ഈ കോവിഡ് തരംഗത്തിലെ ആശ്വാസ കവചം
ജീവിതത്തിൽ അപ്രതീക്ഷിതമായ പ്രതിസന്ധികൾ നേരിടാത്തവർ ആരെങ്കിലുമുണ്ടോ?
അങ്ങനെയുള്ള അവസരങ്ങളിൽ ചിലപ്പോഴെങ്കിലും നമ്മൾ തകർന്നു പോയിട്ടില്ലേ?
അപ്പോൾ സാധാരണ ഗതിയിൽ ആശ്വാസം ലഭിക്കാൻ നമ്മൾ എന്താണ് ചെയ്യാറുള്ളത്?
ചിലർ സുഹൃത്തുക്കളെ വിളിച്ച് പ്രാർത്ഥിക്കണമെന്നു പറയും.
മറ്റു ചിലർ വീടിനകത്ത് നിശബ്ദതയിൽ സമയം ചിലവഴിക്കും.
വേറെ ചിലർ ചില തഴക്കദോഷങ്ങളിലേക്കും ദുശീലങ്ങളിലേക്കും തിരിയും.
മറ്റു ചിലർ ദൈവത്തോട് മുട്ടിപ്പായി പ്രാർത്ഥിക്കും.
വ്യക്തിപരമായി എൻ്റെ വിഷമഘട്ടങ്ങളിൽ ഞാൻ ചെയ്യാറുള്ള ഒരു കാര്യം കുറിക്കട്ടെ:
ചില സുഹൃത്തുക്കളോട് പ്രാർത്ഥിക്കാൻ പറയുന്നതോടെപ്പം ദിവ്യകാരുണ്യ നാഥനു മുമ്പിൽ ചെന്നിരുന്ന് സങ്കീർത്തനങ്ങൾ
ചൊല്ലി പ്രാർത്ഥിക്കും. പ്രത്യേകിച്ച് ഇരുപത്തിമൂന്നാം സങ്കീർത്തനം.
അപ്പോൾ ലഭിക്കുന്ന ആശ്വാസം
വളരെ വലുതാണ്.
കോവിഡിൻ്റെ രണ്ടാം തരംഗം
നമ്മെ അസ്വസ്ഥരാക്കുന്ന ഈ ദിവസങ്ങളിൽ
നമുക്ക് ദൈവത്തിലേക്ക് തിരിയാം.
ആടിയുലയുന്ന വള്ളത്തിൻ്റെ അമരത്ത്
തല ചായ്ച്ചുറങ്ങുകയായിരുന്ന ക്രിസ്തുവിനെ വിളിച്ചുണർത്തിയ ശിഷ്യരെപ്പോലെ നമുക്കും വിശ്വാസത്തോടെ ദൈവത്തെ വിളിക്കാം
( Ref മർക്കോ 4:35-43).
വാക്സിനും മരുന്നുമെല്ലാം നമ്മുടെ
രക്ഷയ്ക്ക് അനിവാര്യമാണ്.
എന്നാൽ അവയേക്കാൾ ശക്തിയുണ്ട്
നമ്മുടെ ദൈവത്തിനെന്ന് വിശ്വസിക്കാം.
കർത്താവിൻ്റെ കരുണയ്ക്കുവേണ്ടി
നമുക്ക് പ്രാർത്ഥിക്കാം….
~ ഫാദർ ജെൻസൺ ലാസലെറ്റ് ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.