സാത്താനുമായി തര്‍ക്കത്തിന് നില്‍ക്കരുതെന്ന് ഫ്രാന്‍സിസ് പാപ്പാ

തൻറെ പ്രഘോഷണം  ആരംഭിക്കുന്നതിനു മുമ്പ് യേശു മരുഭൂമിയിലേക്കു പോകുകയും അവിടെ നാല്പതു ദിവസം കഴിയുകയും പിശാച് അവിടത്തെ പരീക്ഷിക്കുകയും ചെയ്തുവെന്ന് പറഞ്ഞുകൊണ്ട് (മർക്കോസ് 1,12-15) മർക്കോസ് ഇത് തനതായ ശൈലിയിൽ സംഗ്രഹിക്കുന്നു. “ആത്മാവ് യേശുവിനെ മരുഭൂമിയിലേക്ക് കൊണ്ടുപോയി” (മർക്കോസ് 1,12)) എന്ന് സുവിശേഷകൻ അടിവരയിട്ടു പറയുന്നു. യോർദ്ദാൻ നദിയിൽ യോഹന്നാനിൽ നിന്നു സ്വീകരിച്ച മാമ്മോദീസായ്ക്ക് തൊട്ടുപിന്നാലെ യേശുവിൻറെ മേൽ ഇറങ്ങിയ അതേ ആത്മാവ് ഇപ്പോൾ, പ്രലോഭകനെ നേരിടുന്നതിനായി, സാത്താനെതിരെ പോരാടുന്നതിനായി, അവിടത്തെ മരുഭൂമിയിലേക്കു നയിക്കുന്നു. യേശുവിൻറെ അസ്തിത്വം മുഴുവനും, അവിടത്തെ ചൈതന്യവത്ക്കരിക്കുകയും പ്രചോദിപ്പിക്കുകയും നയിക്കുകയും ചെയ്യുന്ന, ദൈവാത്മാവിൻറെ അടയാളത്തിൻ കീഴിലാണ്.

മരുഭൂമിയിൽ ദൈവസ്വനം മാത്രമല്ല  സാത്താൻറെ സ്വരവുംമുഴങ്ങുന്നു

നമുക്ക് മരുഭൂമിയെക്കുറിച്ചൊന്നു ചിന്തിക്കാം. ബൈബിളിൽ വളരെ പ്രാധാന്യമുള്ള ഈ പ്രകൃതിദത്തവും പ്രതീകാത്മകവുമായ ചുറ്റുപാടിൽ നമുക്ക് ഒരു നിമിഷം നിൽക്കാം. ദൈവം മനുഷ്യൻറെ ഹൃദയത്തോട് സംസാരിക്കുന്ന സ്ഥലമാണ് മരുഭൂമി, പ്രാർത്ഥനയുടെ ഉത്തരം ഒഴുകുന്ന ഇടം, അതായത്, ഏകാന്തതയുടെ മരുഭൂമി. മറ്റ് കാര്യങ്ങളിൽ നിന്നകന്ന ഹൃദയം, ആ ഏകാന്തതയിൽ മാത്രമാണ് ദൈവവചനത്തിലേക്ക് സ്വയം തുറക്കുന്നത്. എന്നാലത് പരീക്ഷണത്തിൻറെയും പ്രലോഭനത്തിൻറെയും ഇടമാണ്, ദൈവത്തിൻറെ സ്വരത്തിനു ബദലായി, പ്രലോഭകൻ, മനുഷ്യൻറെ ബലഹീനതകളും ആവശ്യങ്ങളും മുതലെടുത്ത് കപടസ്വരം  കേൾപ്പിക്കുന്ന ഇടം. ഈ ബദൽ ശബ്ദം മറ്റൊരു വഴി, ഒരു വ്യാജ വഴി  നിന്നെ കാണിക്കുന്നു.

യേശവും സാത്താനും ദ്വന്ദയുദ്ധത്തിൽ

പ്രലോഭകൻ വശീകരിക്കുന്നു. വാസ്തവത്തിൽ, മരുഭൂമിയിൽ യേശു കഴിച്ചുകൂട്ടിയ നാൽപത് ദിവസങ്ങളിൽ, യേശുവും പിശാചും തമ്മിലുള്ള “ദ്വന്ദയുദ്ധം” ആരംഭിക്കുന്നു, അത് പീഢാസഹനത്തിലും കുരിശിലുമാണ് അവസാനിക്കുക. ക്രിസ്തുവിൻറെ ദൗത്യം മുഴുവനും  അതിൻറെ ബഹുവിധ ആവിഷ്ക്കാരങ്ങളിൽ, തിന്മയ്ക്കെതിരായ പോരാട്ടമാണ്, അതായത്, രോഗശാന്തി, ഭൂതോച്ചാടനം, പാപമോചനം. താൻ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് ദൈവത്തിൻറെ ശക്തിയാലാണെന്ന് യേശു വെളിപ്പെടുത്തുന്ന ആദ്യ ഘട്ടത്തിനുശേഷം, ദൈവപുത്രൻ തിരസ്ക്കരിക്കപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ഒടുവിൽ പിടിക്കപ്പെടുകയും വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും ചെയ്യുമ്പോൾ പിശാച് വിജയിക്കുന്നതായ ഒരു പ്രതീതിയുളവാകുന്നു. ജേതാവ് പിശാചാണെന്ന തോന്നലുണ്ടാകുന്നു. വാസ്തവത്തിൽ സാത്താനെ നിയതമായി പരാജയപ്പെടുത്താനും നമ്മെ എല്ലാവരെയും അവൻറെ ആധിപത്യത്തിൽ നിന്ന് മോചിപ്പിക്കാനും കടന്നു പോകേണ്ടിയിരുന്ന അവസാന “മരുഭൂമി” ആയിരുന്നു മരണം. അങ്ങനെ യേശു പുനരുത്ഥാനത്തിൽ ജയിക്കുന്നതിന് മരണമെന്ന മരുഭൂമിയിൽ വിജയിച്ചു.

ക്രിസ്തീയ ജീവിതം, തിന്മയ്ക്കെതിരായ പോരാട്ടം

ക്രൈസ്തവൻറെ ജീവിതം, കർത്താവിൻറെ കാൽപ്പാടുകൾ പിൻചെന്നുകൊണ്ട് ദുഷ്ടാരൂപിക്കെതിരായ പോരാട്ടമാണെന്ന്, മരുഭൂമിയിലെ യേശുവിൻറെ പ്രലോഭനങ്ങളുടെ ഈ സുവിശേഷം,  അനുവർഷം, നോമ്പിൻറെ തുടക്കത്തിൽ നമ്മെ ഓർമ്മിപ്പിക്കുന്നു. യേശു മനഃപൂർവ്വം പ്രലോഭകനെ നേരിടുകയും അവനെ ജയിക്കുകയും ചെയ്തു എന്ന് ഇത് കാണിക്കുന്നു; അതേസമയം, നമ്മെ  പരീക്ഷിക്കാനുളള സാധ്യത പിശാചിന് നൽകിയിട്ടുണ്ടെന്ന് ഇത് നമ്മെ അനുസ്മരിപ്പിക്കുന്നു. നമ്മുടെ നിത്യനാശവും പരാജയവും ലക്ഷ്യം വയ്ക്കുന്ന തന്ത്രശാലിയായ ഈ ശത്രുവിൻറെ സാന്നിധ്യത്തെക്കുറിച്ച് നാം അവബോധം പുലർത്തുകയും അവനെ പ്രതിരോധിക്കാനും അവനോടു പോരാടാനും നാം ഒരുങ്ങുകയും വേണം. ദൈവകൃപ, ഈ ശത്രുവിൻറെ മേലുള്ള വിജയം  വിശ്വാസം, പ്രാർത്ഥന, തപസ്സ് എന്നിവയിലൂടെ നമുക്ക് ഉറപ്പേകുന്നു.

സാത്താനുമായി സംവദിക്കാത്ത യേശു

എന്നാൽ ഒരു കാര്യം ഊന്നിപ്പറയാൻ ഞാൻ ആഗ്രഹിക്കുന്നു: പ്രലോഭനങ്ങളിൽ യേശു ഒരിക്കലും പിശാചുമായി സംസാരിക്കുന്നില്ല, ഒരിക്കലുമില്ല. സ്വന്തം ജീവിതത്തിൽ യേശു ഒരിക്കലും പിശാചുമായി സംഭാഷിച്ചിട്ടില്ല. ഒരിക്കൽപ്പോലും. അവിടന്ന് പിശാചുബാധിതരിൽ നിന്ന് പിശാചിനെ തുരത്തുകയൊ അകറ്റുകയോ അപലപിക്കുകയോ, സാത്താൻറെ ദ്രോഹചിന്ത തുറന്നുകാട്ടുകയൊ ചെയ്യുന്നു, പക്ഷേ ഒരിക്കലും പിശാചുമായി സംഭാഷണത്തിലേർപ്പെടുന്നില്ല. എന്നാൽ മരുഭൂമിയിൽ ഒരു സംഭാഷണം നടക്കുന്നതായി തോന്നുന്നു, കാരണം പിശാച് മൂന്ന് നിർദ്ദേശങ്ങൾ മുന്നോട്ടു വയ്ക്കുകയും യേശു മറുപടി നൽകുകയും ചെയ്യുന്നു. എന്നാൽ യേശു സ്വന്തം വാക്കുകൾ കൊണ്ടല്ല പ്രതികരിക്കുന്നത്; ദൈവവചനം കൊണ്ടാണ്, തിരുലിഖിതത്തിലെ മൂന്നു ഭാഗങ്ങളാലാണ് പ്രതികരിക്കുന്നത്. നാം ചെയ്യേണ്ടതും ഇപ്രകാരമാണ്. പ്രലോഭകൻ നമ്മെ സമീപിച്ച് പ്രലോഭിപ്പിക്കാൻ തുടങ്ങുന്നു, “ഇങ്ങനെ ചിന്തിക്കുക, ഇതു ചെയ്യുക…”. പ്രലോഭനം എന്നത്, ഹവ്വാ ചെയ്യതുപോലെ, പിശാചുമായി സംഭാഷണത്തിലേർപ്പടലാണ്; പിശാചുമായി സംഭാഷണത്തിൽ ഏർപ്പെട്ടാൽ നാം പരാജയപ്പെടും. ഇത് നിങ്ങളുടെ തലയിലും ഹൃദയത്തിലും ഉണ്ടായിരിക്കണം: പിശാചിനോട് ഒരിക്കലും സംഭാഷിക്കരുത്. അവനുമായി സാധ്യമായ ഒരു സംഭാഷണം ഇല്ല. ദൈവവചനം മാത്രം.

നമ്മളും മരുഭൂമിയിലേക്കു നയിക്കപ്പെടുന്നു

നോമ്പുകാലത്ത്, യേശുവിനെയെന്നപ്പോലെ നമ്മെയും പരിശുദ്ധാത്മാവ് മരുഭൂമിയിലേക്കു നയിക്കുന്നു. നാം മനസ്സിലാക്കിയതുപോലെ, ഇതൊരു ഭൗതികമായ ഇടമല്ല, മറിച്ച്, “നമുക്ക് യഥാർത്ഥ മാനസാന്തരം ഉണ്ടാകുന്നതിനായി”, മൗനം പാലിക്കുകയും ദൈവചനം ശ്രവിക്കുകയും ചെയ്യേണ്ട അസ്തിത്വപരമായ ഒരു മാനത്തിൻറെതാണ്. മരുഭൂമിയെ ഭയപ്പെടേണ്ടതില്ല, നമ്മിലേക്കുതന്നെ പ്രവേശിക്കുന്നതിനു വേണ്ടി പ്രാർത്ഥനയുടെയും മൗനത്തിൻറെയും കൂടുതൽ നിമിഷങ്ങൾ തേടുക. ഭയമരുത്.

ദൈവത്തിൻറെ സരണിയിലൂടെ സഞ്ചരിക്കാം

നമ്മുടെ മാമ്മോദീസാവാഗ്ദാനങ്ങൾ പുതുക്കി, ദൈവത്തിൻറെ പാതയിലൂടെ ചരിക്കാൻ വിളിക്കപ്പെട്ടവരാണ് നമ്മൾ: സാത്താനെയും അവൻറെ സകല പ്രവർത്തികളെയും പ്രലോഭനങ്ങളെയും ഉപേക്ഷിക്കുക. ശത്രു പതിയിരിക്കുന്നു. നിങ്ങൾ ജാഗരൂകരായിരിക്കുക. എന്നാൽ ഒരിക്കലും അവനുമായി സംഭാഷണത്തിലേർപ്പെടരുത്. കന്യാമറിയത്തിൻറെ മാതൃസന്നിഭ മാദ്ധ്യസ്ഥ്യത്തിന് നമുക്ക് നമ്മെത്തന്നെ ഭരമേൽപ്പിക്കാം.

ഈ വാക്കുകളെ തുടർന്ന് പാപ്പാ ത്രികാലപ്രാർത്ഥന നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു. ആശീർവ്വാദാനന്തരം പാപ്പാ, കർത്താവായ യേശു, 90 വർഷം മുമ്പ്, പോളണ്ടിൽ, വിശുദ്ധ ഫൗസ്തീന കൊവാൽസ്ക്കയ്ക്ക് (Faustina Kowalska) ദർശനം നല്കുകയം ദൈവികകാരുണ്യത്തിൻറെ സവിശേഷ സന്ദേശമേകുകയും ചെയ്ത ഇടമായ പോക്കിലെ (Płock) ദേവലായത്തെക്കുറിച്ച് അനുസ്മരിച്ചു.

യേശുവേകിയ ഈ സന്ദേശം വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പാ വഴി ലോകമെങ്ങും പ്രസരിച്ചുവെന്നും പാപ്പാ പറഞ്ഞു. പിതാവിൻറെ കാരുണ്യം നമുക്കു നല്കുകയും നമുക്കുവേണ്ടി മരിച്ച് ഉയിർത്തെഴുന്നേൽക്കുകയും ചെയ്ത യേശുക്രിസ്തുവിൻറെ സുവിശേഷമല്ലാതെ മറ്റൊന്നുമല്ല പ്രസ്തുത സന്ദേശമെന്നും ഫ്രാൻസീസ് പാപ്പാ വിശദീകരിച്ചു. “യേശുവേ, ഞാൻ നിന്നിൽ വിശ്വാസമർപ്പിക്കുന്നു” എന്നു പറഞ്ഞുകൊണ്ട് നമ്മുടെ ഹൃദയം അവിടത്തേക്കു തുറന്നുകൊടുക്കണമെന്നും പാപ്പാ പറഞ്ഞു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles