വി. യൗസേപ്പിതാവിന് പരി. മറിയത്തോടുള്ള സ്‌നേഹവും വണക്കവും എപ്രകാരമുള്ളതായിരുന്നു എന്നറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-155/200
ജോസഫിനു മറിയത്തോടുള്ള സ്‌നേഹം നിയമം അനുശാസിക്കുന്നതിലും ഉപരിയായിരുന്നു. അത് അത്രമാത്രം തീവ്രവും ആര്‍ദ്രവും നിഷ്‌കളങ്കവുമായിരുന്നു. ദൈവം കഴിഞ്ഞാല്‍ മറിയത്തിനായിരുന്നു ജോസഫിന്റെ ഹൃദയത്തില്‍ പ്രഥമസ്ഥാനം. അവന്‍ അവളെ സ്‌നേഹിച്ചതു ദൈവത്തിലും ദൈവത്തോടുകൂടെയുമാണ്.
എന്തെന്നാല്‍ അവള്‍ അത്യുന്നതന്റെ കരവേലകളില്‍ ഏറ്റം സമ്പൂര്‍ണ്ണയും സൗന്ദര്യത്തികവുമായിരുന്നു. അവളില്‍ ദൈവം വര്‍ഷിച്ചിരുന്ന നന്മകളെയോര്‍ത്താണ് ജോസഫ് അത്യധികം സ്‌നേഹിച്ചത്. എന്നിരുന്നാലും, അവളുടെ അമലോത്ഭവ ഉദരത്തില്‍നിന്ന് പരിശുദ്ധാത്മാവുവഴി അത്യുന്നതന്റെ പുത്രന്‍ ജനിക്കാന്‍ ദൈവം തിരഞ്ഞെടുത്തു എന്ന അറിയിപ്പുണ്ടായതുമുതലാണ് മറിയത്തോടുള്ള ജോസഫിന്റെ സ്‌നേഹവും വണക്കവും അതിന്റെ ഉച്ചസ്ഥായിയില്‍ എത്തിയത്.
ജോസഫിന് തന്റെ പരിശുദ്ധയായ ഭാര്യയോടുണ്ടായിരുന്ന ആരാധ്യമായ പരിഗണനയും ബഹുമാനുവും ആര്‍ക്കു സങ്കല്പ്പിക്കാന്‍ കഴിയും. ദൈവകൃപകളുടെ നിധിശേഖരമായിട്ടാണ് ജോസഫ് അവളെ കണ്ടിരുന്നത്. എത്രയോ അനുകമ്പയോടും കരുതലോടും വിനയത്തോടും വണക്കത്തോടുംകൂടിയാണ് അവന്‍ അവളോട് വര്‍ത്തിച്ചിരുന്നത്. അവളുടെ ആവശ്യങ്ങള്‍ സാധിച്ചുകൊടുക്കുവാന്‍ എത്ര ഉത്സാഹത്തോടെയാണ് അവന്‍ ജോലിചെയ്തിരുന്നത്. അവളെ എല്ലാ കാര്യങ്ങളിലും സഹായിക്കുന്നതിന് അവന്‍ എത്രയധികം താല്പര്യം പ്രകടിപ്പിച്ചിരുന്നു. മറിയത്തിനറിയാം നിയമത്തിലെ ഏറ്റം നിസ്സാരമായ അനുശാസനങ്ങള്‍പോലും ജോസഫ് എത്ര കൃത്യതയോടെയാണ് പാലിക്കുന്നതെന്ന്.
ഭര്‍ത്താവ് ഭാര്യയുടെ ശുശ്രൂഷകനായിരിക്കണമെന്ന് നിയമത്തില്‍ നഷ്‌ക്കര്‍ഷിക്കുന്നില്ലെന്നും, പരിചാരകനെപ്പോലെയല്ല കുടുംബത്തിന്റെ തലവനായിട്ടാണ് ഭര്‍ത്താവ് പ്രവര്‍ത്തിക്കേണ്ടതെന്നും ഇടയ്‌ക്കൊക്കെ മറിയം ജോസഫിനെ അനുസ്മരിപ്പിക്കാറുണ്ടായിരുന്നു. എങ്കിലും, ജോസഫ് അതിന് കൂടുതലായൊന്നും വിശദീകരണം കൊടുക്കാതെ വിനയപൂര്‍വ്വം തലതാഴ്ത്തിക്കൊണ്ട് തന്നെത്തന്നെ കൂടുതല്‍ വിനീതനാക്കുകയും ആത്മാവില്‍ ആനന്ദിക്കുകയും ചെയ്തു. ദൈവം തന്നോട് ആവശ്യപ്പെടുന്നതാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്ന് ജോസഫ് വിശ്വസിച്ചിരുന്നു.
ദൈവത്തെ അംഗീകരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരു ദേശത്ത്, മോശയിലൂടെ വെളിപ്പെടുത്തിയ ദൈവത്തിന്റെ കല്പനകള്‍ നല്കപ്പെട്ട ഒരു ജനതയില്‍, തനിക്കു ജന്മം നല്കിയ ദൈവത്തിന് ജോസഫ് എപ്പോഴും നന്ദി പറഞ്ഞിരുന്നു. ദൈവത്തിന്റെ മഹത്തായ ഈ കാരുണ്യത്തെക്കുറിച്ച്, ജനിക്കുന്നതിനു മുമ്പേയുള്ള ദൈവത്തിന്റെ തിരഞ്ഞെടുപ്പിനെക്കുറിച്ച് ജോസഫ് മറിയത്തോടു പലപ്പോഴും സംസാരിച്ചിരുന്നു. അവിശ്വാസികളെയും എണ്ണമറ് വിഗ്രഹാരാധകരെയും പറ്റി ചിന്തിക്കുമ്പോഴൊക്കെ അവരോട് അവന് വലിയ സഹതാപം തോന്നിയിരുന്നു. തനിക്കു ലഭിച്ച വലിയ ഭാഗ്യത്തിന് നന്ദി പറഞ്ഞുകൊണ്ട് അവന്‍ വിലപിച്ചു. ‘അനന്തകാരുണ്യവും ദയാലുവുമായ എന്റെ ദൈവമേ! അജ്ഞാനികളായ ഈ ജനതയെക്കാളധികമായി ഞാന്‍ എന്തു നന്മയാണ് അങ്ങയുടെ മുമ്പില്‍ ചെയ്തത്?
ഹെബ്രായ ജനതയില്‍ അങ്ങയുടെ തിരഞ്ഞെടുക്കപ്പെട്ട വംശത്തില്‍ ജനിക്കുവാന്‍ അവിടുന്ന് എനിക്ക് ഇടയാക്കിയല്ലോ. അങ്ങയുടെ നിയമം കാത്തുപാലിക്കുന്ന ജനത്തില്‍നിന്നുള്ള ഈ തിരഞ്ഞെടുപ്പിന് ഞാന്‍ എങ്ങനെയാണ് അങ്ങേക്കു നന്ദിപറയേണ്ടത? ഇത്ര വലിയ പ്രീതി എന്നോടു കാണിക്കാന്‍മാത്രം ഞാന്‍ ഒന്നുമല്ലല്ലോ. അങ്ങയുടെ മഹത്തായ ഔദാര്യത്താല്‍ ഏറ്റം താഴ്ന്നവനായ ഈ ദാസന്റെമേല്‍ എത്ര നിരവധിയായ കൃപകളാണ് വര്‍ഷിച്ചിരിക്കുന്നത്! അതിനെല്ലാം ഞാന്‍ അങ്ങേക്ക് നന്ദി പറയുന്നു. അങ്ങു ചെയ്തിരിക്കുന്ന എല്ലാ നന്മകള്‍ക്കും ഈ ദാസന്‍ എപ്പോഴും കടപ്പെട്ടവനായിരിക്കുമെന്ന് ഏറ്റുപറയുകയും ചെയ്യുന്നു. ഞാന്‍ പൂര്‍ണ്ണമായും അങ്ങയുടെ സ്വന്തമായിരിക്കും. എനിക്കുള്ളതൊന്നും എന്റെ സ്വന്തമെന്നു ഞാന്‍ കണക്കാക്കുന്നില്ല. എന്റെ എല്ലാ നേട്ടങ്ങളും അങ്ങയുടേതായിരിക്കും. അങ്ങയുടെ കല്പനകളിലെ ഏറ്റം നിസ്സാരമായവപോലും പാലിക്കാന്‍ ഞാന്‍ ഒരുങ്ങിയിരിക്കുകയും ചെയ്യും.’
(തുടരും)
വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന
ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ. ആമ്മേന്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.