പരിശുദ്ധാരൂപിയുടെ വണക്കമാസം പത്തൊന്‍പതാം തിയതി
”പരിശുദ്ധാരൂപി രോഗികള്‍ക്കു സൗഖ്യം നല്കുന്നു.”
പ്രായോഗിക ചിന്തകള്‍
1.നിന്റെ ആത്മാവ് ഇപ്പോള്‍ ചാവുദോഷത്താല്‍ മുറിപ്പെട്ടാണോ ഇരിക്കുന്നത്?
2.ദുഃഖസങ്കടങ്ങള്‍ ആത്മാവിന് ഔഷധങ്ങളാണന്ന് നീ കരുതുന്നുണ്ടോ?
3.ദൈവത്തെ പ്രതി സങ്കടങ്ങള്‍ സഹിക്കുമ്പോള്‍ നിങ്ങളുടെ മുഖം വാട്ടമുള്ളതാകാതിരിക്കട്ടെ.
പക്ഷപ്രകരണങ്ങള്‍
അറപ്പുള്ളവയെ കഴുകുന്നവനും രോഗികള്‍ക്ക് സൗഖ്യം നല്‍കുന്നവനുമായ റൂഹാദ്ക്കുദശായെ! രോഗം ബാധിച്ചതും അറപ്പുനിറഞ്ഞതുമായ ഒരാത്മാവോടുകൂടി ഇതാ അങ്ങയുടെ തിരുമുമ്പാകെ ഞാന്‍ നില്‍ക്കുന്നു. ” അങ്ങ് തിരുമനസ്സായാല്‍ എന്റെ കുഞ്ഞ് സുഖം പ്രാപിക്കും” എന്നു പറഞ്ഞ ശതാധിപനെപ്പോലെ ഇതാ ഞാനും പറയുന്നു. എന്റെ ഓമനയും അങ്ങയുടെ ദത്തുപുത്രനുമായ എന്റെ ആത്മാവിന്റെ വ്യാധി മാറുന്നതിന് അങ്ങ് ഒരു വാക്കുമാത്രം അരുളിചെയ്താല്‍ മതിയായിരുന്നു. എന്നാല്‍ കനിവുനിറഞ്ഞ വൈദ്യാ! അങ്ങ് അരുളിച്ചെയ്ക മാത്രമല്ല അങ്ങ് തന്നെ ഇറങ്ങിവന്ന് എന്നെ സ്വസ്ഥനാക്കാന്‍ ഒരുങ്ങിയിരിക്കുന്നുവല്ലോ. പിന്നെ എന്തിന് എന്റെ രോഗത്താല്‍ ഞാന്‍ മരിക്കുന്നു? എന്റെ പാപത്തിലേക്കുള്ള ചാച്ചിലുകളെക്കൂടിയും അങ്ങ് ചൊവ്വാക്കേണമെ.
ഞാന്‍ പാപത്തില്‍ ജനിച്ചുവളര്‍ന്നു തഴങ്ങിയവനാകയാല്‍ അങ്ങ് സാധകമായ ഒരു വരപ്രസാദം നല്കിയാലല്ലാതെ, ഞാന്‍ സ്വസ്ഥനാകയില്ലെന്നും അങ്ങ് ഓര്‍ത്തരുളേണമെ. അങ്ങേക്ക് ഇഷ്ടമുണ്ടെങ്കില്‍ ഒന്നിനും വിഷമമില്ല എന്നു ഞാനറിഞ്ഞിരിക്കുന്നു. എന്നെപ്പോലെ തന്നെ പാപരോഗത്തിലിരിക്കുന്ന മറ്റെല്ലാവരെയും അങ്ങ് അനുഗ്രഹിക്കേണമെ. അങ്ങ് തരുന്ന ജ്ഞാന ഔഷധങ്ങളാകുന്ന ദുഖാരിഷ്ടതകളെല്ലാം പിറുപിറുപ്പും ആവലാതിയും കൂടാതെ സന്തോഷത്തോടെ ഞങ്ങള്‍ സ്വീകരിച്ച്, പൂര്‍ണ്ണ സുഖം പ്രാപിച്ച് നിത്യമായി അങ്ങയുടെ സ്തുതികളെ പാടുവാന്‍ ഞങ്ങളെ യോഗ്യരാക്കേണമെന്ന് ദിവ്യവൈദ്യനായ പരിശുദ്ധാരൂപിയെ അങ്ങയോട് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
ആമ്മേന്‍.
7 ത്രീത്വ.
പ്രതിജ്ഞ
എനിക്കു നേരിടുന്ന ദുഃഖാരിഷ്ടതകളെല്ലാം സന്തോഷത്തോടെ സഹിച്ചുകൊള്ളാം.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.