ഈശോയുടെ സഹനങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞ വി. യൗസേപ്പിതാവിന്റെ ഹൃദയവിചാരങ്ങളെക്കുറിച്ച്‌ അറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-149/200

ജോസഫ് തന്റെ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ പോലും അവന്റെ ചിന്തകള്‍ കുരിശിലേക്കു വഴിതിരിഞ്ഞു പോവുക പതിവായിരുന്നു. കുരിശിന്മേല്‍ തറയ്ക്കപ്പെടാന്‍ പോകുന്ന ഈശോയുടെ ചിത്രം പീഡാനുഭവങ്ങളുടെ ചിന്തകളിലേക്ക് അവന്റെ ആത്മാവിനെ നയിക്കാറുണ്ടായിരുന്നു. അത് അവനില്‍ അനുകമ്പയായും സ്‌നേഹമായും നന്ദിയായും സമര്‍പ്പണമായും രൂപാന്തരപ്പെടുകയും ചെയ്തിരുന്നു. തത്ഫലമായുള്ള തീവ്രദുഃഖത്തിന്റെ കണ്ണീര്‍പ്രവാഹത്തില്‍ അവന്റെ കൈയിലെ മരക്കഷണങ്ങള്‍ പലപ്പോഴും നനഞ്ഞു കുതിരാറുണ്ടായിരുന്നനു.

പണിയേല്പ്പിച്ചിരുന്ന മനുഷ്യര്‍ ഉരുപ്പടികള്‍ വാങ്ങിക്കൊണ്ടുപോകാന്‍ വരുമ്പോള്‍ പണിപ്പുരയില്‍ ദുഃഖിച്ചു കണ്ണീരൊഴുക്കിക്കൊണ്ടു ജോലിചെയ്യുന്ന ജോസഫിനെ ആയിരിക്കും കാണുക. എന്താണ് കാരണം എന്നവര്‍ തിരക്കും. ഒന്നുമില്ല എന്നു പറഞ്ഞ് തലയാട്ടുകയല്ലാതെ മറ്റൊന്നും പറയുകയില്ല. അവന്റെ ദാരിദ്ര്യംകൊണ്ടാണ് ദുഃഖിക്കുന്നതും കരയുന്നതും എന്നു പലരും അനുമാനിച്ചു. അതുകൊണ്ട് അവര്‍ ജോസഫിന്റെ സാമ്പത്തിക വിഷമതകള്‍ ലഘൂകരിക്കാന്‍ മറ്റെന്തെങ്കിലും ധനാഗമമാര്‍ഗ്ഗം കൂടി അവലംബിക്കാന്‍ ബുദ്ധി ഉപദേശിച്ചുകൊടുത്തു. വേറൊരു കൂട്ടരുടെ അഭിപ്രായം ഇങ്ങനെയായിരുന്നു. ഇത്ര മിടുക്കനും ആശ്വാസദായകനും സ്‌നേഹവാനുമായ ഒരു മകന്‍ സ്വന്തമായുള്ളപ്പോള്‍ ജോസഫിന് ദുഃഖിക്കേണ്ട ഒരു കാര്യവുമില്ല എന്നാണ്.

അതു കേട്ടപ്പോള്‍ ജോസഫ് പറഞ്ഞു: ‘അതെ, അതു തികച്ചും സത്യമാണ്. എന്റെ മകന്‍ എന്റെ എല്ലാ ആശ്വാസവുമാണ്.’ എന്നാല്‍ അവരുടെ അഭിപ്രായപ്രകടനങ്ങള്‍ ജോസഫിന്റെ ദുഃഖഭാരം വര്‍ദ്ധിപ്പിക്കുക മാത്രമേ ചെയ്തുള്ളു. കാരണം, ജോസഫിന്റെ ചിന്തകള്‍ തന്റെ മകനുവേണ്ടി കരുതിവച്ചിരിക്കുന്ന ഭയാനകപീഡനങ്ങളെക്കുറിച്ചുള്ളതായിരുന്നു. അവന്‍ കൂടുതലൊന്നും പറഞ്ഞില്ല. അവര്‍ സമാധാനത്തില്‍ മടങ്ങുകയും ചെയ്തു.

ചില അവസരങ്ങളില്‍ ഈശോ പിതാവിനോടു പ്രാര്‍ത്ഥിക്കാന്‍ പോകുമ്പോള്‍ ജോസഫ് തന്റെ ഹൃദയത്തിന്റെ ദുഃഖഭാരം കുറയ്ക്കാന്‍ തന്റെ വിശുദ്ധ ഭാര്യയുമായി അതു പങ്കുവയ്ക്കുക പതിവായിരുന്നു. ഒരവസരത്തില്‍ വളരെ തീവ്രദുഃഖത്തില്‍ വിങ്ങിപ്പൊട്ടിക്കരഞ്ഞുകൊണ്ടു പറഞ്ഞു: ‘എന്റെ പ്രിയേ, മനുഷ്യവംശത്തിന്റെ വിമോചനത്തിന് നമ്മുടെ ഈശോ എത്ര വലിയ വിലയാണ് കൊടുക്കേണ്ടി വരിക! നമ്മുടെ ആത്മാക്കളുടെ രക്ഷയ്ക്ക് അവന്‍ എത്ര മഹത്തായ ത്യാഗമാണ് അനുഭവിക്കണ്ടേി വരിക! ദൈവത്തിന്റെ ഇത്ര മഹത്തായ സ്‌നേഹത്തിനു നമ്മള്‍ എത്രയധികം കടപ്പെട്ടിരിക്കുന്നു.’

