ജനാലച്ചില്ലില്‍ മരിയന്‍ രൂപം കാണപ്പെട്ട അത്ഭുതം
ഓസ്ട്രിയയിലെ ഇന്‍സ്ബ്രുക്കിലുള്ള ഒരു മുനിസിപ്പാലിറ്റിയാണ് അബ്സാം. ഇവിടെയുള്ള വി. മിഖായേലിന്റെ നാമധേയത്തിലുള്ള ബസിലിക്ക പ്രസിദ്ധമാണ്. അതു പോലെ പ്രസിദ്ധമാണ് അബ്സാമിലെ മരിയന്‍ കപ്പേളയും. ഗ്ലാസില്‍ പൊതിഞ്ഞിട്ടുള്ള ലോകത്തിലെ ഏക മരിയന്‍ കപ്പേളയാണിത്. പതിനെട്ടാം നൂറ്റാണ്ടില്‍ നടന്ന സംഭവമാണ് ഇവിടത്തെ മരിയഭക്തിക്ക് നിദാനം.
1797 ലെ ഒരു മഞ്ഞുകാലദിനത്തില് റോസിന ബുക്കര്‍ എന്ന ഒരു പെണ്‍കുട്ടി അബ്സാമിലുള്ള തന്റെ ഫാംഹൗസില്‍ തുന്നല്‍പണി ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. സമയം ഏതാണ്ട് ഉച്ചതിരിഞ്ഞ് മൂന്നോ നാലോ മണി. പകല്‍വെളിച്ചം മങ്ങിത്തുടങ്ങിയ സമയം. പെട്ടെന്ന് റോസിന മുഖം ഉയര്‍ത്തി നോക്കിയപ്പോള്‍ കണ്ട കാഴ്ച അവളെ അത്ഭുതപ്പെടുത്തി. ജനാലയിലെ ഗ്ലാസില്‍ ഒരു സ്ത്രീയുടെ മുഖം! അവള് അതിന്റെ അടുത്തു ചെന്ന് നോക്കി. ഉറപ്പു വരുത്താനായി അമ്മയെ വിളിച്ചു കൊണ്ടു വന്നു കാണിച്ചു കൊടുത്തു.
രണ്ടു പേരും കൂടി വിവരം വികാരിയച്ചനെ അറിയിച്ചു. കണ്ടവരെല്ലാവരും ഒരു കാര്യം ഉറപ്പിച്ചു പറഞ്ഞു: അത് വ്യാകുലമാതാവിന്റെ മുഖം തന്നെ! അല്പം ചരിഞ്ഞ രീതിയിലായിരുന്നു മുഖം. മുഖത്ത് അസാധാരണമായൊരു ഭാവവും.അനേകം കണ്ണാടിച്ചില്ലുകള്‍ ചേര്‍ത്ത് നിര്‍മിച്ചതായിരുന്നു, ആ ജനാല. അവര്‍ മാതാവിന്റെ ചിത്രം പതിഞ്ഞ ചില്ല് അടര്‍ത്തിയെടുത്ത് പരിശോധിച്ചു. തുടര്‍ന്ന് കൂടുതല്‍ പരിശോധനയ്ക്കായി പെയിന്റിംഗ്, ഗ്ലാസുപണി വിദഗ്ധരുടെ അടുത്തേക്ക് ചിത്രം അയച്ചു. അവര്‍ ഒരു കാര്യം ശ്രദ്ധിച്ചു. ഗ്ലാസില്‍ വെള്ളം ഒഴിക്കുമ്പോള്‍ ചിത്രം അപ്രത്യക്ഷമാകുന്നു. ഉണങ്ങിക്കഴിയുമ്പോള്‍ വീണ്ടും തെളിയുന്നു. അവര്‍ രാസപദാര്‍ത്ഥങ്ങളുടെ സഹായത്തോടെ അത് പരിശോധിച്ചുവെങ്കിലും ആ ചിത്രത്തിന്റെ രഹസ്യം കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല.അത് ഒരു ദുശകുനമാണെന്നാണ് റോസിനയുടെ അമ്മയ്ക്ക്് തോന്നിയത്. എന്നാല്‍ അത് പരിശുദ്ധ കന്യകയുടെ അനുഗ്രഹത്തിന്റെ അടയാളമാണെന്ന് ഇടവക വികാരി അഭിപ്രായപ്പെട്ടു.
ആ ചിത്രം ഇന്ന് അബ്സാമിലെ ബസിലിക്കയില്‍ സൂക്ഷിച്ചിരിക്കുന്നു. വളരെ വേഗത്തില്‍ ഈ ചിത്രവും മാതൃഭക്തിയും പ്രശസ്തമായി. ഓസ്ട്രിയന്‍ സംസ്ഥാനമായ ടൈറോളിലെ ഏറ്റവും സുപ്രധാനമായ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായി അബ്സാമിലെ മരിയന്‍ കപ്പേള മാറി.
നിരവധി അത്ഭുതങ്ങള്‍ ഇവിടെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ആ ദേവാലയം 2000 ഏഡിയില്‍ വി. ജോണ്‍ പോള്‍
രണ്ടാമന് മാര്‍പാപ്പാ മൈനര്‍ ബസിലിക്കായായി ഉയര്‍ത്തി. അബ്സാമിലെ ആര്‍ദ്രതയുടെ മാതാവ് എന്നാണ് ആ രൂപം അറിയപ്പെടുന്നത്. ചിത്രം ആദ്യം കണ്ട ദിവസത്തെ അനുസ്മരിപ്പിച്ച് ജനുവരി 17നാണ് തിരുനാള്‍ ആഘോഷിക്കുന്നത്. എല്ലാ വര്‍ഷവും ആ ദിനം ഇവിടെ വിശേഷമായി ആഘോഷിച്ചു പോരുന്നു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.