കണ്ടാലും! എത്ര വലിയ സ്‌നേഹമാണ് അവിടുന്ന് നമ്മോട് കാണിച്ചിരിക്കുന്നത്!
നമ്മളെല്ലാവരും സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഒരുപാട് ആഗ്രഹിക്കുന്നവരാണ്… സ്നേഹം കൊതിക്കുന്ന ഒരു മനസ്സ് കുഞ്ഞുങ്ങൾ മുതൽ പ്രായമായവർ വരെ എല്ലാവരിലും ഉണ്ട്… ഈ പ്രണയദിനത്തിൽ സ്വന്തം പുത്രനെ ബലിയായി നൽകി നമ്മെ ചങ്ക് പറിച്ചു തന്ന് സ്നേഹിക്കുന്ന ഒരു അപ്പൻ്റെ സ്നേഹത്തെ കുറിച്ച് ഒന്ന് ചിന്തിക്കാം., നമ്മുടെ പാപങ്ങൾകുള്ള ശിക്ഷ സ്വന്തം ശരീരത്തിൽ ഏറ്റെടുത്ത്, നമ്മളെ ദൈവപിതാവിനോട് അനുരഞ്ജിപ്പിച്ച്, ആ അപ്പന്റെ സ്നേഹം നമ്മളും അനുഭവിക്കാനായി മൂന്ന് ആണികളിൽ ബലിയായി,പരിശുദ്ധ കുർബാനയായി തീർന്ന 33 കാരൻ നസ്രായൻ്റെ സ്നേഹത്തെ കുറിച്ച് നമ്മുക്ക് ഒന്ന് ചിന്തിക്കാം….ഈ സ്നേഹത്തിന്റെ ആഴങ്ങളിലേക്ക് കടന്നു ചെന്ന് ഈ നസ്രായന് നമ്മുടെ ഹൃദയത്തിൽ ഒരിടം നല്കുമ്പോൾ നമ്മുടെ ജീവിതം ഒരു സ്വർഗ്ഗമായി മാറും… ദൈവസ്നേഹം നിറഞ്ഞു കവിയുന്ന സ്വർഗ്ഗം….
“വിദൂരത്തില് നിന്നു കര്ത്താവ് അവനു പ്രത്യക്‌ഷനായി അരുളിച്ചെയ്‌തു: എനിക്കു നിന്നോടുള്ള സ്‌നേഹം അനന്തമാണ്; നിന്നോടുള്ള വിശ്വസ്‌തത അചഞ്ചലവും.” (ജറെമിയാ 31 : 3). നമ്മോടുള്ള അവിടുത്തെ സ്നേഹം അനന്തമാണ്…നമ്മളെ മക്കളായി ചേർത്ത് പിടിക്കാൻ അവിടുന്ന് സ്വന്തം പുത്രനെ ബലിയായി നല്കി..
“എന്തെന്നാല്, അവനില് വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന് പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്കാന് തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു.
ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ ശിക്‌ഷയ്‌ക്കു വിധിക്കാനല്ല. പ്രത്യുത, അവന് വഴി ലോകം രക്‌ഷപ്രാപിക്കാനാണ്. (യോഹന്നാന് 3 : 16-17)
നമ്മിൽ ഒരുവൻ പോലും നശിച്ചു പോകാൻ ആ അപ്പൻ ആഗ്രഹിക്കുന്നില്ല…നമ്മുടെ പ്രവർത്തികളാൽ രക്ഷ സാധ്യം അല്ലാത്തതിനാൽ നമ്മുടെ പാപങ്ങൾകുള്ള ശിക്ഷ സ്വന്തം പുത്രന്റെ ശരീരത്തിൽ ഏല്പിച്ച് നമ്മളെ ആ തിരുമുറിവുകൾക്കുളളിൽ മറച്ചു….നമ്മളെ മക്കളായി ചേർത്ത് നിർത്തി അനുഗ്രഹിച്ചു…
“എന്നാല്, നാം പാപികളായിരിക്കേ, ക്രിസ്‌തു നമുക്കുവേണ്ടി മരിച്ചു. അങ്ങനെ നമ്മോടുള്ള തന്റെ സ്‌നേഹം ദൈവം പ്രകടമാക്കിയിരിക്കുന്നു.” (റോമാ 5 : 8)
അവിടുത്തേക്ക് നമ്മോടുള്ള സ്നേഹം കാൽവരി കുരിശിൽ നമ്മുക്കായി ഒഴുകി..
നമ്മോടുള്ള സ്നേഹം തിരുരക്തമായി ഒഴുകിയപ്പോൾ നമ്മുടെ പാപകറകൾ മാറി നമ്മൾ വെണ്മയുളളവരായി, വിശുദ്ധരായി മാറി….
നമ്മെ രക്ഷിക്കാൻസ്വന്തം ജീവൻ ബലി നൽകിയ ഈശോയുടെ സ്നേഹം അത് ഹൃദയം കൊണ്ട് ഒന്ന് അനുഭവിക്കാമോ…ആ നസ്രായനെ നമ്മുടെ ചങ്കോട് ചേർത്ത് വയ്ക്കാമോ…
“ഇതാണ് എന്റെ കല്പന: ഞാന് നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്‌പരം സ്‌നേഹിക്കണം.
സ്‌നേഹിതര്ക്കുവേണ്ടി ജീവന് അര്പ്പിക്കുന്നതിനെക്കാള് വലിയ സ്‌നേഹം ഇല്ല.” (യോഹന്നാന് 15 : 12-13).
ഈശോ സ്നേഹിച്ചത് പോലെ ചുറ്റുമുള്ളവരെ സ്നേഹിക്കാൻ നമ്മുക്ക് പറ്റുമോ, ജീവൻ കൊടുത്ത് സ്നേഹിക്കാൻ…
കാൽവരി കുരിശിൽ നടന്നത് എന്താണ് എന്ന തിരിച്ചറിവിലേക്ക് കടന്നു വരുമ്പോൾ നമ്മൾ ക്രിസ്തുവിൽ പുതിയ സൃഷ്ടി ആയി മാറും..നമ്മെ കാണുന്നവർ ഈശോയെ കാണും…നമ്മിലൂടെ ഈശോയുടെ സ്നേഹം അനേകരിലേക്ക് പകരപ്പെടും…കാൽവരി കുരിശിലെ സ്നേഹം നമ്മിലൂടെ ഈ പ്രപഞ്ചം മുഴുവനും നിറയപെടും..നമ്മൾ ഓരോരുത്തരിലൂടെയും ആ സ്നേഹം ഭൂമി മുഴുവൻ നിറയപ്പെടാനായി പ്രപഞ്ചം പോലും ആകാംഷയോടെ കാത്തിരിക്കുന്നു…
“സൃഷ്‌ടപ്രപഞ്ചം ദൈവമക്കളുടെ വെളിപ്പെടുത്തലിനെ ആകാംക്‌ഷയോടെ കാത്തിരിക്കുന്നു.
(റോമാ 8 : 19)
ഈശോയുടെ സ്നേഹം അത് പറഞ്ഞറിയിക്കാൻ പറ്റില്ല, അനുഭവിച്ച് അറിയേണ്ട സ്നേഹമാണ്…ആ സ്നേഹം നമ്മെ വിശുദ്ധരാക്കി മാറ്റും
… ഒരിക്കൽ ആ സ്നേഹം അനുഭവിച്ചാൽ ഒന്നിനും നമ്മെ ആ സ്നേഹത്തിൽ നിന്നും പിന്തിരിപ്പിക്കാൻ പറ്റില്ല..
“എന്തെന്നാല്, മരണത്തിനോ ജീവനോ ദൂതന്മാര്ക്കോ അ ധികാരങ്ങള്ക്കോ ഇക്കാലത്തുള്ളവയ്‌ക്കോ വരാനിരിക്കുന്നവയ്‌ക്കോ ശക്‌തികള്ക്കോ ഉയരത്തിനോ ആഴത്തിനോ മറ്റേതെങ്കിലും സൃഷ്‌ടിക്കോ നമ്മുടെ കര്ത്താവായ യേശുക്രിസ്‌തുവിലൂടെയുള്ള ദൈവസ്‌നേഹത്തില്നിന്നു നമ്മെവേര്പെടുത്താന് കഴിയുകയില്ലെന്ന് എനിക്ക് ഉറപ്പുണ്ട്.” (റോമാ 8 : 38-39)
നമ്മുക്കായി പരിശുദ്ധ കുർബാനയായി മാറിയ സ്നേഹം, തേനിലും മധുരമായ, ആത്മാവിനെ കുളിരണിയിക്കുന്ന ഈശോയുടെ സ്നേഹം ..ആ സ്നേഹം രുചിച്ചറിയാൻ, അനുഭവിച്ചറിയാൻ ആഗ്രഹിച്ചു പ്രാർത്ഥിക്കാം…സക്രാരിയിൽ നമുക്കായി കാത്തിരിക്കുന്ന ഈശോയോട് നമ്മുടെ ഹൃദയം തുറക്കാം….അപ്പനായി, അമ്മയായി, സഹോദരനായി, സഹോദരിയായി, സന്തതസഹചാരിയായി നമ്മോടു കൂടെ നടക്കാൻ കൊതിക്കുന്ന ഈശോയെ ഹൃദയത്തിൽ സ്വീകരിക്കാം.. ഈശോയുടെ സ്നേഹം നമ്മൾ ഓരോരുത്തരിലും നമ്മുടെ കുടുംബങ്ങളിലും സമൃദ്ധമായി നിറയട്ടെ…
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.