നോമ്പാചരണം; അറിയേണ്ടതെല്ലാം…
വലിയ നോമ്പുകാലം അഥവാ ലെന്റന്‍ സീസണിന്റെ സവിശേഷതകളെ കുറിച്ച് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ആരാധനാക്രമത്തെ കുറിച്ച് പ്രതിപാദിക്കുന്ന പ്രമാണരേഖ ഇങ്ങനെ പറയുന്നു: ലെന്റന്‍ കാലത്തിന്റെ പ്രധാനപ്പെട്ട രണ്ട് സവിശേഷതകള്‍ ഇവയാണ്. മാമ്മോദീസയെ ഓര്‍മപ്പെടുത്തലും അതിനായുള്ള ഒരുക്കവുമാണ് ആദ്യത്തെ സവിശേഷത. പ്രായശ്ചിത്തമാണ് രണ്ടാമത്തേത്. നോമ്പാചരണം വഴി ഈസ്റ്ററിനായി സഭ മുഴുവന്‍ ഒരുങ്ങുകയാണ് ചെയ്യുന്നത്.
ഉത്ഭവം
വസന്തകാലം എന്ന വാക്കിനെ സൂചിപ്പിക്കുന്ന ലെന്റന്‍ എന്ന ആംഗ്ലോ സാക്‌സന്‍ കാലഘട്ടത്തിലെ ഇംഗ്ലീഷ് വാക്കില്‍ നിന്നാണ് ലെന്റ് എന്ന വാക്ക് ഉത്ഭവിച്ചത്. എന്നാല്‍ നോമ്പാചരണം ആദിമ കാലഘട്ടം മുതല്‍ നിലനിന്നിരുന്നു എന്നതിന് രേഖകളുണ്ട്. പൗരസ്ത്യ-പാശ്ചാത്യ സഭകള്‍ തമ്മില്‍ നോമ്പാചരണത്തിലെ വ്യത്യാസത്തെ ചൂണ്ടിക്കാണിച്ചു കൊണ്ട് എഡി 203 ല്‍ വി. ഇറനേവൂസ് വിക്ടര്‍ ഒന്നാമന്‍ മാര്‍പാപ്പായ്ക്ക് എഴുതിയ കത്ത് അതിന് തെളിവാണ്.
എഡി 313 ല്‍ ക്രിസ്തുമതം റോമിന്റെ ഔദ്യോഗിക മതമായി അംഗീകരിക്കപ്പെട്ടതിനെ തുടര്‍ന്ന് ലെന്റ് ക്രമാനുസൃതമായി ആചരിക്കപ്പെടാന്‍ ആരംഭിച്ചു. 325 ല്‍ നടന്ന നിസിയ കൗണ്‍സിലില്‍ 40 ദിവസം നീളുന്ന ലെന്റ് കാലത്തിന് മുമ്പ് പ്രോവിന്‍ഷ്യല്‍ സിനഡ് നടത്തുന്നതിനെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.
നാല്പത് ദിവസം
നാലാം നൂറ്റാണ്ടിന്റെ അന്ത്യമായപ്പോഴേക്കും വലിയ നോമ്പാചരണം കൃത്യമായി 40 ദിവസം ആണെന്ന് ക്ലിപ്തപ്പെടുത്തപ്പെട്ടതായി ഉറപ്പിക്കാം. പത്ത് കല്‍പനകള്‍ സ്വീകരിക്കുന്നതിന് മുന്നോടിയായി മോശ സീനായ് മലയില്‍ നാല്പത് രാവും നാല്പത് പകലും ഉപവസിച്ചതായി ബൈബിളില്‍ പറയുന്നുണ്ട്. ഏലിയ പ്രവാചകന്‍ നാല്പത് രാവും നാല്പത് പകലും നടന്ന് ഹോറെബ് മലയില്‍ എത്തിയതായും നാം വായിക്കുന്നു. തന്റെ പരസ്യജീവിതത്തിന് മുന്നോടിയായി യേശു നാല്പത് രാവും നാല്പത് പകലും ഉപവസിച്ചു എന്ന് സുവിശേഷങ്ങളും സാക്ഷ്യപ്പെടുത്തുന്നു.
