വി. യൗസേപ്പിതാവ് എപ്പോഴും ഈശോയെ പ്രസാദിപ്പിക്കുവാന്‍ തല്പരനായിരുന്നതിന്റെ രഹസ്യം അറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-151/200
പല സന്ദര്‍ഭങ്ങളിലും ജോസഫ് മുറിക്കുള്ളില്‍ കയറുമ്പോള്‍ ഈശോ കുരിശിന്റെ മുമ്പില്‍ പ്രണമിച്ചുകിടക്കുന്നതാണ് കണ്ടിരുന്നത്. ഉടനെ ജോസഫും കുരിശിന്റെ മുമ്പില്‍ താണുവീണു കരഞ്ഞു പ്രാര്‍ത്ഥിക്കും. ഈശോ പ്രാര്‍ത്ഥനയില്‍നിന്ന് എഴുന്നേറ്റുവന്നു ശക്തിപ്പെടുത്തി ആശ്വസിപ്പിക്കുന്നതുവരെ അങ്ങനെ കിടന്നിരുന്നു.
അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ദൈവമാതാവനുഭവിച്ച ദുഃഖം ആര്‍ക്കു വിവരിക്കാന്‍ കഴിയും? ജോസഫിനേക്കാളധികമായി അവള് ഈശോയെ സ്നേഹിച്ചിരുന്നു. അവനുവേണ്ടി കരുതിവച്ചിരുന്ന പീഡാസഹനത്തെക്കുറിച്ച് നന്നായി മനസ്സിലാക്കുകയും ചെയ്തിരുന്നു. മറിയത്തിന് ഇക്കാര്യത്തില്‍ ജോസഫിനേക്കാള്‍ ദൃഢതയുള്ള ധൈര്യമുണ്ടായിരുന്നു. പീഡാസഹനത്തിലും കുരിശുമരണത്തിലും ദൃക്സാക്ഷിയാകണമെന്നുള്ളതിനാല് പിതാവായ ദൈവം പരിശുദ്ധ മറിയത്തിന് സവിശേഷമായൊരു ധൈര്യത്തിന്റെ പ്രത്യേക കൃപാവരവും മുന്‍കൂട്ടി നല്‍കിയിരുന്നു. അതുകൊണ്ടു തന്നെ ഈ തീവ്രദുഃഖത്തിന്റെ നടുവിലും ജോസഫിനെ ആശ്വസിപ്പിക്കാന്‍ അവള്‍ക്കു കഴിഞ്ഞിരുന്നു. ഭാവിയില്‍ രക്ഷകന് അനുഭവക്കാനിരിക്കുന്ന സഹനത്തിന്റെ പ്രതിഫലനം ദൈവം അനുവദിച്ചു തരുന്നതുകൊണ്ടാണ് – ഹൃദയംകൊണ്ടും മനസ്സുകൊണ്ടും അത് അനുഭവിക്കണമെന്നത് ദൈവനിശ്ചയമാണെന്ന് – മറിയം ജോസഫിനെ എപ്പോഴും ഉപദേശിക്കുമായിരുന്നു.
ജോസഫിനു കുറച്ചൊന്ന് ആശ്വാസം ലഭിക്കേണ്ടതിനും പരീക്ഷണങ്ങള്‍ ശ്രേയസ്കരമാക്കുന്നതിനുംവേണ്ടി ഈശോ സ്വര്‍ഗ്ഗീയ പിതാവിന്റെ മഹിമയുടെ പൂര്‍ണ്ണതയെക്കുറിച്ചും പറുദീസയുടെ അസ്തമിക്കാത്ത പ്രതാപത്തെക്കുറിച്ചും സംസാരിക്കാന്‍ തുടങ്ങി. അത് ജോസഫില്‍ വലിയ ആനന്ദം ഉളവാക്കുകയും മഹത്തായ ആ അനുഗ്രഹം പ്രാപിക്കുന്നതിന് അഭിവാഞ്ഛ പ്രകടിപ്പിക്കുകയും ചെയ്തു. പെട്ടെന്ന് ദുഃഖങ്ങളും സങ്കടങ്ങളും നിസ്സാരങ്ങളായിത്തോന്നി. ജോസഫ് ഈശോയോടു പറഞ്ഞു. ‘എന്റെ സ്നേഹം നിറഞ്ഞ ഈശോയെ, എനിക്കു സ്വര്‍ഗ്ഗീയപിതാവിനെ അവിടുന്ന് ആയിരിക്കുന്ന മഹിമയോടെ ഇപ്പോള്‍ത്തന്നെ കാണണമെന്നുണ്ട്. അതേസമയം നിന്റെ പീഡാസഹനത്തെക്കുറിച്ചുള്ള ദുഃഖം മറക്കാനും കഴിയുന്നില്ല. മാനവരാശിയുടെ വീണ്ടെടുപ്പ് പൂര്‍ത്തിയാക്കി സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്ന ആ സമയത്തിനുവേണ്ടി ഇനിയും എത്രനാള്‍ കാത്തിരിക്കണം?’
‘എന്റെ പ്രിയപ്പെട്ട അപ്പാ, വലിയ സഹനത്തിലൂടെയും കഠിന ദുഃഖത്തിലൂടെയും ഞാന്‍ വിലകൊടുത്താണ് ആത്മാക്കളെ സ്വര്‍ഗ്ഗത്തിലേക്ക് നേടുന്നത്. അതിനാല്‍ ഒന്നുകൊണ്ടും അസ്വസ്ഥനാകേണ്ട കാര്യമില്ല. എല്ലാ ആത്മാക്കളെയും നിത്യാനന്ദത്തിലേക്കു പ്രവേശിപ്പിക്കാനുള്ള പീഡാസഹനത്തിന്റെ ആ നിമിഷത്തിനായി ഞാന്‍ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുകയാണ്. മനുഷ്യവിമോചനം എത്രയും നേരത്തെ കൈവരിക്കാന്‍ ഞാന്‍ എത്ര തീവ്രമായി അഭിലഷിക്കുന്നുവെന്നറിയാമോ?’
ഈ വാക്കുകള്‍ കേട്ടയുടനെ ജോസഫ് താഴെ വീണ് വന്ദിച്ചുകൊണ്ടു മനുഷ്യവംശത്തിനുവേണ്ടി ഈശോയ്ക്ക് നന്ദി പറഞ്ഞു. മനുഷ്യരോടുള്ള അവിടുത്തെ അനന്തമായ സ്നേഹത്തിനും പീഡാസഹനത്തിലൂടെ നേടിക്കൊടുക്കുന്ന മഹത്തായ അനുഗ്രഹങ്ങള്‍ക്കും എല്ലാവര്‍ക്കുംവേണ്ടി നന്ദി പ്രകാശിപ്പിച്ചു. ദുര്‍ബലരായ മനുഷ്യകുലത്തിനുവേണ്ടി ഇപ്രകാരം പലതവണ സാഷ്ടാംഗപ്രണാമം നടത്തുകതന്നെ ചെയ്തു. എല്ലാ സൃഷ്ടികളുടെയും ഹൃദയം തന്റെ സ്വന്തമായിരുന്നെങ്കില്‍ തീര്‍ച്ചയായും അവരുടെ വിമോചനകനോടുള്ള സ്നേഹവും കൃതജ്ഞതയുംകൊണ്ട് അവയെ ഞാന്‍ നിറയ്ക്കുമായിരുന്നു എന്ന് ഈശോയോടു പറഞ്ഞു: ‘പക്ഷേ എനിക്കിത് അസാധ്യമായ കാര്യമാണെന്ന് അറിയാം. അതിനാല്‍ എന്റെ ഈ വിനീതമായ ആഗ്രഹം സ്വീകരിക്കുക. നീ നിന്റെ ദിവ്യശക്തിയാല്‍ അത് നടത്തിത്തരിക. നീ അവരുടെ നന്മയ്ക്കായി നേടിക്കൊടുക്കുന്ന മഹത്തായ അനുഗ്രഹമെന്താണെന്ന് മനുഷ്യകുലം തിരിച്ചറിയട്ടെ. അതുവഴി അവര്‍ക്കു നിന്നോടു സ്നേഹവും കടപ്പാടും എത്രയോ അധികമായി ഉണ്ടായിരിക്കണമെന്നും അവര്‍ ഗ്രഹിക്കട്ടെ.’
ജോസഫിന്റെ ഈ അഭിലാഷം ഈശോയ്ക്കു വളരെയധികം ഇഷ്ടപ്പെട്ടു എന്നു പറഞ്ഞു. അങ്ങനെ ചെയ്യുവാന്‍ കൂടുതല്‍ പ്രചോദനം കൊടുക്കുകയും ചെയ്തു. ഈശോയ്ക്കു കൃതജ്ഞത പ്രകടിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ച് ജോസഫ് തീവ്രമായി ആലോചിക്കുകയും ആഗ്രഹിക്കുകയും ചെയ്തു. ലഭ്യമായ എല്ലാ അവസരങ്ങളിലും അവനെ പ്രസാദിപ്പിക്കുകയും ചെയ്തിരുന്നു. അവസാനം ജോസഫ് മറിയത്തോടു ചോദിച്ചു. ഈശോയെ പ്രസാദിപ്പിക്കാന്‍ എന്താണ് ചെയ്യേണ്ടതെന്ന്. ഈശോയ്ക്കു സന്തോഷം വര്‍ദ്ധിപ്പിക്കുന്ന പല കാര്യങ്ങളെക്കുറിച്ചും മറിയം സൂചന നല്കി. അതു ജോസഫിന് വളരെയധികം തൃപ്തികരമായി തോന്നുകയും അതനുസരിച്ച് ആര്‍ജ്ജവത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്തു. ഏതു വിധേനയും ഈശോയ്ക്ക് സന്തോഷം പകരുക എന്നതായിരുന്നു ജോസഫിന്റെ ഏക താല്പര്യം.
(തുടരും)
വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന
ഏറ്റം സ്നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ. ആമ്മേന്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.