യാത്രാമദ്ധ്യേ വി. യൗസേപ്പിതാവിനെ അത്ഭുതപ്പെടുത്തിയ സംഭവങ്ങള്‍ എന്തൊക്കെയെന്ന് അറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-131/200

പ്രഭാതത്തില്‍ ഉണര്‍ന്ന് അവര്‍ സ്വര്‍ഗ്ഗീയ പിതാവിനെ ആരാധിക്കുകയും അതിരാവിലെതന്നെ യാത്ര പുറപ്പെടുകയും ചെയ്തു. ഇതിനിടയില്‍ അവരെ ശ്രദ്ധിച്ച ചിലര്‍ അവര്‍ക്കു ചുറ്റും കൂടുകയും ഈശോയെ ശ്രദ്ധാപൂര്‍വ്വം നോക്കിയവരുടെ ഹൃദയങ്ങള്‍ ജ്വലിക്കുകയും ചെയ്തു. അവന്റെ ദിവ്യസൗന്ദര്യവും മുഖകാന്തിയും അത്ര ആകര്‍ഷകമാംവിധം മഹത്തരമായിരുന്നു. ജോസഫ് അതില്‍ വളരെയധികം സന്തോഷിക്കുകയും ദൈവം നല്‍കിയ ആ വലി അനുഗ്രഹം എടുത്തുപറയുകയും ചെയ്തു.

ചില സമയത്ത് ജോസഫും മറിയവും തളര്‍ന്നുപോയിരുന്നു. അപ്പോള്‍ ഈശോ അവരെ രണ്ടുപേരെയും കൈയ്ക്കു പിടിച്ച് അവര്‍ക്കു നടുവില്‍ നിന്ന് യാത്രനയിക്കും. ആ സമയം ഈശോ അവരെ വഹിക്കുകയാണോ എന്ന് തോന്നിപ്പോകും. അവരുടെ ക്ഷീണമെല്ലാം അതോടെ നീങ്ങിപ്പോവുകയും ചെയ്യു. അപ്പോള്‍ ജോസഫ് ഈശോയുടെ നേരേ നോക്കി പറയും. ‘എന്റെ പൊന്നോമന മകനേ, നീ വീണ്ടും എന്റെ ക്ലേശങ്ങളും വിഷമങ്ങളും ഏറ്റെടുക്കുകയും ക്ഷീണത്തിനു പകരം സമാശ്വാസം തരികയും ചെയ്തല്ലോ. എന്നാല്‍, ഈ യാത്രയില്‍ നിന്റെ തളര്‍ച്ചയും ക്ഷീണവും ആര് ഏറ്റെടുക്കും? നീ തന്നെ അതെല്ലാം അനുഭവിക്കേണ്ടി വരുന്നല്ലോ? ഈ ചെറുപ്രായത്തില്‍ ഞങ്ങളെക്കാള്‍ നീയായിരിക്കും കൂടുതല്‍ തളര്‍ന്നിരിക്കുക.’

‘തളര്‍ച്ചകളില്‍നിന്ന് എന്നെ സംരക്ഷിക്കുന്നത് സ്‌നേഹമാണ്.’ ഈശോ പ്രതിവചിച്ചു. ‘എല്ലാം സന്തോഷത്തോടെ സഹിക്കാനും വരുന്ന ദുരിതങ്ങളെല്ലാം ഉത്സാഹപൂര്‍വ്വം സ്വീകരിക്കാനും കയ്‌പേറിയ അനുഭവങ്ങളെ മധുരമാക്കി മാറ്റാനും കഴിയുന്നത് സ്‌നേഹംകൊണ്ടാണ്. സ്‌നേഹം എന്റെ പാദങ്ങള്‍ക്കു ചിറകുവയ്ക്കുന്നു.’ അതു കേട്ടപ്പോള്‍ ജോസഫ് ഉദ്‌ഘോഷിച്ചു: ‘ഹാ, സ്‌നേഹം, സ്‌നേഹം! വന്നാലും എന്റെ ആത്മാവില്‍ വന്നു നിറഞ്ഞ് ഹൃദയത്തെ എരിയിച്ചാലും!’ ഇതു പറയുമ്പോഴേക്കും ജോസഫ് ആത്മാവില്‍ ജ്വലിച്ച് ലയിച്ചു കഴിഞ്ഞിരുന്നു. ചില സന്ദര്‍ഭങ്ങളില്‍ ഈശോ പിതാവിന്റെ അതിരറ്റ സ്‌നേഹത്തെക്കുറിച്ച് ജോസഫിനോടു സംസാരിച്ചിരുന്നു.

