ദൈവം വി. യൗസേപ്പിതാവിന് വെളിപ്പെടുത്തിയ ഈശോയുടെ ഉഗ്രമായ പീഡകളെക്കുറിച്ച് അറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-150/200
ഈശോ കടന്നുപോകാനാഗ്രഹിക്കുന്ന ഉഗ്രമായ പീഡകളുടെ വ്യക്തമായ ചിത്രം ദൈവം ജോസഫിന് വെളിപ്പെടുത്തിക്കൊടുത്ത ചില സന്ദര്‍ഭങ്ങളുണ്ടായി. ആ ദിവസങ്ങളില്‍ അവന് ഉണ്ണാനോ ഉറങ്ങാനോ കഴിഞ്ഞിരുന്നില്ല. തീവ്രദുഃഖത്തിന്റെയും തോരാത്ത കണ്ണീരിന്റെയും ആ ദിവസങ്ങളില്‍ ജോസഫ് തീര്‍ത്തും തകര്‍ന്നുപോയിരുന്നു. ആ ദിവസങ്ങളില്‍ ഈശോ പലവിധത്തിലും ജോസഫിനെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. കെട്ടിപ്പിടിച്ചുകൊണ്ട് പല ആശ്വാസവചനങ്ങളും പറഞ്ഞു ധൈര്യപ്പെടുത്തുകയും സമാധാനിപ്പിക്കുകയും ചെയ്തു എന്നിരുന്നാലും തീവ്രവേദന പൂര്‍ണ്ണമായും ഹൃദയത്തില്‍നിന്ന് വിട്ടുപോയില്ല. മറ്റു പലവിധത്തിലും സന്തോഷിക്കാനുള്ള വകയുണ്ടായെങ്കിലും ആ വേദനയുടെ അനുഭവം വിട്ടുമാറിയില്ല.
ഏതാണ്ട് ഇതേ അവസ്ഥ ഒരേസമയം മറിയത്തിന്റെ മേലും വന്നു ഭവിച്ചു. ആ വിമലഹൃദയത്തെ പ്രലാപത്തിന്റെ വാള്‍ നിരന്തരം കുത്തിത്തുളച്ചുകൊണ്ടിരിക്കുന്നതിനു പുറമെയാണ് ഈ പുതിയൊരു ദുഃഖത്തിന്റെ വാള്‍ പതിച്ചിരിക്കുന്നത്. സ്വര്‍ഗ്ഗീയമായ ആനന്ദത്തിന്റെയും തിരുക്കുമാരനര്‍റെ സാന്നിദ്ധ്യത്തിന്റെയും നടുവിലാണ്, എല്ലാ ആശ്വാസവും തകര്‍ത്തുകൊണ്ട് രക്ഷകന്റെ പീഡാസഹനത്തെക്കുറിച്ചുള്ള ചിന്തകള്‍ വലിയൊരു വാളായി നിപതിച്ചിരിക്കുന്നത്. മറിയത്തിനും ജോസഫിനുമല്ലാതെ മറ്റാര്‍ക്കും ഇങ്ങനെ ഒരനുഭവം ഉണ്ടാവുകയില്ല. ഒരു വശത്ത് സ്വര്‍ഗ്ഗീയപ്രീതിയും പ്രതാവും മഹത്വവും ആസ്വദിക്കുന്നു. മറുവശത്ത് തിരുക്കുമാരന്റെ രക്തസാക്ഷിത്വത്തിന്റെ പീഡാസഹനത്തെക്കുറിച്ചുള്ള ദുഃഖത്തിന്റെ വ്യഥയും അനുഭവിക്കുന്നു. എന്തെന്നാല്‍ ഈശോതന്നെ അതു ജോസഫിനു വളരെ വ്യക്തമാക്കിക്കൊടുത്തിരിക്കുന്നു.
വിശുദ്ധ ലിഖിതങ്ങളില്‍ പീഡാസഹനങ്ങളെക്കുറിച്ച് എഴുതിയിരിക്കുന്ന ഭാഗം വായിക്കുകയും ആഴമായ ബോദ്ധ്യം ലഭിക്കുകയും ചെയ്തതുമുതല്‍ ജോസഫിനു കാര്യമായ ദുഃഖം അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. എന്നാല്‍ ഈശോയില്‍നിന്ന് നേരിട്ട് അതറിഞ്ഞപ്പോള്‍ അതുവരെയുള്ള ദുഃഖം ഒന്നുമല്ലാതായിത്തീര്‍ന്നു. പീഡാസഹനത്തെക്കുറിച്ചുള്ള വേദഭാഗങ്ങളുടെ സാരാംശങ്ങള്‍ ജോസഫിന്റെ മുമ്പില്‍ ദൈവം മറച്ചുവച്ചിരുന്നു. എന്തെന്നാല്‍, പല പരീക്ഷണങ്ങള്‍ക്കും നിരന്തരം വിധേയനാകണമെന്ന് ദൈവം ആഗ്രഹിച്ചിരുന്നു. ഒരവസരത്തില്‍ ആന്തരികമായ സംഘട്ടനങ്ങള്‍ നീങ്ങുകയും നല്ലൊരളവില്‍ സമാധാനം കൈവരിക്കുകയും ചെയ്തപ്പോള്‍ വിശുദ്ധ ലിഖിതങ്ങളില്‍ മറഞ്ഞിരിക്കുന്നത് ദൈവം ജോസഫിനു വെളിപ്പെടുത്തിക്കൊടുത്തു.
സത്യമായും ജോസഫിന്റെ ജീവിതം നിരന്തര രക്തസാക്ഷിത്വം തന്നെയായിരുന്നു. എന്നു കാണാന്‍ കഴിയും. രക്ഷകനുവേണ്ടി കരുതിവച്ചിരിക്കുന്ന സഹനങ്ങളെക്കുറിച്ച് വ്യക്തമായ ഉള്‍ക്കാഴ്ച കിട്ടിയപ്പോള്‍ അത് അതിെേന്റ പരമകാഷ്ഠയിലെത്തുകയും ചെയ്തു. ഇപ്രകാരമാണ് അദ്ദേഹം തന്റെ വരാനിരിക്കുന്ന ജീവിതത്തിലേക്ക് ആത്മീയകൃപകളാല്‍ സമ്പന്നനായിത്തീര്‍ന്നത്.
ഈശോ തന്റെ കിടപ്പുമുറിയില്‍ ആ കുരിശ് സ്ഥാപിച്ചു. അവിടെയാണ് അവിടുന്ന് രാത്രിയില്‍ ഉറങ്ങുകയും വ്യക്തിഗതപ്രാര്‍ത്ഥനകള്‍ നടത്തുകയും ചെയ്തിരുന്നത്. ജോസഫ് ഇടയ്‌ക്കൊക്കെ അവിടെ ചെന്ന് ആ കുരിശു കരങ്ങളിലെടുത്ത് വളരെ വണക്കത്തോടെ ചുംബിക്കുമായിരുന്നു. ഇത് അവന്റെ വേദന വര്‍ദ്ധിപ്പിക്കാനേ ഉപകരിച്ചുള്ളു. ഈശോതന്നെ കുരിശിനെ അലങ്കരിക്കുകയും മോടിപിടിപ്പിക്കുകയും ചെയ്തത്, നേരത്തെതന്നെ നിറഞ്ഞുകവിഞ്ഞ കണ്ണീര്‍പ്രവാഹം ഒന്നുകൂടി വര്‍ദ്ധിക്കാനും ധ്യാനിക്കാനും കാരണമായിത്തീര്‍ന്നു. ആ കുരിശിലേക്ക് ഒന്നു നോക്കുമ്പോള്‍ത്തന്നെ, ഈശോയുടെ യഥാര്‍ത്ഥ കുരിശ്, മനുഷ്യവംശത്തെ രക്ഷിക്കാന്‍ വേണ്ടി വഹിക്കാനിരിക്കുന്ന യഥാര്‍ത്ഥ കുരിശിന്റെ ചിത്രമാണ് ആ മനസ്സില്‍ തെളിഞ്ഞു വരിക. ദൈവപിതാവ് അനുവദിക്കുമെങ്കില്‍ ഈശോയെപ്പോലെ കുരിശില്‍ മരിക്കാന്‍ ജോസഫും ഒരുക്കമായിരുന്നു.
(തുടരും)
വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന
ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ. ആമ്മേന്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.