സഭ എന്തിന് വേണ്ടി വിലപിക്കണം? ഫ്രാന്‍സിസ് പാപ്പാ പറയുന്നു

ദുരിതമനുഭവിക്കുന്ന യുവജനങ്ങളെ പ്രതി കരയണം

നമ്മുടെ ചെറുപ്പക്കാരുടെ ഈ ദുരന്തങ്ങൾക്ക് മുൻപിൽ വിലാപമുതിർക്കാൻ കഴിവില്ലാത്തവരായി നാം മാറാതിരിക്കട്ടെ. അവരോടു നാം ഒരിക്കലും നിസ്സംഗരാകാതിരിക്കട്ടെ. കണ്ണീരില്ലാത്തവൾ അമ്മയല്ലല്ലോ. സമൂഹം തന്നെ കൂടുതൽ മാതൃഭാവം സ്വന്തമാക്കാൻ വേണ്ടിയാണ് സഭ കരയേണ്ടത്. അങ്ങനെ, കൊല്ലുന്നതിനു പകരം ജീവൻ നൽകുന്നതിന്, ജീവൻ വാഗ്ദാനമായിത്തീരുന്നതിനു സമൂഹത്തിന് സാധിക്കണം.  ദാരിദ്ര്യവും, അക്രമവും മൂലം ജീവൻ നഷ്ടപ്പെട്ടു കഴിഞ്ഞ ആ ചെറുപ്പക്കാരെയെല്ലാം ഓർക്കുമ്പോൾ നാം കരയുകയാണ്.  ഒപ്പം സമൂഹത്തോടു കരുതലുള്ള ഒരു അമ്മയാകാൻ നാം ആവശ്യപ്പെടുകയും ചെയ്യുന്നു. ഈ വേദനയൊന്നും മാറിപ്പോകില്ല. അത് നമ്മോടൊപ്പം നിലനിൽക്കും. കാരണം പരുക്കൻ യാഥാർഥ്യങ്ങളെ മറച്ചുവയ്ക്കാനാവില്ല. അപ്രസക്തമായ സന്ദേശങ്ങൾ കൊണ്ടും പല വിചാരങ്ങൾ കൊണ്ടും നിസ്സാര ആഭിമുഖ്യങ്ങൾ കൊണ്ടും ചെറുപ്പക്കാരെ പ്രജ്ഞയറ്റവരാക്കുക എന്ന ലളിത പരിഹാരം മാത്രം കൈവശമുള്ള ലൗകിക ചൈതന്യം എടുത്തണിയുക എന്നതാണ് നമുക്ക് സംഭവിക്കാവുന്ന ഏറ്റവും മോശപ്പെട്ട കാര്യം. (കടപ്പാട്. പി.ഒ.സി. പ്രസിദ്ധീകരണം).

പാർശ്വവൽക്കരിക്കപ്പെടുന്ന യുവജനങ്ങൾ

മതം, വംശം, സമ്പത്ത് തുടങ്ങി നിരവധി കാരണങ്ങളുടെ പേരിൽ പാർശ്വവൽക്കരിക്കപ്പെടുന്ന യുവജനങ്ങളുടെ ജീവിതങ്ങളെ കാണുമ്പോൾ അവയെ ഓർത്ത് കരയാൻ കഴിവില്ലാത്തവരായി മാറരുതെന്ന് പാപ്പാ ആഹ്വാനം ചെയ്യുന്നു. കൂടാതെ അപ്പം ഇല്ലാതെ വിശന്നു കഴിയുന്ന കുട്ടികളെയും, കൗമാര പ്രായത്തിൽതന്നെ ഗർഭിണികളാക്കപ്പെടുന്ന പെൺകുഞ്ഞുങ്ങളെയും മയക്കുമരുന്നിന്റെയും അശ്ലീലലോകത്തിന്റെയും അടിമത്തത്തിൽ കഴിയുന്നവരെയും കാണുമ്പോൾ കണ്ണും, കാതുമടച്ച് നിസ്സംഗരാകാതിരിക്കണമെന്നും പാപ്പാ പ്രബോധിപ്പിക്കുന്നു.  അതിന് സഭാ മക്കളായ നമുക്ക് മാതൃഭാവം ആവശ്യമാണെന്ന് ചൂണ്ടിക്കാണിക്കുന്ന പാപ്പാ കണ്ണീരില്ലാത്തവൾ അമ്മയല്ലല്ലോ എന്ന് ചോദ്യമുന്നയിക്കുകയും ചെയ്യുന്നു. നാമായിരിക്കുന്ന ഈ സമൂഹം ഒരു അമ്മയായി, കൂടുതൽ മാതൃഭാവത്തോടെയായിരിക്കാൻ വേണ്ടി സഭ കരയണമെന്നും പാപ്പാ ആവശ്യപ്പെടുന്നു.

നാം ജീവിക്കുന്ന ഇന്നത്തെ ലോകത്തെ നോക്കി കരയാൻ നമുക്ക് കാരണങ്ങൾ ഏറെയുണ്ട്. ലോകത്തിന്റെ ഒരു അതിർത്തി മുതൽ മറ്റേ അതിർത്തിവരെ എല്ലാ ഭാഗങ്ങളിലേക്കും തന്റെ വിഷം ചീറ്റി അനേകായിരങ്ങളെ കൊന്നൊടുക്കുന്ന കൊറോണായും, അത് വിതയ്ക്കുന്ന ദാരിദ്യവും, പട്ടിണിയും, തൊഴിലില്ലായ്മയും, സാമ്പത്തിക പ്രതിസന്ധിയുമെല്ലാം മനുഷ്യവംശത്തിനേറ്റ ക്ഷതങ്ങളാണ്. കൊറോണാ എന്ന മാരക വൈറസിന്റെ വിഷബാധയേറ്റ് മനുഷ്യർ മരിച്ചുവീഴുമ്പോൾ നൂറ്റാണ്ടുകളായി തുടരുന്ന യുദ്ധം, കലാപം, പ്രകൃതിക്ഷോഭം, രാഷ്ട്രീയ അഴിമതി, അധികാര ദുർവിനിയോഗം, സ്ത്രീകൾക്കെതിരെ തുടരുന്ന ആക്രമണങ്ങൾ, ബാലപീഡനങ്ങൾ, കുടിയേറ്റം തുടങ്ങി നിരവധി മഹാമാരികൾ മനുഷ്യ ജീവിതത്തെ കൂടുതൽ വികൃതമാക്കുന്നു. ഈ ദുരിതങ്ങൾ സഭയുടെയും സമൂഹത്തിന്റെയും വർത്തമാനവും ഭാവിയുമെന്ന് പാപ്പാ വിശേഷിപ്പിക്കുന്ന യുവജനങ്ങൾക്ക് അവരുടെ ജീവിത ലക്ഷ്യത്തിലെത്താൻ തടസ്സം നിൽക്കുന്ന വൻമതിലുകളാണ്. അവരുടെ സ്വപ്നങ്ങൾക്ക് തടവറ സൃഷ്ടിക്കുന്ന വൻമതിലുകൾ.  ഇത്തരം ദുരവസ്ഥയിൽ നിസ്സഹായരായി കഴിയുന്ന യുവജനങ്ങളെ ഓർത്തു കരയാൻ നമുക്ക് കഴിയണം എന്ന് പറയുന്ന പാപ്പാ ഈ സമൂഹവും അതിൽ ഉൾപ്പെടുന്ന യുവജനങ്ങളും അനുഭവിക്കുന്ന ദുരന്തങ്ങൾ മാഞ്ഞ് പോകുകയില്ല എന്നും അത് നമ്മോടൊപ്പം നിലനിൽക്കുമെന്നും ഓർമ്മിപ്പിക്കുന്നു. മനുഷ്യർക്ക് ലഭിക്കുന്ന പരുക്കൻ യാഥാർഥ്യങ്ങളെ ആർക്കും മറച്ചു വെയ്ക്കാനാവില്ലെന്നും പരുക്കൻ യാഥാർത്ഥ്യങ്ങളോടു മല്ലിടുന്ന ജീവിതങ്ങൾക്ക് സമൂഹം ഒരമ്മയുടെ സ്നേഹം നൽകണമെന്നും പറഞ്ഞുകൊണ്ട് ദാരിദ്ര്യം, ആക്രമണം എന്നിവയാൽ ജീവൻ നഷ്ടപ്പെട്ടവരെ ഓർത്തുള്ള തന്റെ വേദന പാപ്പാ നമ്മോടു പങ്കുവയ്ക്കുന്നു.

