വി. യൗസേപ്പിതാവിന്റെ ഹൃദയത്തില്‍ കത്തിപ്പടര്‍ന്ന സ്‌നേഹാഗ്‌നിജ്വാലയെക്കുറിച്ച് അറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-121/200

ഈശോ എല്ലാവരാലും സ്നേഹിക്കപ്പെടാൻ താൻ എന്തു ചെയ്യണമെന്നതിനെക്കുറിച്ചു ജോസഫ് ഒട്ടേറെ ചിന്തിച്ചു നോക്കി. പല സാദ്ധ്യതകളെക്കുറിച്ചും മനനം ചെയ്തെങ്കിലും അവസാനം ആ ഒരു നിഗമനത്തിൽ തന്നെ എത്തിച്ചേർന്നു: കേവലം ഈശോയുടെ ഒരു കരുണാകടാക്ഷം മാത്രം മതി എല്ലാ മനുഷ്യരും അവിടുത്തെ സ്നേഹിച്ചു തുടങ്ങുവാൻ.

അവസാനം എത്തിച്ചേർന്ന ആ തീരുമാനത്തിൽ ജോസഫിന് ഒരിക്കലും തെറ്റുപറ്റിയില്ലെന്ന് അനുഭവങ്ങൾ തെളിയിച്ചു. കൃപാപൂർണ്ണനായ തിരുക്കുമാരന്റെ അഴകും തേജസ്സും കാണാൻ ഇടയായവരെല്ലാം ആശ്ചര്യഭരിതരായി വീണ്ടും അതു കാണുവാൻ കൊതിക്കുകയും നോക്കുകയും ചെയ്തു. എന്തെന്നാൽ, ഈശോയുടെ ദൈവിക തേജസ്സിൽനിന്നു പുറപ്പെട്ടിരുന്ന അവാച്യവും അഗോചരവുമായ സ്നേഹപ്രവാഹം, അവിടുത്തെ കണ്ടുമുട്ടുന്ന എല്ലാവരെയും തന്നിലേക്ക് ആകർഷിച്ചിരുന്നു. അവരിൽ ചുരുക്കം പേരെങ്കിലും ഈശോയെ ദൈവപുത്രനായി തിരിച്ചറിയുകയും സ്നേഹിക്കുകയും ചെയ്തു; അതു ജോസഫിന്റെ വലിയ ആഗ്രഹമായിരുന്നു. ജോസഫിനെപ്രതി ദൈവം അതു ചെയ്തുകൊടുത്തു.

ചില സന്ദർഭങ്ങളിൽ, ജോസഫ് ഭക്ഷണം കഴിക്കുന്ന കാര്യം മറന്നുപോകുന്നതായും ജോലി ചെയ്യാൻ കഴിയാത്തവിധം തളർന്നിരിക്കുന്നതായും മറിയത്തിന്റെ ശ്രദ്ധയിൽപ്പെട്ടു; കാരണം, ആ സമയങ്ങളിൽ അവന്റെ ഹൃദയം ഈശോയോടുള്ള സ്നേഹത്താൽ അതി തീവ്രമായി കത്തിജ്വലിക്കുകയായിരുന്നു. ജോസഫിനെ എന്താണ് അലട്ടികൊണ്ടിരിക്കുന്നത് എന്ന് അറിയാനും അതിന് ഒരു പരിഹാരം കാണുവാനും മറിയം കാര്യങ്ങൾ തിരക്കി. തദനന്തരം അവന്റെ ഹൃദയത്തിൽ കത്തിക്കൊണ്ടിരിക്കുന്ന സ്നേഹപാരവശ്യത്തെക്കുറിച്ചു മറിയത്തോടു തുറന്നു പറഞ്ഞു. ഈശോയുടെ മഹത്വത്തിനും നന്മയ്ക്കും യോഗ്യമാം വിധം എങ്ങനെ സ്നേഹിക്കാൻ കഴിയുമെന്ന് തുടർന്ന് അവർ തമ്മിൽ ചർച്ചചെയ്തു. അങ്ങനെ അവരിൽത്തന്നെ ആ സ്നേഹം പൂർവ്വാധികം ശക്തിയോടെ ഉജ്ജ്വലിക്കാൻ തുടങ്ങി.

ജോസഫും മറിയവും ഒരു കാര്യം പ്രത്യേകം ശ്രദ്ധിച്ചു; കുറച്ചു നാളുകളായി കൂടെക്കൂടെ ഈശോ തറയിൽ സാഷ്ടാംഗപ്രണാമം ചെയ്തു സ്വർഗ്ഗീയപിതാവിനോട് പ്രാർത്ഥിക്കുന്നു. ജോസഫ് മറിയത്തോടു തിരക്കി; എന്താണ് അവൻ പിതാവിനോട് പ്രവർത്തിക്കുന്നതെന്ന്. മനുഷ്യവംശത്തിന്റെ വിമോചനത്തിനുവേണ്ടിയാണ് അവൻ പ്രാർത്ഥിക്കുന്നതെന്ന് അവൾ പറഞ്ഞു. ഉടനെത്തന്നെ ഈശോ ചെയ്തതുപോലെ ജോസഫും ഈശോയോടൊപ്പം ഏറ്റം എളിമയോടും വണക്കത്തോടും സാഷ്ടാംഗപ്രണാമം ചെയ്തുകൊണ്ട് തന്നെത്തന്നെ സ്വർഗ്ഗീയപിതാവിനു സമർപ്പിച്ചു.

ഈശോ പ്രാർത്ഥന നിർത്തി എഴുന്നേറ്റു വന്ന് തന്നെ ആശ്ലേഷിക്കുന്നതുവരെ അവൻ അതേ നിലയിൽ പ്രണമിച്ചു കിടന്നു. ജോസഫ് എഴുന്നേറ്റ് ഈശോയെ കെട്ടിപ്പിടിച്ചുകൊണ്ടു സ്വർഗ്ഗീയപിതാവിന്റെ ഇഷ്ടം നിവർത്തിക്കുവാൻ ആവശ്യമായ കൃപകൾ തനിക്കു ലഭിക്കുന്നതിന് പ്രാർത്ഥിക്കണമെന്നു ആവശ്യപ്പെട്ടു. മറ്റൊരു കാര്യം കൂടി ജോസഫ് ഈശോയോടു അഭ്യർത്ഥിച്ചു: എല്ലാ പാപികളെയും മാനസാന്തരപ്പെടുത്താനുള്ള കൃപ നൽകുകയാണെങ്കിൽ സകല മനുഷ്യരെയും പിതാവിനു നേടിക്കൊടുക്കുവാൻ തനിക്കു കഴിയുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.

ജോസഫ് തന്റെ യാചന ഇപ്രകാരമാണ് അവസാനിപ്പിച്ചത്: “എന്റെ ഈശോ സ്വർഗ്ഗീയപിതാവിനോട് അവിടുത്തെ പ്രകാശം അവരുടെമേൽ അയയ്ക്കുവാൻ പറയുക; അതുവഴി, നീ പിതാവിൽ നിന്നു വന്നു എന്ന് അവർ അറിയുകയും നിന്നെ അവർ സ്നേഹിക്കുകയും ചെയ്യട്ടെ.” ഉണ്ണി ഈശോ ജോസഫിന്റെ ആഗ്രഹം കേട്ടു പുഞ്ചിരിച്ചു കൊണ്ട് അവരുടെ കാര്യം ശ്രദ്ധിച്ചുകൊള്ളാമെന്നു പറഞ്ഞു. എന്നു മാത്രമല്ല, അത് താൻ മുൻകൂട്ടി ചെയ്തുകഴിഞ്ഞു എന്ന് ഉറപ്പു കൊടുക്കുകയും ചെയ്തു. അതു കേട്ടപ്പോൾ ജോസഫിനു വലിയ സന്തോഷമുണ്ടായി.

ഈ കാലയളവിൽ പ്രിയങ്കരനായ ഈശോ വളരെ നന്നായി നടക്കാൻ പഠിച്ചുകഴിഞ്ഞിരുന്നു. ജോസഫിനോടും മറിയത്തോടും കൂടി ദൈവസ്തുതികളും പ്രാർത്ഥനകളും നടത്താനും പ്രാപ്തനായിത്തീർന്നിരുന്നു; ആ സന്ദർഭങ്ങളിൽ അവരെല്ലാവരും ആത്മീയാഭിഷേകത്തിൽ നിറയുക പതിവായിരുന്നു. ഈശോയോടൊത്തു ദൈവത്തെ സ്തുതിക്കുന്ന സമയത്തു ജോസഫ് അനുഭവിച്ച ആത്മീയസന്തോഷം വാക്കുകളിൽ വിവരിക്കാനാവുന്നതല്ല. അതിന്റെ അനന്തരഫലമെന്നോണം, പണിയെടുക്കേണ്ട ബാക്കി സമയം വളരെ വിഷമിച്ചാണ് ജോസഫ് തള്ളി നീക്കിയത്. വീണ്ടും ദൈവത്തെ സ്തുതിക്കേണ്ട സമയത്തിനായി അതിതീവ്രമായി അവൻ അഭിലഷിക്കുകയായിരുന്നു.

എല്ലാ കാര്യത്തിലും സംസാരത്തിലും പ്രാർത്ഥനയിലും ഭക്ഷണത്തിലും, ഈശോ മാതാവിനോടും ജോസഫിനോടുമൊത്തു സാധാരണമനുഷ്യരെപ്പോലെ ചെയ്തിരുന്നു. ജോസഫിന് അതു വലിയ ആനന്ദദായകമായ കാര്യമായിരുന്നു. സ്വർഗ്ഗീയപിതാവിനെക്കുറിച്ചു ഈശോ സംസാരിക്കുമ്പോഴാണ് ജോസഫ് ഏറ്റവുമധികം സന്തോഷം കൊണ്ട് നിറഞ്ഞിരുന്നത്. ശിശുവായിരിക്കെ ദൈവീകരഹസ്യങ്ങളെക്കുറിച്ചുള്ള ഈശോയുടെ സംസാരത്തിലെ അറിവും ജ്ഞാനവും മാലാഖമാരെയും അതിശയിപ്പിക്കുന്നതായിരുന്നു. അതു കേൾക്കുമ്പോൾ ജോസഫിന്റെ ഹൃദയം ദൈവസ്നേഹത്താൽ കത്തിജ്വലിക്കുകയും മുഖം ചുവന്നു തുടുക്കുകയും ചെയ്തിരുന്നു. ദൈവത്തെ സ്നേഹിക്കാനുള്ള അഭിവാഞ്ഛ അത്ര തീവ്രമായിട്ടാണ് അപ്പോൾ അനുഭവപ്പെട്ടിരുന്നത്.

തന്റെ ഹൃദയത്തിൽ കത്തിപ്പടരുന്ന സ്നേഹാഗ്നിജ്വാലയെ നിയന്ത്രിക്കാനാവാതെ ജോസഫ് ഉറക്കെ വിളിച്ചുപറഞ്ഞിരുന്നു: “ഓ എന്റെ ദൈവമേ! അവിടുന്ന് ഇനിയും അറിയപ്പെടുന്നില്ല; സ്നേഹിക്കപ്പെടുന്നുമില്ല. എന്റെ ഈ ഹൃദയം അങ്ങയുടെ സ്നേഹം ഉൾകൊള്ളാൻ കഴിയാത്തവിധം പരിമിതവും അശക്തവുമാണ്. അവിടുത്തെ മഹിമയ്ക്കൊത്തവിധം അങ്ങയെ സ്നേഹിക്കുവാൻ പര്യാപ്തമായൊരു ഹൃദയം എനിക്കു നല്കി അനുഗ്രഹിച്ചാലും!”

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.

ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles