ജോസഫ് ഉത്ഥാനത്തിൻ്റെ മനുഷ്യൻ
മരണത്തെ പരാജയപ്പെടുത്തി ദൈവപുത്രൻ ഉയിർത്തെഴുന്നേറ്റപ്പോൾ ഒരു പുതു ചരിത്രം ഉദിക്കുകയായിരുന്നു. വളർത്തു മകൻ, മരണത്തെയും പാപത്തെയും പരാജയപ്പെടുത്തി ലോകത്തിനു സന്തോഷവും സമാധാനവും ശാന്തിയും ജീവനും നൽകിയപ്പോൾ സ്വർഗ്ഗീയ പിതാവിനൊപ്പം ഉത്ഥാനത്തിൻ്റെ സന്തോഷം ആസ്വദിക്കാൻ ഭാഗ്യം ലഭിച്ച വ്യക്തിയാണ് വിശുദ്ധ യൗസേപ്പിതാവ്.
ഈശോയുടെ ഉത്ഥാനം ലോകത്തിനു പ്രതീക്ഷയും ജീവനും നൽകുന്ന ഉത്സവമാണ്. തിരുനാളുകളുടെ തിരുനാൾ അണ്. ഒന്നും ജീവിതത്തിൽ അവസാനത്തേതല്ല എന്ന ചിന്ത അതു നമുക്കു നൽകുന്നു. ഉയിർപ്പ് ഏതൊരു മനുഷ്യൻ്റെയും അടങ്ങാത്ത ആഗ്രഹവും സ്വപ്നവുമാണ്. പരാജയങ്ങളും വേദനകളും തെറ്റിധാരണകളും മനസ്സിൽ കൂരിട്ടു തീർക്കുമ്പോൾ ഒരു ഉയിർപ്പ് ആരാണ് ആഗ്രഹിക്കാത്തത്. ഉയിർപ്പിലുള്ള പ്രത്യാശയാണ് ജീവിതത്തെ മുന്നോട്ടു നയിക്കുന്നത്.
യൗസേപ്പിൻ്റെ ജീവിതത്തിൽ ചില സന്ദർഭങ്ങളിൽ മാനുഷികമായി ചിന്തിച്ചാൽ വേദനകളും തെറ്റിധാരണകളും അപമാനങ്ങളും ആ ജീവിതത്തിൽ വന്നതാണ് പക്ഷേ അവയെല്ലാം യൗസേപ്പിതാവു മറികടന്നു, കാരണം ഈശോയെ ജീവിതത്തിന്‍റെ കേന്ദ്രബിന്ദു ആക്കിയതു വഴി യഥാർത്ഥ സന്തോഷവും സമാധാനവും അവൻ കരഗതമാക്കി. ഈശോ കൂടെയുണ്ടെന്ന അറിവും അനുഭവുമായിരുന്നു യൗസേപ്പിതാവിനെ യഥാർത്ഥത്തിൽ ഉയിർപ്പിൻ്റെ മനുഷ്യനാക്കിയത്. ഉയിർപ്പു തിരുനാൾ നിരാശയിൽ നിന്നു പ്രത്യാശയിലേക്കും അസ്വസ്ഥതകളിൽ നിന്നു സ്വസ്ഥതയിലേക്കും മിഴിനീരിൽ നിന്നു സന്തോഷത്തിലേക്കുമുള്ള പ്രയാണമാണ് എന്ന് യൗസേപ്പിതാവു പഠിപ്പിക്കുന്നു.
~ ഫാ. ജയ്സൺ കുന്നേൽ mcbs ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.