ഈശോയുടെ ദുഃഖകാരണത്തെക്കുറിച്ച് വി. യൗസേപ്പിതാവിന് വെളിപ്പെട്ടത് എന്തായിരുന്നു എന്നറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-132/200
തന്റെ മനസ്സിനെ മഥിക്കുന്ന ആകുലതകള്‍ അതിന്റെ പാരമ്യത്തിലെത്തുമ്പോള്‍ ജോസഫ് സ്വര്‍ഗ്ഗീയപിതാവിനെ ആരാധിക്കുകയും ദൈവത്തിന്റെ ശുശ്രൂഷയ്ക്ക് തന്റെ അയോഗ്യതകളെ പരിഗണിക്കാതെ അവിടുത്തെ തിരുസുതനെയും മറിയത്തെയും പരിഗണിച്ച് അവരുടെ ആവശ്യങ്ങള്‍ സാധിച്ചുകൊടുക്കണമേ എന്ന് യാചിക്കുകയും ചെയ്തു. ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ദൈവം അവരുടെ ആവശ്യങ്ങള്‍ നിറവേറ്റിപ്പോരുകയും ചെയ്തിരുന്നു.
ചില സന്ദര്‍ഭങ്ങളില്‍ രക്ഷകന്റെ വിശ്വസ്ത പരിപാലകന് എന്ന നിലയ്ക്ക്, പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്കാന് അവിടുന്ന് കാലതാമസം വരുത്തിക്കൊണ്ടു ജോസഫിനെ ദൈവം പരീക്ഷിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഒരു സംഭവം പറയാം. ദിവ്യസുതന്‍ ഒരിക്കല്‍ ജോസഫിന്റെ അടുത്തുവന്നു പറഞ്ഞു: ‘അപ്പാ എനിക്കു വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നുണ്ട്, എന്തെങ്കിലും കഴിക്കാന്‍ കൊതിയാകുന്നു.’ ഇതു കേട്ടപ്പോള്‍ ജോസഫിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. സ്വര്‍ഗ്ഗത്തിലേക്കു കരങ്ങളുയര്‍ത്തി ദൈവത്തിന്റെ സഹായത്തിനായി കേണപേക്ഷിച്ചു. എന്നിട്ട് ഈശോയുടെ നേരെ തിരിഞ്ഞുകൊണ്ട് പറഞ്ഞു: ‘എന്റെ പൊന്നോമനകുഞ്ഞേ, നിന്റെ ആഗ്രഹങ്ങള്‍ എനിക്ക് എങ്ങനെ സാധിച്ചുതരാന്‍ കഴിയും? എന്റ നിസ്സഹായാവസ്ഥയോര്‍ത്ത് ഞാന്‍ തന്നെ തളര്‍ന്നിരിക്കുകയാണ്. സ്വര്‍ഗ്ഗീയപിതാവിനോട് നീയും ചോദിക്കുക. അവിടുത്തെ തിരുമനസ്സുകൊണ്ട് നിനക്കും നിന്റെ പരിശുദ്ധ മാതാവിനും അതോടൊപ്പം എനിക്കും ആവശ്യമായതെല്ലാം ചെയ്തുതരാതിരിക്കുകയില്ല. എനിക്ക് അതിന് അര്‍ഹതയില്ലെങ്കിലും ഈ കുറവുകളെല്ലാം ഞാന്‍ സന്തോഷത്തോടെ വഹിച്ചുകൊള്ളാം.’
കൃത്യമായി പരീക്ഷിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തതിനെത്തുടര്‍ന്ന്, ദൈവം തന്റെ മാലാഖമാരെ അയച്ച് അവര്‍ക്ക് ഭക്ഷണം കൊടുത്തുകൊണ്ട് ജോസഫിന്റെ ദുഃഖം ദുരീകരിച്ചു. ദൈവം തങ്ങളുടെ മേല്‍ വര്‍ഷിച്ച കാരുണ്യത്തിന് ജോസഫ് നന്ദി പറഞ്ഞു. ഒരു കീര്‍ത്തനം പാടി കര്‍ത്താവിനെ സ്തുതിക്കാന്‍ മറിയത്തോട് ആവശ്യപ്പെടുകയും ചെയ്തു. പതിവുപോലെ, മറിയം ജോസഫിന്റെയും ഈശോയുടെയും സന്തോഷത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് പറഞ്ഞതുപോലെ പ്രവര്‍ത്തിച്ചു. ജോസഫ് പറഞ്ഞത് അനുസരിച്ചു.
അവരുടെ യാത്ര തുടരുന്നതിനിടയില്‍ ജോസഫിനെ വല്ലാതെ വിഷമിപ്പിക്കുന്ന ഒരു മനോവ്യഥ അലട്ടാന്‍ തുടങ്ങി. അതിനു കാരണമായ ഒരു സംഭവമുണ്ടായി. വളരെ ഉത്കണ്ഠയും വിഷാദവും നിറഞ്ഞ സ്വരത്തില്‍ ഈശോ പിതാവിനോട് പ്രാര്‍ത്ഥിക്കുന്നത് ജോസഫ് കേള്‍ക്കാനിടയായി. ഈശോയുടെ ദുഃഖകാരണമെന്തെന്നു നേരിട്ടു ചോദിക്കാന്‍ ജോസഫ് തുനിഞ്ഞില്ല. കാരണം കണ്ടുപിടിക്കാനൊട്ടു ശ്രമിച്ചതുമില്ല. ഈശോയാകട്ടെ, അതിന്‍്റെ യാതൊരുവിധ സൂചനകളും പ്രകടിപ്പിച്ചുമില്ല.
പീഡിതനായ ജോസഫിന് ഇത് ഏറ്റം ഭയജനകമായ സംഗതിയായിരുന്നു. തന്മൂലം അവന് തന്നോടു തന്നെ മന്ത്രിച്ചു. ‘ഈശോയെ എന്റെ പൊന്നുമകനെ, എന്താണ് നിന്നെ അലട്ടുന്നത്? ദൈവത്തിന്റെ ഏകജാതനേ, പറുദീസയുടെ മുഴുവന്‍ ആനന്ദമേ, സകല ആത്മാക്കളുടെയും സന്തോഷമേ, എന്തുകൊണ്ടു നീ ക്ലേശിക്കുന്നു.? ഓ എന്റെ ഈശോയെ, നിന്റെ കാര്യത്തില്‍ എവിടെയാണ് ഞാന്‍ പരാജയപ്പെട്ടത്? നിനക്കു നീരസമുണ്ടാകുന്നതിന് എവിടെയാണ് എനിക്കു തെറ്റു പറ്റിയത്?’
ദൈവസുതന് ഒന്നും പറഞ്ഞില്ല. അവന് നിശ്ശബ്ദത തുടരുന്തോറും ജോസഫിന്റെ ദുഃഖവും വര്‍ദ്ധിച്ചുകൊണ്ടിരുന്നു. വളരെ പരിതാപകരമായ ഈ അവസ്ഥ തുടര്‍ന്നുകൊണ്ടിരിക്കെ ജോസഫ് മറിയത്തെ ശ്രദ്ധിച്ചുനോക്കി. അവളും അതേ ദുഃഖത്തിന്റെ നിഴലിലായിരുന്നു. മകന്റെ ദുഃഖംത്തെപ്രതി ആ മാതാവ് പ്രാര്‍ത്ഥനയിലും വേദനയിലും കഴിയുകയായിരുന്നു. ഈശോ ദുഃഖാര്‍ത്തനായി പിതാവിനോടു പ്രാര്ത്ഥിക്കാനുണ്ടായ സാഹചര്യവും സമയവും എന്താണെന്ന് അവന് മറിയത്തോടു തിരക്കി. മറിയം ജോസഫിനെ സാന്ത്വനപ്പെടുത്തിക്കൊണ്ടു പറഞ്ഞു. ‘അത് ഈ ലോകം ദൈവത്തോടു ചെയ്യുന്ന ദുഷ്ടതകളും ക്രൂരതകളും നിമിത്തമാണ്.’ ഒരു പരിധിവരെ ജോസഫിന് അതു സമാശ്വാസമായി,.
ഈശോയുടെ ദുഃഖകാരണത്തെക്കുറിച്ച് മറിയം നല്കിയ മറ്റു സൂചനകളും ജോസഫിനെ കൂടുതല്‍ ബോദ്ധ്യപ്പെടുത്താന്‍ കഴിഞ്ഞു. മറിയം പറഞ്ഞുകൊടുത്തതും വെളിപ്പെടുത്തിയതുമായ സകല കാര്യങ്ങളും ജോസഫിന് പൂര്‍ണ്ണമായി ബോദ്ധ്യപ്പെട്ടു. ഈശോയുടെ ദുഃഖം താന്മൂലമല്ലെന്ന് അവസാനം ജോസഫിന് വളരെ വ്യക്തമായി മനസ്സിലാക്കാന്‍ കഴിഞ്ഞു. അതോടുകൂടി വലിയൊരു ഭാരം ഉള്ളില്‍നിന്നു നീങ്ങിപ്പോകുകയും ചെയ്തു . എന്നിരുന്നാലും ലോകപാപത്തെക്കുറിച്ച് ഗാഢമായി ധ്യാനിച്ചപ്പോള്‍ ദുഃഖഭാരം ഒന്നുകൂടി വര്‍ദ്ധിക്കാന്‍ കാരണമാകുകയാണ് ചെയ്തത്. കഠോരദുഃഖത്താല് അവന് കണ്ണുനീര് വാര്‍ത്തു കരയാന്‍ തുടങ്ങി. ഇത് ജോസഫിന്റെ സ്വകാര്യദുഃഖമല്ല. ഭൂമിയില്‍ പുത്രന്റെ പാലകനെന്ന നിലയ്ക്ക് സ്വര്‍ഗ്ഗീയപിതാവിന്റെ ദുഃഖത്തിന്റെ ഒരു ഭാഗം തന്നെയാണ്.
ഈശോ സന്തോഷവാനായിരിക്കുന്ന് അവസ്ഥയില്‍ കണ്ടാല്‍ മാത്രമേ ജോസഫിന് സമാധാനം കണ്ടെത്താന്‍ സാധിക്കുമായിരുന്നുള്ളു. അതിനാല്‍, ജോസഫിനെ ആശ്വസിപ്പിക്കാന്‍ ഈശോ മുന്നോട്ടു വന്നുകൊണ്ടു പറഞ്ഞു: ‘എന്റെ ഏറ്റവും പ്രിയപ്പെട്ട അപ്പാ, എന്റെ സങ്കടങ്ങള്‍ കണ്ടിട്ട് അവിടുന്ന് അനാവശ്യമായി വിഷമിക്കുകയോ സംഭ്രമിക്കുകയോ ചെയ്യരുത്. ഞാന്‍ ഈ ലോകത്തിലേക്കു വന്നത് മനുഷ്യകുലത്തെ മോചിപ്പിക്കുവാനാണ് എന്ന കാര്യം അങ്ങേക്ക് അറിയാമല്ലോ. അഗ്രാഹ്യമാംവിധം നിഗൂഢവും പ്രാധാന്യവുമര്‍ഹിക്കുന്ന പിതാവിന്റെ നിശ്ചിതപദ്ധതിയാണിത്. അവിടുന്ന് നിരന്തരം അതെന്നെ ബോദ്ധ്യപ്പെടുത്തിക്കൊണ്ടാണിരിക്കുന്നത്. എനിക്കറിയാം ലോകത്തെ അവിടുന്ന് എത്രയധികമായി സ്നേഹിക്കുന്ന എന്ന്. എന്നാല്‍, ഈ ലോകം അവിടുത്തേക്കു തിരിച്ചുകൊടുക്കുന്നതെന്താണെന്നും ഭാവിയില്‍ എന്താണ് സംഭവിക്കാനിരിക്കുന്നതെന്നും എനിക്കറിയാം. കഠോരമായ ഈ ദുഃഖം എനിക്ക് ഒഴിവാക്കാന്‍ സാധിക്കുകയില്ല. എങ്കിലും ഞാന്‍ അതിനെ ഭയപ്പെടുന്നില്ല. അതിനാല്‍ ഞാന്‍ ദുഃഖിക്കുന്നതു കാണുമ്പോള്‍ അപ്പന് അനാവശ്യമായി വിഷമിക്കേണ്ട കാര്യമില്ല. എന്നാണ് എനിക്കു പറയാനുള്ളത്. കാരണം അങ്ങാണ് ഭൂമിയില്‍ എന്റെ സാന്ത്വനത്തിന്റെ ഉറവിടം.’
ഇതു കേട്ടയുടന്‍ ജോസഫ് കണ്ണുനീരൊഴിക്കി ഈശോയുടെ മുമ്പില്‍ സാഷ്ടാംഗം പ്രണമിച്ചുകൊണ്ടു പറഞ്ഞു: ‘എന്റെ ഈശോയെ, എന്നോടു കനിവു തോന്നണമെ. നിന്റെ ഈ ശുശ്രൂഷകന് മാപ്പു നല്‍കുക. എപ്പോള്‍ നീ വിഷമിക്കുന്നതു ഞാന്‍ കാണുന്നുവോ അ്പ്പോള്‍ എന്റെ സങ്കടം പരിധിവിട്ടുപോകുന്നു. ആ സമയത്ത് എന്റെ ആത്മാവ് എന്റെ ശരീരത്തെ വിട്ടുപോകുന്ന അവസ്ഥയാണ് എനിക്കനുഭവപ്പെടുന്നത്. എന്റെ ഹൃരദയത്തിന്റെ ആനന്ദത്തിന്റെയും സമാധാനത്തിന്റെയും നിയന്താവ് നീയായിരിക്കുമ്പോള്‍, നിന്റെ ദുഃഖത്തില്‍ എനിക്കെങ്ങനെ ആശ്വാസം കണ്ടെത്താന്‍ കഴിയും?’ ഈശോയോട് തനിക്കുള്ള ആത്മാര്‍ത്ഥ സ്നേഹത്തെക്കുറിച്ച് ജോസഫ് മറ്റു പല കാര്യങ്ങളും പറഞ്ഞ് ഈശോയെ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിച്ചു. ഈശോയുടെ ദുഃഖഭാരമെല്ലാം ജോസഫിന്റെ ഹൃദയത്തിനു വിട്ടുതന്നേക്കാന് ആവശ്യപ്പെട്ടു. അങ്ങനെയെങ്കില്‍ അതില്‍ താന്‍ സന്തുഷ്ടനായിരിക്കുമെന്നു ജോസഫ് പറഞ്ഞു. ജോസഫിന് തന്നോടുതന്നെ ഉള്ളതിനേക്കാള്‍ വലിയ സ്നേഹം ഈശോയോടായിരുന്നു. അതു പൂര്‍ണ്ണമായും ഈശോയില്‍ കേന്ദ്രീകരിക്കുകയും ചെയ്തിരുന്നു.
(തുടരും)
വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന
ഏറ്റം സ്നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ. ആമ്മേന്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.