യേശുവിന്റെ ഉത്ഥാനം നമ്മെ ഓര്മപ്പെടുത്തുന്നത് എന്ത്? ഫ്രാന്സിസ് പാപ്പാ പറയുന്നു
തൈലാഭിഷേകം ചെയ്യാൻ മൃതദേഹം കണ്ടെത്തുമെന്ന് കരുതിയ സ്ത്രീകൾ കണ്ടതാകട്ടെ ശൂന്യമായ ഒരു കല്ലറ. മരിച്ച ഒരാളെപ്രതി വിലപിക്കാനാണ് അവർ പോയത്; എന്നാൽ അവർ ജീവൻറെ വിളംബരം കേട്ടു. ഇക്കാരണത്താൽ, സുവിശേഷം പറയുന്നു, ആ സ്ത്രീകൾ “പേടിച്ചു വിറയ്ക്കുകയും ആശ്ചര്യപ്പെടുകയും ചെയ്തിരുന്നു” (മർക്കോസ് 16:8), അവർ ഭയവും വിസ്മയവും നിറഞ്ഞവരായി. ആശ്ചര്യം: അത് ഈ സാഹചര്യത്തിൽ സന്തോഷം കലർന്ന ഒരു ഭയമാണ്, ശവകുടീരത്തിൻറ വലിയ കല്ല് ഉരുട്ടിമാറ്റപ്പെട്ടിരിക്കുന്നതും അതിനുള്ളിൽ വെളുത്ത അങ്കി ധരിച്ച ഒരു യുവാവ് നില്ക്കുന്നതുമായ കാഴ്ച അവരുടെ ഹൃദയത്തെ അത്ഭുതപ്പെടുത്തുന്നു. ഈ വാക്കുകൾ കേൾക്കുമ്പോഴുണ്ടാകുന്ന അത്ഭുതമാണ്: “നിങ്ങൾ ഭയപ്പെടേണ്ട! ക്രൂശിക്കപ്പെട്ട നസറായനായ യേശുവിനെയാണ് നിങ്ങൾ അന്വേഷിക്കുന്നത്. അവൻ ഉയിർത്തെഴുന്നേറ്റു” (മർക്കോസ് 16:6). തുടർന്ന് ആ സന്ദേശവും: “അവൻ നിങ്ങൾക്കു മുന്നേ ഗലീലിയിലേക്കു പോകുന്നു, അവിടെ വച്ച് നിങ്ങൾ അവനെ കാണും” (മർക്കോസ് 16:7). ഈ സന്ദേശം, ഈ ഉത്ഥാനസന്ദേശം നമുക്കും സ്വീകരിക്കാം: ഉയിർത്തെഴുന്നേറ്റ കർത്താവ് നമുക്ക് മുമ്പേ പോകുന്ന ഗലീലിയിലേക്ക് നമുക്കു പോകാം. എന്നാൽ “ഗലീലിയിലേക്ക് പോകുക” എന്നതിൻറെ പൊരുളെന്ത്?
ഗലീലിയിലേക്കു പോകുക എന്നതിൻറെ പൊരുൾ
ഗലീലിയിലേക്ക് പോകുക എന്നതിനർത്ഥം, സർവ്വോപരി, വീണ്ടും ആരംഭിക്കുക എന്നാണ്. ശിഷ്യന്മാരെ സംബന്ധിച്ചിടത്തോളം കർത്താവ് ആദ്യമായി അവരെ അന്വേഷിക്കുകയും തന്നെ അനുഗമിക്കാൻ വിളിക്കുകയും ചെയ്തിടത്തേക്ക് മടങ്ങിപ്പോകലാണ്. ആദ്യ സമാഗമത്തിൻറെ ഇടമാണ്, ആദ്യ സ്നേഹത്തിൻറെ വേദിയാണ് അത്. അവർ വലകൾ ഉപേക്ഷിച്ച്, ആ നമിഷം മുതൽ, യേശുവിനെ അനുഗമിക്കുകയും അവിടത്തെ പ്രസംഗം ശ്രവിക്കുകയും അവിടന്നു പ്രവർത്തിച്ച അത്ഭുതങ്ങൾക്ക് സാക്ഷ്യം വഹിക്കുകയും ചെയ്തു. എന്നിട്ടും, എല്ലായ്പ്പോഴും അവനോടൊപ്പമുണ്ടായിരുന്നിട്ടും, അവർ അവിടത്തെ ആഴത്തിലറിഞ്ഞില്ല. അവർ പലപ്പോഴും അവിടത്തെ വചനങ്ങൾ തെറ്റിദ്ധരിക്കുകയും അവിടത്തെ തനിച്ചാക്കി കുരിശിൻറെ മുന്നിൽ നിന്ന് ഓടിപ്പോവുകയും ചെയ്തു. ഈ പരാജയം ഉണ്ടായിരുന്നിട്ടും, ഉയിർത്തെഴുന്നേറ്റ കർത്താവ്, ഒരിക്കൽക്കൂടി, അവർക്കു മുന്നേ ഗലീലിയിലേക്കു പോകുന്നവനായി സ്വയം അവതരിപ്പിക്കുന്നു; അവർക്കു മുന്നേ പോകുന്നു, അതായത്, അവരുടെ മുന്നിൽ നിൽക്കുന്നു. അവിടന്ന് അവരെ വിളിക്കുന്നു, ഒരിക്കലും തളരാതെ തന്നെ അനുഗമിക്കാൻ അവരെ ക്ഷണിക്കുന്നു,. ഉത്ഥിതൻ അവരോട് പറയുന്നു: “നാം തുടങ്ങിയിടത്തു നിന്ന് നമുക്ക് വീണ്ടും ആരംഭിക്കാം. നമുക്ക് പുനരാരംഭം കുറിക്കാം. എല്ലാ പരാജയങ്ങൾക്കിടയിലും, അവയ്ക്കപ്പുറം, നിങ്ങൾ എന്നോടൊപ്പം വീണ്ടും ഉണ്ടായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നമ്മുടെ പരാജയങ്ങളുടെ പാതകൾക്കുള്ളിൽ പുത്തൻ വഴികൾ വെട്ടിത്തുറുക്കുന്ന കർത്താവിൻറെ അനന്തമായ സ്നേഹത്തിൻറെ വിസ്മയം ഈ ഗലീലയിൽ നാം പഠിക്കുന്നു, കർത്താവ് അങ്ങനെയാണ്: നമ്മുടെ തോൽവികളുടെ പാതകളിൽ അവിടന്ന് പുതിയ സരണികൾ തുറക്കുന്നു, കണ്ടെത്തുന്നു. അവിന്ന് അങ്ങനെയാണ്, ഇത് ചെയ്യാൻ അവിടന്ന് നമ്മെ ഗലീലിയിലേക്ക് ക്ഷണിക്കുന്നു.
പുനരാരംഭം സദാ സാധ്യം
ഞാൻ നിങ്ങൾക്ക് പകർന്നുനല്കാൻ ആഗ്രഹിക്കുന്ന ആദ്യത്തെ ഉത്ഥാനവിളംബരം ഇതാ: എല്ലായ്പ്പോഴും വീണ്ടും തുടങ്ങാൻ സാധിക്കും, കാരണം നമ്മുടെ എല്ലാ പരാജയങ്ങൾക്കും അതീതമായി നമ്മിൽ വീണ്ടുമുണർത്താൻ ദൈവത്തിന് കഴിയുന്ന നവമായൊരു ജീവിതം എല്ലായ്പ്പോഴും ഉണ്ട്. നമ്മുടെ ഹൃദയത്തിൻറെ നാശാവശിഷ്ടങ്ങളിൽ നിന്ന് പോലും – അവനവൻറെ ഹൃദയത്തിൻറെ നാശാവശിഷ്ടങ്ങൾ എന്താണെന്ന് നമുക്കോരോരുത്തർക്കും അറിയാം – നമ്മുടെ ഹൃദയത്തിൻറെ അവശിഷ്ടങ്ങളിൽ നിന്ന് പോലും ഒരു കലാസൃഷ്ടിക്ക് രൂപം നല്കാൻ ദൈവത്തിന് കഴിയും, നമ്മുടെ തകർന്നടിഞ്ഞ മാനവികതയുടെ ശകലങ്ങളിൽ നിന്ന് പോലും ഒരു പുതിയ ചരിത്രം രചിക്കാൻ ദൈവത്തിനാകും. അവിടന്ന് സദാ നമുക്കു മുമ്പേ പോകുന്നു, അതായത്, കഷ്ടതയുടെയും നിരാനന്ദതയുടെയും മൃത്യുവിൻറെയും കുരിശിലും, അതുപോലെ തന്നെ ഉയിർത്തെഴുന്നേല്ക്കുന്നതായൊരു ജീവിതത്തിൻറെ മഹത്വത്തിലും, മാറുന്ന ഒരു ചരിത്രത്തിലും, പുനർജന്മംകൊള്ളുന്ന ഒരു പ്രത്യാശയിലും. വീണ്ടും തുടങ്ങാൻ, ഒരിക്കലും പ്രത്യാശ കൈവെടിയാതിരിക്കാൻ, പകർച്ചവ്യാധിയുടെ ഈ ഇരുണ്ട മാസങ്ങളിലും, ഉത്ഥിതനായ കർത്താവിൻറെ ക്ഷണം നാം കേൾക്കുന്നു.
നൂതന സരണികളിലൂടെ
ഗലീലിയിലേക്ക് പോകുക എന്നത്, രണ്ടാമതായി, പുതിയ വഴികളിലൂടെ ചരിക്കുക എന്നാണർത്ഥം. ശവകുടീരത്തിൻറെ വിപരീത ദിശയിലേക്ക് നീങ്ങുക എന്നതാണത്. സ്ത്രീകൾ യേശുവിനെ കല്ലറയിൽ തേടുന്നു, അതായത്, അവിടത്തോടൊപ്പം ആയിരുന്നപ്പോഴുണ്ടായതും എന്നാൽ ഇപ്പോൾ എന്നെന്നേക്കുമായി നഷ്ടപ്പെട്ടതുമായ അനുഭവങ്ങൾ ഓർമ്മിക്കാൻ അവർ അവിടെ പോയി. അവരുടെ ദുഃഖം പ്രകടിപ്പിക്കാൻ പോയി. മനോഹരവും എന്നാൽ അവസാനിച്ചതുമായ ഒരു വസ്തുതയുടെ ഓർമ്മയാചരണമായി ഭവിച്ച, ഓർമ്മിക്കാൻ മാത്രമുള്ള, ഒരു വിശ്വാസത്തിൻറെ പ്രതിച്ഛായ. യേശു ഭൂതകാലത്തിലെ ഒരു കഥാപാത്രം, ഇപ്പോൾ വളരെ അകലെയുള്ള കൗമാരക്കാലത്തെ ഒരു സുഹൃത്ത് ആയിരുന്നതു പോലെയും ബാല്യകാലത്ത് വേദം പാഠം പഠിച്ചിരുന്നപ്പോൾ, വളരെക്കാലം