വെറോണിക്ക യേശുവിന്റെ തിരുമുഖം തുടച്ച സംഭവം വി. കാതറിന് എമിറിച്ചിന്റെ ദര്‍ശനത്തിലൂടെ
(വിശുദ്ധ ആൻ കാതറിൻ എമിറിച്ചിന്റെ ദർശനങ്ങളിൽ നിന്നുള്ള ഭാഗം)
കുരിശു യാത്ര മുന്നോട്ട് നീങ്ങിയപ്പോൾ ഇടതുവശത്തുള്ള മനോഹരമായ വീടിന്റെ വാതിൽ തുറന്നു കുലീനയായ ഒരു സ്ത്രീ കൊച്ചുപെൺകുട്ടിയുടെ കൈയ്ക്കു പിടിച്ച് ആ സഹനയാത്രയുടെ മുൻപിലേക്ക് നടന്നടുത്തു. ദേവാലയ ഉപദേശക സമിതി അംഗങ്ങളിൽ ഒരാൾ ആയ സിറാക്കിന്റെ ഭാര്യ സെറാഫിയ ആയിരുന്നു അത്. അവൾ ചെയ്ത ധീര കൃത്യത്തെ അനുസ്മരിപ്പിക്കുന്ന ‘യഥാർത്ഥ പ്രതിച്ഛായ’ എന്നർത്ഥം വരുന്ന വേറ, ഐക്കൺ എന്നീ വാക്കുകൾ കൂടിച്ചേർന്ന് ‘വേറോനിക്കാ’ എന്ന പേരിൽ പിൽക്കാലത്ത് അവൾ അറിയപ്പെട്ടു.
കാൽവരിയിലേക്കുള്ള ദുരിതപൂർണമായ യാത്രയിൽ യേശുവിന് ഒരു ആശ്വാസം പകരാമെന്ന പ്രതീക്ഷയോടെ യേശുവിന് നൽകുന്നതിനായി സുരഭിലമായ മേൽത്തരം വീഞ്ഞ് അവൾ കരുതിയിരുന്നു. വളരെനേരം തെരുവിൽ അവൾ കാത്തു നിന്നു. ഏകദേശം ഒമ്പത് വയസ്സ് തോന്നിക്കുന്ന അവളുടെ ദത്തുപുത്രിയായ പെൺകുട്ടിയുടെ കൈ പിടിച്ച് അവൾ നിൽക്കുകയായിരുന്നു. നീണ്ട മേലങ്കിയണിഞ്ഞ അവൾ കൈത്തണ്ടയിൽ ഒരു തൂവാല മടക്കി ഇട്ടിരുന്നു.
പട്ടാളക്കാരുടെയും വില്ലാളികളുടെയും ഇടയിൽ കൂടി നടന്നു യേശുവിന്റെ അടുത്തെത്തി മുട്ടുകുത്തി ‘എന്റെ നാഥന്റെ മുഖം തുടയ്ക്കുന്നതിന് അനുവദിക്കൂ’ എന്ന് പറഞ്ഞുകൊണ്ട് തൂവാല അവിടുത്തേക്ക് നൽകി. യേശു ഇടതുകൈകൊണ്ട് അത് വാങ്ങി രക്തമൊലിക്കുന്ന തന്റെ മുഖം തുടച്ച ശേഷം നന്ദി പറഞ്ഞ് തിരികെ കൊടുത്തു. പെൺകുട്ടി ഭീതിയോടെ കയ്യിലിരുന്ന വീഞ്ഞ് നൽകി. എന്നാൽ, അത് സ്വീകരിക്കുന്നതിന് പടയാളികൾ യേശുവിനെ അനുവദിച്ചില്ല. ഫരിസേയർ പ്രകോപിതരായി. യേശുവിന് പരസ്യമായി നൽകിയ ആദരവ് ഫരിസേയരോടുള്ള അനാദരവായി അവർ കണക്കാക്കി. അവിടുത്തെ പീഡിപ്പിച്ചും ശപിച്ചും അവർ അതിന് പക വീട്ടി.
സെറാഫിയ വേഗം അവളുടെ വീട്ടിലേക്ക് തിരികെ പോയി. മുറിയിൽ കയറി തൂവാല മേശപ്പുറത്ത് വെച്ചു ദുഃഖപരവശയായി അവൾ മുട്ടുകുത്തി. അപ്പോൾ അവളുടെ സുഹൃത്ത് യേശുവിന്റെ രക്തം പുരണ്ട മുഖം പതിഞ്ഞ തൂവാല മേശപ്പുറത്ത് ഇരിക്കുന്നത് കണ്ട് അത്ഭുതപ്പെട്ടു. അവൾ സെറാഫിയയെ തട്ടിവിളിച്ചു തൂവാല ചൂണ്ടിക്കാണിച്ചു. അവൾ സന്തോഷാധിക്യത്താൽ ആശ്ചര്യ ഭരിതയായി പറഞ്ഞു:”എന്റെ നാഥൻ ഒരു സ്മാരകം എനിക്ക് തന്നിരിക്കുന്നു”.
മുറിവേറ്റവരും ക്ഷീണിതരും രോഗികളുമായിട്ടുള്ളവരോട് സഹാനുഭൂതിയും ദയയും പ്രകടിപ്പിക്കുന്നതിന് ഇത്തരം തൂവാല നൽകുന്നതും അത് വാങ്ങി മുഖം തുടയ്ക്കുന്നതും അവരുടെ ഒരു രീതിയായിരുന്നു. അവളത് പരിശുദ്ധ മറിയത്തിനും കാലാന്തരത്തിൽ അപ്പസ്തോലൻമാർക്കും അവസാനം സഭയ്ക്കും കൈമാറി. അറിമത്തിയക്കാരൻ ജോസഫ്, നിക്കോദേമോസ് എന്നിവരുടെ പ്രേരണയാൽ യേശുവിനെ പിന്തുടർന്ന ആളായിരുന്നു സിറാക്ക്. പരിശുദ്ധ മറിയത്തെക്കാൾ അഞ്ചുവയസ്സ് എങ്കിലും പ്രായക്കൂടുതലുള്ള സെറഫിയ അവരുടെ ബന്ധുവും ആയിരുന്നു.മേരിയും ജോസഫുമായുള്ള വിവാഹവേളയിലും സെറഫിയ സന്നിഹിതയായിരുന്നു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.