തന്റെ ഹൃദയത്തിന്റെ മുഴുവന്‍ ആനന്ദവും ഈശോയാണെന്ന് വി. യൗസേപ്പിതാവ് പറഞ്ഞതെന്തുകൊണ്ട് എന്നറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-145/200
ഈശോയും മാതാവും നിശ്ചയമായും ജോസഫിന്റെ ആശ്വാസത്തിന്റെ ഉറവിടമായിരുന്നു എപ്പോഴെങ്കിലും അസ്വസ്ഥനായാല്‍ അവരുടെ മുഖത്തേക്ക് ഒന്നു നോക്കിയാല്‍ മതി ആശ്വാസവും സമാധാനവും കൊണ്ട് ഹൃദയം നിറഞ്ഞുകവിയും. തന്മൂലം മറിയത്തിന്റെയും ഈശോയുടെയും കണ്ണുകളില്‍ നോക്കുന്നതിനേക്കാള്‍ മഹത്തായി ഈ ലോകജീവിതത്തില്‍ മറ്റൊന്നിനും അവന്‍ വിലകല്പിച്ചില്ല. മറ്റു കാര്യങ്ങളിലൊന്നും ജോസഫ് സമാധാനം കണ്ടെത്തിയില്ല; ഒന്നിനും അതില്‍നിന്ന് അവനെ പിന്‍തിരിപ്പിക്കാനോ സ്വാധീനിക്കാനോ കഴിഞ്ഞില്ല. കാരണം, അവന്റെ സ്‌നേഹം പൂര്‍ണ്ണമായും ഈശോയിലും മറിയത്തിലും കേന്ദ്രീകരിച്ചിരുന്നു. അവന്റെ ആനന്ദം ഈശോയെയും മാതാവിനെയും നോക്കുന്നതില്‍നിന്നാണ് ആവിര്‍ഭവിച്ചിരുന്നത്. അതിന്റെ മുമ്പില്‍ മറ്റുള്ളതെല്ലാം നിസ്സാരങ്ങളായിരുന്നു. തീര്‍ച്ചയായും അത് അങ്ങനെതന്നെയായിരുന്നു. കാരണം, മറിയത്തിലും ഈശോയിലും കൃപയുടെ പൂര്‍ണ്ണതയുണ്ടായിരുന്നു എന്നും ഈശോ ദൈവമായിരുന്നു എന്നും ജോസഫിന് നന്നായി അറിയാമായിരുന്നു.
തികഞ്ഞ ആനന്ദത്തോടും ഭക്തിയോടുംകൂടിയാണ് വിശുദ്ധ ജോസഫ് മാതാവിനോടും ഈശോയോടുംകൂടി കീര്‍ത്തനങ്ങള്‍ പാടി കര്‍ത്താവിനെ ആരാധിച്ചത്. പിന്നീട് ഉപജീവനത്തിന് ആവശ്യമായവ സംഘടിപ്പിക്കേണ്ടതിനായി മാതാവിന്റെയും ഈശോയുടെയും അനുവാദത്തോടെ ജോസഫ് ഗ്രാമത്തിലേക്കു തിരിച്ചു. വിചാരിച്ചതിലും വേഗം ഒരു ജോലി ലഭിച്ചു. വിശുദ്ധ സ്വര്‍ഗ്ഗത്തില്‍ നിന്നു ദൈവം കനിഞ്ഞനുഗ്രഹിച്ചു നല്‍കിയ കാരുണ്യത്തിന് നന്ദി പറഞ്ഞു. ജോസഫിനെ മുമ്പു പരിചയമുണ്ടായിരുന്ന നല്ലവരായ ആ നാട്ടുകാരില്‍ നിന്നു വളരെ നല്ല പ്രതികരണമാണ് ലഭിച്ചത്. അവന്‍ തിരിച്ചുവന്നതില്‍ അവര്‍ക്ക് വലിയ സന്തോഷമുണ്ടായി.
ഇക്കാലമത്രയും എവിടെയാണ് താമസിച്ചിരുന്നത് എന്നും മറ്റും അവര്‍ താത്പര്യപൂര്‍വ്വം തിരക്കി. ഉണ്ണീശോയെ സംരക്ഷിക്കാന്‍ ദൈവത്തിന്റെ പ്രത്യേക പരിപാലന എവിടെ ഒരുക്കപ്പെട്ടിരുന്നുവോ അവിടേക്കു ഞങ്ങള്‍ നയിക്കപ്പെട്ടു എന്നുമാത്രം ജോസഫ് മറുപടി പറഞ്ഞു. ജോസഫ് വളരെ ഗൗരവത്തോടെ പറഞ്ഞു, ഹേറോദേസിന്റെ ക്രോധത്തില്‍ നിന്നു തന്റെ മകനെ രക്ഷിക്കാന്‍ ഈ ദുരിതങ്ങളും അധര്‍മ്മങ്ങളും സഹിക്കേണ്ടിവന്നു. അതുകേട്ടപ്പോള്‍ ആ മനുഷ്യര്‍ക്ക് വലിയ സന്തോഷമായി. ഹേറോദേസില്‍നിന്ന് എന്നല്ല തുടര്‍ന്നുണ്ടായ അനുഭവങ്ങളും ഒട്ടും വ്യത്യസ്തമായിരുന്നില്ല.
കുറച്ച് അത്യാവശ്യ സാധനങ്ങളൊക്കെ വാങ്ങിക്കൊണ്ടു സന്തോഷത്തോടെ ജോസഫ് വീട്ടിലേക്കു തിരിച്ചുവന്നു. ദൈവം തന്നോടു കാണിച്ച കാരുണ്യത്തിന് നന്ദി പറയുകയും ചെയ്തു. വീട്ടില്‍ ഈശോ മാതാവിനോട് സംസാരിച്ചുകൊണ്ടിരിക്കുന്നതാണ് ജോസഫ് കണ്ടത്. ജോസഫ് വരുന്നതു കണ്ടയുടനെ, ഈജിപ്തിലായിരുന്നപ്പോള്‍ ചെയ്യാറുള്ളതുപോലെ, ഈശോ ഓടിച്ചെന്നു ജോസഫിനെ കെട്ടിപ്പിടിച്ച് സ്വാഗതം ചെയ്തു. കൊച്ചുകുട്ടിയെപ്പോലെ താലോലിച്ചുകൊണ്ട് ജോസഫിനെ കൈയ്ക്കു പിടിച്ച് മാതാവിന്റെ അടുക്കലേക്ക് ആനയിച്ചു. എന്നിട്ടു പറഞ്ഞു: ‘അമ്മേ, നോക്കിക്കേ, അപ്പന്‍ എന്തൊക്കെയാണ് നമുക്കാ വാങ്ങിക്കൊണ്ടു വന്നിരിക്കുന്നത്!’ ഈശോയുടെ സ്‌നേഹാര്‍ദ്രമായ സംസാരവും പെരുമാറ്റവും കണ്ട് സന്തോഷഭരിതനായി ജോസഫിന്റെ കണ്ണുകള്‍ നിറഞ്ഞ കവിഞ്ഞു. ഹൃദയത്തിന്റെ അഗാധത്തില്‍ നിന്ന് ജോസഫ് പറഞ്ഞു: ‘എന്റെ ഈശോയെ, എന്റെ മകനേ, നീയാണ് എന്റെ ഹൃദയത്തിന്റെ മുഴുവന്‍ ആനന്ദവും!’
്മറിയം വളരെ നന്ദിയോടും സന്തോഷത്തോടുംകൂടി ജോസഫിനെ സ്വീകരിച്ചു. തങ്ങള്‍ക്കുവേണ്ടി ചെയ്ത കഷ്ടപ്പാടിനെ ഓര്‍ത്തു മറിയം സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. മറിയത്തോടും ഈശോയോടുമുള്ള സ്‌നേഹഭാവങ്ങളെല്ലാം ശരീരത്തില്‍നിന്നു വിയര്‍പ്പു പൊടിയുന്നതുപോലെ ജോസഫിന്റെ മുഖത്തു പ്രകടമായിരുന്നു. അതിനുശേഷം അവര്‍ ദൈവത്തെ സ്തുതിച്ചു. സ്വര്‍ഗ്ഗീയ പിതാവിന്റെ ഔദാര്യത്തെ പ്രകീര്‍ത്തിച്ചു.
(തുടരും)
വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന
ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ. ആമ്മേന്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.