ദൈവത്തിന്റേത് അമ്മമനസ്സ്

ദൈവത്തിന്റേത് അമ്മമനസ്സാണ് എന്നുകാണിക്കുന്ന തിരുവചനങ്ങൾ നിരവധി കണ്ടെത്താൻ നമുക്ക് കഴിയും. ദൈവം തന്നെ ഉപേക്ഷിച്ചു എന്ന് പറഞ്ഞ സീയോനോടു “മുലകുടിക്കുന്ന കുഞ്ഞിനെ അമ്മയ്ക്ക് മറക്കാനാകുമോ? പുത്രനോടു പെറ്റമ്മ കരുണ കാണിക്കാതിരിക്കുമോ? അവൾ മറന്നാലും ഞാൻ നിന്നെ മറക്കുകയില്ല.”(ഏശ.19:14-15) എന്നുപറഞ്ഞ് പെറ്റമ്മയെക്കാളും സ്നേഹിക്കുന്ന ദൈവത്തെ  വെളിപ്പെടുത്തുന്നു. മോശ ദൈവത്തിന്റെ മാതൃസഹജമായ സ്നേഹത്തെ അവതരിപ്പിക്കുന്നതും നമുക്ക് നിയമ. 32:10 -11 വാക്യങ്ങളിൽ കാണാം. “അവിടുന്ന് അവനെ മരുഭൂമിയിൽ ശൂന്യത ഓരിയിടുന്ന മണലാരണ്യത്തിൽ കണ്ടെത്തി അവനെ വാരിപ്പുണർന്നു. താൽപര്യപൂർവം പരിചരിച്ച് തന്റെ കണ്ണിലുണ്ണിയായി സൂക്ഷിച്ചു. കൂട് ചലിപ്പിക്കുകയും കുഞ്ഞുങ്ങളുടെ മുകളിൽ ചിറകടിക്കുകയും വിരിച്ച ചിറകുകളിൽ കുഞ്ഞുങ്ങളെ വഹിക്കുകയും ചെയ്യുന്ന കഴുകനെപോലെ അവനെ നയിച്ചത് കർത്താവാണ്.” പുതിയ നിയമത്തിൽ “ജെറുസലേം, ജെറുസലേം പിടകോഴി കുഞ്ഞുങ്ങളെ ചിറകുകൾക്കുള്ളിൽ കാത്തു കൊള്ളുന്നത് പോലെ നിന്റെ സന്തതികളെ ഒരുമിച്ചു കൂട്ടാൻ ഞാൻ എത്രയോ പ്രാവശ്യം ആഗ്രഹിച്ചു.” (മത്താ.23 :37) എന്ന് യേശു ജെറുസലേം ഭവനത്തെ നോക്കി കരയുന്നതും ദൈവത്തിന്റെ അമ്മ മനസ്സിന്റെ തന്നെ തരംഗങ്ങളാണ്. ജീവിതത്തിന്റെ സ്വപ്നങ്ങൾ തകിടം മറിഞ്ഞ് നിരാശയുടെ മുന്നിൽ ഉപേക്ഷിച്ച വലകളുമായി കടലിൽ മീൻപിടിച്ച് അദ്ധ്വാനിച്ച് തളർന്നു  പോയ ശിഷ്യരെ നോക്കി ക്രിസ്തു “കുഞ്ഞുങ്ങളെ നിങ്ങളുടെ അടുക്കൽ മീൻ വല്ലതുമുണ്ടോ”(യോഹ. 21:4) എന്ന് ചോദിക്കുകയും അവർക്ക് ഭക്ഷണം ഒരുക്കി “വന്ന് പ്രാതൽ കഴിക്കുവി൯” എന്ന് ആവശ്യപ്പെടുകയും ചെയ്യുമ്പോഴും അതിലൊളിഞ്ഞിരിക്കുന്ന മനസ്സും പ്രവർത്തിയും അമ്മയുടേതല്ലാതെ മറ്റെന്താകാനാണ്.

വേദനിക്കുന്നവരോടും തന്നെ വേദനിപ്പിച്ചവരോടും അമ്മ മനസ്സോടെ സ്നേഹിക്കുന്ന ക്രിസ്തുവിന്റെ മൗതീക ശരീരമാണ് സഭയെങ്കിൽ ശിരസ്സായ ക്രിസ്തുവിന്റെ ഈ അമ്മ മനസ്സ് നമ്മൾ സൂക്ഷിക്കണമെന്ന സത്യത്തെ നാം തിരിച്ചറിഞ്ഞ് ആ മനസ്സോടെ വേദനിക്കുന്നവരുടെ അടുത്തേക്ക് നാം ചെല്ലണം. അപ്പോൾ നമ്മുടെ ഹൃദയത്തിൽ അലിവിന്റെ നീർച്ചാലുകൾ പൊട്ടിപ്പുറപ്പെടും, നമുക്ക് കരയുവാൻ കഴിയും.

എന്തുകൊണ്ടാണ് ദുരിത മുഖത്ത് നിൽക്കുന്നവരുടെ മുന്നിൽ കരയണം എന്ന് പറയുന്നത്. കാരണം ചിരിക്കുന്നവരുടെ സന്തോഷങ്ങളെക്കാൾ ഇന്ന് കരയുന്നവരുടെ നിലവിളിയാണ് ഭൂമി കേട്ടുകൊണ്ടിരിക്കുന്നത്. ഇന്നത്തെ ലോകത്തിൽ ദുർബ്ബലരായവരെ തഴയുന്ന സംസ്കാരം കൂടുതൽ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നു. മേൽത്തരം ജീവിതം, ആഡംബരം, ധനം, സൗകര്യങ്ങൾ എല്ലാം ഭരണകർത്താക്കളുടെയും, വൻകമ്പനികളുടെയും കൈവശമാണ്. അവകാശങ്ങൾ, സമ്പത്ത് എല്ലാം ഉള്ളവനിലേക്ക് അന്യായമായി എടുത്തു വയ്ക്കപ്പെടുന്നു.  സ്വന്തം അവകാശങ്ങൾ പറിച്ചെടുക്കുമ്പോൾ തടയാൻ പോലും പറ്റാത്ത അവസ്ഥയിൽ ദുർബ്ബലരായവർ നിസ്സഹായരായിരിക്കുന്നു.  നാം ശേഖരിച്ചു കൂട്ടിവയ്ക്കുന്നവ നമ്മുടെ ആവശ്യത്തെക്കാൾ കൂടുതലാണെങ്കിൽ അവ അന്യന്റെ അവകാശത്തി൯ മേലുള്ള  കടന്നുകയറ്റമാണെന്ന് ഒരവസരത്തിൽ  തന്റെ പ്രഭാഷണത്തിൽ പാപ്പാ സൂചിപ്പിച്ചു. അങ്ങനെയെങ്കിൽ നാം  ആർത്തിയോടെ  സ്വന്തമാക്കിയിരിക്കുന്നവ അപരനും കൂടി ഉപകരിക്കുന്നില്ലെങ്കിൽ അതിന്റെ ധർമ്മം മൃതിയടഞ്ഞു എന്നുവേണം കരുതാൻ.

വ്യക്തിമാഹാത്മ്യവാദത്തിൽ നിന്നും പുറത്ത് വരാം

“അപ്രസക്തമായ സന്തോഷങ്ങൾ കൊണ്ടും പല വിചാരങ്ങൾ കൊണ്ടും നിസ്സാര ആഭിമുഖ്യം കൊണ്ടും ചെറുപ്പക്കാരെ പ്രജ്ഞയറ്റവരാക്കുക എന്ന ലളിത പരിഹാരം മാത്രം കൈവശമുള്ള ലൗകിക ചൈതന്യം എടുത്തണിയുക എന്നതാണ് നമുക്ക് സംഭവിക്കാവുന്ന ഏറ്റവും മോശപ്പെട്ട കാര്യം എന്ന് പാപ്പാ പ്രബോധിപ്പിക്കുന്നു. അതിന്റെ അർത്ഥം നാം മനസ്സിലാക്കിയാൽ നമുക്ക് ചുറ്റും ജീവിക്കുന്ന യുവജന ജീവിതങ്ങളെ നമുക്ക് സഹായിക്കാൻ കഴിയും. ചുറ്റിലും നമ്മുടെ പ്രിയപ്പെട്ടവർ നിറഞ്ഞുനിൽക്കുന്നുണ്ടെങ്കിലും, സമ്പത്തും സൗഭാഗ്യവും, സുരക്ഷയും, സുഭിക്ഷതയും നിറഞ്ഞ ജീവിതമാണെങ്കിലും നമുക്ക് വേണ്ടി നമുക്ക് കരയാൻ കാരണങ്ങൾ ഏറെയുണ്ട്.

വ്യക്തിമാഹാത്മ്യവാദത്തിന് അടിമപ്പെട്ടിരിക്കുന്ന നമുക്ക് മറ്റുള്ളവരെ ഓർക്കാനും അവരുടെ വേദനകളെ തിരിച്ചറിയാനും സാധിക്കാത്ത വിധം നമ്മുടെ മനസ്സിലും കണ്ണിലും മനസ്സാക്ഷിയിലും തിമിരം ബാധിച്ചിരിക്കുന്നു. അതുകൊണ്ടാണ് കഷ്ടത അനുഭവിക്കുന്നവരെ കാണുമ്പോൾ നമ്മുടെ കണ്ണുകൾ നനയാത്ത മരുഭൂമി പോലെ വരണ്ടിരിക്കുന്നത്.

തപസ്സു കാലത്തിന്റെ പവിത്രതയിലാണല്ലോ നാം ജീവിക്കുന്നത് ഇപ്പോൾ. ജോയേൽ പ്രവാചകൻ 2:13ൽ പറയുന്നതുപോലെ “നിങ്ങളുടെ ഹൃദയമാണ് വസ്ത്രമല്ല കീറേണ്ടത്” എന്ന വചനം നമുക്ക് ആഴത്തിൽ ധ്യാനിക്കാം. ഒപ്പം അവസാന വിധിയെ കുറിച്ച് പറയുന്ന ഈശോയുടെ വാക്കുകളെയും അനുസ്മരിക്കാം. “എനിക്ക് വിശന്നു; നിങ്ങൾ ആഹാരം തന്നില്ല. എനിക്ക് ദാഹിച്ചു; നിങ്ങൾ കുടിക്കാൻ തന്നില്ല. ഞാൻ പരദേശിയായിരുന്നു; നിങ്ങളെന്നെ സ്വീകരിച്ചില്ല. ഞാൻ നഗ്നനായിരുന്നു; നിങ്ങൾ എന്നെ ഉടുപ്പിച്ചില്ല. ഞാൻ രോഗാവസ്ഥയിലും കാരാഗൃഹത്തിലുമായിരുന്നു;  നിങ്ങൾ എന്നെ സന്ദർശിച്ചില്ല. അപ്പോൾ അവർ ചോദിക്കും, കർത്താവേ ഞങ്ങൾ നിന്നെ വിശക്കുന്നവനോ ദാഹിക്കുന്നവനോ

പരദേശിയോ, നഗ്നനോ, രോഗിയോ, കാരാഗൃഹത്തിൽ കഴിയുന്നവനോയായി കണ്ടതും നിനക്കു ശുശ്രൂഷ ചെയ്യാതിരുന്നതും എപ്പോൾ? അപ്പോൾ അവൻ മറുപടി പറയും. സത്യമായി ഞാൻ നിങ്ങളോടു പറയുന്നു ഈ ഏറ്റവും എളിയവരിൽ ഒരുവന് നിങ്ങൾ ഇത്  ചെയ്യാതിരുന്നപ്പോൾ എനിക്ക് തന്നെയാണ്  ചെയ്യാതിരുന്നത്. നീതിമാന്മാർ നിത്യജീവനിലേക്ക് പ്രവേശിക്കുന്നു. (മത്താ. 25: 42 46).


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles