സാത്താന്റെ പരീക്ഷകളെ എങ്ങനെ നേരിടണം എന്ന് ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു തരുന്നു
ക്രിസ്തീയ ജീവിതം എന്നത് പൈശാചിക ശക്തികൾക്കെതിരായ പോരാട്ടമാണെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പ. മരുഭൂമിയിൽ സാത്താന്റെ പരീക്ഷണങ്ങളെ ക്രിസ്തു നേരിട്ടതുപോലെ, വിശ്വാസത്തോടും പ്രാർത്ഥനയോടും തപസോടുംകൂടി നേരിട്ടാൽ വിജയം ഉറപ്പാണെന്ന് തിരിച്ചറിഞ്ഞ് തിന്മയെ അതിജീവിക്കാൻ ക്രൈസ്തവർ ജാഗരൂകരാകണമെന്നും അദ്ദേഹം പറഞ്ഞു. കര്‍ത്താവിന്റെ മാലാഖ സന്ദേശം നൽകുകയായിരുന്നു പാപ്പ.
ആത്മാവിനാൽ മരുഭൂമിയിലേക്ക് ഈശോ നയിക്കപ്പെട്ട തിരുവചന ഭാഗം ഉദ്ധരിച്ചുകൊണ്ടായിരുന്നു പാപ്പയുടെ സന്ദേശം. സാത്താനാൽ പരീക്ഷിക്കപ്പെട്ട് 40 ദിവസമാണ് മരുഭൂമിയിൽ യേശുക്രിസ്തു വസിച്ചത്. മനുഷ്യഹൃദയത്തോട് ദൈവം സംസാരിക്കുകയും നാം ദൈവത്തോട് പ്രാർത്ഥിക്കുകയും ചെയ്യുന്ന സ്ഥലം എന്നതാണ് മരുഭൂമിയുടെ പ്രതീകാത്മകമായ അർത്ഥം. എന്നാൽ, ഇത് പരീക്ഷണത്തിന്റെയും പ്രലോഭനത്തിന്റെയും കുരിശുമരണത്തിൽ അവസാനിക്കുന്ന യേശുവും സാത്താനും തമ്മിലുള്ള യുദ്ധം ആരംഭിക്കുന്ന ഇടവുമാണ്.
എന്നാൽ, അവിടുത്തെ വഴിനടത്തുകയും പ്രചോദിപ്പിക്കുകയും നയിക്കുകയും ചെയ്യുന്ന പരിശുദ്ധാത്മാവിന്റെ അടയാളത്തിന് കീഴിലാണ് യേശുവിന്റെ മുഴുവൻ അസ്തിത്വവും. ക്രിസ്തുവിന്റെ ജീവിതത്തിലെ മുഴുവൻ ശുശ്രൂഷയും തിന്മയ്ക്കെതിരായ പോരാട്ടത്തെ അടയാളപ്പെടുത്തുന്നതാണ്. രോഗശാന്തി നൽകിയും ബന്ധിതരെ മോചിപ്പിച്ചും പാപങ്ങൾ ക്ഷമിച്ചും മുന്നേറുന്നതായിരുന്നു ക്രിസ്തുവിന്റെ ജീവിതം. ദൈവപുത്രൻ തള്ളിപറയപ്പെടുകയും പിടിക്കപ്പെടുകയും വധശിക്ഷക്ക് വിധിക്കപ്പെടുകയും ചെയ്യുന്നതുവരെ അത് തുടർന്നു. സാത്താനെ പരാജയപ്പെടുത്താനും നമ്മെ അവന്റെ ശക്തികളിൽനിന്ന് സ്വതന്ത്രരാക്കാനുംവേണ്ടി ക്രിസ്തു വരിക്കാനിരുന്ന കുരിശാരോഹണത്തിലേക്കുള്ള അവസാനത്തെ മരുഭൂമിയായിരുന്നു മരണം.
ഈ സാഹചര്യത്തിൽ മരുഭൂമിയേയും പ്രലോഭനങ്ങളെയും കുറിച്ച് വിചിന്തനം ചെയ്യുമ്പോൾ ദൈവത്തിന്റെ പാത തുടരണമെങ്കിൽ നമ്മുടെ ജീവിതവും സാത്താന്റെ ശക്തിക്കെതിരായ പോരാട്ടമാണെന്ന് നാം തിരിച്ചറിയണം. നമ്മുടെ ശാശ്വതമായ പരാജയം ആഗ്രഹിക്കുന്ന ശത്രുവിന്റെ സാന്നിധ്യത്തെ കുറിച്ച് നാം പൂർണമായി അറിഞ്ഞിരിക്കുകയും വേണം.
യേശു ഒരിക്കലും പിശാചുമായി സംഭാഷണത്തിൽ ഏർപ്പെട്ടിട്ടില്ല. മറിച്ച്, യേശു എപ്പോഴും അവനെ പറഞ്ഞയക്കുകയോ ദൈവവചനത്താൽ പ്രതികരിക്കുകയോ ആണ് ചെയ്തിട്ടുള്ളത്. അതിനാൽ നാമും ഒരിക്കലും പിശാചുമായും അവന്റെ പ്രലോഭനങ്ങളുമായും സംഭാഷണത്തിൽ ഏർപ്പെടരുത്. എന്തെന്നാൽ വിശ്വാസം, പ്രാർത്ഥന, തപസ് എന്നിവയിലൂടെ നമുക്ക് ശത്രുവിനെ പരാജയപ്പെടുത്താൻ കഴിയുമെന്ന് ദൈവകൃപ നമുക്ക് ഉറപ്പുനൽകുന്നുണ്ടെന്നും പാപ്പ കൂട്ടിച്ചേർത്തു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.