വി. യൗസേപ്പിതാവിന്റെ യാചനകള്‍ എപ്പോഴും ദൈവം ശ്രവിച്ചിരുന്നത് എന്തുകൊണ്ടായിരുന്നു എന്നറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-153/200

ദൈവം എപ്പോഴും ജോസഫിന്റെ യാചനകള്‍ക്കു ചെവികൊടുത്തിരുന്നു. അവന്റെ പ്രാര്‍ത്ഥനയാല്‍ അനേകര്‍ കല്പനകള്‍ അനുസരിക്കുന്നവരായിത്തീര്‍ന്നു. അതെങ്ങനെ സംഭവിച്ചുവെന്ന് അവര്‍ അറിഞ്ഞിരുന്നില്ലതാനും. ജോസഫ് തന്റെ മാദ്ധ്യസ്ഥ്യം വഴി എല്ലാകൃപകളും അവര്‍ക്കു വാങ്ങിക്കൊടുക്കുകയായിരുന്നു. നിയമപാലനത്തെക്കുറിച്ചു മറിയത്തോടു സംസാരിക്കുമ്പോള്‍ ജോസഫ് വളരെ ആവേശഭരിതനായിരുന്നു. ‘ഞാന്‍ ചെയ്യുന്ന ഓരോ കാര്യവും നീ ശ്രദ്ധിക്കുക. എവിടെയെങ്കിലും ഞാന്‍ വീഴ്ചവരുത്തിയിട്ടുള്ളതായി നിനക്കു കാണാന്‍ കഴിയുമോ, എന്റെ പ്രിയപ്പെട്ടവളേ!’ ജോസഫ് മറിയത്തോടു ചോദിച്ചു: ‘അങ്ങിനെ എവിടെയെങ്കിലും വീഴ്ച പറ്റിയതായി കണ്ടാല്‍ എന്നോടു പറയുക. അങ്ങനെ എനിക്കതു തിരുത്താന്‍ കഴിയുമല്ലോ. സ്‌നേഹത്തിന്റെ ഭാഷയിലാണ് ഇതു ഞാന്‍ നിന്നോടു പറയുന്നത്, കാരണം നീ ദൈവത്തെ അത്രയധികമായി സ്‌നേഹിക്കുന്ന എന്ന് എനിക്കറിയാം. ദൈവത്തിന്റെ പദ്ധതികളോടു പൂര്‍ണ്ണമായും ഒത്തുപോകണമെന്നാണ് എന്റെ തീവ്രമായ ആഗ്രഹം.’ ഇതിനു പുറമേ പാപികളുടെമേല്‍ കൃപയുണ്ടാകാന്‍ പിതാവിനോട് പ്രാര്‍ത്ഥിക്കണമെന്ന് ഈശോയോടും യാചിച്ചു. ‘ എന്റെ ഈശോ, നീ തിരുമനസ്സായാല്‍ പാപികളുടെ മനസ്സ് വെളിച്ചം കാണും. അവര്‍ മനസ്സുതിരിയുകയും ചെയ്യും.’

‘നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കണം’ എന്ന കല്പനയെക്കുറിച്ച് മിക്കപ്പോഴും ജോസഫ് ധ്യാനിക്കാറുണ്ട്. അപ്പോഴൊക്കെ ദൈവം എത്രമാത്രം തന്നെ അനുഗ്രഹിച്ചെന്നും എന്തെല്ലാം കൃപകളും പ്രീതിയും കാരുണ്യവും തന്റെമേല്‍ വര്‍ഷിച്ചുവെന്നും മനനം ചെയ്യാറുണ്ട്. ചിലപ്പോള്‍ തന്നോടുതന്നെ ഇങ്ങനെ പറയും: ‘അതെ ജോസഫ്, നീ ഇതില്‍ ആനന്ദിക്കുക. എന്തെന്നാല്‍, ദൈവം നിന്നോടു വലിയ സ്‌നേഹവും ആര്‍ദ്രതയും ഔദാര്യവും കാണിച്ചിരിക്കുന്നു. എന്നാല്‍ നിന്നെപ്പോലെ മറ്റെല്ലാവരും മിശിഹായുടെ ഈ അനുഗ്രഹങ്ങള്‍ക്കു യോഗ്യരായിത്തീരണമെന്നു നീ ആഗ്രഹക്കുന്നു.’