മാനവജനതയുടെ മോചനത്തിനുവേണ്ടി തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു! ഈശോയുടെ വചനങ്ങളാല്‍ ജ്വലിക്കുന്ന ജോസഫും ആത്മാവിന്റെ ഉല്‍ക്കടമായ പ്രചോദനങ്ങളാല്‍ ആ സംഭാഷണത്തില്‍ ഇടയ്‌ക്കൊക്കെ സംസാരിച്ചിരുന്നു. അത്രമാത്രം അഭിഷേകം നിറഞ്ഞൊഴുകുന്ന വാക്കുകളായിരുന്നു ഈശോയുടെ വദനത്തില്‍ നിന്നു പുറപ്പെട്ടിരുന്നത്. സ്‌നേഹത്തില്‍ നിന്ന് ബഹിര്‍ഗമിക്കുന്ന അതിബൃഹത്തായ അഗ്നിപ്രവാഹത്തില്‍ ജോസഫിന്റെ ഹൃദയം കത്തജ്വലിച്ചുകൊണ്ടിരുന്നു. സ്‌നേഹാഗ്നിജ്വാലയില്‍ എരിഞ്ഞുതീരുന്ന അവാച്യമായ അനുഭവമായിരുന്നു അത്!

അവരുടെ തീര്‍ത്ഥയാത്ര അടുത്ത ഒരു ഘട്ടംകൂടി പിന്നിട്ടു. തല്ക്കാലത്തെ വിശ്രമത്തിനായി വിരാമമിട്ട്ു. അവര്‍ക്ക് നന്നായി വിശക്കുന്നുണ്ടായിരുന്നു. പക്ഷേ, ആഹാരത്തിന് ഒരു വഴിയുമില്ലാത്ത ദുര്‍ഘടമേഖലകളിലൂടെയാണ് അപ്പോള്‍ അവര്‍ കടന്നുപൊയ്‌ക്കൊണ്ടിരുന്നത്. എന്നാല്‍, അതാ പക്ഷികള്‍ പഴവര്‍ഗങ്ങള്‍ കൊത്തിക്കൊണ്ടുവന്ന് ഈശോയുടെ മടിയില്‍ ഇട്ടുകൊടുത്തു. ജോസഫിനും മറിയത്തിനുംകൂടി അതില്‍നിന്നു തല്ക്കാലം വിശപ്പടക്കാന്‍ കഴിഞ്ഞു.അപരിചിതമായ മാര്‍ഗ്ഗത്തില്‍ അത്ഭുതകരമായി അവരെ നയിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ദൈവപിതാവിന്റെ കരുതലിനെയും കാരുണ്യത്തെയും അവര്‍ പ്രകീര്‍ത്തിച്ചു. അവര്‍ അതു ഭക്ഷിച്ചു കഴിഞ്ഞപ്പോള്‍ മനുഷ്യമക്കളെ പരിപാലിക്കുന്ന സ്വര്‍ഗ്ഗീയപിതാവിന്റെ സ്‌നേഹവായ്പിനെക്കുറിച്ച് ഈശോ സംസാരിക്കാന്‍ തുടങ്ങി. ജോസഫിന്റെ ഹൃദയത്തെ അത് ആഴമായി സ്പര്‍ശിക്കുകയും ദൈവപിതാവിനോടുള്ള കൃതജ്ഞതാനിര്‍ഭരമായ മനോഭാവം തീവ്രമായിത്തീരുകയും ചെയ്തു.

തിരുക്കുടുംബത്തെ കണ്ടതോടെ ആകാശപ്പറവകള്‍ കൂട്ടമായി പാടിപ്പറന്നു വരവായി. അതില്‍ ചില കുരുവികള്‍ പൂക്കുലകള്‍ കൊത്തിക്കൊണ്ടുവന്ന് ഈശോയുടെമേല്‍ ഇട്ടുകൊടുത്തു. വിശ്രമവേളകളില്‍ ചിലപ്പോള്‍ മാടപ്രാവുകള്‍ ഒലിവു തളിര്‍പ്പുകള്‍ കൊണ്ടുവന്ന് ഇട്ടുകൊടുത്ത് സ്രഷ്ടാവിനോടുള്ള നന്ദി പ്രകടിപ്പിച്ചു. ഈശോയുടെ മേല്‍ മാത്രമല്ല, മറിയത്തിന്റെയും ജോസഫിന്റെയും മേലും അവ അപ്രകാരം ചെയ്തു. അവരുടെ മുകളില്‍ വട്ടമിട്ടു പറന്നും ചിറകടിച്ചു അവയുടെ നന്ദിയും ആദരവും പ്രകടമാക്കി.മറിയവും ജോസഫും ആശ്ചര്യത്തോടെ അതെല്ലാം വീക്ഷിച്ചുകൊണ്ടിരുന്നു. അതിലുപരിയായി, തുടര്‍ന്നുള്ള യാത്രയില്‍ വന്യമൃഗങ്ങള്‍ കടന്നുവന്ന് സ്രഷ്ടാവിന്റെ മുമ്പില്‍ പ്രണമിച്ച് തങ്ങളുടെ ആദരവ് പ്രകടിപ്പിച്ചു. ജോസഫ് വിസ്മയത്തോടെ അതു കാണുകയും അതിന്റെ സാരാംശം ഹൃദയത്തില്‍ സംഗ്രഹിക്കുകയും ചെയ്തു.

അവിടെനിന്നു മുന്നോട്ടുള്ള യാത്ര ക്ലേശങ്ങള്‍ നിറഞ്ഞതായിരുന്നു. മിക്ക രാത്രികളും വിശാലമായ പുല്‍മേടുകളില്‍ വിശ്രമിക്കേണ്ടിവന്നു. കാരണം, യാതൊരുവിധ അഭയസങ്കേതവും ലഭ്യമല്ലാത്ത തരിശുഭൂമിയും വിജനപ്രദേശങ്ങളുമായിരുന്നു ആ മേഖലകള്‍. ഈശോയെയും മാതാവിനെയും ഓര്‍ത്ത് അത് എത്രയോ സങ്കടവും ദുഃഖവുമാണ് ജോസഫിന് ഉണ്ടാക്കിയത്! ആ യാത്രകളില്‍ ജോസഫ് തന്റെ മേലങ്കി ഒരു കൂടാരംപോലെ അവര്‍ക്കു മുകളില്‍ വിരിച്ചുനിര്‍ത്തി. അത്യന്തം സ്‌നേഹത്തോടും നൈപുണ്യത്തോടുംകൂടി വി. ജോസഫ് തീര്‍ത്ത ആ താല്ക്കാലികകൂടാരം ഒരു കൊച്ചുകുടില്‍ തന്നെയായിട്ടാണ് അവര്‍ക്ക് അനുഭവപ്പെട്ടത്.

ആ കമാനത്തിനടിയില്‍ തികഞ്ഞ സന്തോഷത്തോടെയാണ് ഈശോയും മറിയവും രാത്രികാലം ചെലവഴിച്ചത്. കാരണം ഇല്ലായ്മയുടെ നടുവിലായിരുന്നിട്ടും സമ്പൂര്‍ണ്ണസംതൃപ്തി അവര്‍ക്ക് അനുഭവപ്പെട്ടു. ഈശോയും മാതാവും അനുഭവിക്കുന്ന വ്യഥകളെക്കുറിച്ചുള്ള ചിന്തകള്‍ ജോസഫിന്റളെ മനസ്സിനെ വല്ലാതെ പ്രഹരിക്കുന്നുണ്ടായിരുന്നു. അവര്‍ക്ക് ഏറ്റവും അത്യാവശ്യമായ കാര്യങ്ങള്‍പോലും ഈ ദാരിദ്ര്യാവസ്ഥയില്‍ ചെയ്തുകൊടുക്കാന്‍ കഴിയാത്ത തന്റെ നിസ്സഹായവസ്ഥയാണ് ഏറ്റവും ദുഃഖകാരണമായിത്തീര്‍ന്നത്.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ. ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles