ഈജിപ്ത് നിവാസികളുടെ വാക്കുകള്‍ ശ്രവിച്ച വി. യൗസേപ്പിതാവ് ഉത്കണ്ഠാകുലനായത് എന്തുകൊണ്ട്?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-125/200
ജോസഫിന്റെ കൂടെ ഈശോ ജോലി ചെയ്യുന്നത് ഈജിപ്തുകാരായ നഗരവാസികൾ ശ്രദ്ധിച്ചു. ഇത്രയും ചെറുപ്രായത്തിൽ ജോലി ചെയ്യുന്ന കുട്ടിയെ കണ്ട് അവർ അത്ഭുതപരതന്ത്രരായി. പണിപ്പുരയിൽ വന്ന പലരും ഈശോയുടെ വിനയവും പ്രതാപവും മഹിമയും നിറഞ്ഞുതുളുമ്പുന്ന അവന്റെ ആത്മീയ ചൈതന്യം കണ്ട് അത്ഭുതപരതന്ത്രരായി; ജോസഫ് എന്ത് ആവശ്യപ്പെട്ടാലും ആ നിമിഷം തന്നെ അത് ചെയ്യാനുള്ള ഈശോയുടെ സന്നദ്ധതയും ചുറുചുറുക്കും അവരെ വല്ലാതെ ആകർഷിക്കുകതന്നെ ചെയ്തു. അവർ ഈശോയെ പുകഴ്ത്തുകയും ഭാഗ്യനിധിയായൊരു കുഞ്ഞിന്റെ പിതാവാകാൻ കഴിഞ്ഞതിൽ ജോസഫിനെ അഭിനന്ദിക്കുകയും ചെയ്തു.
ബാലനായ ഈശോ പണിപ്പുരയിൽ ജോലി ചെയ്യുന്നതു കണ്ടപ്പോൾ കുറച്ചുപേർ ജോസഫിനെ കുറ്റപ്പെടുത്താനും മുതിരാതിരുന്നില്ല. കുട്ടിയുടെ ഇളം പ്രായത്തെയും കിളുന്തു ശരീരത്തെയും പറ്റി കരുതലില്ലാതിരിക്കുന്നതു ശരിയല്ല എന്ന് അവർ അഭിപ്രായപ്പെടുകയും ചെയ്തു. ജോസഫിനെ ആ വിമർശനങ്ങൾ വേദനിപ്പിച്ചു. തന്റെ നിസ്സഹായാവസ്ഥ തെളിയിക്കാനും കഴിഞ്ഞില്ല. തന്റെ വിഷമങ്ങളെല്ലാം അവൻ ദൈവത്തിന്റെ മുമ്പിൽ സമർപ്പിച്ചു നന്ദി പറഞ്ഞു.
ഏറ്റം സ്നേഹവാനായ ഈശോ എല്ലാവരോടും വിനയവും എളിമയും പ്രകടിപ്പിച്ചിരുന്നു; അതേസമയം തന്നേക്കുറിച്ചു വിശുദ്ധ ലിഖിതങ്ങളിൽ രേഖപ്പെടുത്തിയതുപോലെ ആത്മീയ കാര്യങ്ങൾ നിർവഹിക്കുന്നതിന് പിതാവിന്റെ മുമ്പിൽ സമയം ചെലവഴിക്കുന്നതിലും വീഴ്ച വരുത്തിയില്ല. ഈശോയോടൊത്തു കൂട്ടുകൂടാൻ ആഗ്രഹിച്ചു മറ്റു കുട്ടികൾ പണിപ്പുരയിൽ സമ്മേളിക്കാറുണ്ടായിരുന്നു. അവൻ അവരെ സത്യവിശ്വാസത്തിന്റെ രഹസ്യങ്ങൾ പഠിപ്പിക്കുകയും ചെയ്തിരുന്നു. ഈശോയ്ക്ക് കഴിക്കാൻ കുട്ടികൾ ആഹാരപദാർത്ഥങ്ങൾ കൊണ്ടുവന്നു കൊടുക്കാറുണ്ടായിരുന്നു. അവൻ അത് നന്ദിപൂർവ്വം സ്വീകരിക്കുകയും ദരിദ്രരായ കുട്ടികൾക്കു ദാനം ചെയ്യുകയും ചെയ്തു.
ഈശോയെ കാണാനും സംസാരിക്കാനും വേണ്ടി പല മനുഷ്യരും ചില ഉപകരണങ്ങൾ നിർമ്മിക്കാൻ ജോസഫിനെ സന്ദർശിക്കാറുണ്ടായിരുന്നു. ആ വിധത്തിൽ ജോസഫിന്റെ വരുമാനത്തിൽ കുറച്ചു മെച്ചമുണ്ടാകുകയും ചെയ്തിരുന്നു. അതിന്റെ ഫലമായി കുറച്ചു അദ്ധ്വാനഭാരവും ജോസഫിന് വർദ്ധിച്ചു. ഈശോയും ജോസഫിനെ ജോലിയിൽ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. തന്റെ അനുഗ്രഹീതമായ കരങ്ങൾ കൊണ്ട് അവൻ ജോസഫിന്റെ മുഖത്തെ വിയർപ്പുകൾ തുടച്ചു കളഞ്ഞു. എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തുകൊണ്ട് ജോസഫിന്റെ കഷ്ടപ്പാടുകളിൽ ഈശോ ആശ്വാസത്തിന്റെ പ്രകാശം വർഷിച്ചു. എങ്കിലും അവന്റെയുള്ളിൽ കത്തിയെരിഞ്ഞുകൊണ്ടിരുന്ന ദൈവസ്നേഹത്തിന്റെ പ്രവർത്തനത്താൽ ജോസഫിന്റെ ശാരീരികശക്തിക്ക് അപചയം സംഭവിച്ചുകൊണ്ടിരുന്നു.
വിശുദ്ധനായ ജോസഫ് തന്റെ ജോലികളെല്ലാം വളരെ ഭംഗിയായിത്തന്നെ നിർവഹിച്ചിരുന്നു;എല്ലാവർക്കും അത് ഇഷ്ടപ്പെടുകയും തൃപ്തിപ്പെടുകയും ചെയ്തിരുന്നു. എങ്കിലും ഒരിക്കലും കൂലിക്കുവേണ്ടി കണക്കു പറഞ്ഞില്ല. കിട്ടുന്നത് സ്വീകരിക്കുക മാത്രം ചെയ്തു. തന്റെ അത്യാവശ്യ കാര്യങ്ങൾക്കുള്ളത് എടുത്തശേഷം മിച്ചമുള്ളതു ദരിദ്രർക്ക് കൊടുത്തു. ഇത് ഈശോയ്ക്ക് വളരെ ഇഷ്ടപ്പെടുകയും ജോസഫിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. എന്തെന്നാൽ, സാധുക്കളോട് ഈശോയ്ക്ക് പ്രത്യേക മമതയുണ്ടായിരുന്നു.
ആ പട്ടണത്തിലുണ്ടായിരുന്ന പ്രമുഖരായ വ്യക്തികളിൽ പലരും വന്ന് ഈശോയെ തങ്ങളുടെ സംരക്ഷണത്തിൽ വളർത്തിക്കൊള്ളാമെന്ന് അഭിപ്രായപ്പെട്ടു; “ഈശോയുടെ വ്യക്തിത്വവും പ്രഭാവവും ഇങ്ങനെയൊരു പണിപ്പുരയിൽ ജോലി ചെയ്ത് പാഴാക്കിക്കളയരുത്” എന്നാണ് തങ്ങളുടെ അഭിപ്രായം എന്ന് അവർ തുറന്നു പറഞ്ഞു. “ബൗദ്ധിക വളർച്ചയ്ക്കാവശ്യമായ പരിശീലനങ്ങളും ശാരീരിക പരിപാലനയും ഞങ്ങളുടെ അടുത്താണെങ്കിൽ നന്നായി കൊടുക്കാൻ കഴിയും. നിന്നെപ്പോലെ ദാരിദ്ര്യത്തിൽ കഴിയുന്ന ഒരാൾക്ക് അത് സാധിക്കുകയില്ലെന്നു അറിയാവുന്നതിനാലാണ് ഞങ്ങൾ ഔദാര്യപൂർവ്വം സഹായിക്കാൻ മുന്നോട്ടു വന്നത്. കുട്ടിയുടെ കാര്യം ഞങ്ങളെ ഏല്പിക്കുക; അവന് നല്ല ഉന്നതവിദ്യാഭ്യാസം നല്കാൻ ഞങ്ങൾക്ക് കഴിയും.”
അവർ പറഞ്ഞതുകേട്ട് ജോസഫ് ഞെട്ടുകയും ഉത്കണ്ഠാകുലനാകുകയും ചെയ്തു. അവരുടെ ഔദാര്യപൂർവ്വമായ വാഗ്ദാനത്തിൽ നന്ദി പറഞ്ഞതോടൊപ്പം മറ്റൊരു കാര്യം കൂടി വ്യക്തമാക്കുകയും ചെയ്തു. തന്റെ എല്ലാ സമാധാനവും ഈശോയിലാണ് കുടികൊള്ളുന്നതെന്നും അതുപോലെ തനിക്കു പൈതൃകമായി സിദ്ധിച്ചിരിക്കുന്ന എല്ലാ നന്മകളും അനുഗ്രഹത്തിന്റെ ഭണഡാരവും അവനിലാണ് നിക്ഷിപ്തമായിരിക്കുന്നതെന്നും വ്യക്തമാക്കുകയും ചെയ്തു. ഈശോയെ ഉപേക്ഷിക്കുന്നതിനേക്കാൾ ഭേദം തന്റെ ജീവനും രക്തവും നഷ്ടപ്പെടുത്തുന്നതായിരിക്കും എന്ന് അവൻ തീർത്തു പറഞ്ഞു. തദനന്തരം അവർ പറഞ്ഞു: “നീ പറഞ്ഞതു ശരിയാണ്; ഞങ്ങൾ അപ്രകാരം പറഞ്ഞു നിന്നെ വിഷമിപ്പിക്കരുതായിരുന്നു.”
(തുടരും)
വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന
ഏറ്റം സ്നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.