ഇസ്രായേല്‍ ദേശത്തേക്ക് യാത്രയാരംഭിച്ച വി. യൗസേപ്പിതാവിന്റെ അനുഭവങ്ങളെക്കുറിച്ച് അറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-129/200

പിതാവായ ദൈവത്തിന്റെ അനുഗ്രഹത്താല്‍ കൃപയിലും ശക്തിയിലും നിറഞ്ഞ് തിരുക്കുടുംബം അതിരാവിലെ ഈജിപ്തില്‍ നിന്ന് ഇസ്രായേല്‍ ദേശത്തേക്ക് മടക്കയാത്ര ആരംഭിച്ചു. ആ നാട്ടില്‍ പരിചയമുണ്ടായിരുന്ന എല്ലാവരോടും തലേദിവസം തന്നെ യാത്രപറഞ്ഞിരുന്നു. ഈജിപ്തിലെ തിരുക്കുടുംബത്തിന്റെ ദേശാന്തരവാസകാലം ആറു വര്‍ഷം പൂര്‍ത്തിയായി ഏഴാം വര്‍ഷത്തിലേക്കു കടന്നിരുന്നു. ആ യാത്രയില്‍ മറിയത്തോടും ഈശോയോടും എത്രയോ കരുതലും സ്‌നേഹവുമാണ് ജോസഫ് പ്രകടിപ്പിച്ചത്! അത് ഒന്നു കാണേണ്ട കാഴ്ചതന്നെയായിരുന്നു!

തികഞ്ഞ സംതൃപ്തിയോടും നിറഞ്ഞ സന്തോഷത്തോടും കൂടെയാണ് ഓരോ കാര്യവും ചെയ്യുന്നതെന്ന് ആ കണ്ണുകളിലെ തിളക്കവും മുഖത്തെ ഭാവവും വിളിച്ചറിയിച്ചിരുന്നു. സ്വയം ചെറുതാകുന്ന ആ പെരുമാറ്റം അത് പ്രസ്പഷ്ടമായിരുന്നു. തങ്ങളെ പരിപാലിക്കുകയും ഈജിപ്തില്‍നിന്നു തിരിച്ചുകൊണ്ടുവരികയും ചെയ്യുന്ന ദൈവത്തെ എപ്പോഴും അവര്‍ ഏകമനസ്സുമായി ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യുന്നുണ്ട്. ഈശോയുടെയും മറിയത്തിന്റെയും മേല്‍ ജോസഫിന് എപ്പോഴും ഒരു കണ്ണുണ്ട്. അവരുടെ ചുവടുകള്‍ക്കൊപ്പം ജോസഫ് തന്റെ നടത്തം ക്രമീകരിക്കുകയും ചെയ്യുന്നുണ്ട്.

അന്ന് നല്ല തെളിഞ്ഞ അന്തരീക്ഷവും സുഖകരമായ കലാവസ്ഥയും ആയിരുന്നു. അതിന് അവര്‍ ഏകമനസ്സായി ദൈവത്തെ ആരാധിക്കുകയും സ്തുതിക്കുകയും ചെയ്തുകൊണ്ടിരുന്നു. സൃഷ്ടികളെല്ലാം സ്രഷ്ടാവിന്റെ മടക്കയാത്രയെ ഉല്ലാസത്തോടെ ആഘോഷിക്കുക തന്നെ ചെയ്തു. തങ്ങളുടെ കര്‍ത്താവിനെ നേരില്‍ കാണാന്‍ കഴിഞ്ഞതിന്റെ ആനന്ദാവേശത്താല്‍ കുരുവികളും പറവകളും വട്ടമിട്ടു പറന്നുകൊണ്ട് അവരെ അനുഗമിക്കുകയും സന്തോഷാധിക്യത്താല്‍ മതിമറന്ന് ആടിപ്പാടി കര്‍ത്താവിനെ ആരാധിക്കുകയും ചെയ്തു. ജോസഫ് ഇതെല്ലാം സസൂക്ഷ്മം ശ്രദ്ധിക്കുകയും ആത്മസന്തോഷം കൊണ്ട് നിറയുകയും ചെയ്തിരുന്നു.

