിനാല്‍, പരിശുദ്ധ മറിയത്തെയും തിരുക്കുമാരനെയും കൂട്ടി ഇത്തവണ പെരുന്നാള്‍ ആഘോഷിക്കാന്‍ ജറുസലേമിലേക്കു പുറപ്പെട്ടു. ഈ യാത്ര വളരെ ആനന്ദത്തിലും തികഞ്ഞ സമാധാനത്തിലുമാണ് ആരംഭിച്ചത്. കാരണം അവരും ഇത്തവണ ജോസഫിന്റെ കൂടെയുണ്ട്. ഈശോയെ കാണുകയും കേള്‍ക്കുകയും ചെയ്തവരുടെ ഹൃദയം ജ്വലിച്ചു. അവരുടെ അധരങ്ങളില്‍ ദൈവസ്തുതികളുയര്‍ന്നു. അത് അനിതരസാധാരണമായ ശാന്തിയും സംതൃപ്തിയുമാണുളവാക്കിയത്. ദൈവസുതന്റെ കുലീനത്വവും സൗന്ദര്യവും ധന്യതയും അത്യന്തം പ്രാഗത്ഭ്യം നിറഞ്ഞതും ആദരണീയവുമായിരുന്നു. അതേസമയം അത് ആശ്ചര്യജനകവും ആശ്വാസദായകവുമായിരുന്നുതാനും. അതു ശ്രദ്ധിച്ച സഹയാത്രികര്‍ ജോസഫിനോടു പറഞ്ഞു: ‘ജോസഫ്, ഈശോയെ സ്വന്തമാക്കിയ നീ ആയിരം മടങ്ങ് അനുഗൃഹീതനാണ്.’
അവരില്‍ ചിലര്‍ ആവേശംപൂണ്ട് ജോസഫിനെ തടഞ്ഞു നിര്‍ത്തു സംസാരിക്കുകപോലും ചെയ്തു. കാരണം സുന്ദരനും സ്‌നേഹനിധിയുമായ തിരുക്കുമാരന്റെ കടാക്ഷം വഴി അവര്‍ക്കു വലിയ സമാധാനവും സംതൃപ്തിയും ലഭിച്ചിരുന്നു! ഈശോയെക്കുറിച്ചുള്ള അവരുടെ അഭിനന്ദനങ്ങള്‍ ജോസഫില്‍ വലിയ സന്തോഷമുളവാക്കി. എന്തെന്നാല്‍ ഏറ്റം അമൂല്യമായ സകലകൃപകളുടെയും നിധിശേഖരമാണ് തന്റെ കൂടെയുള്ളവന്‍ എന്ന സത്യം ജോസഫിന് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ ഒരു ഭീതി അവന്റെയുള്ളില്‍ ഉടലെടുക്കുകയും ചെയ്തു.
സകലത്തിന്റെയും ഉടയവന്‍ മനുഷ്യര്‍ക്കിടയിലൂടെ നടക്കുകയാണ്! ഇത് വലിയ ഒരു പരീക്ഷണമായിരിക്കുമെന്ന് അവന്‍ ഭയപ്പെട്ടിരുന്നു. അവന്റെ മൃദുലശരീരത്തെക്കുറിച്ചുള്ള ചിന്ത സ്‌നേഹനിധിയായ ജോസഫിന്റെ ഹൃദയത്തില്‍ പല ആകുലതകളും സൃഷ്ടിച്ചു. ആ യാത്രയില്‍ ആവര്‍ത്തിച്ചുകേട്ട ചില സംസാരങ്ങളാണ് അതിനു കാരണം. ഈശോ എല്ലാ കുലീനജന്മങ്ങള്‍ക്കും ഉപരിയാണെന്ന് അവരില്‍് ചിലര്‍ തിരിച്ചറിഞ്ഞു. ജോസഫിന് സ്‌നേഹമില്ലാത്തതുകൊണ്ടാണ് ഇത്രയും കോമളനും മൃദുലനുമായ ഒരു കുട്ടിയെ നടത്തിക്കൊണ്ടുപോകുന്നതെന്ന് അവര്‍ വിമര്‍ശിക്കുകയും ചെയ്തു.
അത്തരം കമന്റുകള്‍ ജോസഫിന്റെ ഹൃദയത്തെ മുറിപ്പെടുത്തി. എങ്കിലും അത് അസ്വസ്ഥപ്പെടുത്തിയില്ല. തന്നെത്തന്നെ വിനീതനാക്കിക്കൊണ്ട് നിശ്ശബ്ദനായിരുന്നു. അവന്‍ പിതാവായ ദൈവത്തോടു പറഞ്ഞു: ‘എന്റെ ദൈവമേ, എന്റെ ഈശോയുടെ പിതാവായ ദൈവമേ എന്റെ ചിന്തകളും അങ്ങയുടെ പുത്രനെക്കുറിച്ചുള്ള അഭിലാഷങ്ങളും എത്ര വലുതാണെന്ന് അങ്ങുമാത്രം അറിയുന്നു. അവന്‍ ഇതെല്ലാം സഹിക്കണമെന്നത് അങ്ങയുടെ ഇഷ്ടമാണ്. അതിനാല്‍, എങ്ങനെ മുമ്പോട്ടു പോകണമെന്ന് എനിക്ക് ഒരു നിശ്ചയവുമില്ല.’
‘എന്നിരുന്നാലും, ഞാനാഗ്രഹിക്കുന്നത് അങ്ങയുടെ ഇഷ്ടം അനുസരിക്കുകയും നിശ്ശബ്ദനായി കഴിയുകയും ചെയ്യുക എന്നതാണ്. അവന്‍ പുകഴ്ത്തപ്പെടുന്നതും ആദരിക്കപ്പെടുന്നതും അങ്ങുതന്നെ കാണുന്നുണ്ട്. പരിശുദ്ധനെങ്കിലും മാനുഷികമായ നിലയില്‍ ഒരു പരിധിക്കപ്പുറം അവന്‍ സുദീര്‍ഘമായ യാതനകള്‍ അനുഭിവിക്കാന്‍ പാടില്ല എന്നും അങ്ങ് അറിയുന്നുണ്ടല്ലോ!’ ഇതു പറഞ്ഞു കഴിഞ്ഞപ്പോള്‍ത്തന്നെ, ആ യാത്രയില്‍ അസാധാരണമായ സാന്ത്വനവും സമാശ്വാസവും ജോസഫിന് കര്‍ത്താവു കനിഞ്ഞനുഗ്രഹിച്ചു നല്‍കി. എങ്കിലും എന്തുകൊണ്ടാണ് ഇതെല്ലാം അനുവദിക്കുന്നതെന്ന് അവന് ഒരു രൂപവും കിട്ടിയില്ല. അവനെ കാത്തിരിക്കുന്ന പരീക്ഷണങ്ങള്‍ എന്താണെന്ന് വാസ്തവത്തില്‍ അവനു മനസ്സിലായില്ല. അതായത് ഈശോയെ കാണാതാകാന്‍ പോകുകയാണെന്നുള്ള സത്യം വെളിപ്പെട്ടില്ല.
(തുടരും)
വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന
ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ. ആമ്മേന്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.