മുമ്പ് അരങ്ങേറിയ ഒരു സംഭവം എന്ന പോലെയുമുള്ള ഒരുതരം “ഓർമകളുടെ വിശ്വാസം” “പലരും – നമ്മളും ജീവിക്കുന്നു. ശീലങ്ങളും ഗതകാലസംഭവങ്ങളും ബാല്യകാലസുന്ദരസ്മരണകളും കൂടിച്ചേർന്ന ഒരു വിശ്വാസം. എന്നെ ഒട്ടും സ്പർശിക്കാത്തതും എനിക്ക് വെല്ലുവിളി ഉയർത്താത്തുമായ ഒരു വിശ്വാസം. എന്നാൽ ഗലീലിയിലേക്ക് പോകുകയെന്നതിൻറെ അർത്ഥം, പാതയിലേക്ക് വീണ്ടും പ്രവേശിച്ചാൽ മാത്രമെ വിശ്വാസം ജീവസുറ്റതാകുകയുള്ളു എന്ന് പഠിക്കുകയാണ്. യാത്രയുടെ ആരംഭത്തെ, ആദ്യകൂടിക്കാഴ്ച യുടെ വിസ്മയത്തെ അനുദിനം പുനരുജ്ജീവിപ്പിക്കണം. എല്ലാം അറിയാമെന്ന ഭാവം കൂടാതെയും ദൈവത്തിൻറെ വഴികളാൽ വിസ്മയപ്പെടുത്തപ്പെടാൻ തന്നെത്തന്നെ അനുവദിക്കുന്നവനുള്ള എളിമയോടുകൂടിയും സ്വയം സമർപ്പിക്കണം. ദൈവത്തിൻറെ വിസ്മയങ്ങളെ നാം ഭയപ്പെടുന്നു. ദൈവം നമ്മെ ആശ്ചര്യപ്പെടുത്തുന്നതിനെ നാം സാധരണ ഭീതിയോടെ കാണുന്നു. ആശ്ചര്യഭരിതരാകുന്നതിന് നമ്മെത്തന്നെ അനുവദിക്കാൻ ഇന്ന് കർത്താവ് നമ്മെ ക്ഷണിക്കുന്നു. ബാല്യകാലസ്മരണകളിൽ ദൈവത്തെ ഒതുക്കിനിറുത്താനാകില്ലെന്നും അവിടന്ന് ജീവിച്ചിരിക്കുകയും സദാ വിസ്മയപ്പെടുത്തുകയും ചെയ്യുന്നുവെന്നും മനസ്സിലാക്കുന്നതിന് നമുക്ക് ഗലീലിയിലേക്കു പോകാം. ഉത്ഥിതൻ നമ്മെ വിസ്മയത്തിലാഴ്ത്തുന്നതിന് അന്ത്യമില്ല.
വിശ്വാസം
ഇതാ രണ്ടാമത്തെ ഉത്ഥാനവിളംബരം: വിശ്വാസം ഭൂതകാലത്തിൻറെ ഒരു ശേഖരമല്ല, യേശു കാലഹരണപ്പെട്ട ഒരു കഥാപാത്രമല്ല. അവിടന്ന് ഇവിടെ, ഇപ്പോൾ, ജീവിച്ചിരിക്കുന്നു. അവിടന്ന് അനുദിനം നീ ജീവിക്കുന്ന അവസ്ഥകളിൽ, നീ നേരിടുന്ന പരീക്ഷണങ്ങളിൽ നിൻറെ ഉള്ളിലുള്ള സ്വപ്നങ്ങളിൽ നിന്നോടൊപ്പം സഞ്ചരിക്കുന്നു. ഇനി വഴികളൊന്നുമില്ലെന്ന് തോന്നുന്നിടത്ത് പുതിയ പാതകൾ തുറക്കുന്നു, വിലാപത്തിൻറെ എതിർദിശയിലേക്കു ചരിക്കാൻ നിന്നെ പ്രേരിപ്പിക്കുന്നു. സകലവും നഷ്ടപ്പെട്ടു എന്നു തോന്നുമ്പോൾ പോലും, ദയവുചെയ്ത്, പുതുമയിലേക്ക് വിസ്മയത്തോടുകൂടി നിന്നെത്തന്നെ തുറന്നിടുക. അത് നിന്നെ വിസ്മയത്തിലാഴ്ത്തും.
അതിരുകളിലേക്കുള്ള ഗമനം
ഇതിനുപുറമെ, ഗലീലിയിലേക്ക് പോകുക എന്നാൽ അതിരുകളിലേക്ക് പോകുക എന്നാണർത്ഥം. കാരണം ഗലീലി ഏറ്റവും വിദൂര സ്ഥലമാണ്: സംയോജിതവും വൈവിധ്യമാർന്നതുമായ ആ പ്രദേശത്ത് ജറുസലേമിൻറെ ആചാരപരമായ ശുദ്ധിയിൽ നിന്ന് വളരെ അകലം പാലിക്കുന്നവർ വസിക്കുന്നു. എന്നിട്ടും യേശു ദൈനംദിന ജീവിതം പ്രയാസത്തോടെ മുന്നോട്ടു കൊണ്ടുപോകുന്നവരെ, പരിത്യക്തരെ, ദുർബ്ബലരെ ദരിദ്രരെ സംബോധന ചെയ്തുകൊണ്ട്, അവിടെ നിന്ന് തൻറെ ദൗത്യം ആരംഭിച്ചു. ഇത് നിരാശപ്പട്ടയാളെയൊ നഷ്ടപ്പെട്ടുപോയതിനെയൊ മടുപ്പില്ലാതെ അന്വേഷിച്ചിറങ്ങുന്ന ദൈവത്തിൻറെ മുഖവും സാന്നിധ്യവും ആകുന്നതിനുവേണ്ടിയാണ്. അവിടന്ന് അസ്തിത്വത്തിൻറെ അതിരുകളിലേക്ക് നീങ്ങുന്നു, കാരണം അവിടത്തെ ദൃഷ്ടിയിൽ ആരും നിസാരനൊ, പരിത്യക്തനൊ അല്ല. അവിടേയ്ക്കു പോകാനാണ് ഉത്ഥിതൻ സ്വന്തം അനുയായികളോട് ആവശ്യപ്പെടുന്നത്. ഇന്നും അവിടന്ന് ഗലീലിയിലേക്ക് പോകാൻ ആവശ്യപ്പെടുന്നു, ഈ യഥാർത്ഥ “ഗലീലി” യിലേക്ക്. അത് ദൈനംദിന ജീവിതത്തിൻറെ വേദിയാണ്, അവ നമ്മൾ ദിവസവും സഞ്ചരിക്കുന്ന വഴികളാണ്, അവ കർത്താവ് നമുക്കു മുന്നേ പോകുകയും നമ്മുടെ അടുത്തുകൂടെ കടന്നുപോകുന്നവരുടെ ജീവിതത്തിലും സമയവും ഭവനവും തൊഴിലും കഷ്ടപ്പാടുകളും പ്രത്യാശകളും നമ്മോടു പങ്കുവയ്ക്കുന്നവരുടെ ജീവിതത്തിലും അവിടന്ന് സന്നിഹിതനായിരിക്കുകയും ചെയ്യുന്ന നമ്മുടെ നഗരങ്ങളുടെ കോണുകളാണ്. ഉയിർത്തെഴുന്നേറ്റവനെ നമ്മുടെ സഹോദരന്മാരുടെ മുഖത്തും, സ്വപ്നം കാണുന്നവരുടെ ആവേശത്തിലും, നിരുത്സാഹിതരുടെ പരാജയത്തിലും, സന്തോഷിക്കുന്നവരുടെ പുഞ്ചിരികളിലും, ദുരിതമനുഭവിക്കുന്നവരുടെ കണ്ണുനീരിലും, പ്രത്യേകിച്ച് പാർശ്വവത്കൃതരായ പാവപ്പെട്ടവരിലും നമുക്ക് കണ്ടെത്താൻ കഴിയുമെന്ന് ഗലീലിയിൽ നാം മനസ്സിലാക്കുന്നു. ദൈവത്തിൻറെ മഹത്വം ചെറിയവയിൽ എങ്ങനെ വെളിപ്പെടുന്നുവെന്നും അവിടത്തെ സൗന്ദര്യം സാധാരണക്കാരിലും ദരിദ്രനിലും എങ്ങനെ പ്രകാശിക്കുന്നുവെന്നും നാം ആശ്ചര്യപ്പെടും.
ഉത്ഥിതൻറെ അതിരറ്റ സ്നേഹം
അപ്പോൾ ഇതാ, ഉയിർപ്പിൻറെ മൂന്നാമത്തെ പ്രഖ്യാപനം: ഉയിർത്തെഴുന്നേറ്റ യേശു നമ്മെ സീമാതീതം സ്നേഹിക്കുകയും നമ്മുടെ ഓരോ ജീവിത സാഹചര്യത്തിലും സന്ദർശിക്കുകയും ചെയ്യുന്നു. ലോകത്തിൻറെ ഹൃദയത്തിൽ തൻറെ സാന്നിധ്യം നട്ടുപിടിപ്പിച്ച അവിടന്ന്, നാം ദൈനംദിന ജീവിതത്തിൻറെ കൃപ വീണ്ടും കണ്ടെത്തുന്നതിനു വേണ്ടി, പ്രതിബന്ധങ്ങളെ മറികടക്കുന്നതിനും മുൻവിധികളെ അതിജീവിക്കുന്നതിനും, ചുറ്റുമുള്ളവരെ അനുദിനം സമീപിക്കുന്നതിനും, നമ്മെയും ക്ഷണിക്കുന്നു. നമ്മുടെ ഗലീലിയിൽ, ദൈനംദിന ജീവിതത്തിൽ സന്നിഹിതനായ അവിടത്തെ നമുക്ക് തിരിച്ചറിയാം. അവിടത്തോടൊപ്പം ജീവിതം മാറും. കാരണം, എല്ലാ തോൽവികൾക്കും തിന്മയ്ക്കും അക്രമത്തിനും അപ്പുറം, എല്ലാ കഷ്ടപ്പാടുകൾക്കും മരണങ്ങൾക്കും അതീതമായി, ഉത്ഥിതൻ ജീവിക്കുകയും ചരിത്രത്തെ നയിക്കുകയും ചെയ്യുന്നു.
തിരുവുത്ഥാന വിളംബര വിസ്മയത്തിനു ഹൃദയം തുറന്നു കൊടുക്കുക
സഹോദരീ, സഹോദരാ, ഈ രാത്രിയിൽ നിങ്ങളുടെ ഹൃദയത്തിൽ ഒരു ഇരുണ്ട മണിക്കൂർ, ഇതുവരെ ഉദിച്ചിട്ടില്ലാത്ത ഒരു ദിവസം, കുഴിച്ചുമൂടിയ വെളിച്ചം, തകർന്ന സ്വപ്നം, ആണുള്ളതെങ്കിൽ പോയി തിരുവുത്ഥാന പ്രഖ്യാപനത്തിലുള്ള അത്ഭുതത്തോടെ ഹൃദയം തുറക്കുക: ” ഭയപ്പെടേണ്ടാ, അവൻ ഉയിർത്തെഴുന്നേറ്റു! അവൻ നിങ്ങളെ ഗലീലിയിൽ കാത്തിരിക്കുന്നു”. നിൻറെ പ്രതീക്ഷകൾ സഫലമാകാതിരിക്കില്ല, നിൻറെ കണ്ണുനീർ തുടയ്ക്കപ്പെടും, നിൻറെ ഭയത്തെ പ്രത്യാശ ജയിക്കും. കാരണം എന്താണെന്ന് നിനക്കറിയാമോ, കർത്താവ് എപ്പോഴും നിനക്കു മുമ്പേ പോകുന്നു, എല്ലായ്പ്പോഴും നിനക്കു മുന്നിൽ നടക്കുന്നു. അവിടത്തോടൊപ്പം, എല്ലായ്പ്പോഴും ജീവിതം വീണ്ടും ആരംഭിക്കുന്നു.
മരിയന് ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.