ജോസഫ്: ദൈവമാതാവിൻ്റെ വിശ്വസ്തനായ ജീവിതപങ്കാളി
യൗസേപ്പിതാവിൻ്റെ ലുത്തിനിയായിലെ ദൈവമാതാവിൻ്റെ ജീവിത പങ്കാളിയേ (Dei Genetricis sponse) എന്ന സംബോധന വിശുദ്ധ യൗസേപ്പിതാവു പരിശുദ്ധ കന്യകാമറിയത്തിൻ്റെ മണവാളൻ എന്നു വിളിക്കാൻ അധികാരമുള്ള വ്യക്തിയാണ് എന്ന സത്യത്തിലേക്കാണ് വിരൽ ചൂണ്ടുക . ദൈവം നസറത്തിലെ ഈ രണ്ടു വ്യക്തികളെ യഥാർത്ഥ ദാമ്പത്യത്തിൽ ഒന്നിപ്പിച്ചു. ശാരീരിക ബന്ധത്തിലൂടെയല്ല മറിച്ച് കന്യകാ ജീവിതത്തിലൂടെ ദൈവപുത്രനായ ഉണ്ണീശോയെ ഹൃദയം നിറഞ്ഞ് സ്നേഹിച്ചതിലൂടെ.
മറിയത്തിൻ്റെയും യൗസേപ്പിൻ്റേയും പൊതുവായ രക്ഷാകർതൃത്തിനു ഈശോയെ ഭരമേല്പിക്കുക എന്നത് ദൈവ പിതാവിൻ്റെ വലിയ പദ്ധതിയായിരുന്നു. ഉണ്ണീശോയെ ഒരു പിതാവിനെപ്പോലെ സ്നേഹിക്കാനും പരിപാലിക്കാനും ദൈവമാതാവിനെ യഥാർത്ഥ ദാമ്പത്യ സ്നേഹത്തിലൂടെ ശുശ്രൂഷിക്കുവാനും യൗസേപ്പിതാവിനു സാധിച്ചു.
“ജോസഫ് നിദ്രയില്‍നിന്ന് ഉണര്‍ന്ന്, കര്‍ത്താവിന്റെ ദൂതന്‍ കല്‍പിച്ചതുപോലെപ്രവര്‍ത്തിച്ചു; അവന്‍ തന്റെ ഭാര്യയെ സ്വീകരിച്ചു. പുത്രനെ പ്രസവിക്കുന്നതുവരെ അവളെ അവന്‍ അറിഞ്ഞില്ല; അവന്‍ ശിശുവിന് യേശു എന്നു പേരിട്ടു.” (മത്തായി 1 : 24- 25). ഈ വാക്കുകൾ തിരുകുടുംബത്തിലെ പവിത്രമായ ദാമ്പത്യ ജീവിതത്തിൻ്റെ ശ്രേഷ്ഠമായ വശമാണ്. ഈ ആത്മീയ ബന്ധത്തിൻ്റെ ആഴവും തീവ്രതയും ആത്യന്തികമായി ജീവൻ നൽകുന്ന പരിശുദ്ധാത്മാവിൻ്റെ നിറവിൽ നിന്നു വരുന്നതാണ്. പരിശുദ്ധാത്മാവിൻ്റെ നിമന്ത്രണങ്ങളോട് അനുസരണ ഉണ്ടായിരുന്നതിനാൽ യൗസേപ്പിതാവിൻ്റെ സ്നേഹത്തിൻ്റെയും കരുതലിൻ്റെയും ഉറവിടം ആത്മാവു തന്നെയായിരുന്നു.
ദൈവാത്മാവിനാൽ നയിക്കപ്പെടുന്ന വിശ്വസ്തരായ ഭർത്താക്കന്മാരാണ് ദാമ്പത്യ ജീവിതത്തെ ശ്രേഷ്ഠമാക്കുന്നതെന്ന് യൗസേപ്പിതാവിൻ്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.
~ ഫാ. ജയ്സൺ കുന്നേൽ mcbs. ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.