പരിശുദ്ധാരൂപിയുടെ വണക്കമാസം ഇരുപത്തിരണ്ടാം തിയതി
“റൂഹാദ്ക്കുദശാ കൂടാതെ മനുഷ്യൻ എന്താകുന്നു?”
പ്രായോഗിക ചിന്തകൾ
1.നിൻ്റെ വെളിവുകൂടാതെ മനുഷ്യരിൽ ദോഷമല്ലാതൊന്നുമില്ല.
2.നില്ക്കുന്നവൻ വീഴാതിരിപ്പാൻ സൂക്ഷിക്കട്ടെ.
3.ഏതിൽ പിഴയ്ക്കുന്നുവോ അതിൽ ശിക്ഷയുമുണ്ടാകുന്നു.
പക്ഷപ്രകരണങ്ങൾ
ഞങ്ങളെ അനാഥരായി വിട്ടേക്കുവാൻ മനസ്സാകാതെ ആശ്വാസപ്രദനായ അരൂപിയെ ഞങ്ങൾക്കയച്ചുതന്ന നല്ല ഈശോയെ, നിൻ്റെ വെളിവിൻ്റെ അരൂപിയെ എനിക്കുതരേണമേ. എന്തുകൊണ്ടെന്നാൽ അയാളെക്കൂടാതെ ഞാൻ ഒന്നുമില്ല. എൻ്റെ ശരീരം പാപത്തിൻ്റെ വിളനിലമായിരിക്കുന്നു. ആത്മാവിനെ നരകപാതാളത്തിലേക്കു വലിക്കുന്ന ഭയങ്കര ശത്രുവുമായിരിക്കുന്നു. ആത്മാവോ എന്നാൽ ജന്മപാപത്താൽ ബലഹീനപ്പെട്ടും, അജ്ഞതയുടേയും ദുരാശകളുടേയും കാർമേഘത്താൽ ചുറ്റപ്പെട്ടുമിരിക്കുന്നു. സ്വർഗ്ഗപ്രകാശമായ റൂഹായേ! നീ എഴുന്നള്ളിവന്ന് എൻ്റെ ബോധത്തിൻ്റെ ഇരുട്ടിനെ ചിതറിക്കേണമേ. എൻ്റെ ഹൃദയത്തിൻ്റെ തളർച്ചയെ നീക്കേണമേ. തെറ്റിപ്പോയ ആടിനെ തേടിവന്ന നല്ല ഇടയാ, ദുരാശാപങ്ങളുടെ ബന്ധത്താൽ അടിമയായിരിക്കുന്ന എന്നെ നീ തന്നെ സ്വാതന്ത്ര്യപ്പെടുത്തി തോളിലെടുത്തു നല്ലമേച്ചിൽ സ്ഥലത്താക്കേണമെ. എൻ്റെ സമസ്തവും നീ തന്നെയാകുന്നു. ആകയാൽ അറപ്പുള്ളത് നീ കഴുകുക. വാടിയതെല്ലാം നനയ്ക്കുക. മുറിവെല്ലാം സുഖപ്പെടുത്തുക, രോഗമെല്ലാം പൊറുപ്പിക്കുക. കടുപ്പമെല്ലാം മയപ്പെടുത്തുക.
തണുത്തതെല്ലാം നീ ചൂടുപിടിപ്പിക്കുക. നിന്നെ ഞാൻ ഒരിക്കലും വിട്ടുപിരിയാതിരിപ്പാനായി നിൻ്റെ മാധുര്യം എന്നെ നീ അനുഭവിപ്പിക്കുക. ദിവ്യകൂദാശക്കടുത്ത ജ്ഞാനവിരുന്നിന് എന്നെ നീ പ്രേരിപ്പിച്ചെടുക്കേണമെ. പ്രാർത്ഥനയിൽ താല്പര്യവും ഭക്തിയും എന്നിൽ നീ ജനിപ്പിക്കേണമെ. നിന്നിൽ മാത്രം ശരണപ്പെട്ടു താഴ്മയോടും പേടിയോടും കൂടി ജീവിപ്പാനും, അവസാനം കൊച്ചുകുഞ്ഞുങ്ങളെപ്പോലെയുള്ള എളിയവർക്കു നീ പറഞ്ഞൊത്തിരിക്കുന്ന നിത്യ സമ്മാനത്തിനു ഞാനും യോഗ്യനാകുവാനും, സർവ്വനന്മകളേയും കൊടുക്കുന്നവനായ പരിശുദ്ധാരൂപിയെ എനിക്കു നീ കൃപചെയ്തരുളണമേ.
ആമ്മേൻ.
7 ത്രീത്വ.
പ്രതിജ്ഞ
അന്യരുടെ തെറ്റുകളിൽ അവരെ ഞാൻ ആക്ഷേപിക്കയില്ല. പിന്നയോ അവയിൽ വീഴാതിരിപ്പാൻ ഞാൻ സൂക്ഷിക്കും. പ്രാർത്ഥിക്കയും ചെയ്യും.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.