വിശുദ്ധന്‍ സത്യമായും വളരെ ഉല്‍ക്കടമായി അത് ആഗ്രഹിച്ചിരുന്നു. സമസ്ത സൃഷ്ടികളും മിശിഹായെ അറിയുകയും വിശുദ്ധ ലിഖിതങ്ങളാല്‍ വാഗ്ദാനം ചെയ്യപ്പെട്ട രക്ഷകന്‍ അവന്‍തന്നെയാണെന്നു തിരിച്ചറിഞ്ഞ്, താന്‍ അനുഭവിക്കുന്ന ആനന്ദവും അനുഗ്രഹവും അവകാശമാക്കുകയും ചെയ്യണമെന്ന് അതിയായി അഭിലഷിച്ചിരുന്നു. അവന്‍ പറഞ്ഞു: ‘അവര്‍ ശരിയായി തിരിച്ചറിഞ്ഞിരുന്നെങ്കില്‍ അവന്‍ എല്ലാവരാലും സ്‌നേഹിക്കപ്പെടുകയും എല്ലാവരിലേക്കും അവന്റെ അഗ്രാഹ്യമായ കരുണയും അളവില്ലാത്ത കൃപയും അനന്തമായ ഔദാര്യവും എത്രയധികമായി ഒഴുകുകയും ചെയ്യുമായിരുന്നു! അത്യുന്നതദൈവത്തിന്റെ പുത്രനില്‍നിന്ന് എത്രമാത്രം ആശ്വാസവും വിശുദ്ധിയും ആത്മാക്കള്‍ക്ക്ു നേടാന്‍ കഴിയുമായിരുന്നു.’

എപ്പോഴെങ്കിലും ഒരാത്മാവ് ദുരിതത്തിലോ പ്രലോഭനത്തിലോ അകപ്പെട്ടിരിക്കുന്നുവെന്നു ജോസഫ് കണ്ടെത്തിക്കഴിഞ്ഞാല്‍ അവന്റെ മനസ്സിലേക്ക് ആദ്യം വരുന്ന ചിന്ത ഇതാണ്: ‘ഇത് എന്റെ തന്നെ ഉല്‍ക്കണ്ഠകള്‍ക്കു ഞാന്‍ തന്നെ നല്‍കുന്ന ആശ്വാസമാണ്; ദുരിതത്തില്‍ അകപ്പെട്ടിരിക്കുന്ന എന്റെ സഹോദരന് സമാശ്വാസം എത്തിച്ചുകൊടുക്കേണ്ടത് എന്റെ കടമയാണ്.’ അവിടെ സാന്ത്വനത്തിന് ആവശ്യമായതെല്ലാം അവന്‍ ചെയ്തുകൊടുക്കുകയും ചെയ്യുമായിരുന്നു.

വാസ്തവത്തില്‍ ജോസഫ് ഒരു പടികൂടി മുന്നോട്ടു പോയിരുന്നു. വിശുദ്ധ ലിഖിതങ്ങളില്‍ മിശിഹായെ സംബന്ധിച്ചു പ്രതിപാദിച്ചിട്ടുള്ള പ്രബോധനങ്ങളെക്കുറിച്ച് വലിയ പാണ്ഡിത്യമില്ലായിരുന്നെങ്കിലും അവയെല്ലാം വായിക്കുന്നതിലും പാലിക്കുന്നതിലും അവന്‍ നിഷ്ഠയുള്ളവനായിരുന്നു. പ്രത്യേകിച്ചു മിശിഹായുടെ ജനനശേഷം രക്ഷകനെ അനുഗമിക്കുന്നവര്‍ക്കെല്ലാം ക്രിസ്തു അവരുടെ ജീവിതത്തിന്റെ മാതൃകയും നിയന്താവും ആയിരിക്കണമെന്നു ദൈവം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ ഈശോയുടെ സ്വഭാവങ്ങള്‍ ശ്രദ്ധിക്കുന്നതിലും അവ അനുകരിക്കുന്നതിലും ജോസഫ് പ്രത്യേകം താല്പര്യം കാണിച്ചിരുന്നു.

ഈശോയുടെ ഉപദേശം കേള്‍ക്കുന്നതിലും അവിടുത്തെ നിരന്തരമായ അലച്ചിലുകളിലും സഹനങ്ങളിലും താപശ്ചര്യമായ ജീവിതത്തിലും സാക്ഷിയാകാന്‍ ജോസഫ് വളരെയധികം ഉത്സാഹം കാട്ടിയിരുന്നു. എല്ലാ കഴിവുകളും ഉപയോഗിച്ച് അവിടുത്തെ അനുകരിച്ചു. എന്തെല്ലാമാണ് ഈശോയെപ്രതി ജോസഫിന് സഹിക്കേണ്ടിവന്നത് – കഠിന ദാരിദ്ര്യം, ദുസ്സഹമായ വേദനകള്‍, നിന്ദ്യമായ അപവാദങ്ങള്‍, ക്രൂരമായ വിചാരണകള്‍, കൊടിയ യാതനകള്‍… ഇവയെല്ലാം തികഞ്ഞ ആത്മസംയമനത്തോടും ദീര്‍ഘക്ഷമയോടും അസാമാന്യ ധൈര്യത്തോടുംകൂടിയാണ് ജോസഫ് അതിജീവിച്ചത്. അവന്‍ പൂര്‍ണ്ണമായും ഈശോയുടെ ആത്മാവില്‍ നിറഞ്ഞതുപോലെയാണ് ജീവിച്ചത്. അവിടുത്തെ നൈസര്‍ഗ്ഗികമായ നന്മകളും ദൈവികമായ എല്ലാ സ്വഭാവരീതികളും കൃത്യമായി അനുകരിക്കുകയും വിട്ടുവീഴ്ചയില്ലാതെ അനുവര്‍ത്തിക്കുകയും ചെയ്തുപോന്നു.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ. ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles