ബാലനായ ഈശോ പണിതീര്‍ത്ത കുരിശു കണ്ടപ്പോള്‍ വി. യൗസേപ്പിതാവ് അതീവദുഃഖിതനായത് എന്തുകൊണ്ട് എന്നറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-148/200

ഒരു ദിവസം തിരുക്കുമാരനോടൊത്ത് പണിപ്പുരയില്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ജോസഫ് സ്വര്‍ഗ്ഗീയാനന്ദംകൊണ്ട് നിറയാന്‍ തുടങ്ങി. ആ സമയത്ത് ഈശോ തനിയെ എന്തോ ഉണ്ടാക്കുന്നതില്‍ വ്യാപൃതനായിരുന്നു. ജോസഫാകട്ടെ ദൈവിക കാര്യങ്ങളില്‍ ലയിച്ചു കഴിയുകയും ചെയ്തു. അതിനാല്‍, ഈശോ എന്തു ചെയ്യുന്നു എന്നകാര്യം ശ്രദ്ധിച്ചതേയില്ല. എന്നാല്‍, ആ സമയംകൊണ്ട് ഈശോ ഒരു ചെറിയ കുരിശ് പണിതീര്‍ത്തു കഴിഞ്ഞിരുന്നു. ജോസഫിന്റെ ശ്രദ്ധ പതിയുന്നതിനു മുമ്പു തന്നെ അതു പൂര്‍ത്തിയാക്കി കഴിഞ്ഞിരുന്നു. കുരിശു നിര്‍മ്മിക്കുന്ന സമയത്തെല്ലാം ഈശോയെ സന്തോഷവാനായിട്ടാണ് കാണപ്പെട്ടത്. എന്നാല്‍, പ്രാര്‍ത്ഥനാവേളയില്‍ – പിതാവുമായി ഗാഢമായ ആശയവിനിമയം നടത്തുന്ന സന്ദര്‍ഭങ്ങളില്‍ – ദുഃഖിതനായി ചിലപ്പോള്‍ കാണപ്പെടാറുണ്ട്.

ഈശോയുടെ ജീവിതത്തില്‍ ബീഭത്സമായ ഒരു ദിവസം വന്നുചേരുമെന്ന ദുഃഖസത്യം – ഈശോ ക്രൂശിക്കപ്പെടുന്ന ഒരു ഭയാനകദിവസം വരുമെന്ന രഹസ്യം – ജോസഫിന്റെ ഹൃദയത്തിനറിയാം. ആ സംഭവത്തെക്കുറിച്ചുള്ള വളരെ വ്യക്തമായ ഒരു ചിത്രം പിതാവീല്‍ നിന്നു ജോസഫ് അറിഞ്ഞിരുന്നു. ഉണങ്ങാത്ത മുറിവും തീവ്രവേദനയും തീര്‍ത്തുകൊണ്ട് ഹൃദയത്തില്‍ തുളച്ചുകയറിയ ആ വചനം എപ്പോഴും ജോസഫിന്റെ ഓര്‍മ്മയിലുണ്ട്. ഈശോ കുരിശുണ്ടാക്കുന്നതു കാണുകയുംകൂടി ചെയ്തപ്പോള്‍ ജോസഫിന്റെ ദുഃഖം അതിന്റെ പാരമ്യത്തിലെത്തുകതന്നെ ചെയ്തു.

തന്റെ ആദ്യത്തെ സംരംഭം പൂര്‍ത്തിയാക്കി കഴിഞ്ഞപ്പോള്‍ ഈശോ ജോസഫിന്റെ നേരെ തിരിഞ്ഞുകൊണ്ടു പറഞ്ഞു: ‘പ്രിയപ്പെട്ട അപ്പാ, ഇതിലേക്ക് ഒന്നു നോക്കിക്കേ, മനുഷ്യവംശത്തിന്റെ രക്ഷ പൂര്‍ത്തീകരിക്കപ്പെടുന്നത് ഇതിലൂടെയാണ്.’ വളരെ സന്തോഷത്തോടെ ആ സമയത്തിനുവേണ്ടി കാത്തിരിക്കുന്നതുപോലെയാണ് അവന്‍ അതു പറഞ്ഞത്. ഇതു കേട്ടപ്പോള്‍ ജോസഫിന്റെ ശക്തി മുഴുവന്‍ ചോര്‍ന്നുപോയി. അദ്ദേഹം തീവ്രദുഃഖത്തില്‍ താണുപോയി. പൊട്ടിക്കരഞ്ഞുകൊണ്ട് ‘എന്റെ മകനേ, ഈശോ’ എന്നു പറയാന്‍ മാത്രമേ കഴിഞ്ഞുള്ളു. പിതാവിന്റെ ഹിതം നിറവേറ്റണമല്ലോ എന്നു പറഞ്ഞ് ഈശോ സമാധാനിപ്പിച്ചു. അങ്ങനെജോസഫ് വീണ്ടും പഴയ അവസ്ഥയിലേക്കു തിരിച്ചുവന്നു. എങ്കിലും ദുഃഖം ജോസഫിന്റെ ഹൃദയത്തില്‍ തളംകെട്ടി നിന്നിരുന്നു.

തിരുക്കുമാരന്‍ തന്റെ അമ്മയെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. ജോസഫും ഈശോയോടൊപ്പം പോയി. അവര്‍ മുറിയില്‍ പ്രവേശിച്ചപ്പോള്‍ കന്യാമറിയം പ്രാര്‍ത്ഥനയിലായിരുന്നു. ഈശോ കുരിശും പിടിച്ചുകൊണ്ട് മുറിയില്‍ കടന്നു മാതാവിന് കുരിശു കാണിച്ചുകൊടുത്തു. അതെല്ലാം ആത്മാവില്‍ മറിയം അറിഞ്ഞുകൊണ്ടാണിരുന്നത്. അവള്‍ കുരിശിന്റെ മുമ്പില്‍ കുമ്പിട്ടു താണുവണങ്ങി. ദൈവഹിതത്തിനു വിധേയപ്പെടുന്നതിന്റെ സൂചനയെന്നോണം കുരിശിനെ ചുംബിക്കുകയും ചെയ്തു. അവള്‍ തന്റെ പുത്രനെയും തന്നെത്തന്നെയും പിതാവിനു സമര്‍പ്പിച്ചു. കുരിശു കണ്ടപ്പോള്‍ അവളുടെ മാതൃഹൃദയത്തിന്റെ മുറിവ് ഒരിക്കല്‍ക്കൂടി വ്രണിതമായി. എങ്കിലും മറിയത്തിന്റെ ധൈര്യവും ആത്മസമര്‍പ്പണവും ദൃഢചിത്തതയും കണ്ട് ജോസഫ് ആശ്ചര്യപ്പെട്ടു. അവനും ആ കുരിശിന്റെ മുമ്പില്‍ താണുവീണു വണങ്ങുകയും ചുംബിക്കുകയും ദൈവഹിതത്തിന് സമര്‍പ്പിക്കുകയും ചെയ്തു.

ആത്യന്തികമായ തന്റെ സഹനത്തെക്കുറിച്ച് ഈശോ ജോസഫിനോടും മാതാവിനോടും സംസാരിച്ചു. മനുഷ്യവംശത്തിന്റെ വിമോചനം നിവര്‍ത്തിക്കേണ്ടതിന് താന്‍ ആ ദിവസങ്ങള്‍ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അതാണ് പിതാവ് നിശ്ചയിച്ചിരിക്കുന്നത്. അവന്‍ അവസാനമായി ഇങ്ങനെ പറഞ്ഞു: ‘ എന്റെ പ്രിയപ്പെട്ടവരേ, ഇതുകൂടി അറിഞ്ഞുകൊള്ളുക. എന്നില്‍നിന്നു നിരവധിയായ നന്മകള്‍ സ്വീകരിച്ചശേഷം പീഡനങ്ങള്‍ എന്റെ സ്വന്തം ജനത്തില്‍നിന്ന് എനിക്ക് ഏല്‌ക്കേണ്ടിവരും. അവസാനം, നിന്ദയുടെ കഴുമരത്തില്‍ അവരെന്നെ വധിക്കാന്‍ വിട്ടുകൊടുക്കു.’ കുരിശുയര്‍ത്തിക്കൊണ്ട് അവന്‍ തുടര്‍ന്നു. ‘ഏറ്റം ബിഭത്സമായ പീഡനത്തിന്റെ നടുവില്‍, എങ്കിലും ആ കുരിശില്‍ എന്റെ ജീവന്‍ സ്വയം സമര്‍പ്പിക്കും. അങ്ങനെ മാനവവംശത്തെ ഞാന്‍ രക്ഷിക്കും.’

ആ വാക്കുകള്‍ കേട്ടപ്പോള്‍ ജോസഫ് തളര്‍ന്നുപോയി. തീവ്രദുഃഖത്തില്‍ ദൈവമാതാവും സ്തംബിച്ചുപോയി. എങ്കിലും തീര്‍ത്തും ദുഃഖത്തിന് അധീനയായില്ല. ഹൃദയത്തിന്റെ കഠിനവേദനയെ അതിജീവിക്കാന്‍ വേണ്ട ആത്മീയശക്തിയില്‍ അവള്‍ പിടിച്ചുനിന്നു. ഈശോ ആശ്വസിപ്പിക്കുകയും സഹായിക്കുകയും ചെയ്തിട്ടും ജോസഫ് ആന്തരികമായ തീവ്രദുഃഖത്തിന്റെ സംഘട്ടനത്തിലായിരുന്നു. വരാനിരിക്കുന്ന സഹനത്തിന്റെ അനുസ്മരണമായിരുന്നു അത്. ഈശോയുടെ പീഡാസഹനത്തില്‍ ജോസഫ് സാക്ഷ്യം വഹിക്കാന്‍ നിശ്ചയിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ ഇവിടെ അതിന്റെ തീവ്രത അനുഭവിക്കാന്‍ പിതാവ് അനുദവിച്ചിരിക്കുകയാണ്. പീഡാസഹനത്തെക്കുറിച്ചുള്ള ആസ്വാദനത്തിലൂടെ ജോസഫ് കൃപ സ്വീകരിക്കുകയും ഈശോയ്ക്കുവേണ്ടി ശക്തി സംഭരിക്കുകയും ചെയ്തു.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ. ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles