നസ്രത്തിലേക്കുള്ള യാത്രയില്‍ വി. യൗസേപ്പിതാവിന്റെ ആകുലതകളെ ഈശോ സാന്ത്വനിപ്പിച്ചത് എങ്ങിനെയെന്നറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-130/200
നസ്രത്തിലേക്കുള്ള വഴിയെക്കുറിച്ച് ജോസഫിനു നല്ല നിശ്ചയമൊന്നുമുണ്ടായിരുന്നില്ല. എങ്കിലും ആരോടും ഒന്നും ആരായുന്നുമില്ല. അതോര്‍ത്ത് പ്രത്യേകിച്ചൊരു വ്യഗ്രതയും പ്രകടിപ്പിക്കുന്നുമില്ല. കാരണം ഒരു കാര്യത്തില്‍ അവനു നല്ല നിശ്ചയമുണ്ടായിരുന്നു. ഈശോ കൂടെയുള്ളപ്പോള്‍ ഒരിക്കലും വഴി തെറ്റുകയില്ല. ദൈവമാണ് അവരെ നയിക്കുന്നത്. സത്യത്തില്‍ ഈശോയാണ് ആ യാത്രയുടെ നായകന്. ഇതിനോടകം അവര്‍ കുറച്ചു ദൂരം പിന്നിട്ടുകഴിഞ്ഞിരുന്നു. വീണ്ടും വിശ്രമിക്കേണ്ട സമയമായി. അനുയോജ്യമായ സ്ഥലത്ത് അവര്‍ വിശ്രമത്തിന് ഇരുന്നു.
ആ വിശ്രമസമയം യഥാര്‍ത്ഥത്തില്‍ ഒരു അനുഭവം തന്നെയായിരുന്നു. അവര്‍ണ്ണനീയമായ സ്വര്‍ഗ്ഗീയമഹിമ നിറഞ്ഞൊഴുകുന്ന പ്രകൃതിഭംഗികള്‍ അവര്‍ ആസ്വദിക്കുകയായിരുന്നു. പിതാവിന്റെ ആജ്ഞാവചനത്താല് ഉരുവാക്കപ്പെട്ട സൃഷ്ടിജാലങ്ങളില്‍ പരിലസിക്കുന്ന അവിടുത്തെ ജ്ഞാനത്തിന്റെ ചൈതന്യം വീക്ഷിക്കുവാനും ഗ്രഹിക്കുവാനും ഈശോ അവരോട് ആവശ്യപ്പെട്ടു. ആത്മാവില്‍ ജ്വലിച്ചുകൊണ്ട് പിതാവിന്റെ മഹിമകളെക്കുറിച്ച് വചോവിലാസത്തോടെ ഈശോ തീക്ഷ്ണതാപൂര്‍വ്വം സംസാരിക്കാന്‍ തുടങ്ങി. തിരുക്കുമാരന്റെ ഈ വാക്കുകളാല്‍ മറിയവും ജോസഫും ഹര്‍ഷപുളകിതരാവുകയും ചെയ്തു.
അങ്ങനെ യാത്രാ ക്ഷീണമോ തളര്‍ച്ചയോ അറിയാതെ സന്തോഷത്തിലും സമാശ്വാസത്തിലും നിറഞ്ഞ് അവര്‍ യാത്ര തുടര്‍ന്നു. തിരുക്കുടുംബത്തിന്റെ തീര്‍ത്ഥയാത്രയുടെ ആദ്യദിനം അല്ലലും അലച്ചിലും അറിയാതെ പര്യവസാനിച്ചു. ഈശോയുടെ ദൈവികചൈതന്യത്തിന്റെ തണലില്‍ ആ ദിവസം അവര്‍ പൂര്‍ത്തിയാക്കി. മനുഷ്യപുത്രനെന്ന നിലയില്‍ ബാലനായ ഈശോയ്ക്ക് ഇത്ര ചെറുപ്പത്തില്‍ എത്രമാത്രം വിശപ്പ് സഹിക്കേണ്ടിവന്നുകാണും എന്നൊരു ചിന്ത കുറച്ചൊന്നുമല്ല ജോസഫിനെ അലോസരപ്പെടുത്തിയിരുന്നത്.
എങ്കിലും ഹൃദയവിചാരങ്ങള്‍ ഗ്രഹിക്കുന്ന ഈശോ ജോസഫിന്റെ ആകുലതകള്‍ മനസ്സിലാക്കിക്കൊണ്ട് ധൈര്യം പകരുകയും ചെയ്യുന്നുണ്ട്. ‘അപ്പന് ആകുലപ്പെടേണ്ട. ഈ രാത്രിയില്‍ ഒരു സത്രത്തില്‍ നമ്മള് എത്തിച്ചേരും. അവിടെ നമുക്കാവശ്യമായതെല്ലാം സുലഭമായിരിക്കും. എന്റെ വിഷമതകളെച്ചൊല്ലി തളര്‍ന്നുപോകരുത്. ഇപ്പോള്‍ മുതല്‍ അതു ഞാന്‍ സഹിക്കേണ്ടിയിരിക്കുന്നു. പ്രായമാകുമ്പോള്‍ അതു കഠിനമാകുകയും ചെയ്യും. അതിന് സ്വര്‍ഗ്ഗീയപിതാവിന് നന്ദി പറയുക. അതുവഴി എല്ലാം സഹിക്കാന്‍ എനിക്ക് ശക്തി ലഭിക്കും. അങ്ങനെ ദൈവത്തോടും മനുഷ്യരോടും എനിക്കുള്ള സ്നേഹം പ്രകടിപ്പിക്കാന്‍ സാധിക്കുകയും ചെയ്യും.
ഇപ്പോള്‍ത്തന്നെ നേരം വളരെ വൈകി. രാത്രി ചിലവഴിക്കാനുള്ള സ്ഥലം അന്വേഷിക്കാന്‍ തുടങ്ങി. ജോസഫ് നേരത്തെതന്നെ ഇതിനെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയിരുന്നു. തന്റെ സ്നേഹഭാജനമായ മറിയത്തിന്റെയും ഈശോയുടെയും യാത്രാക്ഷീണം ജോസഫിനെ ഉല്‍ക്കണ്ഠാകുലനാക്കിയിരുന്നു. സന്ധ്യയ്ക്കുമുമ്പേ ഏതെങ്കിലും സത്രത്തില്‍ എത്തിച്ചേരണമെന്ന് കരുതി അവര്‍ നടത്തത്തിന് അല്പം വേഗതകൂട്ടി. തളര്‍ന്നിരിക്കുന്ന അവസ്ഥയില്‍ വേഗത്തിലുള്ള നടത്തം നില വഷളാക്കുമോ എന്ന ഭീതി ജോസഫിന്റെ ഉള്ളിലുണ്ട്. സാന്ത്വനപ്പെടുത്തലുകളുടെ നടുവിലും തന്റെ പൊന്നോമന മകനെയും പ്രിയഭാര്യയെയും തളര്‍ന്ന അവസ്ഥയില്‍ കാണേണ്ടിവന്നതോര്ത്ത് ജോസഫ് വല്ലാതെ അസഹ്യപ്പെടുന്നുണ്ട്.
ആ വിശുദ്ധയാത്ര വൈകുന്നേരമായപ്പോഴേക്കും ഒരു സത്രത്തില്‍ ചെന്നെത്തി. അവിടെനിന്ന് കുറച്ച് റൊട്ടിയും വെള്ളവും അല്പം പഴങ്ങളും കഴിച്ച് വിശപ്പടക്കിയശേഷം മുറിയിലേക്കു വിശ്രമത്തിന് പോയി. ഈശോയുടെ മുഖകാന്തിയും മറിയത്തിന്റെ വിശുദ്ധസൗന്ദര്യവും കണ്ട സത്രം സൂക്ഷിപ്പുകാരന് ആശ്യര്യപ്പെട്ടുപോയെങ്കിലും ‘കമ’ എന്നൊരക്ഷരംപോലും ആരോടും പറഞ്ഞില്ല. തിരുക്കുടുംബത്തിന്റെ സ്വാതന്ത്ര്യത്തില്‍ ആരും കൈകടത്താതിരിക്കത്തവിധം ദൈവം എല്ലാം യഥാവിധി ക്രമപ്പെടുത്തിയിട്ടുണ്ടായിരുന്നു. അല്പസമയത്തെ വിശ്രമമൊഴിച്ചാല് രാത്രിയുടെ സിംഹഭാഗവും അവര്‍ പ്രാര്‍ത്ഥനയിലും ധ്യാനത്തിലും ചെലവഴിച്ചു.
(തുടരും)
വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന
ഏറ്റം സ്നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ. ആമ്മേന്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.