പരിശുദ്ധാരൂപിയുടെ വണക്കമാസം ഇരുപത്തഞ്ചാം തിയതി
“റൂഹാദ്ക്കുദശായ്ക്ക് വിരോധമായുള്ള പാപങ്ങളിൽ ഒന്നാമത്തേത് ശരണക്കേടാകുന്നു”
പ്രായോഗിക ചിന്തകൾ
1.കൊച്ചുകുഞ്ഞുങ്ങളെപ്പോലെ ആകുന്നില്ലെങ്കിൽ സ്വർഗ്ഗരാജ്യത്തിൽ നിങ്ങൾ പ്രവേശിക്കുകയില്ല.
2.നമ്മുടെ തികവെല്ലാം ദൈവത്തിൽ നിന്നുമത്രെ.
3.ഈ ലോക പീഡകൾ പരലോകഭാഗ്യത്തോട് ഒരുവിധത്തിലും തുല്യമാകുകയില്ല.
പക്ഷപ്രകരണങ്ങൾ
അനുഗ്രഹിക്കുന്നതിനും ക്ഷമിക്കുന്നതും തനിക്കു സഹജമായിരിക്കുന്ന നല്ല ദൈവമായിരിക്കു ന്ന റൂഹാദ്ക്കുദശാ തമ്പുരാനെ! കൊച്ചു കുഞ്ഞുങ്ങളെപ്പോലെ നിൻ്റെ പക്കൽ അഭയം പ്രാപിച്ചു നിന്നിൽ ശരണമെല്ലാം വയ്ക്കുന്ന ഞങ്ങളെ നീ തൃക്കൺപാർക്കേണമെ. അനാദിമുതൽ ഞങ്ങളോടുള്ള കരുണയെ ഒരിക്കലും ഞങ്ങളിൽ നിന്നു നീ നീക്കിക്കളയരുതേ. ഞങ്ങളുടെ ആരംഭവും, നിലനിൽപും,ശക്തിയും,സമസ്തവും നീ വഴിയായിട്ടാകുന്നു.
ഞങ്ങളുടെ അവസാനവും നീ വഴിയായ് പൂർത്തിയാകട്ടെ. നീ ഞങ്ങൾക്കാദരവായിരിക്കുമ്പോൾ ഞങ്ങൾ എത്ര ശക്തന്മാരായിരി ക്കുന്നു. നിന്നിൽ ആശ്രയിക്കാത്തതത്രെ ഞങ്ങളുടെ വീഴ്ചകൾക്കെല്ലാം കാരണം. അനുഗ്രഹത്തിൻ്റെ പിതാവേ! പാപത്തിലും പിശാചിൻ്റെ വലയിലുമായിരിക്കുന്നവർക്കെല്ലാം നിൻ്റെ കൃപയെ നീ നല്കേണമെ. പത്രോസിനെ രക്ഷിച്ച അനുഗ്രഹം അവരെയും കടാക്ഷിക്കട്ടെ. മനോശരണമെന്ന ദാനം അവരിൽ ചിന്തിയരുളുക. സങ്കടത്തിലിരിക്കുന്നവർക്ക് ദീർഘശാന്തതയും മരണവേദനയിലുൾപ്പെട്ടിരിക്കുന്നവർക്ക് അന്ത്യ നിലനില്പും നീ കൊടുക്കുക. ”നിന്നിൽ ശരണപ്പെടുന്നവരിൽ ആരും ലജ്ജിക്കുകയില്ല” എന്നു ദീർഘദർശി വഴിയായ് ഞങ്ങൾക്കുറപ്പുതരികയും ചെയ്തും. ആകയാൽ അനുഗ്രഹത്തിൻ്റെ ദൈവമായ പരിശുദ്ധാരൂപിയെ! ഇന്നു എന്നേക്കുമായി നിന്നിൽ ഞങ്ങൾ ശരണപ്പെടുന്നു. ഞങ്ങളുടെ പുണ്യത്തിൽ ശരണപ്പെടാതെ, കർത്താവിൻ്റെ യോഗ്യതകളിലുള്ള പൂർണ്ണ ശരണം മരണനേരത്തും ഞങ്ങൾക്ക് തന്നരുളേണമെ. അവസാനമായി നിൻ്റെ പരിശുദ്ധസ്നേഹം അതിൽ അവസാനത്തോളമുള്ള നിലനില്പും ഞങ്ങൾക്കു തന്നരുളേണമെന്ന് ആകാശത്തിൻ്റെയും, ഭൂമിയുടെയും മുമ്പാകെ നിന്നോടു ഞങ്ങൾ ഇരന്നപേക്ഷിക്കുന്നു.
ആമ്മേൻ.
7 ത്രീത്വ.
പ്രതിജ്ഞ
കർത്താവിൻ്റെ പീഡാനുഭവത്തിന്മേൽ കൂടെക്കൂടെ ഞാൻ ധ്യാനിച്ചുകൊള്ളാം.
മരിയന് ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.