പയർ മണികൾ കൃഷി ചെയ്യണോ? കറിവെയ്ക്കണോ?
അപ്പൻ്റെ കൂടെ കൃഷിയിടത്തിലായിരുന്നു മകൻ.
എല്ലാ കുട്ടികളെയും പോലെ അവനുമുണ്ടായിരുന്നു
ഒരു പാട് സംശയങ്ങൾ.
“അപ്പാ, എന്തിനാണീ പയർ മണികൾ
മണ്ണിട്ട് മൂടുന്നത്? അവ അമ്മയ്ക്ക് കൊടുത്താൽ കറിവച്ച് തരില്ലെ?”
മകൻ്റെ ചോദ്യത്തിന്
ചെറുപുഞ്ചിരിയോടെ
അപ്പൻ മറുപടി നൽകി:
“മോനെ, മണ്ണിൽ കുഴിച്ചിടുന്ന
പയർ മണികൾ കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ മുളയ്കും.
അവ വളർന്ന് പുഷ്പിച്ച് ഫലം നൽകും.”
ഉടൻതന്നെ മകൻ്റെ അടുത്ത
ചോദ്യം:
”പയർ മണികൾ മുളയ്ക്കുന്നത്
നമുക്ക് കാണാൻ കഴിയുമോ?
പയർ മണികൾ
എല്ലാം മുളച്ചുപൊങ്ങുമോ?”
ആ ചോദ്യത്തിനുമുമ്പിൽ
അപ്പൻ നിശബ്ദനായി.
അതിനു ശേഷം പതുക്കെ തുടർന്നു:
”വിതയ്ക്കുന്ന വിത്തുകൾ മുളയ്ക്കുന്നത്
ഒരു കർഷകനും കണ്ടിട്ടില്ല.
ഏതെല്ലാം വിത്തുകളാണ് മുളക്കുക
എന്നും പറയാനാകില്ല.
അത് ദൈവത്തിനു മാത്രമേ അറിയൂ.
എല്ലാം മുളച്ചുപൊങ്ങാൻ വേണ്ടിയും
നല്ലവിളവു ലഭിക്കാൻ വേണ്ടിയും നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം.
അവിടുന്നിലുള്ള വിശ്വാസമാണ് ഏതൊരു കർഷകൻ്റെയും ആത്മബലവും പ്രത്യാശയും.”
അന്നു രാത്രി ആ കുടുംബത്തിൽ
ഒരു അപകടം നടന്നു.
കർഷകൻ്റെ ഭാര്യ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലായി.
കർഷകനും കുടുംബാംഗങ്ങളുമെല്ലാം
വലിയ ദു:ഖത്തിലായി.
ആശുപത്രി വരാന്തയിലിരുന്ന് കരയുകയായിരുന്ന
അപ്പനരികിൽ വന്ന് നിഷ്കളങ്കമായ ജ്ഞാനത്തോടെ മകൻ പറഞ്ഞു:
”അപ്പനെന്തിനാണ് കരയുന്നത്.
നമ്മൾ കുഴിച്ചിട്ട പയർ മണിയെ മുളപ്പിക്കാൻ ദൈവത്തിന് സാധിക്കുമെങ്കിൽ
അമ്മയെ സുഖപ്പെടുത്താനും ദൈവത്തിനു കഴിയില്ലേ? വിശ്വസിച്ചാൽ മാത്രം മതി.”
മിഴികൾ തുടച്ച് അയാൾ തൻ്റെ മകനെ വാരിപ്പുണർന്നു.
അടുത്ത ദിവസങ്ങളിൽ അദ്ദേഹത്തിൻ്റെ
ഭാര്യ സുഖപ്പെടുകയും ചെയ്തു.
ഇതുപോലൊരു ദുഃഖത്തിൽ ആയിരുന്ന മർത്തായെയും ക്രിസ്തു ആശ്വസിപ്പിക്കുന്നുണ്ട്:
“വിശ്വസിച്ചാല്‍ നീ ദൈവമഹത്വം ദര്‍ശിക്കുമെന്നു ഞാന്‍
നിന്നോടു പറഞ്ഞില്ലേ?”
(യോഹന്നാന് 11 : 40).
എത്ര വലിയ ദുരന്തത്തിലൂടെ
നമ്മൾ കടന്നു പോയാലും
കർത്താവിൽ ആശ്രയിച്ചാൽ
രക്ഷയുണ്ടെന്ന് മറക്കാതിരിക്കാം.
~ ഫാദർ ജെൻസൺ ലാസലെറ്റ് ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.