അവനുവേണ്ടി എന്റെ ജീവിതം ത്യജിക്കാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു. അവനുവേണ്ടിയുണ്ടാക്കുന്ന ദണ്ഡനങ്ങളുടെ ഓരോ അവസരത്തിനായി ഞാന്‍ കാത്തിരിക്കുകയാണ്. അതിനുള്ള അവസരം എനിക്കു ലഭിച്ചാല്‍ ഞാന്‍ ധന്യനായി. ശാരീരികമായി എനിക്കതു താങ്ങാന്‍ കഴിവില്ലായിരിക്കാം. എങ്കിലും ഹൃദയെകൊണ്ട് ഞാനത് അനുഭവിക്കും. ഇപ്പോള്‍ത്തന്നെ അതിന്റെ തീവ്രവേദനകള്‍ എന്റെ ഉള്ളില്‍ ഞാന്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഈശോ പീഡ സഹിക്കാനിരിക്കുന്ന ഭയങ്കരവും ഭീതിജനകവുമായ ആ മണിക്കൂറില്‍ ഞാനും ഉണ്ടായിരിക്കണമെന്നാണ് എന്റെ അതിയായ ആഗ്രഹം.

കാരണം, അവനോടൊപ്പം എനിക്കും ആ സഹനത്തില്‍ പങ്കാളിയാകണം. ഒരുപക്ഷേ അതു കാണാനുള്ള ശക്തിയും ധൈര്യവും എനിക്കുണ്ടായില്ലെങ്കില്‍പോലും! ആ പീഡാസഹനം കാണുന്ന വേളയില്‍ എന്റെ ഹൃദയം തുടര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല്. എങ്കിലും ദൈവത്തിനു പ്രീതികരമാകുമെങ്കില്‍ അവനോടുകൂടി മരിക്കാനും ഞാന്‍ ഒരുക്കമാണ്. എന്നാല്‍ നിന്റെ കാര്യമോര്‍ക്കുമ്പോള്‍ എന്റെ ദുഃഖം വീണ്ടും വര്‍ദ്ധിക്കുന്നു. ഭയാനകമായ ആ കഠിന പീഡകളുടെ നിമിഷങ്ങളില്‍ നിനക്ക് ഒറ്റയ്ക്ക് എങ്ങനെ പിടിച്ചുനില്‍ക്കാന്‍ കഴിയും. ഇന്നത്തെപ്പോലെ അവനും നിനക്കും താങ്ങും തണലുമായി ഞാനും ഉണ്ടായിരിക്കണമെന്നാണ് എന്റെ തീവ്രമായ അഭിലാഷം.’

ദൈവമാതാവ് വീണ്ടും ജോസഫിനെ ആശ്വസിപ്പിച്ചുകൊണ്ടു പറഞ്ഞു: ‘പ്രിയപ്പെട്ട ജോസഫ്, എന്നെ വിശ്വസിക്കുക, ദൈവം അങ്ങയോടു കരുണയുള്ളവനായിരിക്കും. ഈശോയെ കാത്തിരിക്കുന്ന പീഡകള്‍ക്ക് ദൃക്‌സാക്ഷിയായിരിക്കാന്‍ ദൈവം ആരെയും നിര്‍ബന്ധിക്കുകയില്ല. എങ്കിലും ദൈവത്തിന്റെ പദ്ധതികള്‍ നമ്മുടെ കാര്യത്തില്‍ എങ്ങനെ നടപ്പാക്കപ്പെടുന്നുവെന്ന് നമുക്കറിയില്ലല്ലോ. എപ്പോഴും അവിടുത്തെ് തിരുഹിതത്തിനു വിധേയപ്പെട്ടിരുന്നാല്‍ മാത്രം മതി.’ ഉടനെ ജോസഫ് മുട്ടുകുത്തി ഭൂമിയെ ചുംബിച്ചുകൊണ്ടു ദൈവഹിതത്തിന് തന്നെത്തന്നെ സമര്‍പ്പിച്ചു. എത്ര വിപരീത സാഹചര്യത്തിലും ദൈവത്തിന്റെ ഇഷ്ടം നിറവേറ്റാന്‍ താന്‍ ഒരുക്കമാണ് എന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ. ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles