ആയിരങ്ങളുടെ അമ്മ
എപ്പോഴെങ്കിലും നിങ്ങള്‍ പട്ടിണിയുടെ അല്ലെങ്കില്‍ ആരും ശ്രദ്ധിക്കപ്പെടാതെയുളള സാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടുണ്ടോ…? ഉണ്ടാവില്ല എന്നു പറയുന്നതായിരിക്കും ശരി. എന്നാല്‍ തീര്‍ച്ചയായും അത്തരത്തിലുളള അനേകം ജന്മങ്ങളെ നിങ്ങള്‍ കണ്ടിട്ടുണ്ടാവും. ഒരു നേരത്തെ ആഹാരത്തിനു വേണ്ടി നിങ്ങളുടെ ഓരോരുത്തരുടെയും മുമ്പില്‍ വന്ന് യാചിക്കുന്ന അനേകായിരം ജന്മങ്ങള്… അവരില്‍ എത്ര പേരെ നിങ്ങള്‍ അവഗണിച്ചിട്ടുണ്ടാവും, കണ്ടില്ലെന്ന്വെച്ച് തിരിഞ്ഞു നടന്നിട്ടുണ്ടാവും… പകരം എപ്പോഴെങ്കിലും ചിന്തിച്ചട്ടുണ്ടോ അവര്‍ അനുഭവിക്കുന്ന വേദനകളെ കുറിച്ച്… അവരുടെ വിശപ്പിനെ കുറിച്ച്… ഒരിക്കലും ഇല്ല… അതിനാര്‍ക്കും സമയമില്ല അല്ലേ? കാരണം മറ്റൊന്നുമല്ല എല്ലാവരും സ്വാര്‍ത്ഥരാണ്. ‘ഞാന്‍’ എന്ന ഒറ്റ പദം താലോലിച്ച് ജീവിക്കുന്നവര്‍.
എന്നാല്‍ എല്ലാ വേദനകളും പേറി നിത്യജീവിതം ഒരല്ലലില്ലാതെ കൊണ്ടു പോകാനായി മറ്റുളളവരുടെ മുമ്പില്‍ യാചിക്കുകയാണ് ഈ സ്ത്രീ. ‘ഞാന്‍’ എന്ന ഏകവചനത്തിനുവേണ്ടിയല്ല, തന്റെ സ്വന്തം കുഞ്ഞിനും ആയിരക്കണക്കിനു ദരിദ്രരായ മറ്റ് കുട്ടികള്‍ക്കും വേണ്ടി. ‘അമ്മ’ എന്ന വാക്കിനെ ഒന്നുകൂടെ ഉറപ്പിക്കുകയാണ് ഇവര്‍. പെറ്റമ്മ മാത്രമല്ല ആയിരക്കണക്കിനു കുട്ടികളുടെ പോറ്റമ്മ കൂടിയാണ് ഇന്ത്യയില്‍ നിന്നുളള ഇന്നും ജീവിക്കുന്ന, സിന്ധുതായ് സാപ്ക്കല്. ‘അനാഥരുടെ അമ്മ’ എന്ന് വിശേഷിപ്പിക്കുന്ന ഇവര്‍ ഒരു സാമൂഹിക പ്രവര്‍ത്തകയും, ആക്റ്റിവിസ്റ്റുമാണ്.
മാഹാരാഷ്ട്രയിലെ വര്‍ദ എന്ന ഗ്രമത്തിലായിരുന്നു സിന്ധുത്തായുടെ ജനനം. കന്നുകാലികളെ മേയ്ക്കലായിരുന്നു അവളുടെ തൊഴില്‍. എന്നാല്‍ സിന്ധുത്തായുടെ ജനനത്തില്‍ അവളുടെ മാതാപിതാക്കള്‍ക്ക് ഒട്ടും സന്തോഷമില്ലായിരുന്നു. അതുകൊണ്ട് അവര്‍ അവളെ ‘ചിന്തി’ (മാറാത്തിയില്‍ ഒന്നിനും കൊളളാത്തവള്‍ എന്നര്‍ത്ഥം വരുന്ന) എന്ന് പരിഹസിച്ചു വിളിച്ചു.
മറ്റുളളവരെല്ലാം തന്നെ കളിയാക്കിയപ്പോഴും സിന്ധുത്തായുടെ അച്ഛന് അവളെ പിന്തുണച്ചു. അവള്‍ക്ക് വേണ്ടുന്ന വിദ്യാഭ്യാസം നല്‍കാനും അദ്ദേഹം തയ്യാറായി. എന്നാല്‍ കുടുംബത്തിന്റെ ഉത്തരവാദിത്ത്വവും, പെട്ടെന്നുണ്ടായ വിവാഹവും കാരണം അവള്‍ക്ക് തന്റെ പഠനം നാലാം ക്ലാസ്സിനു ശേഷം തുടരാനായില്ല.
അവളുടെ പത്താമത്തെ വയസ്സില്‍ തന്നെ മാതാപിതാക്കള്‍ മറ്റൊരു ഗ്രാമത്തിലെ ഒരാളുമായി സിന്ധുത്തായുടെ വിവാഹം നടത്തി. കന്നുകാലികളെ മേയ്ക്കലായിരുന്നു അയാളുടെയും തൊഴില്‍. എന്നാല്‍ ഏറെ ദു:ഖിപ്പിക്കുന്ന കാര്യം ഇതൊന്നുല്ല. തന്റെ മകളെക്കാള്‍ 30 വയസ്സ് മുതിര്‍ന്ന ഒരാളെയാണ് മാതാപിതാക്കള്‍ സിന്ധുത്തായ്ക്കായി കണ്ടെത്തിയ വരന്.
വിവാഹ ജീവിതത്തില്‍ സന്തോഷമെന്താണെന്ന് അവള് ഒരിക്കല്‍പോലും അറിഞ്ഞിട്ടില്ല. എപ്പോഴും ഭര്‍ത്താവിനാല്‍ ദു:ഖിക്കാനായിരുന്നു അവളുടെ വിധി. സിന്ധുത്തായി 9 മാസം ഗര്‍ഭിണിയായിരുന്നപ്പോള്‍ അവളെ അയാള്‍ വീട്ടില്‍ നിന്നും അടിച്ചു പുറത്താക്കി. നിസ്സഹായയായ അവള് തന്റെ വീട്ടിലേക്ക് മടങ്ങിപ്പോയി എന്നാല്‍ സ്വന്തം മാതാപിതാക്കളും അവളുടെ മുമ്പില്‍ വാതില്‍ കൊട്ടിയടച്ചു. വിവാഹം കഴിഞ്ഞാല്‍ ഭര്‍ത്താവാണ് ജീവിത കാലം മുഴുവന്‍ നോക്കേണ്ടത്. പിന്നെ പെണ്ണിന് സ്വന്തം വീട്ടില്‍ സ്ഥാനമില്ല.
’20 വയസ്സ് മാത്രം പ്രായമുളള എന്നെ എന്റെ ഭര്‍ത്താവ് വീട്ടില്‍ നിന്നും അടിച്ച് പുറത്താക്കുമ്പോള്‍ ഞാന്‍ പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്നു. എന്നെ വലിച്ചിഴച്ച് കാലിതൊഴുത്തില് കൊണ്ടിട്ടു, അവിടെ കിടന്ന് ചത്തോളാന്‍ പറഞ്ഞു’. സിന്ധുത്തായി തന്റെ കണ്ണീരില്‍ കുതിര്‍ന്ന ജീവിത നാളുകളെ ഒരു നിമിഷം ഓര്‍ത്തുപോയി.
അതെ രാത്രി കാലിതൊഴുത്തില് ഒരു പെണ് കുഞ്ഞിനു സിന്ധുത്തായി ജന്മം നല്കി. തൊഴുത്തിലെ കന്നുകാലികള്‍ അവളെയും കുഞ്ഞിനെയും സംരക്ഷിച്ചു.
‘ഒരമ്മ എന്താണെന്ന് തൊഴുത്തിലെ നാല്കാലികള് എന്നെ പഠിപ്പിച്ചു, ഒരിക്കല്‍ പോലും ആരും എന്നോട് കാണിച്ചിട്ടില്ലാത്ത സ്നേഹവും ആ മിണ്ടാപ്രാണികള്‍ എന്നോട് കാണിച്ചു’. നിറമിഴികളോടെ സിന്ധുത്തായി പറയുന്നു.
ആരും സഹായിക്കാനില്ലാതെ ഒരു മൂര്‍ച്ചയുളള കല്ലെടുത്ത് അവളുടെ ശരീരത്തില്‍ നിന്നും കുഞ്ഞുമായുളള പൊക്കില്‍ കൊടി ബന്ധം അവള് വേര്‍പ്പെടുത്തി. ഈ ഒരു സംഭവം അവളുടെ മനസ്സിനെ ആഴത്തില്‍ മുറിപ്പെടുത്തുകയും അവള് ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്തു.
എന്നാല്‍ ഒരു ദിവസം റയില്‍വേ സ്റ്റേഷന്റെ ഒരുഭാഗത്ത് ഇരിക്കുമ്പോള്‍ മരണത്തോടുമല്ലടിച്ചു കിടക്കുന്ന ഒരാള്‍ വെളളത്തിനായി യാചിക്കുന്നത് സിന്ധുത്തായുടെ ശ്രദ്ധയില്‍പ്പെട്ടു. തല്ക്കാല ആശ്വാസമെന്നോണം അവള് അയാള്‍ക്ക് ഒരു കഷ്ണം റൊട്ടിയും വെളളവും കൊടുത്തു. ഇതവളെ ഏറെ സ്പര്‍ശിച്ചു. ആത്മഹത്യ ചെയ്യാനുളള തന്റെ തീരുമാനം അവള് പാടേ ഉപേക്ഷിച്ചു. തന്റെ കുഞ്ഞിന്റെ വയറു നിറയ്ക്കുന്നതിനായി അവള് റെയില്‍വേ പ്ലാറ്റ്ഫോമില്‍ ഭിക്ഷയാചിച്ചു കൊണ്ട് ജീവിക്കാന്‍ തുടങ്ങി.
കാലക്രമേണ റയില്‍വേ പ്ലാറ്റ്ഫോമും, ശ്മശാനഭൂമിയും അവള്‍ക്ക് സ്വന്തം വീടുപോലായി. ശ്മശാനഭൂമി അവള്‍ക്ക് എന്നും തുണയേകുമെന്ന് അവള്‍ക്കുറപ്പുണ്ടായിരുന്നു. കാരണം, മരിച്ചവരുടെ ആത്മാക്കളെ ഭയന്ന് ആരും തന്നെ ശ്മശാനഭൂമിയില്‍ വന്ന് ഉപദ്രവിക്കില്ല എന്ന് അവള് ഉറച്ചു വിശ്വസിച്ചു.
ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പെടാപ്പാടുപെടുന്ന സമയത്താണ് മാതാപിതാക്കള്‍ ഉപേക്ഷിച്ച ആയിരകണക്കിനു കുട്ടികള്‍ റെയില്‍വേ പ്ലാറ്റ്ഫോമില്‍ ഭിക്ഷയെടുത്തും, പാട്ടുപാടിയും നിത്യജീവിതം നയിക്കാന്‍ പാടുപെടുന്നത് സിന്ധുത്തായുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇത് കൂടെ കണ്ടപ്പോള്‍ അവളുടെ മനസ്സ് വേദന കൊണ്ടു നീറി. ഇത്രയും കാലം സ്വന്തം കുഞ്ഞിനു വേണ്ടി ഭിക്ഷയാചിച്ചവള്‍ ഇന്ന് അച്ഛനമ്മമാര്‍ ഉപേക്ഷിച്ച അയിരകണക്കിനു കുട്ടികളുടെ വയറുനിറയ്ക്കാന്‍ ഭിക്ഷയാചിക്കുകയാണ്. അതോടൊപ്പം തന്നെ അവരുടെയൊക്കെ അമ്മയായി തീരുകയും ചെയ്തു അവള്.
ഒരമ്മയെന്ന നിലയില്‍ തന്റെ സ്വന്തം കുഞ്ഞിനെ പൂെനയിലെ ഒരു ട്രസ്റ്റില്‍ ഏല്‍പ്പിച്ചു, കാരണം സ്വന്തം മകളും തന്റെ ദത്ത് മക്കളും തമ്മില്‍ ഒരന്തരം ഇല്ലാതിരിക്കാന്‍ വേണ്ടി. ഇന്ന് സിന്ധുത്തായുടെ മകള്‍ മംമ്ത സ്വന്തമായി ഒരു അനാഥാലയം നടത്തുന്നു.
വര്‍ഷങ്ങളായുളള കഠിനാദ്ധ്വാനത്തിനു ശേഷം 341 മരുമക്കളും 1000 പേരക്കുട്ടികളും അടങ്ങുന്നതാണ് ഇന്ന് സിന്ധുത്തായുടെ കുടുംബം. അഡ്വക്കേറ്റ്, ഡോക്ടേഴ്സ്. ടീച്ചേഴ്സ്, നേഴ്സ് അങ്ങനെ തന്റെ മക്കളില്‍ ഭൂരിഭാഗം പേരും ഉയര്‍ന്ന നിലയില്‍ എത്തിയതില്‍ സിന്ധുത്തായ് ഇന്ന് ഏറെ അഭിമാനിക്കുന്നു. ഒരുകാലത്ത് സമൂഹത്തിന്റെ മുമ്പില്‍ തിരസ്ക്കരിക്കപ്പെട്ട സിന്ധുത്തായ് ഇന്ന് എല്ലാവരുടെയും മുമ്പില്‍ തലയുയര്‍ത്തി നില്ക്കുന്നു. അവളെ സ്നേഹത്തോടെ എല്ലാവരും ‘അമ്മ’ എന്ന് വിളിക്കുന്നു.
ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടായിട്ടും ഇന്നും അദ്ധ്വാനിച്ച് ജീവിക്കുന്ന വ്യക്തിയാണ് സിന്ധുത്തായ്. ആരില്‍ നിന്നും ഒരു സഹായവും അവള് പ്രതീക്ഷിക്കുന്നില്ല. സ്വന്തം അദ്ധ്വാനിച്ച് ജീവിക്കാനാണ് അന്നും ഇന്നും സിന്ധുത്തായ്ക്ക് ഇഷ്ടം.
‘ദൈവത്തിന്റെ കൃപയാല്‍ എനിക്ക് നല്ല ആശയ വിനിമയ കഴിവുണ്ട്. അതുകൊണ്ടു തന്നെ ജനങ്ങളുടെ ഇടയിലേക്ക് കടന്നു ചെന്ന് വാക്കുകള്‍ കൊണ്ട് അവരെ ആകര്‍ഷിക്കാന്‍ എനിക്കു സാധിക്കുന്നു. ‘വിശപ്പ്’ എന്നെ സംസാരിക്കാന്‍ പഠിപ്പിച്ചു, അതെന്റെ വരുമാനസ്രോതസ്സായി. പല സ്ഥലങ്ങളിലായി ഞാന്‍ പ്രസംഗങ്ങള്‍ നടത്തി, ഇതിലൂടെ എന്റെ കുട്ടികള്‍ക്ക് ഒരു നേരത്തെ അന്ന വാങ്ങികൊടുക്കാനുളള പണം ലഭിച്ചു. സിന്ധുത്തായ് പറയുന്നു.
വനം വകുപ്പിന്റെയും, ഭൂവുടമകളുടെയും ഇടയില്‍ നിന്ന് അവളുടെ ഗ്രാമങ്ങളിലെ സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങള്‍ക്കെതിരെ ചെറുപ്പം തൊട്ടേ അവള് ശക്തമായി നിലകൊണ്ടിരുന്നു. തന്റെ പ്രദേശവാസികളില്‍ നിന്നും കയ്പ്പേറിയ വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്ന് അവള്‍ക്ക് അറിയാമായിരുന്നു, എന്നിട്ടും തന്റെ നിലപാടില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ് സിന്ധുത്തായ്.
ഭര്‍തൃഗൃഹത്തില്‍ നിന്നും 9 മാസം ഗര്‍ഭിണിയായ സിന്ധുത്തായെ അടിച്ചിറക്കിയ ഭര്‍ത്താവ് ഇപ്പോള്‍ അവളുടെ അരികില്‍ പശ്ചാത്താപത്താല്‍ നീറികൊണ്ട് എത്തിയിരിക്കുന്നു. തന്നോട് ചെയ്ത ക്രൂരപ്രവര്ത്തികളൊക്കെ മറന്ന് സിന്ധുത്തായ് തന്റെ ഭര്‍ത്താവിനോട് ക്ഷമിച്ചു.
സിന്ധുത്തായുടെ ശക്തമായ പ്രവര്‍ത്തനം ദേശീയ അന്തര്‍ദേശീയ സംഘടനയുടെ പുരസ്ക്കാരങ്ങള്‍ക്ക് അവളെ അര്‍ഹയാക്കി. എന്നാല്‍ എന്തൊക്കെ പുരസ്ക്കാരങ്ങള്‍ ലഭിച്ചാലും അത് തന്റെ കുട്ടികള്‍ക്ക് വീടു നിര്‍മ്മിക്കുന്നതിനായി അവര്‍ ഉപയോഗിക്കുന്നു.
ഇന്ന് സിന്ധുത്തായുടെ കീഴില്‍ അനേകം സംഘടനകള്‍ അനാഥരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പ്രവൃത്തിക്കുന്നുണ്ട്. അടുത്തിടെ പൂനെയില്‍ ഒരു പി. എച്ച്. ഡി കേളേജും തുടങ്ങിയിട്ടുണ്ട്.
സിന്ധുത്തായുടെ ജീവിതവും ജീവിതത്തിലെ പ്രയാസവും തുറന്നു കാട്ടുന്ന ‘മീ സിന്ധുത്തായ് സാപ്ക്കല്’ എന്ന ചലചിത്രം മറാത്തിയില്‍ സംവിധാനം ചെയ്തിട്ടുണ്ട്. പിന്നീട് 54 ാം ലണ്ടന്‍ ചലച്ചിത്രോത്സവത്തില്‍ മികച്ച ലോക ചിത്രമായി തിരഞ്ഞെടുക്കുകയും ചെയ്തു.
സിന്ധുത്തായുടെ അസാധാരണ ജീവിതം ലോക ജനതയ്ക്കൊരു പ്രചോദനം തന്നെയാണ്. ഒരമ്മയാവുക എന്നത് ഒരു കുഞ്ഞിനു ജന്മം കൊടുത്തതു കൊണ്ടു മാത്രം ആവില്ല. കര്‍മ്മം ശരിയാവണം. കാരണം അമ്മ എന്ന വാക്കിന്റെ മൂല്യം അത്രയേറെയാണ്. ഒരമ്മ എന്നത് നമ്മെ സ്നേഹിക്കുന്നവളും പരിപാലിക്കുന്നവളുമാണ്. നമ്മെ നേര്‍വഴിക്ക് നയിക്കുന്നവളാണ് അമ്മ. അവള്‍ക്ക് മാത്രമേ അമ്മ എന്ന വാക്ക് അനുയോജ്യമാവുകയുളളൂ. പത്തു മാസം ചുമന്നതു കൊണ്ടോ പേറ്റുനോവിന്റെ കണക്കു പറഞ്ഞതു കൊണ്ടോ ഒരിക്കലും ഒരു സ്ത്രീ ഒരമ്മയാകുന്നില്ല.
അനാഥരായവര്‍ക്ക് സ്നേഹവാത്സല്യങ്ങള്‍ കോരിച്ചൊരിയുന്ന അമ്മയാണ് ഇന്നും സിന്ധുത്തായ്. പണമാണ് ജീവിതത്തിന്റെ അടിസ്ഥാനം എന്നുറച്ച് ജീവിക്കുന്ന ലക്ഷകണക്കിനാളുകള്‍ക്ക് മാതൃകയാണ് 67 കാരിയായ ഈ വൃദ്ധയായ സ്ത്രീ. ലോകത്തെ കീഴ്മേല്‍ മറിക്കാന്‍ പണത്തിനും വിദ്യാഭ്യാസത്തിനും അപ്പുറം പലതും കൊണ്ട് സാധ്യമാണ് എന്നും സിന്ധുത്തായുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.