ജീവൻ തന്ന സ്നേഹം
സ്വന്തം ജീവൻ നൽകി നാം ഓരോരുത്തരെയും സ്നേഹിക്കുന്ന ഏതെങ്കിലും സ്നേഹം അനുഭവിച്ചിട്ടുണ്ടോ?
സ്വന്തം ജീവൻ പാപപരിഹാര ബലിയായി തന്ന് നമ്മെ നെഞ്ചോട് ചേർത്ത് പിടിക്കുന്ന ഒരു സ്നേഹം മാത്രമേയുള്ളൂ കാൽവരിയിൽ നമുക്കായി സകലതും പൂർത്തീകരിച്ച് നമ്മെ നേടിയെടുത്ത് നമ്മെ ചേർത്തുപിടിക്കുന്ന ഈശോ ആകുന്ന സ്നേഹം. അലഞ്ഞുനടന്ന മക്കളെ സ്വന്തം രക്തത്താൽ നേടി ദൈവമക്കളായി നമ്മെ ചേർത്ത് പിടിച്ചു.
എന്തെന്നാല്, അവനില് വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന് പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്കാന് തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു.
(യോഹന്നാന് 3 : 16).
ദൈവം ലോകത്തെയും നമ്മളോരോരുത്തരും എന്തുമാത്രം സ്നേഹിക്കുന്നു.
ആ സ്നേഹം അനുഭവിച്ചിട്ടുണ്ടോ?
സ്വന്തം പുത്രനെ പോലും ഒഴിവാക്കാതെ ദൈവം അവിടുത്തെ പുത്രനെ നമുക്ക് ഓരോരുത്തർക്കും ലോകം മുഴുവനും ആയി തന്നു. നാം നശിച്ചു പോകാതിരിക്കാൻ, പാപത്തിൽ മരിക്കാതിരിക്കാൻ നമുക്കോരോരുത്തർക്കും ലോകം മുഴുവനുമായി സ്വർഗ്ഗസ്ഥനായ പിതാവ് സ്വന്തം പുത്രനെ ഈ ഭൂമിയിലേക്ക് അയച്ചു. നാം നശിച്ചു പോകരുതെന്ന് ദൈവ പിതാവ് വളരെയേറെ ആഗ്രഹിക്കുന്നുണ്ട്. നമ്മെ വളരെയധികം സ്നേഹിക്കുന്നുണ്ട്. കാൽവരി മലമുകളിൽ സ്വന്തം ജീവൻ പാപപരിഹാര ബലിയായി നൽകി ദൈവം ഈ ലോകത്തെയും, നാം ഓരോരുത്തരെയും അത്രയേറെ സ്നേഹിച്ചു. ആ ജീവന്റയും,രക്തത്തിന്റെ യും, വേദനകളുടെയും, അപമാനങ്ങളുടെയും എല്ലാം വിലയാണ് നാം ഓരോരുത്തരും.
തന്റെ ജീവനെ സ്‌നേഹിക്കുന്നവന് അതു നഷ്‌ടപ്പെടുത്തുന്നു. ഈ ലോകത്തില് തന്റെ ജീവനെ ദ്വേഷിക്കുന്നവന് നിത്യജീവനിലേക്ക് അതിനെ കാത്തുസൂക്‌ഷിക്കും.
(യോഹന്നാന് 12 : 25 ).
നാം ഈശോയുടെ മക്കളാണെന്ന് എപ്പോഴും പറയുന്നുണ്ട്. ആ അപ്പനു വേണ്ടി ജീവിതത്തിലും ഒരു നിമിഷമെങ്കിലും ജീവിച്ചിട്ട് ഉണ്ടോ? നമുക്കായി ദൈവം തന്നിട്ടുള്ള എല്ലാത്തിനും നമ്മൾ സ്നേഹിക്കുന്നുണ്ട്. പക്ഷേ എന്തുകൊണ്ട് നാം ഈശോയുടെ സ്നേഹത്തെ അറിയുന്നില്ല. നമ്മെ ചേർത്തുപിടിക്കുന്ന നമ്മെ കരുതുന്ന ഈശോയുടെ സ്നേഹം അനുഭവിക്കാത്തത് എന്താണ്?
