പരിശുദ്ധാരൂപിയുടെ വണക്കമാസം ഇരുപത്തേഴാം തിയതി
“സത്യത്തോടെതിർക്കുന്നതു റൂഹാദ്ക്കുദശായ്ക്കു വിരോധമായ പാപമാകുന്നു”
പ്രായോഗിക ചിന്തകൾ
1.വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിക്കാൻ അസാദ്ധ്യമത്രെ.
2.നിൻ്റെ മനസ്സാക്ഷി എതു പ്രമാണങ്ങൾ അനുസരിച്ചു രൂപികരിക്കപ്പെട്ടവയാണ്?
3.അധകൃതന്മാരെ അവഗണിക്കുന്നവൻ ദൈവത്തെ അവഗണിക്കുന്നു.
പക്ഷപ്രകരണങ്ങൾ
സത്യത്തിൻ്റെ അരൂപിയായ റൂഹാദ്ക്കുദശാ തമ്പുരാനെ! തെറ്റുവരാത്തവനും ആരെയും തെറ്റിലുൾപ്പെടുത്താത്തവനും നീ ആയിരിക്കയാൽ നിന്നിൽ ഞാൻ പുർണ്ണമായി വിശ്വസിക്കുന്നു. നീ തന്നെയും നിൻ്റെ സ്ഥാനപതിയായ തിരുസ്സഭ വഴിയായും നീ വെളിപ്പെടുത്തിയിട്ടുള്ള സത്യങ്ങളെയെല്ലാം ഇളക്കമില്ലാത്ത മനസ്സോടെ ഞാൻ വിശ്വസിക്കുകയും ഈ വിശ്വാസത്തെപ്രതി മരിപ്പാൻ ഉറച്ചിരിക്കയും ചെയ്യുന്നു. ഈ ദിവ്യദാനത്തെ എനിക്ക് തന്നതിനെക്കുറിച്ച് നിനക്ക് ഞാൻ സ്തോത്രം ചെയ്യുന്നു. എൻ്റെ വിശ്വാസത്തെ നീ വർദ്ധിപ്പിച്ചു ഫലമുള്ളതാക്കേണമെ.
അനുഗ്രഹത്തിൻ്റെ ദൈവമായ പരിശുദ്ധാരൂപിയേ നിന്നെ അറിയുകയും വിശ്വസിക്കുകയും ചെയ്യാത്തവരായ അജ്ഞാനികൾക്കും വിശ്വാസവെളിവിനെ നീ കൊടുക്കണമെ. സത്യത്തിൻ്റെ അറിയിപ്പുകാരെ അവരുടെ ഇടയിൽ നീ അയയ്ക്കുകയും അവരുടെ വേലകളെ നീ ആശീർവദിക്കുകയും ചെയ്യേണമെ. സത്യവിശ്വാസത്തിൽ സംശയിക്കുകയും അതോടെതിർക്കുകയും ചെയ്യുന്നവരായ പതിതരുടെയും അല്പവിശ്വാസികളുടെയും ബോധത്തെ നീ തെളിയിച്ച് അവരുടെ ഹൃദയകാഠിന്യത്തെ നീ തകർക്കേണമെ. മനഃസാക്ഷിയുടെ പ്രേരണകളെ വകവയ്ക്കാത്തവരെയും മഃനപൂർവ്വം അതോടെതിർക്കുന്നവരെയും നീ കരുണയോടെ കടാക്ഷിക്കേണമെ. നിൻ്റെ പ്രതിപുരുഷന്മാരായ അധികാരസ്ഥന്മാരെ ധിക്കരിച്ചും അവരുടെ കല്പനകളെ ലംഘിച്ചുകോണ്ടും തന്നിഷ്ടത്തിൻ്റെയും ദുർവാശിയുടെയും വഴിയെ നടക്കുന്നവരെ നീ നേർവഴിക്കു തിരിക്കേണമെ. നിൻ്റെ ശാപത്തെ അവരുടെമേൽ നീ വർഷിക്കരുതേ.
സത്യവിശ്വാസത്തിലും ഉത്തമമനസാക്ഷിയോടുകൂടിയും നിൻ്റെ തിരുകല്പനകളെ ഞങ്ങൾ താല്പര്യമായി കാത്തുജീവിച്ചുകോണ്ട് നല്ല ഇടയനായ നിൻ്റെ പക്കൽ വന്നുചേരുന്നതിനുള്ള അനുഗ്രഹം ഞങ്ങൾക്ക് നീ തന്നരുളേണമെന്ന് എളിമയോടെ ഞങ്ങൾ പ്രാർത്ഥിക്കുന്നു.
ആമ്മേൻ.
7 ത്രീത്വ.
പ്രതിജ്ഞ
മനഃസാക്ഷിക്കെതിരായി മേലാൽ യാതൊന്നും ഞാൻ പറയുകയോ പ്രവർത്തിക്കയോ ചെയ്കയില്ല.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.