ശത്രുക്കളെപ്പോലും മിത്രങ്ങളാക്കിയ വി. യൗസേപ്പിതാവിന്റെ പ്രാര്‍ത്ഥനാ ശക്തിയെക്കുറിച്ച് അറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-146/200
ജോസഫിന്റെ പണിയില്‍ എന്താണ് ആവശ്യ്ം വരുന്നതെന്ന് ചോദിച്ചു മനസ്സിലാക്കി ചെയ്യുന്നതില്‍ ഈശോ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പറയാതെ തന്നെ അത് ഈശോയ്ക്ക് അറിയാമായിരുന്നെങ്കിലും ജോസഫിന്റെ ആജ്ഞയ്ക്കു കാത്തുനിന്നു ചെയ്യുന്ന ഈശോയെയാണ് ഇവിടെ കാണുന്നത്. ചെയ്യുന്ന പ്രവൃത്തിയേക്കാളുപരിയായി എളിമയും വിധേയത്വവുമാണ് പിതാവ് ആവശ്യപ്പെടുന്നതെന്ന് അവിടുന്ന് മനസ്സിലാക്കിയാണ് പ്രവര്‍ത്തിച്ചിരുന്നത്. അതേ സമയം ഓരോ കാര്യത്തിലും ജോസഫ് പിതാവിന്റെ ഇഷ്ടം ആരാഞ്ഞറിഞ്ഞാണ് ഈശോയ്ക്ക് നീര്‍ദ്ദേശങ്ങള്‍ പറഞ്ഞുകൊടുത്തിരുന്നത്.
ഉദാഹരണത്തിന്, പണി ചെയ്യുമ്പോള്‍ പലകകളോ ഇരുമ്പുകമ്പികളോ മറ്റുരുപ്പടികളോ ആവശ്യ്ം വരുമ്പോള്‍ ഈശോയോട് അവ് കൊണ്ടുവരാന്‍ പറയും; യാതൊരു മടിയും താമസവും കൂടാതെ ഈശോ അതു കൊണ്ടുവരികയും ചെയ്യും. ഭാരമുള്ള മരഉരുപ്പടികള്‍ പൊക്കിയെടുക്കുന്നതില്‍ ജോസഫിനെ സഹായിച്ചു. പണിപ്പുരയില്‍ ഉണ്ടാകുന്ന ചിന്തേരുചീളുകളും അറക്കപ്പൊടിയും മറ്റും അടിച്ചുവൃത്തിയാക്കുന്നതിലും പണിയായുധങ്ങളും മറ്റുപകരണങ്ങളും യഥാസ്ഥാനത്തു കൊണ്ടുവന്നു വയ്ക്കുന്നതിലും, അങ്ങനെ എല്ലാ അര്‍ത്ഥത്തിലും പണിപ്പുര അടുക്കും ചിട്ടയുമായി കാത്തുസൂക്ഷിക്കുന്നതില്‍, ഈശോ ജോസഫിനെ എപ്പോഴും സഹായിച്ചുപോന്നു.
ജോസഫിനെ ജോലിയില്‍ ഈശോ സഹായിക്കുന്നത് അയല്‍ക്കാരില്‍ പലരും ശ്രദ്ധിക്കാന്‍ ഇടയായി. അടുത്തുചെന്നു തിരുക്കുമാരന്റെ പ്രവൃത്തികള്‍ വീക്ഷിക്കാന്‍ അവരുടെ മനസ്സ് നിര്‍ബന്ധിതമായിത്തീര്‍ന്നു. ദൈവസുതന്റെ അസാധാരണവും ഹൃദ്യവുമായ പ്രവൃത്തികള്‍ കണ്ട് അവര്‍ വിസ്മയഭരിതരാകുകയും തീര്‍ച്ചയായും ജോസഫ് അനുഗൃഹീതനാണെന്ന് പറയുകയും ചെയ്തു. സാത്താന്റെ ദുഷ്പ്രേരണയ്ക്കു വശംവധരായി ജോസഫിനോട് അസൂയ തോന്നി കുറ്റംവിധിച്ചവര് ഇപ്പോള്‍ അതില്‍നിന്നെല്ലാം മോചിതരായിരിക്കുന്നു. തീര്‍ത്തും പശ്ചാത്തപിച്ചുകൊണ്ട് അവര്‍ പറഞ്ഞു: ‘കൃത്യമായും ജോസഫ് തെരഞ്ഞെടുത്ത വഴി ശരിയായിരുന്നു.
ഇത്രയും അനുഗൃഹീതനായ ഒരു ശിശുവിനെ ഹേറോദേസിന്റെ വാളില്‍നിന്നു രക്ഷിക്കണമെന്നത് തികച്ചും ദൈവനിശ്ചയമായിരുന്നു എന്നതിന് ഒരു സംശയവുമില്ല. ഇത്രയും സ്നേഹവും മതിപ്പും ഉളവാക്കിയിട്ടുള്ള ഈ ശിശു വധിക്കപ്പെട്ടിരുന്നെങ്കില്‍ അത് എത്രയോ ഹീനമായ ക്രൂരകൃത്യമാകുമായിരുന്നു?’ അവരില്‍ നല്ലൊരു ഭാഗം മനുഷ്യരും ജോസഫിനോട് ക്ഷമ ചോദിക്കുകയും അവര്‍ പറഞ്ഞ അപവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ‘ഇതുപോലെ ഒരു പുത്രനെ ലഭിക്കാന്‍ കൃപ ലഭിച്ച നീ തീര്‍ച്ചയായും ഭാഗ്യവാനാണ് ജോസഫ്!: – അവര്‍ പ്രഖ്യാപിച്ചു.
അവരുടെ വാക്കുകള്‍, പ്രത്യേകിച്ചും മുമ്പ് തന്നെ കുറ്റവിചാരണ നടത്തിയവരുടെ പുതിയ അഭിപ്രായപ്രകടനങ്ങള്‍, ജോസഫിന് വലിയ ആശ്വാസമായി. ജോസഫ് അവരോടു സ്നേഹത്തോടെ പ്രതികരിക്കുകയും ചെയ്തു. ഇനിയൊരിക്കലും അവരില്‍നിന്നു യാതൊരുവിധ ഉപദ്രവങ്ങളും ഉണ്ടാകാത്തവിധം കാരുണ്യത്തോടെയാണ് അവന് പ്രത്യുത്തരിച്ചത്.് വിശുദ്ധന്റെ ഈ പെരുമാറ്റം അവരെ അത്ഭുതപ്പെടുത്തി. അവര്‍ക്ക് മനസ്സിലുണ്ടായിരുന്ന അമര്‍ഷം ഇപ്പോള്‍ ആകര്‍ഷണമായിത്തീര്‍ന്നു. തന്റെ പ്രാര്‍ത്ഥന കേട്ട് ശത്രുക്കളുടെ ഹൃദയത്തെ ഇത്രമാത്രം പരിവര്‍ത്തനപ്പെടുത്തിയ ദൈവത്തിന്റെ മഹാകാരുണ്യത്തെ ഓര്‍ത്തു ജോസഫ് ദൈവത്തിനു അകമഴിഞ്ഞു നന്ദി പറഞ്ഞു.
അവന് ഈശോയോടു പറഞ്ഞു: ‘എന്റെ വാത്സല്യ മകനേ! എന്റെ ഹൃദയത്തിന് ഇത് എത്ര ആനന്ദദായകമാണ്; നിന്നെ ഉപദ്രവിച്ചവര്‍ മനസ്സുതിരിഞ്ഞിരിക്കുന്നതു ഞാന്‍ കാണുന്നു. അവര്‍ നല്ലവരായി മാറുകയും ചെയ്തിരിക്കുന്നു. നിന്റെ സാന്നിദ്ധ്യത്താല്‍ എത്രയധികം ശക്തിയാണ് പ്രകടമാകുന്നത്! നരകശക്തികള്‍ ആവസിക്കുകയും പ്രലോഭിപ്പിക്കുകയും ചെയ്തിരുന്നവരെ ഇപ്പോള്‍ അതു വിട്ടുപോയിരിക്കുന്നു. മനുഷ്യഹൃദയങ്ങളെ പിടിച്ചെടുക്കാനുള്ള നിന്റെ കൃപ എത്ര മഹത്തരം! എന്റെ ഈശോയെ, നീ നിശ്ചയമായും കാരുണ്യവാനും സ്നേഹനിധിയുമാണ്.’ – ഇതു പറഞ്ഞുകൊണ്ട് ജോസഫ് ഈശോയെ ധ്യാനിക്കുകയും ആനന്ദസാഗരത്തില്‍ സ്വയം നിമജ്ജനം ചെയ്യുകയുമായിരുന്നു.
ഇതിനുശേഷം അവര്‍ വീട്ടിലേക്കു ഭക്ഷണത്തിന് ചെന്നു. ജോസഫ് തനിക്കുണ്ടായ ആ സന്തോഷം മുഴുവന്‍ മറിയത്തോടു പറഞ്ഞു. ജോസഫ് പറയുന്നതു മുഴുവന്‍ മറിയം സന്തോഷത്തോടെ കേള്‍ക്കുകയും ജോസഫിന്റെ ആനന്ദവും സന്തോഷവും കൗതുകത്തോടെ വീക്ഷിക്കുകയും ചെയ്തു. അവര്‍ ഒരുമിച്ച് കര്ത്താവിന് നന്ദി പറഞ്ഞുകൊണ്ട് ആഹാരം കഴിച്ചു. ജോസഫും മറിയവും തമ്മില്‍ കുറച്ചുസമയം ആത്മീയകാര്യങ്ങള്‍ ചര്‍ച്ച ചെയ്തശേഷം ഈശോയും ജോസഫും ജോലിയിലേക്കു തിരിച്ചുപോയി.
(തുടരും)
വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന
ഏറ്റം സ്നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ. ആമ്മേന്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.