പ്രാർത്ഥിക്കുന്ന വ്യക്തിയുടെ ഹൃദയത്തിലാണ് ദൈവ വചനം എന്ന് ഫ്രാൻസിസ് പാപ്പാ
പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!
ഞാൻ ഇന്ന് പ്രാർത്ഥനയെക്കുറിച്ചു വിചിന്തനം ചെയ്യാൻ ആഗ്രഹിക്കുന്നു. അതു നമുക്ക് ബൈബിളിലെ ഒരു ഭാഗത്തുനിന്ന് ആരംഭിക്കാം. തിരുലിഖിതം, പുൽച്ചുരുൾ താളുകളിലൊ (papyrus), ചർമ്മപത്രത്തിലൊ, കടലാസിലൊ ബന്ധനത്തിലായിക്കിടക്കാൻ എഴുതപ്പെട്ടതല്ല, പ്രത്യുത, പ്രാർത്ഥിക്കുന്ന ഒരു വ്യക്തി അതു സ്വീകരിക്കുകയും സ്വന്തം ഹൃദയത്തിൽ മുളപ്പിക്കുകയും ചെയ്യുന്നതിനുള്ളതാണ്. ദൈവവചനം ഹൃദയത്തിലേക്കു കടക്കുന്നു. കത്തോലിക്കാസഭയുടെ മതബോധനം ഇപ്രകാരം പ്രസ്താവിക്കുന്നു: “തിരുലിഖിത പാരായണം, ദൈവവും മനുഷ്യനും തമ്മിലുള്ള സംഭാഷണമാകേണ്ടതിന് അതിനോടൊപ്പം പ്രാർത്ഥനയും വേണം” (2653). ഒരു പ്രണയകഥയെന്ന പോലെ വായിക്കേണ്ടതല്ല ബൈബിൾ. ബൈബിൾ വായന പ്രാർത്ഥനയോടുകൂടിയാതായിരിക്കണം. പ്രാർത്ഥന നിന്നെ ദൈവവുമായുള്ള സംഭാഷണത്തിലേക്കു നയിക്കുന്നു. ദൈവവചനം എനിക്കും എത്തിച്ചുതരുന്നതിന് നൂറ്റാണ്ടുകൾക്ക് മുമ്പ്, എനിക്കു വേണ്ടിയും എഴുതപ്പെട്ടതാണ് ബൈബിൾ വാക്യങ്ങൾ. ഈ അനുഭവം എല്ലാ വിശ്വാസികൾക്കും ഉണ്ടാകുന്നു: നിരവധി തവണ കേട്ട വിശുദ്ധഗ്രന്ഥ ഭാഗം ഒരു ദിവസം, യാദൃശ്ചികമായി എന്നോടു സംസാരിക്കുന്നു, ഞാൻ ജീവിക്കുന്ന ഒരവസ്ഥയെ പ്രകാശമാനമാക്കുന്നു. പക്ഷേ, ആ ദിവസം, ആ വചനവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഞാൻ അവിടെ ഉണ്ടാകണം. എല്ലാ ദിവസവും ദൈവം കടന്നുപോകുകയും നമ്മുടെ ജീവിതത്തിൻറെ മണ്ണിൽ ഒരു വിത്ത് ഇടുകയും ചെയ്യുന്നു. ഇന്ന് അവിടന്ന് കാണുക വരണ്ടുണങ്ങിയതോ മുൾച്ചെടികളുള്ളതോ ആയ മണ്ണോ, അതോ, വിത്തു മുളച്ചുവളരുന്നതിന് അനുയോജ്യമായ നല്ല മണ്ണോ ആണെന്ന് നമുക്കറിയില്ല (മർക്കോ 4: 3-9). അത് നമ്മെ, നമ്മുടെ പ്രാർത്ഥനയെ, തിരുവെഴുത്തുകൾ നമുക്ക് ദൈവത്തിൻറെ ജീവനുള്ള വചനമായിത്തീരുന്നതിന് നാം അവയെ സമീപിക്കുന്ന തുറവുള്ള ഹൃദയത്തെ, ആശ്രയിച്ചിരിക്കുന്നു. ദൈവം നിരന്തരം കടന്നുപോകുന്നു. തിരുലിഖിതത്തിലൂടെയാണ് ഈ കടന്നുപോക്ക്.
പ്രാർത്ഥനയിലൂടെ വീണ്ടും മാംസം ധരിക്കുന്ന വചനം
വചനത്തിൻറെ പുതിയൊരു മാംസധാരണമാണ് പ്രാർത്ഥനയിലൂടെ സംഭവിക്കുന്നത്. ദൈവത്തിൻറെ വചനത്തിന് ലോകത്തെ സന്ദർശിക്കാൻ കഴിയേണ്ടതിന് അതിന് ആതിഥ്യമരുളേണ്ടതും അത് സൂക്ഷിച്ചു വയ്ക്കേണ്ടതുമായ “സക്രാരികൾ” നാം ആണ്. ഇക്കാരണത്താൽ ബൈബിളിനെ നാം സമീപിക്കേണ്ടത് മറ്റ് ലക്ഷ്യങ്ങളൊന്നും കൂടാതെയും അതിനെ കരുവാക്കാതെയും ആയിരിക്കണം. വിശ്വാസി തിരുലിഖിതങ്ങളിൽ സ്വന്തം ദാർശനികവും ധാർമ്മികവുമായ വീക്ഷണത്തിന് പിന്തുണ തേടുന്നില്ല, മറിച്ച് ഒരു കൂടിക്കാഴ്ച പ്രത്യാശിക്കുന്നു; അവ എഴുതിയിരിക്കുന്നത് പരിശുദ്ധാരൂപിയിലാണെന്നും, ആകയാൽ, ഈ കൂടിക്കാഴ്ച സാക്ഷാത്കൃതമാകണമെങ്കിൽ ആ ആത്മാവിലാണ് അവ സ്വീകരിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടതെന്നും വിശ്വാസിക്കറിയാം. ക്രൈസ്തവർ തത്തമ്മയെപ്പോലെ ബൈബിൾ വാക്യങ്ങൾ ആവർത്തിക്കുന്നത് എന്നെ അല്പം അസ്വസ്ഥനാക്കുന്നു. എന്നാൽ നീ കർത്താവുമായി, ആ വചനവുമായി കൂടിക്കാഴ്ച നടത്തിയോ? …. ദൈവവചനം, ആ വാക്യം നിന്നെ കർത്താവുമായുള്ള കൂടിക്കാഴ്ചയിലേക്ക് ആനയിക്കും.
സകലത്തെയും നവീകരിക്കുന്ന ദൈവവചനം
അതിനാൽ, തിരുവെഴുത്തുകൾ നമ്മെ വായിക്കുന്നതിനായി നാം അവ വായിക്കുന്നു. ഈ വ്യക്തിയിലൊ ആ വ്യക്തിയിലൊ, ഈ സാഹചര്യത്തിലൊ ആ സാഹചര്യത്തിലൊ സ്വയം തിരിച്ചറിയാൻ കഴിയുന്നത് ഒരു കൃപയാണ്. ബൈബിൾ, ഒരു സാധാരണ മനുഷ്യരാശിക്കുവേണ്ടിയല്ല, പ്രത്യുത, നമുക്കുവേണ്ടി, മാംസവും അസ്ഥിയുമുള്ള സ്ത്രീപുരുഷന്മാർക്കുവേണ്ടി, എനിക്കു വേണ്ടി എഴുതിയതാണ്. പരിശുദ്ധാത്മാവിനാൽ പൂരിതമായ ദൈവവചനം തുറന്ന ഹൃദയത്തോടെ സ്വീകരിക്കുമ്പോൾ കാര്യങ്ങൾ പിന്നെ പഴയ അവസ്ഥയിലായിരിക്കില്ല ഒരിക്കലും. എന്തെങ്കിലും പരിവർത്തനം സംഭവിക്കുന്നു. ഇതാണ് ദൈവവചനത്തിൻറെ കൃപയും ശക്തിയും.
“ലെക്സിയൊ ദിവീന” – ദൈവവചനം എന്നോടോതുന്നത് എന്താണ്?
ക്രിസ്തീയ പാരമ്പര്യം അനുഭവങ്ങളാലും തിരുവെഴുത്തുകളോടുകൂടിയ പ്രാർത്ഥനയെക്കുറിച്ചുള്ള പരിചിന്തനങ്ങളാലും സമ്പന്നമാണ്. സന്ന്യാസജീവിത ചുറ്റുപാടിൽ ജന്മം കൊണ്ട “ദൈവിക പാരായണ” (lectio divina) ശൈലി, ഇടവകകളിൽ സമ്മേളിക്കുന്ന ക്രൈസ്തവരുടെയും രീതിയായി മാറിയിരിക്കുന്നു. ഇത്, സർവ്വോപരി, വേദപുസ്തക ഭാഗം അത് എന്താണോ അർത്ഥമാക്കുന്നത്, അതു മനസ്സിലാക്കുന്നതിന് ശ്രദ്ധാപൂർവ്വം, തിരുവെഴുത്തിനോടുള്ള വിധേയത്വത്തോടുകൂടി എന്നു ഞാൻ പറയും, വായിക്കലാണ്. തുടർന്ന് തിരുലിഖിതവുമായുള്ള സംഭാഷണത്തിലേക്കു കടക്കുന്നു. അങ്ങനെ ആ വാക്കുകൾ ധ്യാനത്തിനും പ്രാർത്ഥനയ്ക്കും പ്രേരകമായിത്തീരുന്നു. തിരുവചനഭാഗത്തോടു ചേർന്നു നിന്നുകൊണ്ട് ഞാൻ, അത് “എന്നോട് എന്താണ് പറയുന്നത്” എന്ന് സ്വയം ചോദിക്കാൻ തുടങ്ങുന്നു.
വചനത്തെ വ്യക്തിനിഷ്ഠമായി വ്യാഖ്യാനിക്കരുത്
ഇത് അതിലോലമായ ഒരു ഘട്ടമാണ്: വ്യക്തിനിഷ്ഠമായ വ്യാഖ്യാനങ്ങളിൽ നാം വഴുതിവീഴരുത്, മറിച്ച് നമ്മെ ഓരോരുത്തരെയും തിരുലിഖിതവുമായി ഐക്യപ്പെടുത്തുന്ന പാരമ്പര്യത്തിൻറെ സജീവമായ ചാലിനോടു ചേരണം. “ദൈവിക പാരായണ”ത്തിൻറെ അഥവാ, ലെക്സിയൊ ദിവീനയുടെ (lectio divina) അവസാന ഘട്ടം ധ്യാനമാണ്. ഇവിടെ വാക്കുകളും ചിന്തകളും സ്നേഹത്തിന് വഴിമാറുന്നു. അത്, ചിലപ്പോഴൊക്കെ പ്രണയജോഡികൾക്ക് നിശബ്ദതയിൽ പരസ്പരം നോക്കിയിരുന്നാൽ മാത്രം മതിയാകുന്നതു പോലെയാണ്. ബൈബിൾ വാക്യങ്ങൾ, ഒരു ദർപ്പണം എന്ന പോലെയാണ്, ധ്യാനിക്കേണ്ട ഒരു ബിംബം പോലെയാണ്.
എന്നിൽ വസിക്കാനെത്തുന്ന ദൈവവചനം
പ്രാർത്ഥനയിലൂടെ, ദൈവവചനം നമ്മിൽ വസിക്കാൻ വരുന്നു, നാം അതിൽ വസിക്കുന്നു. വചനം നല്ല തീരുമാനങ്ങൾക്ക് പ്രചോദനം നൽകുകയും കർമ്മത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു; അത് നമുക്ക് ശക്തിയും ശാന്തതയും നൽകുന്നു, നമ്മെ പ്രതിസന്ധിയിലാക്കുമ്പോഴും അത് നമുക്ക് സമാധാനം നൽകുന്നു. ദുർഘടവും ആശയക്കുഴപ്പമുള്ളതുമായ ദിവസങ്ങളിൽ, അത് ഹൃദയത്തിന് തിന്മയുടെ ആക്രമണങ്ങളിൽ നിന്ന് സംരക്ഷണമേകുന്ന വിശ്വാസത്തിൻറെയും സ്നേഹത്തിൻറെയും ഒരു സത്ത ഉറപ്പാക്കുന്നു.
ദൈവവചനം പതിച്ച മുദ്ര
അങ്ങനെ, ദൈവവചനത്തെ പ്രാർത്ഥനയിൽ സ്വാഗതം ചെയ്യുന്നവരിൽ അത് മാംസം ധരിക്കുന്നു. മാംസമായിത്തീരുന്നു എന്ന പ്രയോഗം ഞാൻ ഉപയോഗിക്കുയാണ്. ലോകത്തിലെ എല്ലാ ബൈബിളും അഗ്നിയിൽ ദഹിപ്പിച്ചാലും വിശുദ്ധരുടെ ജീവിതത്തിൽ ദൈവവചനത്തിൻറെ അച്ച് നശിച്ചുപോകാതെ സൂക്ഷിക്കാൻ ആ വചനം പതിപ്പിച്ച മുദ്രയാൽ കഴിയുമാറ് ക്രൈസ്തവർ അത്രമാത്രം വചനവുമായി താദാത്മ്യം പ്രാപിച്ചിരിക്കുന്നുവെന്ന് ചില പുരാതനഗ്രന്ഥങ്ങളിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കും. ഇത് മനോഹരമായ ഒരു വിശദീകരണമാണ്.
അനുസരണയും രചനാത്മകതയുമടങ്ങിയ ക്രിസ്തീയ ജീവിതം
ക്രിസ്തീയ ജീവിതം ഒരേസമയം അനുസരണയുടെയും സർഗ്ഗാത്മകതയുടെയും സൃഷ്ടിയാണ്. ഒരു നല്ല ക്രൈസ്തവൻ അനുസരണയുള്ളവനായിരിക്കണം, എന്നാൽ, രചനാത്മകതയുള്ളവനുമാകണം. അവൻ വിധേയത്വം പുലർത്തുന്നു, കാരണം, അവൻ ദൈവവചനം ശ്രവിക്കുന്നു; അവൻ സൃഷ്ടിപരതയുള്ളവനാണ്, കാരണം, പ്രവർത്തിക്കാനും, മുന്നോട്ടു പോകാനും അവനെ പ്രേരിപ്പിക്കുന്ന പരിശുദ്ധാരൂപി അവനിലുണ്ട്.
തിരുവെഴുത്തുകൾ അക്ഷയ നിധി
ഒരു ഉപമയുടെ അവസാനം യേശു ഇതു പറയുന്നുണ്ട്. അവിടന്ന് ഇപ്രകാരം അരുളിച്ചെയ്തു: “സ്വർഗ്ഗരാജ്യത്തിൻറെ ശിഷ്യനായിത്തീർന്ന ഓരോ നിയമജ്ഞനും തൻറെ നിക്ഷേപത്തിൽ നിന്ന്- ഹൃദയത്തിൽ നിന്ന്- പുതിയതും പഴയതും പുറത്തെടുക്കുന്ന വീട്ടുടമസ്ഥനു തുല്യം” (മത്തായി 13,52). തിരുവെഴുത്തുകൾ അക്ഷയ നിധിയാണ്. പ്രാർത്ഥനയിലൂടെ അവയിൽ നിന്നു എന്നും കൂടുതൽ സ്വീകരിക്കാൻ കഴിയുന്നതിനുള്ള അനുഗ്രഹം കർത്താവ് നമുക്കു പ്രദാനം ചെയ്യട്ടെ. നന്ദി.
ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.
ഓഷ്വിറ്റ്സിൽ നാസികൾ യഹൂദരെ കൂട്ടക്കുരുതി കഴിച്ചതിൻറെ ഓർമ്മ, “ഷൊഹ” (Shoah) ജനുവരി 27-ന് ആചരിക്കുന്നത് പാപ്പാ കൂടിക്കാഴ്ചാപ്രഭാഷണവേളയിൽ അനുസ്മരിച്ചു.
ഓർമ്മ
കൂട്ടക്കുരുതിക്കിരകളായവരെയും പീഢിപ്പിക്കപ്പെട്ടവരെയും നാടുകടത്തപ്പെട്ടവരെയും എല്ലാം നാം ഓർക്കുകയാണെന്ന് പാപ്പാ പറഞ്ഞു. ഓർക്കുക എന്നത് മാനവികതയുടെ ഒരു ആവിഷ്ക്കാരവും നാഗരികതയുടെ അടയാളവും സമാധാനവും സാഹോദര്യവും വാഴുന്ന നല്ലൊരു നാളെയ്ക്കുള്ള വ്യവസ്ഥയുമാണെന്ന് പാപ്പാ പറഞ്ഞു.
ഒരു ജനതയെ രക്ഷിക്കുന്നതിന് ജനങ്ങളെ, നരകുലത്തെ ഇല്ലായ്മചെയ്യുന്നതിലെത്തിച്ചേരുന്ന പ്രത്യയശാസ്ത്രങ്ങൾ അവതരിപ്പിക്കുന്നതിൽ തുടങ്ങുന്ന ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കാപ്പെടാനുള്ള സാധ്യതയെക്കുറിച്ച് ജാഗ്രത പുലർത്തുകയുമാണ് സ്മരണ എന്ന് പാപ്പാ കൂട്ടിച്ചേർത്തു.
മരണത്തിൻറെ, വംശനാശത്തിൻറെ, നിഷ്ഠുൂരതയുടെ ഈ സരണി എങ്ങനെയാണ് ആരംഭിച്ചതെന്നതിനെക്കുറിച്ച് ജാഗ്രതയുള്ളവരായിരിക്കാനും പാപ്പാ എല്ലാവരെയും ഓർമ്മിപ്പിച്ചു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.