കാൽവരി മലമുകളിൽ പാപപരിഹാര ബലിയായി തീർന്ന് നമ്മെ മക്കളായി ചേർത്തുപിടിച്ച ആ ഈശോയെ നമുക്കൊന്ന് സ്നേഹിക്കാം. പൂർണ്ണമായും നമുക്ക് നമ്മളെ തന്നെ വിട്ടുകൊടുക്കാം.
ദൈവം നമ്മെ സ്നേഹിക്കുന്നതുപോലെ നമുക്ക് തിരിച്ച് സ്നേഹിക്കാൻ കഴിയില്ല. പക്ഷേ എന്റെ അപ്പാ എന്ന് വിളിക്കുന്ന ഓരോ നിമിഷവും അപ്പന്റെ ഹൃദയം ഏറ്റവും സന്തോഷിക്കുന്നു.
ദൈവത്വത്തിന്റെ പൂര്ണതമുഴുവന് അവനില് മൂര്ത്തീഭവിച്ചിരിക്കുന്നു.
(കൊളോസോസ് 2 : 9)
എല്ലാ ആധിപത്യങ്ങളുടെയും അധികാരങ്ങളുടെയും ശിരസ്‌സായ അവനിലാണു നിങ്ങളും പൂര്ണത പ്രാപിച്ചിരിക്കുന്നത്. (കൊളോസോസ് 2 : 10)
നാം രക്ഷ പ്രാപിച്ചിരിക്കുന്നത് സ്വർഗത്തിന്റെയും ഭൂമിയുടെയും രാജാവായ ഈശോയുടെ തിരുരക്തത്താൽ ആണ്. ആ തിരു രക്തത്താൽ ആണ് ഈശോ നമ്മെ പിതാവുമായി അനുരഞ്ജപ്പിച്ചിരിക്കുന്നത്. ആ ഈശോയിൽ ആണ് നാം ജീവിക്കുന്നത്. പുനരുത്ഥാനവും ജീവനുമായ ഈശോയിൽ. ആദിയും അന്തവുമായ ഈശോയിൽ, “ക്രിസ്‌തുവില് ആയിരിക്കുന്നവന് പുതിയ സൃഷ്‌ടിയാണ്. പഴയതു കടന്നുപോയി. ഇതാ, പുതിയതു വന്നുകഴിഞ്ഞു. (2 കോറിന്തോസ് 5 : 17)
നാമോരോരുത്തരും പുതിയ സൃഷ്ടികളാണ്. ദൈവമാകുന്ന ആലയത്തിൽ വസിക്കുന്നവർ. അടിമത്വത്തിന്റ നുകത്തിലേക്കു അല്ല ഈശോ ആകുന്ന സ്വാതന്ത്ര്യത്തിലേക്ക് ആണ് നമ്മെ വിളിച്ചിരിക്കുന്നത്. പാപം അറിയാത്ത സ്വന്തം പുത്രനെ നമുക്കായിതന്ന്, പാപികൾ ആയിരുന്ന നമുക്ക് കാൽവരി ബലിയിലൂടെ സ്വന്തം ജീവൻ പോലും നൽകി നമ്മെ നേടിയെടുത്ത ഈശോയിൽ ആണ് നമ്മൾ ജീവിക്കുന്നത്. നമ്മെ നിത്യതയിലേക്ക് വിളിച്ചിരിക്കുന്ന ഈശോയിൽ.
സ്വന്തമായി മേന്മ അവകാശപ്പെടാൻ നമുക്ക് ഒരു അവകാശവുമില്ല. നമുക്ക് അവകാശപ്പെടുവാനും, മേന്മ ഭാവിക്കുവാനും ഈശോ മാത്രമാണ്. കാരണം കാൽവരി ബലിയിലൂടെ സ്വന്തം ജീവൻ ബലിയായി നൽകി നമുക്ക് ജീവൻ നൽകി നമ്മളെ ഓരോരുത്തരെയും സ്നേഹിക്കുന്ന ഈശോയിൽ മാത്രം. ആ ദൈവസ്നേഹത്തിൽ ആഴപ്പെട്ട് ഈശോയുടെ നല്ല മകനും മകളുമായി ഈശോയുടെ തിരുഹൃദയത്തിൽ ഈശോയുടെ കരുതലിൽ ആയിരികാം.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.