ആരംഭം വിഭൂതി തിങ്കളോടെ
നെറ്റിയില്‍ ചാരം പൂശുന്ന വിഭൂതി തിങ്കളാഴ്ചയോടെയാണ് വലിയ നോമ്പാചരണം ആരംഭിക്കുന്നത്. (ലത്തീന്‍ സഭയില്‍ ഇത് വിഭൂതി ബുധനാഴ്ചയാണ്). മുന്‍വര്‍ഷത്തെ ഓശാന ഞായറാഴ്ച ആശീര്‍വദിച്ച ഒലീവ് ചില്ല അല്ലെങ്കില്‍ കുരുത്തോല കരിച്ച് അതില്‍ നിന്ന് ശേഖരിക്കുന്ന ചാരമാണ് വിഭൂതി തിങ്കളാഴ്ച നെറ്റിയില്‍ പൂശുന്നത്. മനുഷ്യാ നീ മണ്ണാകുന്നു. മണ്ണിലേക്ക് തന്നെ മടങ്ങും എന്ന സന്ദേശമാണ് ചാരംപൂശലിന്റെ സൂചന. മാനസാന്തരപ്പെട്ട് സുവിശേഷത്തില്‍ വിശ്വസിക്കാനുളള ആഹ്വാനം കൂടിയാണ് അത്.
നോമ്പാചരണം
ആദ്യകാലങ്ങളില്‍ ജറുസലേമിലുള്ള ആളുകള്‍ ആഴ്ചയില്‍ ശനിയും ഞായറും ഒഴികെയുള്ള ദിവസങ്ങളില്‍ 40 ദിവസത്തേക്ക് ഉപവസിച്ചിരുന്നു. എട്ട് ആഴ്ചകളായിരുന്നു അവരുടെ ഉപവാസം അഥവാ നോമ്പാചരണം. റോമിലും മറ്റ് പാശ്ചാത്യരാജ്യങ്ങളിലും വിശ്വാസികള്‍ ആറ് ആഴ്ചകള്‍ നോമ്പ് ആചരിച്ചിരുന്നു – തിങ്ങള്‍ മുതല്‍ ശനി വരെ. ചിലര്‍ എല്ലാത്തരം മാംസവും (മത്സ്യം ഉള്‍പ്പെടെ) വര്‍ജിച്ചിരുന്നപ്പോള്‍ മറ്റു ചിലര്‍ മത്സ്യം കഴിച്ചിരുന്നു. എഡി 604 ല്‍ കാന്റര്‍ബറിയിലെ വി. അഗസ്റ്റിന് എഴുതിയ ഒരു നിയമാവലിയില്‍ ഇങ്ങനെ പറയുന്നു: ‘നാം എല്ലാത്തരം മാംസവും പാലും പാല്‍കട്ടിയും മുട്ടയും വര്‍ജിച്ചു കൊണ്ട് നോമ്പാചരിക്കുന്നു.’
പില്‍ക്കാലത്ത്, നിയമങ്ങള്‍ക്ക് മാറ്റം വന്നു. ദിവസവും ജോലി ചെയ്യാനുള്ള ആരോഗ്യം നിലനിര്‍ത്താന്‍ ആവശ്യമായ ഭക്ഷണം കഴിക്കാമെന്നായി. മത്സ്യം കഴിക്കുന്നത് അനുവദനീയമായി. ആഗോള സഭയുടെ നിയമം അനുസരിച്ച് വിഭൂതി ബുധന്‍, ദുഖവെള്ളി ദിവസങ്ങള്‍ ഒഴികെ മാംസത്തിന് കര്‍ശന നിയന്ത്രണമില്ല.
മാംസവര്‍ജനം മാത്രമല്ല നോമ്പാചരണം. പ്രാര്‍ത്ഥന, നോമ്പാചരണം, ദാനധര്‍മം എന്നിവ ചേര്‍ന്നതാണ് ശരിയായ നോമ്പാചരണം. തിന്മകളില്‍ നിന്നും ദുശ്ശീലങ്ങളില്‍ നിന്നും അകന്നിരിക്കുക, സമ്പാദ്യത്തിന്റെ ഒരു ഭാഗം ഉപവി പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വയ്ക്കുക തുടങ്ങിയവയും നോമ്പാചരണത്തിന്റെ ഭാഗമാണ്.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.