സ്വവര്‍ഗ്ഗാനുരാഗികളുടെ വിവാഹത്തിന് കൗദാശികമായ ആശീര്‍വാദം നല്കുവാന് കഴിയില്ലെന്ന് വത്തിക്കാന്‍
അഭ്യൂഹങ്ങള്‍ക്കും വ്യാജ പ്രചാരണങ്ങള്‍ക്കും വിരാമമിട്ടു സ്വവര്‍ഗ്ഗവിവാഹം സംബന്ധിച്ച സഭാ നിലപാട് വ്യക്തമാക്കി വത്തിക്കാന്‍ വിശ്വാസ തിരുസംഘത്തിന്റെ ഔദ്യോഗിക വിശദീകരണ കുറിപ്പ് പുറത്ത്. സ്വവര്‍ഗ്ഗാനുരാഗികളുടെ വിവാഹത്തിന് കൗദാശികമായ ആശീര്‍വാദം നല്കുവാന് കഴിയില്ലെന്ന് വിശ്വാസ തിരുസംഘം വ്യക്തമാക്കി.
ഫ്രാന്‍സിസ് പാപ്പയുടെ അംഗീകാരത്തോടെയുള്ള ഈ പ്രതികരണം ആരോടുമുള്ള വിവേചനമല്ലെന്നും, സ്വവര്‍ഗ്ഗാനുരാഗികളായ വ്യക്തികളോടുള്ള നിഷേധമല്ലെന്നും, മറിച്ച് കൗദാശിക സത്യങ്ങളുടെ ഓര്‍മ്മപ്പെടുത്തലാണെന്നും തിരുസംഘം അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ലൂയിസ് ലഡാരിയയും, സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് ഗിയാക്കൊമോ മൊറാണ്ടിയും ഒപ്പിട്ട വിശദീകരണത്തില്‍ പറയുന്നു. ഫ്രാന്സിസികോ’ എന്ന പേരില്‍ നിര്‍മ്മിച്ച ഡോക്യുമെന്ററിയെ ഉദ്ധരിച്ച് സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ പരസ്യമായി പിന്തുണയറിയിച്ചു എന്ന തരത്തില്‍ പ്രചരണം അടുത്ത കാലത്ത് ശക്തമായിരിന്നു. ഇതിനുള്ള മറുപടി കൂടിയായാണ് വിശ്വാസ തിരുസംഘത്തിന്റെ പ്രസ്താവനയെ നിരീക്ഷിക്കുന്നത്.
ആശീര്‍വാദങ്ങള്‍ കൗദാശികമാണെന്നും അതിനാല്‍ മനുഷ്യ ബന്ധങ്ങളെ ആശീര്വദിക്കുമ്പോള് കൂദാശകളുടെ സ്വഭാവവുമായി പൊരുത്തപ്പെടുന്നതിനായി ബന്ധത്തില്‍ ഉള്‍പ്പെടുന്നവരുടെ ഉദ്ദേശ്യശുദ്ധിക്ക് പുറമേ, ആശീര്‍വദിക്കപ്പെടുന്ന കാര്യം സൃഷ്ടിയില്‍ ആലേഖനം ചെയ്യപ്പെട്ടതും കര്‍ത്താവായ ക്രിസ്തുവിനാല്‍ പൂര്‍ണ്ണമായും വെളിപ്പെട്ടതുമായ മഹത്വത്തെ സ്വീകരിക്കുവാനും ഉറപ്പുവരുത്തേണ്ടത് ആവശ്യമാണെന്നും തിരുസംഘം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.