മടക്കയാത്രയിലുടനീളം ബാലനായ ഈശോ തന്നെക്കുറഇച്ചു പ്രവാചകന്മാര്‍ എഴുതിയിരുന്ന കാര്യങ്ങള്‍ പ്രകടമാക്കുന്നുണ്ട്. ഈശോയില്‍നിന്നു വരുന്ന ആത്മീയ ചിന്തകളും ദൈവികപ്രവൃത്തികളും കണ്ടിട്ട് മറിയവും അതില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുകയാണ്. അതേക്കുറിച്ച് ആശ്ചര്യത്തോടെ ജോസഫിനോട് സംസാരിക്കുന്നുമുണ്ട്. ജോസഫിന് അതെല്ലാം അറിയാം. ഈശോയുടെ ദൈവികസ്വഭാവത്തില്‍ പങ്കാളിയും ഭാഗമാക്കുമാണെങ്കില്‍ക്കൂടി മറിയം അത് സാക്ഷ്യപ്പെടുത്തുകയാണ്. വലിയ ആനന്ദത്തോടും ആദരവോടുംകൂടിയാണ് വി. ജോസഫ് ഓരോന്നും ചെയ്തിരുന്നത്.

കുറച്ചുദൂരം പിന്നിട്ടപ്പോള്‍ മറിയത്തോടും ഈശോയോടും വിശ്രമിക്കാന്‍ ജോസഫ് ആവശ്യപ്പെട്ടു. അക്ഷരംപ്രതി അവര്‍ ജോസഫിനെ അനുസരിച്ചു. തിരുക്കുമാരന്‍ ക്ഷീണിച്ചു എന്നു ജോസഫ് കണ്ടു. യാത്ര ചെയ്തു തളരുകതന്നെ ചെയ്തിരുന്നു. കുട്ടിയോടുള്ള അഗാധമായ സ്‌നേഹത്താല്‍ ജോസഫ് പറഞ്ഞു: ‘എന്റെ പൊന്നോമന കുഞ്ഞേ, നിങ്ങളുടെയെല്ലാവരുടെയും വിഷമങ്ങള്‍ എനിക്കു വിട്ടുതരുവാന്‍ പിതാവിനോടു പറയുക. ന്യായമായും അത് ഞാന്‍തന്നെയാണ് വഹിക്കേണ്ടത്. നീയോ മാതാവോ അല്ല. ഇത്രമാത്രം വിശുദ്ധരും നിര്‍ദ്ദോഷികളുമായി നിങ്ങളെപ്പോലെ ആരാണുള്ളത്.’

ഈശോ തന്റെ ആഗമനലക്ഷ്യത്തിന്റെ രഹസ്യങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ടു വളരെ വിനയത്തോടെ പറഞ്ഞു: ‘ഞാന്‍ സ്വര്‍ഗ്ഗം വിട്ടു ഭൂമിയില്‍ വന്നതു സഹനങ്ങള്‍ ഏറ്റെടുക്കാനാണ്. മാനവകുലത്തെ ലക്ഷിക്കുക എന്ന പിതാവിന്റെ തിരുഹിതം നിറവേറ്റുന്നതില്‍ ഞാന്‍ സന്തോഷിക്കുകയും ചെയ്യുന്നു.’ ഈശോ അതു പറഞ്ഞുകഴിഞ്ഞപ്പോള്‍ മറിയത്തിന്റെയും ജോസഫിന്റെയും ഹൃദയം ജ്വലിച്ചു. അതുവരെ അവര്‍ക്കു നേരിട്ട പ്രയാസങ്ങള്‍ നിസ്സാരങ്ങളായി തോന്നി. അല്പസമയത്തെ വിശ്രമത്തിനുശേഷം അവര്‍ യാത്ര തുടര്‍ന്നു. എപ്പോഴെങ്കിലും ജോസഫ് തളരുന്നതായി കണ്ടാല്‍ ഉടനെ ബാലനായ ഈശോ മുന്നോട്ടുവന്ന് സ്വര്‍ഗ്ഗപിതാവിന്റെ സ്‌നേഹവായ്പുകളെക്കുറിച്ച് പ്രഘോഷിക്കാന്‍ തുടങ്ങും. തല്‍ക്ഷണം അവരുടെ ക്ഷീണവും ആലസ്യവും വിട്ടുപോകും. മുന്നോട്ടുള്ള യാത്രയ്ക്കാവശ്യമായ ശക്തിയാല്‍ നിറയുകയും ചെയ്യും. സമ്പൂര്‍ണ്ണമായും ദൈവത്തില്‍ ലയിച്ചുചേര്‍ന്ന അനുഭവത്തിലേക്ക് അതവരെ നയിക്കുകയും ചെയ്തിരുന്നു.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ. ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles