കണ്ണടച്ച അത്ഭുത ക്രൂശിതരൂപം
വടക്കൻ സ്പെയിനിലെ ഒരു ചെറു ഗ്രാമമാണ് ലിംപിയാസ്. ഇത് പരിശുദ്ധ മറിയത്തിന്റെ പ്രത്യക്ഷങ്ങളാൽ പ്രശസ്തമായ ഗരബന്താളിന് വളരെ അടുത്താണ് സ്ഥിതിചെയ്യുന്നത്. 1914 മുതൽ 1919 വരെ ഇവിടെയുള്ള സെന്റ് പീറ്റേഴ്സ് പള്ളിയിലെ ആറടി വലുപ്പമുള്ള യേശുവിന്റെ ക്രൂശിതരൂപത്തിൽ ആണ് അത്ഭുതങ്ങൾ സംഭവിച്ചത്.
പ്രധാന അൾത്താരയുടെ മുകളിലായി സ്ഥിതി ചെയ്യുന്ന ഈ ക്രൂശിത രൂപത്തിന്റെ ഇരുവശങ്ങളിലുമായി പരിശുദ്ധ അമ്മയുടെയും വിശുദ്ധ യോഹന്നാന്റെയും രൂപങ്ങളുമുണ്ട്. 1693ൽ അന്തരിച്ച പേഡ്രോ ഡി മേന എന്ന ശില്പിയാണ് ഈ രൂപങ്ങൾ തീർത്തത്. കുരിശിലെ വേദനകൾ അപ്പാടെ ഒപ്പിയെടുക്കുന്ന ഈ രൂപത്തിന്റെ കണ്ണുകൾ സ്വർഗ്ഗത്തിലേക്ക് നോക്കുന്ന രീതിയിൽ ആണുള്ളത്.
1914ൽ ഡോൺ അന്റോണിയോ ലോപ്പസ് എന്ന സന്യാസി രൂപത്തിന് അടുത്തുള്ള ഇലക്ട്രിക് ബൾബ് മാറ്റുന്നതിനായി ഒരു ഏണി കുരിശു രൂപത്തിന് അടുത്ത് ചാരി അതിൽ കയറി നിൽക്കുകയായിരുന്നു. ജോലി കഴിഞ്ഞ് താഴേക്ക് ഇറങ്ങുന്നതിനിടെ ക്രൂശിതരൂപത്തിന്റെ മുഖം ഒരു തൂവാല ഉപയോഗിച്ച് വൃത്തിയാക്കി. പെട്ടെന്ന് ഈശോയുടെ കണ്ണുകൾ പതിയെ അടഞ്ഞു.ഭയന്നു പോയ സന്യാസി ഏണിയിൽ നിന്ന് ഒരുവിധത്തിൽ ചാടി ഇറങ്ങിയെങ്കിലും താഴെ വീണു. നിസ്സാര പരിക്കു പറ്റി. ഈ വിവരം അധികാരികളെ അറിയിച്ചെങ്കിലും വെറുമൊരു തോന്നൽ ആയിരിക്കുമെന്ന പ്രതികരണമാണ് അദ്ദേഹത്തിന് ലഭിച്ചത്.
1919ൽ വിശുദ്ധ കുർബാനയ്ക്കിടെ ഈ സംഭവം ആവർത്തിക്കപ്പെട്ടു. കുറച്ചു കുട്ടികളാണ് ആദ്യം ഇത് ശ്രദ്ധിച്ചത്. ഈ പ്രാവശ്യം ക്രൂശിതരൂപം ശ്വാസം എടുക്കുകയും വിയർക്കുകയും ചെയ്തു. വിശുദ്ധ കുർബാനയിൽ സംബന്ധിച്ചിരുന്ന കുട്ടികൾ കരയുകയും മറ്റുള്ളവരെ വിവരമറിയിക്കുകയും ചെയ്തപ്പോൾ എല്ലാവരും ഈ ദൃശ്യം ദർശിച്ചു. പലരും അലറി കരയുകയും ചെയ്തു. കുർബാനയ്ക്കുശേഷം വൈദികൻ തിരുവസ്ത്രം മാറി വന്ന് ഒരു ഏണി വച്ച് കയറി ഈ രൂപത്തിലെ വിയർപ്പുകണങ്ങൾ തന്റെ വിരലിൽ തോണ്ടിയെടുത്ത് പരിശോധിച്ചു.സത്യമാണെന്നു സ്ഥിരീകരിച്ചു.
രണ്ടാഴ്ചയ്ക്കുശേഷം ഓശാന ഞായറാഴ്ച രണ്ട് സംശയാലുക്കൾ ആയ നാട്ടുകാർ പള്ളിയിൽ വന്നപ്പോൾ ഈശോ കുരിശിൽ വേദന അനുഭവിക്കുന്നതായി കണ്ടു. കാൽമുട്ടുകൾ അനങ്ങുന്നതായും കണ്ടു.അവരും വിശ്വസിച്ചു. ആ വലിയ ആഴ്ചയിൽ തന്നെ ഒരു കൂട്ടം കന്യാസ്ത്രീകൾ ക്രൂശിത രൂപത്തിന്റെ കണ്ണുകളും ചുണ്ടുകളും അനങ്ങുന്നത് ആയി കണ്ടു. പള്ളിയിലിരുന്ന് ജപമാല ചൊല്ലിയിരുന്ന ഒരുകൂട്ടം പേർ മറ്റൊരു ദിവസം വീണ്ടും ഈ അത്ഭുതം ദർശിച്ചു.
ഒരാഴ്ചയ്ക്കുശേഷം കുറച്ചു വൈദികർ ദേവാലയത്തിൽ ഈ വിവരമറിഞ്ഞു വന്നപ്പോൾ അവരുടെ മുൻപിലും ഈ രൂപം ജീവൻ പ്രാപിച്ചു. ഈശോ വളരെ കാരുണ്യത്തോടെയും സ്നേഹത്തോടെയും ദൈവീക ഭാവത്തോടെയും തങ്ങളെ നോക്കി എന്ന് അവർ സാക്ഷ്യപ്പെടുത്തി. ഒരു കപ്പൂച്ചിൻ വൈദികൻ പ്രാർത്ഥിച്ചപ്പോൾ യേശുവിന്റെ വായിൽ നിന്ന് രക്തം ഒഴുകി വരുന്നതായി ദർശിച്ചു. അൻപതോളം പ്രാവശ്യം ഈ അത്ഭുത ക്രൂശിതരൂപം ജീവൻ പ്രാപിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടു.
മരണാസന്നനായ ഒരു മനുഷ്യൻ അനുഭവിക്കുന്ന വേദനകൾ മുഖത്തും ശരീരത്തിലും കാണപ്പെട്ടു. എന്നാൽ പതിനായിരക്കണക്കിന് മാനസാന്തരങ്ങളാണ് ഈ അത്ഭുതങ്ങളുടെ പരിണിതഫലം. യേശുവിന്റെ ഒരു നോട്ടം ലഭിച്ചവർ തങ്ങളുടെ പാപങ്ങൾ ഓർത്തു കരഞ്ഞു.. മാപ്പപേക്ഷിച്ചു… മറന്നുപോയ പാപങ്ങളും ഓർമ്മയിലേക്ക് വന്നു. ആളുകൾ കുമ്പസാരത്തിന് അണഞ്ഞു. വത്തിക്കാൻ ഈ ക്രൂശിതരൂപം അത്ഭുതകരം ആണെന്ന് അംഗീകരിച്ചു. ഒരു തീർത്ഥാടനകേന്ദ്രമായി ഈ ദേവാലയത്തെ ഉയർത്തി.
മരിയന് ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.