ഫ്രാന്‍സിസ് പാപ്പായുടെ തപസ്സുകാല സന്ദേശം പ്രകാശനം ചെയ്തു
തൻറെ പീഢാസഹനമരണോത്ഥാനങ്ങളെക്കുറിച്ച് ശിഷ്യരെ അറിയിച്ചതിലൂടെ യേശു, ലോകരക്ഷയ്ക്കായുള്ള സ്വന്തം ദൗത്യത്തിൻറെ അഗാധമായ പൊരുൾ വെളിപ്പെടുത്തുകയായിരുന്നുവെന്ന് ഫ്രാന്‍സിസ് മാർപ്പാപ്പാ.
“നമ്മൾ ജറുസലേമിലേക്കു പോകുന്നു…..” (മത്തായി 20,18) നോമ്പുകാലം:വിശ്വാസവും പ്രത്യാശയും ഉപവിയും നവീകരിക്കാനുള്ള സമയം” എന്നതാണ് ഈ നോമ്പുകാലത്തിൻറെ വിചിന്തന പ്രമേയമായി പാപ്പാ ഈ സന്ദേശത്തിലൂടെ നല്കിയിരിക്കുന്നത്.
മാനസാന്തരത്തിൻറെ സമയമായ തപസ്സുകാലത്ത് നാം നമ്മുടെ വിശ്വാസം നവീകരിക്കുകയും പ്രത്യാശയുടെ ജീവജലം ശേഖരിക്കുകയും നമ്മെ ക്രിസ്തുവിൽ സഹോദരീസഹോദരന്മാരാക്കിത്തീർക്കുന്ന ദൈവസ്നേഹം തുറന്ന ഹൃദയത്തോടെ സ്വീകരിക്കുകയും ചെയ്യുന്നുവെന്നും പാപ്പാ പറയുന്നു.
സ്വന്തം ഉത്ക്കണ്ഠകളും അടിയന്തരാവശ്യങ്ങളും അവഗണിച്ചുകൊണ്ട് അപരൻറെ ആവശ്യങ്ങൾ നിറവേറ്റാനും അപരന് ഒരു പുഞ്ചിരി സമ്മാനിക്കാനും ശ്രമിക്കുന്ന ഒരു പ്രവർത്തികൊണ്ടു മാത്രം ചിലപ്പോൾ പ്രത്യാശ പകരാൻ കഴിയുമെന്ന് പാപ്പാ വിശദീകരിക്കുന്നു.
പ്രത്യാശയോടുകൂടി നോമ്പുകാലം ജീവിക്കുകയെന്നത് യേശുക്രിസ്തുവിൽ ആയിരിക്കുകയും, സകലത്തെയും പുതിയതാക്കുന്ന ദൈവത്തിൻറെ പുതിയകാലത്തിൻറെ സാക്ഷികളാകുകയുമാണെന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നു.
ഓരോരുത്തരോടുമുള്ള കരുതലിലും അനുകമ്പയിലും ക്രിസ്തുവിൻറെ കാലടികൾ പിൻചെന്നുകൊണ്ട് ഉപവി ജീവിക്കുകയെന്നതാണ് നമ്മുടെ വിശ്വാസത്തിൻറെയും പ്രത്യാശയുടെയും പരമോന്നതമായ ആവിഷ്ക്കാരമെന്നും പാപ്പാ പറയുന്നു.
കോവിദ് മഹാമാരിയുടെ സംക്രമണം തടയുന്നതിനുള്ള നിയന്ത്രണങ്ങൾ നിലനില്ക്കുന്നതിനാൽ പരിശുദ്ധസിഹാസനത്തിൻറെ വാർത്താവിതരണ കാര്യാലായം (പ്രസ്സ് ഓഫീസ്), മാദ്ധ്യമപ്രവർത്തകരുടെ നേരിട്ടുള്ള പങ്കാളിത്തം ഒഴിവാക്കി, ഇൻറർനെറ്റ് സംവിധാനത്തിലൂടെ വെള്ളിയാഴ്ച (12/02/21) നടത്തിയ പത്രസമ്മേളനത്തിലാണ് പാപ്പായുടെ നോമ്പുകാല സന്ദേശം പ്രകാശനം ചെയ്തത്.
സമഗ്രമാനവവികസനത്തിനായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ പീറ്റർ കൊദ്വൊ അപ്പിയ ടർക്ക്സൺ (Card. Peter Kodwo Appiah Turkson),
ഈ വിഭാഗത്തിൻറെ കാര്യദർശി മോൺസിഞ്ഞോർ ബ്രൂണൊ മരീ ദുഫെ (Bruno-Marie Duffé) തുടങ്ങിയവർ ഈ സന്ദേശത്തിൻറെ ഉള്ളടക്കം സംക്ഷിപ്തമായി വിവരിച്ചു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.